Showing posts with label Madame Tussauds. Show all posts
Showing posts with label Madame Tussauds. Show all posts

Thursday, November 11, 2010

മാഡം തുസാട്‌സ്.

1863 ല്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ സ്റ്റേഷനായ ബേക്കര്‍സ്റ്റീറ്റിലിറങ്ങി ഷെര്‍ലക് ഹോംസ് (സര്‍.ആര്‍തര്‍കോണന്‍ഡൈലിന്റെ  ഡിറ്റക്ടീ വ് കഥാപാത്രം) പ്രതിമക്കൊപ്പം പടവും പിടിച്ച് മാഡം തുസാട്‌സിലേക്ക്. 



ആ മ്യൂസിയം മനസ്സില്‍ സൃഷ്ടിച്ച അത്ഭുതം, ആദരം, ഭയം...പറയാവതല്ല മമ ! ടിക്കറ്റെടുക്കാന്‍ നില്‍ക്കവേ കണ്ടു, കാഴ്ച്ചക്കാരെ രസിപ്പിക്കാന്‍ പ്രത്യേക വേഷഭൂഷക്കാര്‍. ക്യാമറ എടുത്താല്‍ മതി നല്ല അസ്സലായി ഫാഷന്‍ ഷോയ്‌ക്കെന്ന പോല പോസു ചെയ്തു തരും. പടി കയറുമ്പോള്‍ വീല്‍ ചെയറില്‍ ഒരാള്‍, മറ്റൊരാള്‍ ഉന്താനും. ഇവരെന്താ വരാത്തത് എന്നു നോക്കുമ്പോഴല്ലേ മനസ്സിലായത് അതു മെഴുകു പ്രതിമകളായിരുന്നു!


ഇതുവരെ ഉന്തും തള്ളുമില്ലാതെ അടുക്കിലും ചിട്ടയിലും കണ്ട് ഇവിടെ അകത്തു കയറിയപ്പോള്‍ ശ്വാസം മുട്ടിക്കുന്ന തിരക്ക്. പ്രതിമകള്‍ക്കൊപ്പം കൊണ്ടു പിടിച്ച് പടം പിടുത്തം, ബഹളം. പോപ്പ് ഗായകര്‍, നടീനടന്മാര്‍ ,കളിക്കാര്‍ ഇവര്‍ക്കൊപ്പം പോസു ചെയ്യാനായിരുന്നു തിരക്കു കൂടുതല്‍. പലപ്പോഴും മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥ.


നല്ല ജീവസ്സുള്ള പ്രതിമകളായിരുന്നു മിയ്ക്കവയും. ശരിക്കും ജീവനുള്ളതു പോലെ. അസ്സലേത്, പ്രതിമയേത് എന്നു തിരിച്ചറിയാനായില്ല പലപ്പോഴും. ഇന്ദ്രപ്രസ്ഥത്തില്‍ നമ്മുടെ ദുര്യോധനനു പണ്ട്  പറ്റിയതു പോലെ! പ്രതിമയെ മനുഷ്യരെന്നും മനുഷ്യരെ പ്രതിമയെന്നും നിനച്ച് , അമളി മനസ്സിലായപ്പോള്‍ പൊട്ടിച്ചിരിച്ച്......


അമിതാഭ്, ഐശ്വര്യാ റായ,  സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍ ഇവര്‍ ഒന്നിച്ചായിരുന്നു നില്‍പ്പ്. പല പ്രാവശ്യം ശ്രമിച്ചിട്ടും ആളില്ലാതെ ഫോട്ടോ എടുക്കാന്‍ ആയില്ല, അവിടെ തള്ളിയതു മുഴുവന്‍ ഇന്‍ഡ്യാക്കാരായിരുന്നു. സ്‌പോര്‍ടുസുകാരുടെ സ്ഥലത്ത് സച്ചിന്‍. സച്ചിന്‍റേയും ഷാരൂഖിന്‍റേയും മാത്രം വലിയ ഫോട്ടോകള്‍ കണ്ടു, അവരുടെ രൂപങ്ങള്‍ക്കൊപ്പം. അവിടുത്തെ സന്ദര്‍ശനവേളയില്‍ എടുത്തത്. പക്ഷേ ഗാന്ധിജിയേയും ഇന്ദിരാഗാന്ധിയേയും കണ്ടപ്പോള്‍ സങ്കടം വന്നു. ആറ്റന്‍ബറോയുടെ ഗാന്ധിജിയെ ആണ് അവര്‍ പുനസൃഷ്ടിച്ചത് എന്നു തോന്നി. അവശത പിടിച്ച ഇന്ദിരയെ കണ്ടു സഹിച്ചില്ല. അതുകൊണ്ട് അത് ക്യാമറയില്‍ ഒപ്പിയില്ല.










പിന്നീട് ഭയാനക മുറിയിലൂടെ (Chamber of Horror and Screams)  യുള്ള നരകയാത്ര, ഹോ, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം. ഗര്‍ഭിണികള്‍, ഹദ്രോഗികള്‍, ബി.പി.ഉള്ളവര്‍, കുട്ടികള്‍ ഇവരൊന്നും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ജീവനുള്ളവരാണ് അകത്തുനിന്നു ഭയപ്പെടുത്തുന്നതെന്നും. അവിടെ കയറാതെ എസ്‌കേപ്പ് റൂട്ടിലൂടെ പോകണമോ എന്ന ചോദ്യം 'കൊക്കെത്ര കുളം കണ്ടതാ ' എന്ന മട്ടില്‍ പുല്ലുപോലെ അവഗണിച്ച് ഇരുള്‍ നിറഞ്ഞ ഒറ്റയടി പാതയിലേക്കു കയറി.സീരിയല്‍ കൊലപാതകികളും, കുറ്റവാളികളും അവിടെ വിളയാടുന്നു എന്നാണ് സങ്കല്‍പ്പം. കാതടപ്പിക്കുന്ന നിലവിളികള്‍, യൂദ്ധസ്ഥലത്തെന്ന പോലെ ആര്‍ത്ത നാദങ്ങള്‍, അലര്‍ച്ചകള്‍ ,ഭീതിദ ശബ്ദദൃശ്യ കോലാഹലങ്ങള്‍. ഇരുവശവും നോക്കാന്‍ ത്രാണിയില്ലാതെ ഇരുട്ടിലൂടെ മുന്നോട്ടുള്ളവരുടെ പിറകേ നീങ്ങി ഒരു നിമിഷമാകും മുമ്പ് പതിയെ മൊഴിഞ്ഞു, 'തിരിച്ചു പോകാം..' . 'ഇനി എങ്ങനെ, ആദ്യം ചോദിച്ചതല്ലേ , സഹിച്ചോളൂ' എന്നു ആതിഥേയയുടെ ഭയം കലര്‍ന്ന ദേഷ്യം. മുറിയില്‍ കയറിപ്പോയാല്‍ പിന്നെ പിറകോട്ടു തിരിച്ചു പോകാനാവില്ല, ജനം ചങ്ങല പോലെ പിറകേയുണ്ട്. മുന്നോട്ട്, മുന്നോട്ടു മാത്രമേ നീങ്ങാനാകൂ. ജീവിതം പോലെ തന്നെ.


പെട്ടന്ന് , ഭീകര ശബ്ദത്തോടെ കൈനീട്ടി പിടിക്കാനാഞ്ഞ് ഒരു രൂപം മുമ്പില്‍ ചാടി വീണു. പേടിച്ച് നിലവിളിച്ചു പോയി. അതാ തൊട്ടു മുമ്പേ പോകുന്നയാളുടെ കഴുത്തിനു പിടിക്കുന്നു മറ്റൊരു രൂപം. ഇവരാരും വേദനിപ്പിക്കില്ല, പേടിപ്പിക്കയേയുള്ളു, ഇതെല്ലാം അറിയാം. മനസ്സു വിറകൊണ്ടു നില്‍ക്കുമ്പോള്‍ പക്ഷേ യുക്തിയും ബുദ്ധിയും വിലപ്പോവതെങ്ങ്? നരകം നേരിട്ടു കണ്ടു, അല്ല അനുഭവിച്ചു. എക്‌സിറ്റില്‍ കുന്തമുനയില്‍ തലകള്‍ , എല്ലാം മേരി അന്റോണിയറ്റോ പോലെ കൊലപ്പെടുത്തപ്പെട്ട ചരിത്ര മുഖങ്ങള്‍.




അപ്പോള്‍ തന്നെ ഉറച്ചു തീരുമാനിച്ചു ഇനി ലണ്ടന്‍ ഡഞ്ജിയണ്‍ കാണാന്‍ പോകണ്ട എന്ന്. ഒരു ജീവിതത്തിലേക്കുള്ള ഹൊറര്‍ ഇപ്പോഴേ ആയി, ഇനി വേണ്ട.


നരകത്തില്‍ നിന്നു രക്ഷപ്പെട്ട് ജീവനുണ്ടെന്നു തൊട്ടു നോക്കി ബോദ്ധ്യപ്പെടുത്തി അടുത്ത് തുറന്ന ക്യാബ് യാത്ര. നമ്മുടെ ഡീസല്‍ ഒട്ടോറിക്ഷ മൂടിയെടുത്ത പോലെ ട്രാം വന്നു കൊണ്ടേയിരിക്കും. 2 പേര്‍ക്ക് അതില്‍ കയറാം. പതിയെ പോകുന്നുണ്ടാവും ,നിര്‍ത്തില്ല, നമ്മള്‍ ചാടിക്കയറണം. കയറാന്‍ സഹായിക്കാന്‍ ആളുണ്ട്. കയറിയും ഇറങ്ങിയും വളവും പുളവും തിരിഞ്ഞ് ഇംഗ്ലണ്ടിന്‍റെ 400 വര്‍ഷ ചരിത്രത്തിലൂടെ ഒരു നീണ്ട യാത്ര. ഓരോ സ്ഥലത്തു വരുമ്പോഴും കാഴ്ച്ച എവിടെയോ അവിടേക്ക് ക്യാബ് തന്നത്താന്‍ തിരിഞ്ഞു കൊള്ളും, നമ്മള്‍ക്ക് കഴുത്തു തിരിച്ച് ബുദ്ധിമുട്ടണ്ട. ഷേക്‌സ്പിയര്‍ ക്വില്‍ പേന പിടിച്ച് എഴുതിക്കൊണ്ടിരിക്കുന്നതും മറ്റും  കണ്ടാല്‍ ജീവനില്ല എന്നു തോന്നില്ല. ചരിത്രം മുഴവന്‍, എന്തിനേറെ പ്ലേഗു ബാധിച്ചതും ജനം മരിച്ചൊടുങ്ങിയതും വരെ. പ്ലേഗു നാളുകളില്‍ മൂക്കും വായും മൂടി മരുന്നു തളിച്ച് ഒരാള്‍ നിന്നിരുന്നു, ജീവനുള്ള ആളാണെന്നു തോന്നുന്നു.


ചരിത്ര യാത്ര കഴിഞ്ഞ് വീണ്ടും പ്രതിമകള്‍. ആ മ്യൂസിയത്തിന്റെ ഉപജ്ഞാതാവായ മാഡം തുസാട്‌സ് അവരുടെ ചെറുപ്പകാലത്ത് ഭംഗിയുള്ള മഞ്ചത്തില്‍ ഉറങ്ങുന്നു, ശ്വാസോച്ഛാസം കാണാം നമുക്ക്. ശരിക്കും ജീവന്‍ തുടിക്കുമ്പോലെ. സ്വര്‍ണ്ണമുടിയഴിച്ച് അവരുടെ ആ ചെരിഞ്ഞ കിടപ്പ് വശ്യമായ ദൃശ്യവിസ്മയം തന്നെ. അവരുടെ പല പ്രതിമകള്‍ വേറേയും ഉണ്ട്.. അതി സുന്ദരി മാത്രമല്ല, അതി ബുദ്ധി മതിയും കൂടി ആണവര്‍.


Francois Tussaud and Madame Tussaud ( Anna Maria Grosholtz)





ഇങ്ങനൊരു ആശയം ആ തലയിലല്ലേ ഉദിച്ചത്. മനസാ നമിച്ചു വാക്‌സില്‍ സ്വന്തമായി ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച ആ ഫ്രഞ്ച്കാരിയെ. 16 വയസ്സില്‍ വോള്‍ട്ടയറിന്‍റെ മെഴുകുപ്രതിമ നിര്‍മ്മിച്ചായിരുന്നു തുടക്കം.1925 ലെ തീപിടുത്തത്തില്‍ കുറെ നശിച്ചു പോയി. പിന്നെ 1941ല്‍ യുദ്ധകാല ബോംബിംഗിലും. ഇപ്പോള്‍ മാഡം തുസാട്‌സ് ന്യൂയോര്‍ക്കിലുമുണ്ട്.


അടുത്ത യാത്രയ്ക്കിടയില്‍ ഓക്‌സ്‌ഫോര്‍ഡ് ട്യൂബ് സ്റ്റേഷനില്‍ ഭിത്തിയില്‍ നമ്മുടെ ഗാന്ധിജിയുടെ വലിയ പടം. ഇതെടുത്തില്ലെങ്കില്‍ പിന്നെ ഏത് എന്ന്  ഉടന്‍ ക്യാമറ ഞെക്കി. 




പിന്നെ ഓക്‌സ്‌ഫോര്‍ഡ് സ്റ്റ്രീറ്റിലൂടെ നഗരപ്പഴമ നുകര്‍ന്ന് നടപ്പ്. തെരുവില്‍ വിവിധരാജ്യക്കാരയ ആളുകളുടെ തിരക്കോടു തിരക്ക്.