Showing posts with label Windsor Palace. Show all posts
Showing posts with label Windsor Palace. Show all posts

Friday, November 05, 2010

വിന്‍ഡ്‌സര്‍ കൊട്ടാരം

കൊട്ടാരയാത്ര കാറിലായിരുന്നു. ജൂവിയ എന്നു പേരിട്ടിരിക്കുന്ന കാര്‍ നാവിഗേറ്റര്‍ പറഞ്ഞു തന്ന വഴി വളരെ മനോഹരമായിരുന്നു. മഴക്കാലത്തെ ഭാരതപ്പുഴ പോലെ, അത്രയും വീതിയില്ല കേട്ടോ, സ്വച്ഛമായി ഒഴുകുന്ന നദിയും പച്ചപ്പിന്‍റെ ചാരുതയും.

ലണ്ടന്‍ യാത്രയില്‍ ഉടനീളം ശ്രദ്ധിച്ച ഒരു കാര്യം വീടുകള്‍ക്ക് മതിലുകളും ഗേറ്റുകളും കുറവ് എന്നതാണ്. ചെടികളാണ് മിയ്ക്ക സ്ഥലത്തും അതിര്‍ത്തി. പിന്നെ പണ്ടു നാട്ടിന്‍പുറങ്ങളില്‍ കാണുമായിരുന്ന തടി കൊണ്ടുള്ള കടമ്പ ഉണ്ടല്ലോ, അതാണ് പല വീടുകള്‍ക്കും ഗേറ്റ്!
 
ആയിരത്തില്‍ പരം വര്‍ഷം പഴക്കമുള്ള, 13 ഏക്കറോളം വിസ്തൃതിയുള്ള വിന്‍ഡ്‌സര്‍ വിസ്മയത്തില്‍ ഓഡിയോ ഐഡ്  സഹായമായി. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടെ എഴുതി വച്ചിട്ടുള്ള നമ്പര്‍ കീ പാഡില്‍ കുത്തിയാല്‍  അതിന്‍റെ ചരിത്രം ചെവിയില്‍ കേള്‍ക്കാം, മറ്റുള്ളവര്‍ക്ക് ശല്യമേതുമില്ലാതെ. അവിടെ ഏറ്റവും ഇഷ്ടപ്പെട്ടത് പഴമയുടെ ഗാംഭീര്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സെന്‍റ് ജോര്‍ജ്ജ്് ചാപ്പല്‍ ആണ്. രാജകുടുംബത്തിലെ പല തലമുറകളുടെ അന്ത്യ വിശ്രമസ്ഥലവും കൂടിയാണവിടം. മരണം മണക്കുന്ന ശവകുടീരങ്ങള്‍ ഇഷ്ടമല്ല സാധാരണ. പക്ഷേ ഇവിടെ പള്ളിക്കകത്തു തന്നെയായതിനാല്‍ അത് ഒഴിവാക്കാന്‍ ആവില്ല.

ചാപ്പലില്‍ നിന്നിറങ്ങിയപ്പോഴേയ്ക്കും മഴ കൊണ്ടുപിടിച്ചിരുന്നു. മഴയത്ത് ,ദൂരെ തേംസ് നദി ഒഴുകുന്നതും കണ്ട് ക്വീന്‍ മേരിയുടെ ഡോള്‍ ഹൗസ് കാണാന്‍ ക്യൂവില്‍. അതു കഴിഞ്ഞ് രാജകുടുംബത്തിന്‍റെ നാലു തലമുറയില്‍ പെട്ടവരുടെ ചിത്രങ്ങള്‍ എടുത്ത മാര്‍ക്കസ് ആഡംസിന്‍റെ (Marcus Adams) ഫോട്ടോ പ്രദര്‍ശനം. എല്ലാം സന്തോഷത്തോടെ കണ്ടു. പക്ഷേ രാജകുടുംബത്തിന്‍റെ ശേഖരം കണ്ടപ്പോള്‍ മനസ്സു നൊന്തു. ടിപ്പു സുല്‍ത്താന്‍റേയും നാദിര്‍ഷായുടേയും യുദ്ധതിരുശേഷിപ്പുകള്‍. നമ്മെ അധീനതയിലാക്കി നമ്മുടെ രാജ്യത്തു നിന്നു കടത്തിയത്, നമ്മുടെ അപമാനത്തിന്‍റെ, നോവിന്‍റെ ചിഹ്നങ്ങള്‍! അതു കാണാന്‍ പണം ചെലവാക്കി ഞങ്ങളും ! ടിപ്പുവിന്‍റെ സാധനങ്ങള്‍ വച്ച കണ്ണാടിക്കൂടിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ആതിഥേയയുടെ പതിഞ്ഞ ശബ്ദം- 'അങ്ങനെ ടിപ്പുവും വീണു '(പഴശ്ശി രാജ സിനിമ). മനസ്സില്‍ കടന്നല്‍ കുത്തേറ്റ പോല. പിന്നെ അവിടന്നു പോന്നാല്‍ മതിയെന്നായി.

പണ്ടു ചെയ്തതിനു പരിഹാരം എന്നോണം  ഇപ്പോള്‍ അവിടെ എല്ലാ രാജ്യക്കാരുമുണ്ട്. ജോലി, പഠിപ്പ് അങ്ങനെ. കോമണ്‍വെല്‍ത്തില്‍ പെട്ട രാജ്യക്കാര്‍ക്ക് ഗവണ്‍മെന്‍റു ജോലിയില്‍ പരിഗണന നല്‍കുന്നു. ഇംഗ്ലീഷ്‌കാരേക്കാള്‍ കൂടുതല്‍ അവിടെ ബര്‍മ്മാക്കാരാണെന്നു തോന്നി. എങ്ങോട്ടു തിരിഞ്ഞാലും അവര്‍. ഒരോരുത്തരേയും കാണുമ്പോള്‍, ബര്‍മ്മ, ജപ്പാന്‍, ചൈന, പിന്നെ പോളണ്ട്, റഷ്യ എന്നിങ്ങനെയെല്ലാം ഊഹിക്കലും ഒരു ജോലിയായിരുന്നു!  

ഇപ്പോള്‍ നമ്മള്‍ നമ്മുടേതെന്നും പാക്കിസ്ഥാന്‍കാര്‍ അവരുടേതെന്നും പറയുന്ന* കോഹിനൂര്‍ രത്‌നം കുഞ്ഞുന്നാളില്‍ ഇതു പോലെ മനസ്സു നൊമ്പരപ്പെടുത്തിയിട്ടുണ്ട്. അതു സൂക്ഷിച്ചിരുന്ന ടൗവ്വര്‍ ഓഫ് ലണ്ടന്‍ പുറത്തു നിന്നു കണ്ടതേയുള്ളു.

*പ്രയോഗത്തിനു കടപ്പാട്- ബ്ലോഗര്‍ ശ്രീനാഥന്‍  :)  :)