Wednesday, June 07, 2017

ഷേക്സ്പിയര്‍ രചനകളുടെ പിന്നാമ്പുറക്കഥകള്‍-03

ഭാഗം-മൂന്ന്

5.ഹാംലെറ്റ്(1599-1601)

ഷേക്‌സ്പിയറിന്റെ ഏറ്റവും പ്രശസ്തമായ ഈ നാടകം, ചതിയിലൂടെ പിതാവ് മരണപ്പെട്ട ഒരു ഡാനിഷ്(ഡെന്മാർക്ക്) രാജകുമാരനായ ഹാംലറ്റിന്റെ കഥ പറയുന്നു. സ്വന്തം മകനായ ഹാംനെറ്റ് 11 വയസ്സിൽ മരിച്ചതിന്റെ ഓർമ്മയ്ക്കായാണ് നായകനെ ഹാംലറ്റ് ആക്കിയതെന്നും കരുതപ്പെടുന്നു. സമുദ്രസഞ്ചാരികളുടെ/കടൽക്കൊളളക്കാരുടെ-വൈക്കിംഗ് കൾ- കഥ പറച്ചിലിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കഥയെങ്കിലും ഷേക്‌സ്പിയർ ഈ ആശയത്തെ ജീവിതത്തിൽ നമുക്കെടുക്കേണ്ടി വരുന്ന പ്രയാസമുള്ള തെരഞ്ഞെടുപ്പ് ആക്കി നവീകരിച്ചിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട മകന്റെ വേദനയിലൂടെ പറയുന്നത് ആളുകൾ സ്വാർത്ഥരും മോശക്കാരുമായാൽ എന്തെല്ലാ തെറ്റുകൾ സംഭവിക്കാം എന്നും കൂടിയാണ്. കൃഷിനാശവും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിൽ നഷ്ടപ്പെടലും എല്ലാം കൂടി ഇംഗ്ലണ്ടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു അക്കാലത്ത്. പോരാത്തതിന് എലിസബത്ത്-I രാജ്ഞി പ്രായമായിരിക്കുന്നതിനാൽ അടുത്തത് മോശമായ ഭരണാധികാരി ആവാം, തങ്ങളുടെ ഭാഗധേയം എന്താവും എന്നുമെല്ലാം ജനങ്ങൾ ആശങ്കാകുലരായിരുന്നു.

ആഷ്‌ബോയ്

ഹോർവെണ്ടിൽ, ഹെങ് എന്നീ രണ്ടു സഹോദരർ രാജ്യം ഭരിച്ചിരുന്നു. ഹോർവെൻഡിലിന്റെ ഭാര്യ ജെർട്രൂഡ്, അവർക്ക് എല്ലാവരും മണ്ടശിരോമണി ആയി മുദ്ര കുത്തി ആഷ്‌ബോയ് എന്നു കളിയാക്കി വിളിച്ചിരുന്ന ഒരു മകൻ ഉണ്ടായിരുന്നു. സ്വന്തം പിതാവൊഴികെ ആരും അവനെ സ്‌നേഹിച്ചില്ല. അവനോടു ദേഷ്യം മൂത്ത് മൂത്ത് ഫെങ്ങിന് അത് അവന്റെ പിതാവിനോടു കൂടി ആയി. അവസാനം ജെർട്ൂഡിന്റെ സഹായത്തോടെ തന്നെ അയാൾ ഹോർവെണ്ടിലിനെ നായാട്ടിനിടെ വകവരുത്തി. നാട്ടാരെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിച്ചു, അധികം വൈകാതെ ജെർട്രൂഡിനെ ഭാര്യയാക്കി, രാജാവുമായി. പക്ഷേ അന്ന് കാട്ടിലൂടെ ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞിരുന്ന ആഷ്‌ബോയ് എല്ലാം നേരിട്ടു കണ്ടിരുന്നു. തന്റെ അമ്മ അച്ഛനെ സന്തോഷപൂർവ്വം മറന്നതും തന്നെ ഒഴിവാക്കുന്നതുമെല്ലാം മനസ്സിലാക്കിയ അവൻ അവസരം വരുവാനായി കാത്തിരുന്നു, സ്വയം ഒരു കോമാളി വേഷം കെട്ടി, ആളുകളെ രസിപ്പിച്ചു. ആഷ്‌ബോയ് യെ വിഡ്ഢിവേഷം കെട്ടി കളിയാക്കുന്നത് ഹെങ്ങിന്റെ വിനോദമായിരുന്നു. ഒരു നാൾ അയൽരാജ്യത്തെ രാജകുമാരി അവിടെ അതിഥിയായി എത്തി, 'ഇത് ആഷ്‌ബോയ്യുടെ ഭാര്യ ആണ് ' നാട്ടുകാരോടു കളി പറഞ്ഞ് അയാൾ രസിച്ചു. 'എനിക്കു സഹോദരൻ ഇല്ലല്ലോ, അപ്പോൾ ഞാൻ മരണപ്പെട്ടാൽ ഇവളെ ആരു വിവാഹം കഴിക്കും ' എന്നായി ആഷ്‌ബോയ്. ഹെങ്ങും ജെർട്രൂഡും ഒഴികെ എല്ലാവരും മണ്ടത്തരം കേട്ട് ചിരിച്ചു.

ആഷ്‌ബോയ്‌യെ ഒഴിവാക്കാനായി സ്‌നേഹം നടിച്ച് രാജകുമാരിയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരു മുദ്രവച്ച എഴുത്തു കൂടി കൊടുത്ത്, രാജകുമാരിക്കൊപ്പം അവനെ അവളുടെ രാജ്യത്തേക്കയച്ചു. പക്ഷേ അവരുടെ കപ്പൽ മുങ്ങി, ഇവർ രണ്ടുപേർ രക്ഷപ്പെട്ടു. പക്ഷേ അവൻ നീണ്ട നിദ്രയിലായിപ്പോയി. അവനുണരുന്നതും കാത്ത് കുമാരി കരയ്ക്കിരുന്നു. അതുവഴി വന്ന കടൽക്കൊള്ളക്കാർ പണം എടുക്കാനായി അവന്റെ കീശ തപ്പി, കിട്ടിയത് അവനെ വധക്കണമെന്ന് എഴുതിയ കത്ത്! അതു വായിച്ച് അവർ മറ്റൊരു പണി ചെയ്തു, അവർ കത്തു മാറ്റിയെഴുതി. രാജാവ് അവരെ വിവാഹവും കഴിപ്പിച്ചു. ബുദ്ധിമതിയായ കുമാരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിെ, വൻ സൈന്യവുമായി ഭർത്താവിന്റെ രാജ്യം ആക്രമിച്ചു, ഫെങ്ങിനെ കൊന്നു, ജെർട്രൂഡിനെ വിഷത്തവളകളും എട്ടുകാലികളും വഴുവഴുപ്പുള്ള പാമ്പുകളും വിഹരിക്കുന്ന ഇരട്ടുമുറിയിൽ അടച്ചു. പിന്നെ അവർ സസുഖം വാണു.

ഹാംലറ്റിൽ താൻ കൊലചെയ്യപ്പെട്ടതാണ് എന്ന് പിതാവിന്റെ പ്രേതം വന്ന് മകനോടു പറയുന്നതായാണ് കഥ.

6.കിംഗ് ലിയർ(1604-05)

മൂന്നു പെൺമക്കളുളള രാജാവ് ഇളയ മകളായ കൊഡിലിയയെ തെറ്റിദ്ധരിച്ച് ഉപേക്ഷിക്കുന്നതും മൂത്ത പെൺമക്കൾ തന്റെ പണമാണ് മോഹിച്ചിരുന്നതെന്നു രാജാവ് തിരിച്ചറിയുന്നതും രക്ഷപ്പെട്ട ഇളയവൾ വിവാഹശേഷം സൈന്യവുമായി വന്ന് ചേച്ചിമാരെ കീഴടക്കുന്നതും അച്ഛനും മകളും തമ്മിൽ തിരിച്ചറിയുന്നതും ആണ് കഥ.

ഈ കഥ ലോകമെമ്പാടും വൻ പ്രചാരമുള്ള ഒരു നാടോടിക്കഥയുടെ പുനരാവിഷ്‌ക്കാരമാണ്. ആസ് മച്ച് ആസ് സാൾട്ട്-ഉപ്പോളം-, കാപ്-ഓ-റഷസ് തുടങ്ങി വിവിധ പേരുകളിലുള്ള എല്ലാ കഥകളും തന്നോട് എത്ര ഇഷ്ടമുണ്ടെന്ന് രാജാവ് പെൺമക്കളോടുചോദിക്കുന്നതായാണ് തുടങ്ങുന്നത്. 1577 ൽ ഹൊളിൻഷെഡ്, ദി ക്രോണിക്കിൾസ് ൽ എഴുതിയ ഈ കഥയാണ് ഷേക്‌സ്പിയറിന്റെ പ്രചോദനം എന്നു കരുതുന്നവരുണ്ട്. ഇതെഴുതുന്ന കാലത്ത് തന്റെ ഒരു മകൾ ഇരുപതുകളുടെ ആരംഭത്തിലും മറ്റൊരുവൾ  കൗമാരാവസാനത്തിലും ആയിരുന്നു, വിവാഹിതരായി വീടു വിട്ട് പോകേണ്ട കാലം, അതുകൊണ്ടും കൂടിയാവാം ഇക്കഥ എന്നും പറയുന്നു. ഹൊളിൻഷെഡിന്റെ കഥപ്രകാരം കൊഡിലിയ ബ്രിട്ടന്റെ രാജ്ഞി ആകുകയാണ്. അവരുടെ ആസ്ഥാനം ലിയറിന്റെ കോട്ട എന്നർത്ഥം വരുന്ന ലെസ്റ്റർ ആയിരുന്നവെന്നും ചിലർ കരുതുന്നു.

കാപ്-ഓ-റഷസ്

വളരെ ബുദ്ധിയും വിവരവുമുള്ളയാളെന്നു കരുതിയിരുന്ന രാജാവ് ഒരു നാൾ ഒരു മണ്ടൻ ചോദ്യം ചോദിച്ച് അതിന്റെ ഫലമായി കഷ്ടത അനുഭവിക്കേണ്ടി വന്നു. തന്നെ എത്രത്തോളം ഇഷ്ടമുണ്ട് എന്നായിരുന്നു ആ മണ്ടൻ ചോദ്യം. ഉപ്പോളം എന്നു പറഞ്ഞ ഇളയവളെ രാജാവ് ഉപേക്ഷിച്ചു. തന്റെ മരിച്ചുപോയ അമ്മയുടെ മൂന്നു ഉടുപ്പുകൾ മാത്രമെടുത്ത് അവൾ യാത്രയായി. ദൂരെ ഒരു ദേശത്തെത്തി മരപ്പൊത്തിൽ ഉടുപ്പുകൾ ഒളിപ്പിച്ച് ആ രാജ്യത്തെ രാജാവിന്റെ കൊട്ടാരത്തിലെ പാത്രം തേച്ചു കഴുകുൽകാരിയായി കഴിഞ്ഞുവന്നു. പുല്ലുകൊണ്ടുള്ള ഉടുപ്പും തൊപ്പിയും ധരിച്ചിരുന്ന അവൾ കാപ്-ഓ-റഷസ് -പുൽത്തൊപ്പിക്കാരി-എന്ന് അറിയപ്പെട്ടു.

രാജകുമാരൻ എല്ലാവർക്കും പങ്കെടുക്കാവുന്ന, മൂന്നു ഇരവുപകലുകൾ നീളുന്ന ഒരു ഉത്സവം പ്രഖ്യാപിച്ചു, തന്റെ ഭാര്യയെ തെരഞ്ഞെടുക്കുന്നതിനായി. കൊട്ടാരം ജോലിക്കാർ എല്ലാവരും പോയിക്കഴിയുമ്പോൾ അവൾ ആറ്റിൽ കുളിച്ച് അമ്മയുടെ സ്വർണ്ണം പതിച്ച ഉടുപ്പണിഞ്ഞ് എത്തി, കുമാരനുമൊത്ത് നൃത്തം ചെയ്തു, അവസാനിക്കും മുൻപ് പതിയെ തിരിച്ചു പോന്നു. ജോലിക്കാർ തിരികെ എത്തിയപ്പോൾ അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു, അവർ പോയപ്പോഴത്തേതു പോലെ. പിറ്റേന്നും അതിന്റെ പിറ്റേന്നും ഇതാവർത്തിച്ചു. അവൾ ആരെന്നു വെളിപ്പെടുത്താത്തതിനാൽ രാജകുമാരൻ തന്റെ മോതിരം ഊരി ഇട്ടുകൊടുത്തു, അടയാളത്തിനായി.

നാട്ടിലുള്ള എല്ലാ പ്രഭുകുമാരികളേയും രാജകുമാരികളേയും അന്വേഷിച്ചു, കിട്ടിയല്ല, കുമാരൻ പരവശനായ കാര്യം അറിഞ്ഞ് ഭേദപ്പെടുത്താനെന്ന് അവൾ സൂപ്പുണ്ടാക്കി, അതിൽ മോതിരമിട്ട് കുമാരനെത്തിച്ചു. അതു കണ്ടെത്തി സൂപ്പുണ്ടാക്കിയ ആളെ ഉടൻ ഹാജരാക്കാൻ കുമാരൻ ആവശ്യപ്പെട്ടപ്പോൾ സൂപ്പ് ശരിയല്ലാത്തതുകൊണ്ടാവും, പാവം പെൺകുട്ടി ശിക്ഷിക്കപ്പെടണ്ട എന്ന് മറ്റൊരു പാചകക്കാരൻ അത് ഏറ്റെടുത്തു. പക്ഷേ നടന്നില്ല, കാപ്-ഓ-റഷസ് ഹാജരായി. കുമാരൻ തിരിച്ചറിഞ്ഞു, പുൽക്കുപ്പായവും തൊപ്പിയും മാറ്റി അതിനടിയിൽ ധരിച്ചിരുന്ന ആഭരണങ്ങൾ പതിപ്പിച്ച പൊൻ കുപ്പായം കുമാരൻ കണ്ടു. പിന്നെ വിവാഹാഘോഷം നടത്തി, പിതാവും ക്ഷണിതാവായിരുന്നു. ഉപ്പില്ലാത്ത വിഭവങ്ങൾ നിരത്തി, പിതാവ് മകളെ തിരിച്ചറിഞ്ഞു, ക്ഷമ ചോദിച്ചു.

സിൻഡ്രെല്ലയുടെ കഥയും കൂടി ഇതിൽ തുന്നിച്ചേർത്തിട്ടുള്ളതു പോലെ തോന്നി എനിക്ക്.

7. ദി വിന്റേഴ്‌സ് ടെയിൽ(1610/1611)

ഷേക്‌സപിയറിന്റെ അവസാനകാല നാടകങ്ങളിലൊന്നാണിത്. സിസിലിയിലെ രാജാവ്, തന്റെ ഭാര്യ ബൊഹീമിയ രാജ്യത്തെ രാജാവുമായി പ്രണയത്തിലാണെന്ന് സംശയിക്കുന്നു,  ആ രാജാവിനോട് യുദ്ധം ചെയ്യുന്നു, മകൾ ജനിച്ചപ്പോൾ അത് തന്റേതല്ല എന്നു നിർബന്ധം പിടിക്കുന്നു. രാജ്ഞിക്ക് വല്ലാത്ത നാണക്കേടു തോന്നി. ഒടുവിൽ ഒരു വിശ്വസ്ത സേവകൻ കുഞ്ഞിനെ ബൊഹിമിയിലയിലേക്കു കടത്തി രക്ഷപ്പെടുത്തി.  ഒരു ആട്ടിടയന്റെ മകളായി പെർഡിസ(ത) എന്ന പേരിൽ വളർന്നു വന്ന അവളുമായി ബൊഹീമിയ രാജകുമാരൻ പ്രണയത്തിലായി. രാജാവ് ക്ഷുഭിതനായതിനാൽ പ്രണേതാക്കൾ സിസിലിയിലേക്കു കടന്നു. അപ്പോഴേയ്ക്കും രാജാവ് പശ്ചാത്താപത്തിലായിരുന്നു. എല്ലാം ശുഭപര്യവസാനിയയാപ്പോൾ പെർഡിസയുടെ അമ്മ തിരിച്ചെത്തി, പക്ഷേ ഒരു പ്രതിമയുടെ രൂപത്തിൽ.

റോബർട്ട് ഗ്രീനെയുടെ പാൻഡൊസ്്‌റ്റോ അഥവാ ദി ട്രയംഫ് ഓഫ് ടൈം (കാലത്തിന്റെ വിജയം) എന്ന !588 ലെ കൃതിയാണ് ഈ കഥയ്ക്കാധാരം എന്നു കരുതുന്നു. ഈ കഥയിൽ അനേകം നാടോടിക്കഥാഘടകങ്ങൾ ഇഴചേർത്തിട്ടുണ്ട്. അതിലൊന്ന് മകന്റെ പ്രണയം ഇഷ്ടപ്പെടാത്ത ഒരു രാജാവിന്റേതായിരുന്നു. അക്കാലത്ത് തന്റെ മകനായ ഹെന്റി രാജകുമാരനുമായി രാജാവായ ജെയിംസ് ഇതേ കാര്യത്തിന് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കഥ അതാണ് എന്നും അടക്കം പറച്ചിലുണ്ടായിരുന്നു.

ഷേക്‌സ്പിയർ അവസാനകാലത്ത് എഴുതിയതെല്ലാം അച്ഛൻമാരുടേയും പെൺമക്കളുടേയും കഥകളാണ്. തന്റെ മൂത്ത മകൾ സൂസന്ന ഒരു പ്യൂരിറ്റൻ സഭക്കാരനെ വിവാഹം കഴിച്ചിരുന്നു, ഇളയവൾ അത്ര വിശ്വസിക്കാൻ കൊള്ളാത്തവനെന്നു കരുതപ്പെടുന്ന ഒരാളുമായി പ്രണയത്തിലുമായി. ഇക്കാലത്ത് തന്നെ ഒരു പേരക്കുട്ടി ജനിക്കയും ചെയ്തു. തന്റെ കുടുംബം ഈ കഥകൾക്കു പ്രചോദനമായെന്നു കരുതാം.

ദി ഫ്‌ളവർ പ്രിൻസസ്സ് (പുഷ്പ രാജകുമാരി)

സിസിലിയയിലെ കഠിനഹൃദയനായ രാജാവ് ഒരു ഗ്രാമീണപെൺകൊടിയുമായി പ്രണയത്തിലായി, അവളെ വിവാഹവും കഴിച്ചു. നല്ലവളായ  അവളുടെ സ്വാധീനത്തിൽ അയാൾ തന്റെ പരുക്കൻ സ്വഭാവം വെടിഞ്ഞു, അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. രാജ്ഞിയുടെ കൂട്ടുകാരിയായ, ജ്ഞാനികളിൽ ജ്ഞാനിയായ, പ്രവാചകയും കൂടിയായ  ഒരു സ്ത്രീയെ കൂടി ആഘോഷത്തിനു ക്ഷണിച്ചിരുന്നു. പൂവിന്റെ പതക്കമുള്ള സ്വർണ്ണമാല കുഞ്ഞിനു സമ്മാനിച്ച് അവൾ ഇനി മേൽ ഫ്‌ളോറ എന്ന് അറിയപ്പെടും എന്ന് ആ ജ്ഞാനി പറഞ്ഞു. അവളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പൂവുകൾക്കിടയിലായിരിക്കും എന്ന അവരുടെ പ്രവചനം പക്ഷേ രാജാവിന് ഇഷ്ടപ്പെട്ടില്ല. തന്റെ കുട്ടി ഒരു കാടൻ പെൺകുട്ടിയല്ല അങ്ങനെ കാടുകളിലും മേടുകളിലും മേയാൻ എന്ന് ചിന്തിച്ച രാജാവ് പിന്നെ മകളെ ശ്രദ്ധിക്കാതായി. പക്ഷേ രാജ്ഞി മകളുടെ മേൽ തന്റെ പൂർണ്ണ ശ്രദ്ധയും അർപ്പിച്ചു. അതിന്റെ ആവശ്യമില്ല, സേവകരുണ്ടല്ലോ എന്നായി രാജാവ്. അയാൾ പഴയ സ്വഭാവത്തിലേക്കു തിരികെ പോയി. തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന രാജ്ഞിയോടു കലികയറി അയാൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അടുത്തുള്ള നദിയിൽ ഒഴുക്കിവിട്ടു.  

ഇതിൽ ക്ഷുഭിതയായ രാജ്ഞി ഒരു കോട്ടയുടെ മുകളിൽ കയറി സ്വയം അടച്ചു, കുരേ നാൾ കഴിഞ്ഞു ഹൃദയം തകർന്നു മരിച്ചു. തകർന്നു പോയ രാജാവ് ഭാര്യയേയും മകളെയുമോർത്ത് കരഞ്ഞു.

കുഞ്ഞ് സുരക്ഷിതമായി ദൂരെ ബൊഹീമിയൻ തീരമണഞ്ഞു, ഒരു വൃദ്ധൻ അവളെ കണ്ടു, അയാളും ഭാര്യയും എടുത്തു വളർത്തി. കഴുത്തിൽ ഒരു സ്വർണ്ണപ്പൂവ് ഉള്ളതിനാൽ ഫ്‌ളോറ എന്നു കുഞ്ഞിനു പേരുമിട്ടു. ബൊഹീമിയൻ രാജാവിന്റെ  തോട്ടക്കാരായിരുന്നു അവർ. സ്വാഭാവികമായും ഫ്‌ളോറയും തോട്ടിലായി ജോലി. അമ്മയെപ്പോലെ സുന്ദരിയായി ഫ്‌ളോറ വളർന്നു വന്നു. രാജകുമാരൻ ബ്രൂണോ അവളെ കണ്ടു, പ്രണയുവുമായി. ആദ്യം കൊടുത്ത പ്രണയോപഹാരം ഒരു റോസാപ്പൂവായിരുന്നു. രാജാവിന് ഈ ബന്ധം ഇഷ്ടമായില്ല.

അത് അത്ഭുത ചെടിയാണ്, തൊടരുത് എന്ന ഫ്‌ളോറയുടെ മുന്നറിയിപ്പ് കേൾക്കാൻ കൂട്ടാക്കാതെ ബ്രൂണോ അവൾക്കു നൽകുവാനായി ഒരു റോസാപ്പൂവിറുത്തു, കുമാരൻ ബോധരഹിതനായി കുഴഞ്ഞുവീണു, ദീർഘനിദ്രയിലായി. രാജാവ് ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീയെ വരുത്തി. ഫ്‌ളോറ ഉമ്മ വച്ചാലേ കുമാരൻ ഉണരൂ എന്ന് പറഞ്ഞതനുസരിച്ച് അങ്ങനെ ചെയ്തു. കുമാരൻ ഉണർന്നു, ഫ്‌ളോറയെ കെട്ടിപ്പിടിച്ചു. പക്ഷേ രാജാവ് ഫ്‌ളോറയെ പിടിച്ചു കെട്ടി കടലിലൊഴുക്കി. ഫ്‌ളോറ ഒഴുകി ഒഴുകി സിസിലയിൽ തിരിച്ചെത്തി. ജ്ഞാനികളിൽ ജ്ഞാനിയായ സ്ത്രീ കണ്ടെത്തി, അവളുടെ അമ്മ താമസിച്ച കോട്ടയിലെത്തിച്ചു.  

ഇതിനിടെ അച്ഛനോടു പിണങ്ങിയ ബ്രൂണോ ഫ്‌ളോറയെ അന്വേഷിച്ച് ദേശാന്തരയാത്ര തുടങ്ങി. കറങ്ങിത്തിരിഞ്ഞ് അവസാനം സിസിലിയയിൽ എത്തിച്ചേർന്നു.അവന്റെ ദുഖത്തിൽ പങ്കുചേർന്ന രാജാവും അവനും കൂടി വാർത്ത കണ്ണീർ കൊട്ടാരം മുക്കുമെന്ന നിലയെത്തി.

ജ്ഞാനികളിൽ ജ്ഞാനി അവരെ കോട്ടയിൽ കൊണ്ടുപോയി, അമ്മയും മകളും അവരവരുടെ പ്രണേതാക്കൾക്കൊപ്പം ജീവിച്ചു.

2 comments:

  1. വിശ്വ വിഖ്യാതമായ കഥകളുടെ
    പിന്നാമ്പുറ ചരിതങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു 

    ReplyDelete