Wednesday, February 01, 2017

ഗീതയപ്പച്ചിയുടെ മകൻ

(സിഎൽഎസ് ബുക്ക്‌സ് തളിപ്പറമ്പയുടെ കഥാമിനാരങ്ങൾ എന്ന കഥാസമാഹാരത്തിൽ ഈ കഥ ഉണ്ട് )

'ഓ...ഞാനിതാ വന്നു, താൻ തുടർന്നോളൂ,' എന്ന് ഫോണെടുക്കാൻ ലീന പൂമുഖമുറിയിലേക്ക് പോയി. ചർച്ചയുടെ ചരടു മുറിഞ്ഞതിൽ ചെറിയ ഈർഷ്യയോടെയായിരുന്നു മരിയയോടുള്ള ആ ക്ഷമാപണം. അല്ലെങ്കിലും മൊബൈൽ ഫോണിനുണ്ടോ സ്ഥലകാലബോധം വല്ലതും? മരണവീട്ടിൽ അടിപൊളി പാട്ട്, കല്യാണവീട്ടിൽ ശോകഗാനം തുടങ്ങിയ നിത്യഅലോസരങ്ങളെല്ലാം നമ്മൾ എന്നേ അംഗീകരിച്ചു കഴിഞ്ഞതല്ലേ. 

'ങാഹാ, ഗീതയപ്പച്ചിയാണല്ലോ, താനോർക്കുന്നില്ലേടോ? ' ലീന വിളിച്ചു പറഞ്ഞു.

ഗീതയപ്പച്ചി! മരിയ ലാപ്‌ടോപ്പിൽ നിന്നു കണ്ണെടുത്ത്, പണി നിർത്തി, കസാലയിൽ ചാഞ്ഞിരുന്നു. അവളുടെ കൈ അറിയാതെ സ്വന്തം തലമുടിയിലേക്കു നീണ്ടു. പ്രായമായെന്നു വിളിച്ചോതി നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജീവിതം എന്ന് ഓമനപ്പേരിട്ടിരിക്കുന്ന ഓട്ടപ്പാച്ചിലിന് അകാലത്തിൽ നരപ്പിക്കാനും വേഗം മറപ്പിക്കാനും മറ്റുമുള്ള സിദ്ധിയുണ്ടല്ലോ. 

ഗീതയപ്പച്ചി എന്നു കേട്ടാൽ തലമുടിയാണ് മരിയയ്ക്ക് ആദ്യം ഓർമ്മ വരിക. മരിയയ്ക്ക് മുടി ധാരാളമുണ്ടായിരുന്നു പണ്ട്, എന്നുവച്ചാൽ പഠിക്കുന്ന കാലത്ത്. ലീനയുടെ വീട്ടിൽ വരുമ്പോഴെല്ലാം പിന്നാമ്പുറത്തെ പടിയിൽ മരിയയെ പിടിച്ചിരുത്തി തലമുടി വിടുർത്ത് വൃത്തിയായി ബ്രഷ് ചെയ്ത് പലതരത്തിൽ മുടി കെട്ടി നോക്കുന്നത് അപ്പച്ചിക്കു ഹരമായിരുന്നു. ലീനയും കൂടും അവർക്കൊപ്പം. 'മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കുത്തനെയും കെട്ടാം' എന്നോ മറ്റോ തലക്കെട്ടോടെ ഏതോ മാസികയിൽ വന്ന മുടിക്കെട്ടു പടങ്ങൾ, അന്നേ അതു വല്ലാതെ മങ്ങിത്തുടങ്ങിയിരുന്നു, അവർ വെട്ടിയെടുത്തത് സൂക്ഷിച്ചു വച്ചിരുന്നു. അതുനോക്കിയാണ് മുടി കെട്ടുക. വേറേ പണിയൊന്നുമില്ലേ എന്ന മീനാന്റിയുടെ ശാസനയിലാണ് മിയ്ക്കപ്പോഴും മുടി സ്‌റ്റൈലിംഗ് പരിപാടികൾ അവസാനിപ്പിക്കുക. ഇപ്പോഴാണെങ്കിൽ അവർക്ക് വല്ല ഹെയർ സ്റ്റൈലിംഗ് കോഴ്‌സും പഠിക്കാമായിരുന്നു. അന്ന് അതൊന്നും പക്ഷേ കേട്ടുകേൾവി പോലും ഇല്ലായിരുന്നുവല്ലോ.

ലീനയും മരിയയും രണ്ടാം തലമുറ കൂട്ടുകാരായിരുന്നു. എന്നു വച്ചാൽ അവരുടെ മാതാപിതാക്കൾ ആണ് ഒന്നാം തലമുറ ചങ്ങാതിമാർ എന്നർത്ഥം. ബന്ധുത്വത്തേക്കാൾ ആഴമേറിയ ഹൃദ്യസൗഹൃദങ്ങൾ. ലീനയുടെ അച്ഛന്റെ വകയിലൊരു സഹോദരി ആയിരുന്നു ഗീതയപ്പച്ചി. അവരുടെ അച്ഛൻ മരിച്ചു പോയി, പത്തു കഴിഞ്ഞ് കുറേ നാളായി വെറുതെ വീട്ടിൽ നിൽപ്പും ആയപ്പോൾ കോളേജിൽ ചേർക്കാം എന്ന് ലീനയുടെ അമ്മ വിളിച്ചു കൊണ്ടുവന്നതായിരുന്നു അവരെ. പഠിക്കാനാണ് വിളിച്ചുകൊണ്ടുവന്നതെങ്കിലും അതു നടന്നില്ല. അതുകൊണ്ട് തയ്യൽ പഠനവും വീട്ടുജോലിയും ആയി അങ്ങു കഴിഞ്ഞുകൂടി. സ്വന്തം വീട്ടിൽ പോകാൻ അവർക്ക് താൽപ്പര്യമേ ഇല്ലായിരുന്നു പോലും. പക്ഷേ ഇതിന്റെയെല്ലാം പൊരുൾ ലീനയുടെ അമ്മ മീനയാന്റി പിന്നീട് മണിമണിയായി കണ്ടുപിടിച്ചിരുന്നു.

മീനയാന്റി ഒരിക്കൽ വീട്ടിൽ വന്നപ്പോഴാണ് ഗീതയപ്പച്ചിയുടെ കല്യാണാലോചനക്കാര്യം അമ്മയോടു പറയുന്നതു മരിയ കേൾക്കാനിടയായത്. അവരുടെ ജാതകത്തിൽ ചൊവ്വ കടിച്ചിട്ടുണ്ടു പോലും. അത് എന്താണെന്ന് പിന്നെ അമ്മയോടു ചോദിച്ചപ്പോഴാണ് ചൊവ്വാദോഷം എന്ന് ആദ്യമായി കേൾക്കുന്നത്. ആന്റി അത് നർമ്മം കലർത്തി പറഞ്ഞുവെന്നേയുള്ളു. അല്ലെങ്കിലും മീനാന്റിയുടെ വർത്തമാനം കേൾക്കാൻ അതിഭയങ്കര രസമായിരുന്നു. സ്ത്രീകൾക്ക് അത്ര വഴങ്ങാത്ത നർമ്മബോധം വേണ്ടുവോളമുണ്ടായിരുന്നു അവർക്ക്. 

അന്നാണ് അപ്പച്ചിയുടെ രഹസ്യവും ആന്റി പറഞ്ഞത്. ഒരു തരത്തിലും എസ്.എസ്.എൽ.സി ബുക്ക് കാണിക്കില്ല, ചോദിച്ചാലുടൻ കരച്ചിലും. ഒരു ദിവസം നിർബന്ധം പിടിച്ചപ്പോൾ, പെട്ടി തപ്പും എന്നായപ്പോൾ പൂച്ച വെളിയിൽ ചാടി, അവർ സ്വന്തമായി ബുക്കു തിരുത്തിയിരുന്നു പോലും! അകത്തിരുന്ന് അതു കേട്ട മരിയ ഞെട്ടിപ്പോയി. തോറ്റതു വീട്ടിൽ പ്രശ്‌നമാകുമെന്നു പറഞ്ഞപ്പോൾ കൂട്ടുകാരി പറഞ്ഞുകൊടുത്ത കുറുക്കുവഴിയായിരുന്നു. നെയിൽപോളിഷ് റിമൂവറോ മറ്റോ ഉപയോഗിച്ച് മഷി മാറ്റാൻ ശ്രമിച്ച് കുളമായിപ്പോയി! കളഞ്ഞു പോയെന്ന് ഡ്യൂപ്ലിക്കേറ്റ് ബുക്കിനു ശ്രമിക്കാം, എന്ന് പറഞ്ഞെങ്കിലും അവർ അമ്പിനും വില്ലിനും അടുത്തില്ല. ആന്റി പറഞ്ഞതായിരുന്നു ശരി. ഒരു അബദ്ധം കൊണ്ട്, ഒരു തെറ്റുകൊണ്ട് തീരേണ്ടതല്ലല്ലോ ജീവിതം. പക്ഷേ അവർക്ക് ഇനി പഠിക്കണ്ട എന്ന് ഒറ്റ വാശിയായിരുന്നു. എത്ര പഠിച്ചാലും ട്യൂഷനു പോയാലും കണക്കിനു ജയിക്കില്ല എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ശരിയായിരിക്കും, കണക്കിനു ഒറ്റയക്ക മാർക്കായിരുന്നു പോലും കിട്ടിയത്.

നാട്ടുനടപ്പനുസരിച്ച് കുറച്ചു താമസിച്ചെങ്കിലും ലീനയുടെ അച്ഛനമ്മമാർ മുൻകയ്യെടുത്തതുകൊണ്ട് ഗീതയപ്പച്ചിയുടെ കല്യാണം നടന്നു. അപ്പച്ചിയുടെ അമ്മയുടെ ആഗ്രഹം പോലെ സർക്കാർ ജോലിക്കാരനെ തന്നെ കിട്ടി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ മിടുക്കിയായിരുന്നു അപ്പച്ചി. മീനാന്റിയുടെ ട്രെയിനിംഗ് അല്ലേ, മോശമാകുന്നതെങ്ങനെ? അങ്ങനെ അപ്പച്ചിയെ ഒരു കരയടുപ്പിച്ചല്ലോയെന്ന് അവർക്ക് സമാധാനമായിരുന്നു. പക്ഷേ പിന്നീടെപ്പോഴോ ലീന പറഞ്ഞറിഞ്ഞു, അവർക്ക് കുട്ടികളുണ്ടായില്ലായെന്ന്. അതിനുശേഷം അവരെപ്പറ്റി ഒന്നും അറിഞ്ഞില്ല. ചോദിച്ചുമില്ല. ഓർത്തിട്ടുവേണ്ടേ ചോദിക്കാൻ!

ലീനയും മരിയയും പോലും എത്രയോ നാൾ പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞതല്ലേ. പിന്നല്ലേ ലീനയുടെ അപ്പച്ചി. മരിയ സ്വയം സമാധാനം കണ്ടെത്തി. യാതൊരു ചുമതലയുമില്ലാതെ അക്ഷരാർത്ഥത്തിൽ സുഖിച്ചു ജീവിച്ച പഠനകാലം കഴിഞ്ഞതും പെട്ടെന്നാണ് കുടുംബം എന്ന ചുമതല തോളിലായത്. പകപ്പും അങ്കലാപ്പും ചെറുതൊന്നുമായിരുന്നില്ല. അടിപൊളി ജീവിതത്തിൽ നിന്നു കേരളത്തിലെ കൂട്ടുകുടുംബത്തിലെ വധുക്കളായിട്ടായിരുന്നു ഇരുവരുടേയും വേഷപ്പകർച്ച. അല്ലാതെ യു.കെയിലോ കാനഡയിലോ അമേരിക്കാവിലോ ഒന്നുമല്ലല്ലോ അവർ വിവാഹശേഷം കുടിയേറിയത്. പാകമല്ലാത്ത ഷൂവിന് അനുസൃതമായി കാൽപ്പാദം വ്യത്യാസപ്പെടുത്തുവാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലം. അങ്ങനെ വർഷങ്ങൾ വിരലുകൾക്കിടയിലൂടെ അങ്ങ് ഊർന്നു പോകുകയായിരുന്നു.

തിരിച്ചു വന്ന് ഇരിക്കുമ്പോൾ ലീനയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു. ഉം..ഇന്നിനി ചർച്ചയും പണിയുമൊന്നും നടക്കാൻ പോണില്ല, മരിയ മനസ്സിൽ കുറിച്ചു. രണ്ടാളുടേയും സമയം ഒന്ന് ഒത്തുവരന്നതു തന്നെ പെടാപാടു പെട്ടിട്ടാണ്. എന്നിട്ടിപ്പോൾ..

'അപ്പച്ചി  കരച്ചിലോടു കരച്ചിൽ, നാളെ ഇങ്ങോട്ടു വരാൻ പറഞ്ഞു ഞാൻ. ' ലീന പറഞ്ഞു. ലീനയുടെ വാക്കുകളിലൂടെ അപ്പച്ചിയുടെ ജീവിതം ചുരുൾ നിവർന്നു.

കുഞ്ഞുങ്ങളുണ്ടാവില്ല എന്ന് ഉറപ്പായപ്പോൾ, അവർ ഒരു കുട്ടിയെ ദത്തെടുത്തു. ജാതകം അറിയാത്ത, ആർക്കോ എങ്ങാണ്ടോ എങ്ങനെയോ ജനിച്ച കുഞ്ഞിനെ ദത്തെടുക്കുന്നത് വിനാശം വിളിച്ചു വരുത്തലായിരിക്കും എന്നുള്ള അപ്പച്ചിയുടെ ഭർത്താവിന്റെ വീട്ടുകാരുടെ ഭീകര എതിർപ്പ് അവഗണിച്ചായിരുന്നു അത്. എത്ര താലോലിച്ചു വളർത്തിയാലും അത് തക്കസമയത്ത് ജന്മത്തിന്റെ 'തനിക്കൊണം' കാണിക്കും പോലും. ലീനയുടെ കുടുംബം അപ്പച്ചിക്കും ഭർത്താവിനും ഒപ്പം നിന്നു, അന്ന്. അങ്ങനെ ഒരു ചെറിയ കുഞ്ഞിന് അനാഥൻ എന്ന ലേബൽ മാറിക്കിട്ടി. അന്നൊക്കെ അപ്പച്ചിയുടെ സന്തോഷം കാണേണ്ടതായിരുന്നുവത്രേ. ജീവിച്ചിരിക്കുന്നതിന് എപ്പോഴും നമുക്കൊരു ന്യായവും ലക്ഷ്യവും വേണമല്ലോ. പൊതുവേ നമ്മൾ ഇൻഡ്യാക്കാർക്ക് മക്കൾ മാത്രമല്ലേ ഒരേയൊരു ജീവിതലക്ഷ്യവും ഉദ്ദേശവും.

കുറേ കാലം അങ്ങനെയങ്ങു സന്തോഷമായി കഴിഞ്ഞു. അപ്പുപ്പനും അമ്മൂമ്മയുമെല്ലാം പിണക്കം മാറി അവനെ അംഗീകരിക്കയും ചെയ്തു. അങ്ങനെ ശാന്തമായി കിടന്ന തടാകത്തിലേക്ക് അവർ തന്നെ കല്ലെറിയുകയായിരുന്നു ഒരർത്ഥത്തിൽ. നിയമപ്രകാരം യദുവിനോട് അവൻ ദത്തുപുത്രനാണെന്ന് അവർ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. അവിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുട്ടിക്ക് അത് ഉൾക്കൊള്ളാനായില്ല, അവന് അതൊരു വലിയ ആഘാതമായിരുന്നിരിക്കും. ആദ്യം കരച്ചിൽ, പിന്നെ ആഹാരനിഷേധം തുടങ്ങി പലതരം സമരമുറകൾ തുടങ്ങി.

'ആരോടാണാവോ അവൻ സമരം ചെയ്തത്?  അവനെ ജനിപ്പിച്ച് എറിഞ്ഞുകളഞ്ഞ സ്വന്തം അച്ഛനമ്മമാരോടായിരിക്കും, അവരെ അറിയാത്തതുകൊണ്ട് വളർത്തച്ഛനോടും അമ്മയോടും തീർത്തതാവണം, അല്ലേ?' മരിയ ഉറക്കെ അതിലെ യുക്തി ചിന്തിക്കയായിരുന്നു. ആയിരിക്കും എന്ന് ലീനയും തലയാട്ടി.

അവനോടു സ്‌നേഹമില്ല എന്ന് സ്ഥിരം ആവലാതിയായി. മനഃപൂർവ്വം പരീക്ഷ മോശമായി എഴുതും. മാർക്ക് കുറഞ്ഞാൽ അച്ഛനും അമ്മയും സങ്കടപ്പെടുമല്ലോ, അത് കാണണം പോലും! ഒരു ദിവസം അവൻ ചെയ്ത അതിക്രമം കേട്ട് മരിയ ഞെട്ടി. സ്വന്തം കൈയ്യിൽ ബ്ലേഡുരച്ചു ചോരവരുത്തി കളഞ്ഞു! ചാകാനൊന്നുമല്ല, അവന്റെ അമ്മയ്ക്ക് സങ്കടം വരുമോ എന്ന് പരീക്ഷിച്ചതാണത്രേ! ദിനേന ഒന്നല്ലെങ്കിൽ മറ്റൊന്നായി എന്നും പരീക്ഷണപരമ്പര തന്നെ. യദു അച്ഛനമ്മമാരെ വല്ലാതെ ശിക്ഷിക്കുകയായിരുന്നു. ഒരു നാൾ വൈകുന്നേരം അവൻ വീട്ടിൽ വന്നില്ല. വരാതിരുന്നാൽ പൊയ്‌ക്കോട്ടെ എന്ന് അച്ഛനും അമ്മയും കരുതുമോ എന്നായിരുന്നു അവനറിയേണ്ടിയിരുന്നത്. പാവം അവന്റച്ഛൻ അന്ന് അലഞ്ഞതിനു കണക്കില്ലാത്രെ. അവൻ അവസാനം ഒരു കൂട്ടുകാരന്റെ വീട്ടിൽ എത്തി, അവർ കാര്യം മനസ്സിലാക്കി വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. വഴക്കു പറയാനേ പാടില്ല, പറഞ്ഞാലുടൻ 'ഞാൻ സ്വന്തം മോനല്ലാത്തോണ്ടല്ലേ ' എന്നു വായ്ത്താരി. അപ്പച്ചിയുടെ ഭർത്താവിന് ക്ഷമ ലേശം കുറവാണ്, പെട്ടെന്നു ദേഷ്യം പിടിക്കും. പക്ഷേ മകനുവേണ്ടി അയാൾ ദേഷ്യം അടക്കാൻ ശീലിച്ചു.

അവസാനം ഹൈസ്‌ക്കൂൾ ക്ലാസ്സ് എത്തിയതോടെ ഒരു സൈക്കോളജിസ്റ്റിന്റെ കൂടി അഭിപ്രായപ്രകാരം ഗത്യന്തരമില്ലാതെ അവർ അവനെ ബോർഡിംഗിലാക്കി. അവിടുത്തെ ടീച്ചർമാരോടും വാർഡനോടും എല്ലാം അവൻ തന്റെ കദനകഥ വിളമ്പി. അനാഥനായ അവനെ ദത്തെടുത്ത് അച്ഛനമ്മമാർ പീഡിപ്പിക്കുന്ന കഥ! അവർക്ക് ഒരു മകൻ കൂടി ഉണ്ടെന്നും അതാണ് തന്നെ ബോർഡിംഗിൽ ആക്കിയതെന്നും കൂടി പറഞ്ഞു കളഞ്ഞു! നല്ല മാർക്കറ്റുണ്ടായിരുന്നു ആ കഥയ്ക്ക് ആദ്യം. അവരെ സ്‌കൂളിൽ വിളിപ്പിച്ചപ്പോഴാണ് യഥാർത്ഥ കാര്യം ടീച്ചർമാരും വാർഡനും അറിയുന്നത്. ഉള്ളുനീറിനീറിയാവണം, അവന്റെ പത്തു കഴിഞ്ഞ് അധികം താമസിയാതെ അവന്റച്ഛൻ അവരുടെ ജീവിതത്തിൽ നിന്നു വിടവാങ്ങി.

'ഓ പാവം അപ്പച്ചി, ' മരിയ സ്വന്തം മുടി തലോടിക്കൊണ്ടു പറഞ്ഞു.

'ഊം...ഇതൊന്നും ആയില്ല, ഇനീമുണ്ട്. പത്തിൽ തെറ്റില്ലാത്ത മാർക്കുണ്ടായിരുന്നു, പക്ഷേ കോളേജിൽ പോകാനൊന്നും യദു കൂട്ടാക്കിയില്ല. '

'ഉം... ചരിത്രം ആവർത്തിച്ചു അല്ലേ? '

'കറക്ട്. കാരണം ഓരോന്നായിരുന്നെങ്കിലും, ' ലീന ശരിവച്ചു.

പെൻഷൻ, ഓഹരി കിട്ടിയ വീടിന്റെ വാടക എല്ലാം വച്ച് എങ്ങനെയൊക്കെയോ കഴിഞ്ഞു, യദു അഞ്ചു പൈസ വരുമാനമുണ്ടാക്കിയില്ല. ഉണ്ടും ഉറങ്ങിയും കൂട്ടുകൂടിയും സമയം കൊന്നു. ജനിപ്പിച്ചവരോടുള്ള പക അവൻ സ്വന്തം ജീവിതത്തോട് തീർക്കുകയായിരുന്നിരിക്കും. അപ്പച്ചിക്ക് അവസാനത്തെ കനത്ത അടി കിട്ടിയത് കുറച്ചുനാൾ മുമ്പാണ്. ഒരു വൈകുന്നേരം യദു ഒരു പെൺകുട്ടിക്കൊപ്പമാണ് വന്നു കയറിയത്്! അടുത്തൊരു ചേരിയിലെ പെൺകുട്ടി.

'ഓ മൈ! അപ്പച്ചി എങ്ങനെ അത് ഫേസ് ചെയ്തു? ' മരിയയ്ക്ക് അറിയാൻ തിടുക്കമായി.

'എന്തു ചെയ്യാൻ? ഇപ്പം ഇറങ്ങണം എന്നൊക്കെ അപ്പച്ചി ബഹളം വച്ചു, അവർ ഇറങ്ങി പോയി. പക്ഷേ രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരാനായിരുന്നൂന്നു മാത്രം. ചേരീന്ന് ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ. ഇടിച്ചു കയറി, താമസവും തുടങ്ങി. '

'സിനിമാക്കഥ പോലെ, ' മരിയ പറഞ്ഞു.

അപ്പച്ചി ഭർത്താവിനു വീതം കിട്ടിയ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പഴേ പറഞ്ഞതല്ലേ എന്ന് വീട്ടുകാരുടെ കുത്തുവാക്കു നിരന്തരം. വല്ലാതെ മടുക്കുമ്പോൾ വീട് പൂട്ടിയിട്ട് ലീനയുടെ കൊച്ചിയിലെ വീട്ടിലെത്തും. കുറച്ചു നാൾ തങ്ങി തിരികെ പോകും. ഇപ്പോൾ അവന് ആ വീടും കൂടി വേണം പോലും. അപ്പച്ചി അവരുടെ കൂടെ താമസിച്ച് ആ വീടിന്റെ വാടക വാങ്ങണമത്രേ. അതാണ് ഇങ്ങോട്ടു വരാൻ ലീന ക്ഷണിച്ചത്.

'വേലീലിരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടല്ലോ എന്നും പറഞ്ഞാണ് കരച്ചിൽ. ഇതുവരെ അങ്ങനെ ഒരിക്കൽ പോലും അവർ പറഞ്ഞിട്ടില്ല മരിയ. ക്ഷമയേഴും കെട്ടിട്ടുണ്ടാവും അവർക്ക്. അപ്പച്ചിയെ സമാധാനിപ്പിക്കാൻ തൽക്കാലം ഇങ്ങു പോരാൻ പറഞ്ഞു, പക്ഷേ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കുമോ ആവോ,' ലീന ആവലാതിപ്പെട്ടു.

'ഇനീപ്പം അവന്റെ ജാതകദോഷം പ്രശ്‌നം വച്ച് കണ്ടുപിടിക്കാൻ ചിറ്റപ്പന്റെ ചേച്ചി ഉപദേശിച്ചു പോലും.' ഇത്തിരിനേരത്തെ മൗനശേഷം ലീന തുടർന്നു.

' ഉം, ഇനി അതിന്റെ കുറവേ ഉള്ളു, അവരുടെ ഉള്ള സാമധാനം കൂടി ആ ജ്യോത്സ്യർ നശിപ്പിച്ചോളും. കഷ്ടം!' മരിയ സഹതപിച്ചു.

'പിന്നല്ലാതെ. അതിനൊന്നും പോവണ്ടെന്ന് ഞാൻ പറഞ്ഞു. ഇത്രനാളും അതിനൊന്നും പോയില്ലല്ലോ. ലോകത്ത് ഇൻഡ്യാക്കാരെ ഒഴിച്ച് ആരേം ഗ്രഹങ്ങൾ പിടിക്കില്ലല്ലോ,' ലീന മരിയയെ പിന്താങ്ങി.

'അതുതന്നെ. ഓരോരുത്തർക്ക് ഓരോ അനുഭവം, അത്രതന്നെ. അതിനപ്പുറവുമില്ല, ഇപ്പുറവുമില്ല. ദത്തെടുത്ത കുട്ടിയുമായി നല്ല സന്തോഷത്തോടെ കഴിയുന്നവരുണ്ട്. സ്വന്തം ചോരയിൽ പിറന്ന മക്കൾ അച്ഛനമ്മമാരെ കഠിനമായി പീഡിപ്പിക്കാറുമുണ്ട്.' ആരെയൊക്കെയോ ഓർത്താവണം മരിയ അപ്പറഞ്ഞത്.

'ഊം...ശരിയാണ്. പാവം അപ്പച്ചി.'

ഇനി നാളെയെങ്കിലും ഇതു തീർക്കാം എന്ന് മരിയയോടു യാത്രാമൊഴി പറയുമ്പോൾ ഇരുവരും ദുഃഖിതരായിരുന്നു. പരിഹരിക്കാൻ കഴിയാത്ത ദുഃഖങ്ങളെത്ര! കാരണമറിയാത്ത ദുഃഖങ്ങളെത്ര? ആരാണ് മറവിലിരുന്ന് ഇതെല്ലാം തീരുമാനിക്കുന്നത്? ദൈവമോ, വിധിയോ, എന്താണാ ഉത്തരം കിട്ടാ പ്രതിഭാസം?

No comments:

Post a Comment