Saturday, January 09, 2016

നീലക്കൊടുവേലി


'ഇല്ലിക്കല്‍ കല്ലു വാഴും ദൈവങ്ങളേ...' കാലത്തും വൈകുന്നേരവും ഗോവിന്ദപ്പൂപ്പന്‍ കുടുംബവീടിന്‍റെ മുറ്റത്തു നിന്ന് ഇല്ലിക്കല്‍ക്കല്ല് നോക്കി കൈകൂപ്പി പ്രാര്‍ത്ഥിക്കും. ആരോഗ്യമുള്ള കാലത്ത് ഞങ്ങളുടെ അപ്പൂപ്പമ്മമാരുടെ നോക്കിനടത്തിയിരുന്നത് ഗോവിന്ദപ്പൂപ്പനായിരുന്നു. പക്ഷേ ഞങ്ങളുടെ കുട്ടിക്കാലമായപ്പോഴേയ്ക്കും അപ്പൂപ്പന്‍ ചുമതലകള്‍ മകന് കൈമാറി വിശ്രമത്തിലായിരുന്നു. പക്ഷേ അപ്പോഴും തറവാട്ടു വീട്ടില്‍ തന്നെയുണ്ടാവും ആള്‍.

നീലക്കൊടുവേലിയുടെ കഥ പറഞ്ഞു തന്നതും ഗോവിന്ദപ്പൂപ്പനാണ്.



കല്ലിന്‍റെ കുടുന്നയില്‍ കുടക്കല്ലും കോഴിക്കല്ലും ഉണ്ട്. ഇവയുടെ ഇടയില്‍ ഒരു ചെറു കുളമുണ്ടത്രേ. നീലക്കൊടുവേലി അതിലങ്ങനെ പൂത്തു നില്‍ക്കും. 12 വര്‍ഷത്തിലൊരിക്കല്‍ അത് താഴേയ്ക്ക് ഒലിച്ചുവരും, അതു കണ്ടുകിട്ടുന്നവര്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല, വച്ചടി വച്ചടി കയറ്റമായിരിക്കും! ലോട്ടറി ഇല്ലാതിരുന്ന പണ്ടുകാലത്ത് ആരുടെയോ ഭാവന പൂത്തുലഞ്ഞതാവണം. നീലക്കൊടുവേലി എന്ന പേരില്‍ ഒരു നോവല്‍ കുഞ്ഞുന്നാളിലേ പ്ലാന്‍ ചെയ്തതാണ്. പക്ഷേ ADGP ബി. സന്ധ്യ ആ പേരില്‍ നേരത്തെ പുസ്തകമെഴുതിക്കളഞ്ഞു. :(( മുന്‍പേ പറന്ന പക്ഷി! ഞാനെന്നും പിന്നിലാണ്, എന്നും. ഇതിലെ ഒന്നും രണ്ടും പടങ്ങള്‍ ആവര്‍ത്തനമാണ്, നേരത്തേ വായിച്ചവര്‍, ഓര്‍മ്മയുള്ളവര്‍ ക്ഷമിക്കുക.

ലേശം ഉയരത്തിലുള്ള ഞങ്ങളുടെ ഇന്നില്ലാത്ത വീടിന്‍റെ മുറ്റത്തുള്ള ആദ്യപടിക്കല്ലില്‍ ഇരുന്നാല്‍ ദൂരെ മലയില്‍ ഇല്ലിക്കല്‍ക്കല്ല് തലയെടുപ്പോടെ അങ്ങനെ നില്‍ക്കുന്നത് കാണാം.
1.view from our old house
 അസുലഭഭംഗിയായിരുന്നു ഗാംഭീര്യത്തോടെയുള്ള ആ നില്‍പ്പ്. ദൂരം വ്യത്യസ്തമായിരുന്നതിനാല്‍ ഞങ്ങളുടെ ഓരോ ബന്ധുവീട്ടിലും നിന്ന് നോക്കുമ്പോള്‍ ഓരോ ആകൃതിയായിരുന്നു ആ കല്ലിന്! ഏറ്റവും ഭംഗി ഞങ്ങളുടെ മുറ്റത്തു നിന്നു നോക്കുമ്പോഴാണ് എന്ന് അഭിമാനം കൊണ്ടിരുന്നു ഞങ്ങള്‍.

2.Another View from our yard
ബോര്‍ഡിംഗിലും ഹോസ്റ്റലിലും കൂട്ടുകാരോട് പറയുമ്പോള്‍ ലേശം വെയ്റ്റ് ഇരുന്നോട്ടെ എന്ന് 'ഇല്ലിക്കല്‍ക്കൊടുമുടി' എന്നാണ് തട്ടിമൂളിക്കാറ്. എവറസ്റ്റ് കൊടുമുടി എങ്ങനെയിരിക്കും എന്ന് ഭാവനയില്‍ അനുഭവിപ്പിച്ചത് ഈ കുഞ്ഞുകൊടുമുടി ആണ്.

പക്ഷേ കാണാനല്ലാതെ അവിടെ പോകാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. മദ്ധ്യവേനലവധിക്കാലത്ത് കോളേജ് പയ്യന്മാര്‍ ഇല്ലിക്കല്‍ക്കല്ല് ട്രെക്കിംഗിനു വരുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അച്ഛനും ഞങ്ങളുടെ ബന്ധുക്കളും കൂടി ഒരു ഇല്ലിക്കല്‍ക്കല്ലു കയറല്‍ സംഘടിപ്പിച്ചു. നാടിന് ഉത്സവമായിരുന്നു അന്ന്. യാത്രാസംഘത്തിനുള്ള രാത്രിഭക്ഷണം ഉണ്ടാക്കിയതും പൊതികെട്ടിക്കൊടുത്തതും വീട്ടില്‍ നിന്നായിരുന്നു. എല്ലാവരും കൂടി ചെണ്ടകൊട്ടി വീടിനു മുന്നിലെ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് വീടിന്‍റെ മുറ്റത്തു നിന്ന് കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ കുറച്ചു ദൂരമേ അന്ന് റോഡുള്ളു, ബാക്കിഭാഗം മുഴുവന്‍ വഴിവെട്ടി കയറണം.  അന്നു രാത്രി കല്ലിലാണ് അവര്‍ കഴിയുക. റാന്തല്‍ വിളക്കുകള്‍ കൊണ്ടുപോയിരുന്നു. സുരക്ഷിതരായി എത്തി എന്ന് റാന്തല്‍ ആട്ടി അടയാളം കാണിക്കണം എന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. അങ്ങനെ തന്നെ അവര്‍ ചെയ്തു. മുറ്റത്തു നിന്ന് ആഹ്ലാദത്തോടെ മറുപടിയായി ഞങ്ങളും റാന്തല്‍ വിളക്ക് ആട്ടിക്കാണിച്ചു. ആ യാത്രയുടെ കുറേ ഫോട്ടോകള്‍ എടുത്തിരുന്നു അന്ന്. അടുത്ത യാത്രയില്‍ അത് സംഘടിപ്പിക്കണം.

ഇപ്പോള്‍ ഇല്ലിക്കല്‍ക്കല്ലിലേക്ക് രണ്ടു സ്ഥലത്തുകൂടി രണ്ടു ടാര്‍ നിരത്തുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഞങ്ങളുടെ നാട്ടില്‍ക്കൂടിയുള്ളത് ഇനിയും മുഴുവന്‍ തീര്‍ന്നിട്ടില്ല. ഡിസംബര്‍ ആദ്യം നാട്ടില്‍ പോയപ്പോള്‍ യദൃഛയാ ഷെറീഫ് - അച്ഛന്‍റെ പ്രിയ ചങ്ങാതിയുടെ മകന്‍- നെ കണ്ടു, വര്‍ത്തമാനത്തിനിടയില്‍, ഇനി വരുമ്പോള്‍ പോകാനായി ഇല്ലിക്കല്‍ക്കല്ല് റോഡിനെപ്പറ്റി ചോദിച്ചു, 'എന്നാല്‍ വാ, ഇപ്പോ പോകാം,' എന്നായി ഷെറീഫ്. "ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ " എന്ന് നേരെ വിട്ടു തീക്കോയി എസ്‌റ്റേറ്റ് വഴി ഇല്ലിക്കല്‍ക്കല്ലിനടുത്തേക്ക്. കയറ്റവും വളവും ഉണ്ടെങ്കിലും രണ്ടുമൂന്നു സ്ഥലത്തൊഴികെ റോഡ് ഇപ്പോള്‍ വളരെ നന്ന്. ഇടയ്ക്ക് ഏതു വഴിയാണ് നല്ലതെന്ന് അവിടെ ഫോറസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുള്ള ചങ്ങാതിയെ ഷെറീഫ് വിളിച്ചു ചോദിച്ചിരുന്നു.

ഷെറീഫിന്‍റെ നര്‍മ്മഭാഷണങ്ങളും നാട്ടുവര്‍ത്തമാനങ്ങളും ഉയരങ്ങളിലേക്കുള്ള യാത്രയും ഇരുവശത്തുമുള്ള മലകളുടെ ഗാംഭീര്യവും എല്ലാം കൂടി സമയം പോയതറിഞ്ഞില്ല.

'ഇപ്പോ ഞങ്ങടെ വീട്ടിലൊഴിച്ച് എല്ലാ വീട്ടിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്,' ഷെറീഫിനും ചേട്ടന്‍ റഹീമിനും പിഎസ്‌സി ലിസ്റ്റ് ക്യാന്‍സല്‍ ആയി കപ്പിനും ചുണ്ടിനുമിടയില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു.

'ഇപ്പോ പഴയ നാടൊന്നുമല്ല, ജാതിസ്പിരിറ്റ് വളരെ കൂടുതലാ.' ഉദാഹരണങ്ങള്‍ പറഞ്ഞു ഷെറീഫ്. നാട് പുരോഗമിക്കയല്ലേ!

ഇടയക്ക് വളവിനടുത്ത് വീതി കൂടിയ സ്ഥലത്ത് വഴിയരികില്‍ പെയിന്‍റടിച്ച് ഒരു പുതുപുത്തന്‍ കുരിശ് നാട്ടിയിരിക്കുന്നു, 'കണ്ടോ ചേട്ടാ, കയ്യേറ്റം, ഇതാണ് തീരെ ഇഷ്ടമില്ലാത്ത പണി. ഞങ്ങള് കുറേ പേര് ഒരു പച്ച പുതപ്പിച്ച കല്ലും നിങ്ങടെ ഒരു പ്രതിമേം (ദൈവം) വച്ചാലോ എന്നാലോചിച്ചതാ. ഇപ്പണിക്ക് ബദല്‍ അതേയുള്ളു. പിന്നെ വേണ്ടെന്നു വച്ചു. ' ഷെറീഫ് ധര്‍മ്മരോഷം കൊണ്ടു. അതൊന്നും ചെയ്യാത്തത് നന്നായി എന്നു ഞങ്ങളും പറഞ്ഞു. ഒരു തെറ്റ് വേറൊരു തെറ്റുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലല്ലോ.

'ഹോ ഇവിടെങ്ങാനും വച്ച് കാറിനു വല്ലതും പറ്റിയാല്‍.. ' പതിവുപോലെ എന്‍റെ നാക്കില്‍ വികടസരസ്വതി വിളഞ്ഞു.

'ചേച്ചി പേടിക്കാതെ. ആ നിമിഷം ഇവിടെ എല്ലാ സഹായവും എത്തും. ' ഷെറീഫ് സമാധാനിപ്പിച്ചു. ഉം, ശരിയാണ് ഷെറിഫീന് നല്ല ഗ്രൌണ്ട് സപ്പോര്‍ട്ടുണ്ട്.

'നാട്ടില്‍ സ്ഥലവില്‍പ്പനയൊക്കെ എങ്ങനെ? ' ഞാന്‍ ചോദിച്ചു. കുറച്ചു ഭൂമി അവിടെയുള്ളത് തട്ടാഞ്ഞിട്ട് എനിക്കു സ്വൈരക്കേടു തുടങ്ങീട്ട് കുറച്ചായി.

'ഒന്നും നടക്കുന്നില്ല. റബറിനു വിലയില്ലാത്തോണ്ട് പുറമേക്കാര് ഇന്‍വെസ്റ്റുമെന്റിനു വരുന്നില്ല. പിന്നെ നാട്ടാരുടെ ആരുടെ കയ്യിലും കാശൊന്നുമില്ല. ലോണ്‍ എടുത്ത് കാറു വാങ്ങിക്കും, തവണ അടച്ച് മൊബൈലും. പിന്നെ ടിപ്പ്‌ടോപ്പ് വേഷവും. 'ഷെറീഫ് പുതുകാലരീതികള്‍ വര്‍ണ്ണിച്ചു, ഞങ്ങള്‍ ചിരിച്ചു.

പോകുന്ന വഴി അവിടവിടെ മാത്രമേ വീടുകളുള്ളു. വൈദ്യുതി ഇല്ല പോലും. പക്ഷേ വീടുകളുടെ മുകളില്‍ ഡിഷ് ഉണ്ടായിരുന്നു. 'ഇനീപ്പോ കയ്യേറ്റം കുശാലാവും, റോഡു വന്നില്ലേ, 'ശരിയാണ്. കാഴ്ച്ച കണ്ടു കുന്നിറങ്ങുന്ന കാറുകളിലും ഓട്ടോകളിലും ഉള്ളവര്‍ അങ്ങോട്ടു പോകുന്ന ഞങ്ങളെ നോക്കി സംതൃപ്തിയോടെ പുഞ്ചിരിച്ചു.

ഒരു വശത്ത് പുള്ളിക്കാനം, മറുവശത്ത് ഇല്ലിക്കല്‍ മല, കാണേണ്ടതു തന്നെ.  ഉയരം കൂടുന്തോറും, ലക്ഷ്യം അടുക്കുന്തോറും ദൂരക്കാഴ്ച്ചയിലുള്ള കല്ലിന്‍റെ മനോഹര ആകൃതി മാറാന്‍ തുടങ്ങി. ജീവിതം പോലെ തന്നെ. കുടക്കല്ലും കോഴിക്കല്ലും വ്യക്തമായി ഇടയകലത്തോടെ കാണുന്നു.
3.കോഴിക്കല്ലും കുടക്കല്ലും


 'ഉച്ചതിരിഞ്ഞ്, വരുന്നത് സേഫല്ല. ഇത്രയും ഉയരത്തിലല്ലേ. ഇടിവെട്ടിയാല്‍ താങ്ങില്ല. ഇനി വരുമ്പോ  നമുക്ക് രാവിലെ വരാം. വാഗമണ്‍, മാര്‍മല അരുവി എല്ലാം പഴയതുപോലെ ഒന്നു ചുറ്റാം. ' അടുത്ത പ്ലാന്‍ ഇട്ടു ഷെറീഫ്. ഇനി വരുമ്പോള്‍ വേറേ വഴിയേ പോകണം, ആ വശത്തുനിന്ന് കാണുമ്പോള്‍ ഇല്ലിക്കല്‍ക്കല്ല് എങ്ങനെ എന്നറിയണ്ടേ? അന്ന് മാര്‍മല അരുവിയ്ക്കു പോകാന്‍ മര്യാദയ്ക്കുള്ള വഴി ഇല്ലായിരുന്നു, പോകാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ ഉണ്ടാവുമായിരിക്കും.

പണി നടക്കുന്നതുകൊണ്ട് മുകളിലെ ഗേറ്റ് അടച്ചിരിക്കയായിരുന്നുവത്രേ. പക്ഷേ ഞങ്ങള്‍ ചെന്നപ്പോഴേയ്ക്കും തുറന്നിരുന്നു, 'ഊം, ഭാഗ്യമുണ്ട്, 'ഷെറീഫ് ചിരിച്ചു. അങ്ങനെ മുകളിലെത്തി. ഷെറീഫ് തന്നെ കാര്‍ തിരിച്ചിട്ടു. രണ്ടു മാടക്കടകള്‍ ഉണ്ട്. വാസ്തവത്തില്‍ വണ്ടി തിരിക്കാനുള്ള സ്ഥലം കയ്യേറിയിരിക്കയാണ് അവര്‍. വയറ്റുപിഴപ്പ്. താഴെ എവിടെ നിന്നോ വരുന്നവരാണ്.

അനാരോഗ്യം ഓര്‍ക്കാതെ ആവേശത്തോടെ ലേശം മുകളിലേക്കു തത്തിപ്പിടിച്ചു കയറി, പാറമേല്‍ നിന്ന് മൊബൈലില്‍ ഫോട്ടോ എടുത്തു, താഴേക്കു നോക്കിയപ്പോള്‍ പേടിച്ചുപോയി. ഫോട്ടോ എടുത്തെടുത്ത് കാലുതെന്നിവീണ ആര്‍ക്കിടെക്റ്റ് നരേന്ദ്രന്‍ (മോഹന്‍ലാല്‍ കഥാപാത്രം-മായാമയൂരമെന്നു തോന്നുന്നു) നെ ഓര്‍മ്മ വന്നതുകൊണ്ട് വളരെ സൂക്ഷിച്ചായിരുന്നു നില്‍പ്പ്. 
സിനിമകള്‍ കാണുന്നത് വളരെ നല്ലതാണ്! സമയാസമയത്ത് ഓര്‍മ്മകള്‍ മുന്നറിയാപ്പായി  ഉണരും!

ഉയരങ്ങളില്‍ നിന്ന് ചുറ്റും നോക്കി പ്രകൃതിസൗന്ദര്യം നുകര്‍ന്നു.  'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം! ' കോണ്‍വെന്റില്‍ നിന്നു കിട്ടിയ സെര്‍മണ്‍ ഓണ്‍ ദ മൗണ്ട് എന്ന കുട്ടിപ്പുസ്തകത്തിന്‍റെ കവര്‍ചിത്രവും ഓര്‍മ്മ വന്നു.

മലമൂടത്തിയായ എനിക്ക് മല ഒന്നും പുതുമയല്ല, എന്നിട്ടും ഇവിടുത്തെ മാസ്മരിക സൗന്ദര്യം അപാരമെന്നു തോന്നി. പാറി നടക്കുന്ന ആകാശത്തുണ്ടുകള്‍ പോലെ ലാഘവമാര്‍ന്നു മനസ്സ്. മറ്റെല്ലാം മറക്കും പോലെ. മറ്റൊരു വന്യലോകത്ത് എത്തിയ പോലെ. ഷെറീഫ് ചുറ്റും നോക്കിയും താഴേയ്ക്ക് നോക്കിയും ഏതെല്ലാം ഏത് എന്നു പറഞ്ഞു തരുന്നുണ്ടായിരുന്നു. പുള്ളിക്കാനം മലയിലെ റോഡിലൂടെ തീപ്പെട്ടിവണ്ടികള്‍ നീങ്ങുന്നത് കാണാമായിരുന്നു.



കല്ലിലേക്കു കയറാന്‍ മുകളിലേക്ക് ആളുകള്‍ നടന്നുണ്ടായ ഒറ്റയടിപ്പാതയുണ്ട്. അതിലേ മുകളിലെത്തി പിന്നെ വേണം വലതു വശത്തുള്ള കല്ലിലേക്കു പോകാന്‍.

മുകളിലേക്കു കയറാനുള്ള ഒറ്റയടിപ്പാത.നിറുകയില്‍നിന്ന് വലത്തോട്ടു തിരിഞ്ഞു നടക്കുമ്പോള്‍ കല്ലിലെത്താം. മുകളിലെ ചിത്രങ്ങള്‍ നോക്കാം. ഈ വഴി തുടങ്ങുന്നിടം വരെയേ ഞങ്ങള്‍ കയറിയുള്ളു.
കുടക്കല്ലിലും കോഴിക്കല്ലിലും മനുഷ്യര്‍ നടക്കുന്നത് കാണാമായിരുന്നു. വലിയവരും കുട്ടികളും മുകളിലേക്ക് കയറുന്നുമുണ്ടായിരുന്നു. അത് കാണെ ശരിക്കും ഭയം തോന്നി. ഒന്നു കാലു തെറ്റിയാല്‍... യാതൊരു സുരക്ഷാ സൗകര്യങ്ങളും ഇല്ല. മുകളില്‍ മൊബൈലിനു റേഞ്ചുമില്ല.

താഴേക്ക് ഇറങ്ങാന്‍ ഞാന്‍ ഇത്തിരി പാടുപെട്ടു. എങ്കിലും ആരുടേയും അഭിപ്രായം ഒന്നും അനുസരിക്കാതെ സ്വയം തീരുമാനിച്ച രീതിയില്‍ ഇറങ്ങി. അവസാനം ലേശം ഇരുന്നു നിരങ്ങി വെള്ള ഉടുപ്പ് ചെളിയും പറ്റിച്ചു, താഴേക്കു റോഡിലേക്കു ചാടും മുമ്പ്.  ഞങ്ങള്‍ താഴേക്കിറങ്ങവേ ഒരു ഇന്നോവ വന്നു നിന്നു. അതിനകത്തു നിന്ന് യൂണിഫോമിട്ട ഒരു പറ്റം കുട്ടികള്‍ പുറത്തുചാടി. ഇത്രയും പേരോ ഒരു കാറില്‍ എന്ന് ഞങ്ങള്‍ ചിരിച്ചു. ഇറങ്ങാന്‍ സര്‍ക്കസ്സു കാണിക്കുന്ന ഞാന്‍ മുന്നേ പോയവരുടെ രീതി മനസ്സിലാക്കിയപ്രകാരം, ആഗതരെ നോക്കി  വെളുക്കെ അങ്ങു ചിരിച്ചു. പക്ഷേ അടുത്തു വന്നപ്പോള്‍ അസാദ്ധ്യ മണം, നല്ലവണ്ണം പൂശിയാണ് കുട്ടികള്‍ വന്നിരിക്കുന്നത്. 'ഇല്ലിക്കല്‍ക്കല്ലു വാഴും ദൈവങ്ങളേ...ഈ കുട്ടികളെ കാത്തോളണേ...'ഗോവിന്ദപ്പൂപ്പന്റെ പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലി . പ്രായത്തിന്റെ തുടിപ്പ്, വീട്ടില്‍ കാത്തിരിക്കുന്ന അച്ഛനമ്മമാര്‍!

തിരിച്ചിറങ്ങി അവിടവിടെ നിന്ന്, കാഴ്ച്ചകള്‍ കണ്ടുകണ്ട് മടക്കയാത്ര. വളഞ്ഞുപുളഞ്ഞ് പിന്നിട്ടുപോന്ന വശ്യമായ വഴി.
വളഞ്ഞു പുളഞ്ഞു പോകും വഴി
 പണ്ടു കണ്ട തൂക്കുപാലം ഒന്നുകൂടി കാണണമെന്നായി ഞാന്‍.

പാലത്തിന്‍റെ താഴെ ശോഷിച്ച തീക്കോയി ആറ്.
പല സിനിമകളും ഷൂട്ട് ചെയ്തിരുന്നുവത്രേ അവിടെ. പക്ഷേ ഇപ്പോഴത്തെ അവസ്ഥ ശോചനീയമായിരുന്നു. പഴയ പാലമല്ല, തടി റീപ്പറുകള്‍ വച്ച പുതിയ പാലത്തില്‍ അവിടവിടെ റീപ്പറുകള്‍ പോയിട്ടുണ്ട്, റെയിലിങ്ങിനാണെങ്കില്‍ തമ്മില്‍ തമ്മില്‍ വല്ലാത്ത അകലവും! ആളുകള്‍ അക്കരെയിക്കരെ പോകുന്നുണ്ടായിരുന്നുവെങ്കിലും കുറച്ചു മുന്നോട്ടു പോയി ഞാന്‍ തിരിച്ചു വന്നു. ഓരോന്നിനും ഓരോ പ്രതാപകാലമുണ്ടാവും, അതു മാറി മാറി വരികയും ചെയ്യും!

 ഓഡിയോ  കളയാനറിയാത്തതുകൊണ്ട് വിഡിയോകള്‍ ഇടുന്നില്ല . 360 ഡിഗ്രി വിഡിയോകള്‍  ആണേയ്, മൊബൈലില്‍ ഞാന്‍ സ്വയം വട്ടം കറങ്ങി എടുത്തത്. :))

  


10 comments:

  1. സാഹസികമായി ആ ഗുഹയിൽ വരെ പോയി വന്ന ഒരാളിന്റെ വിവരണം വായിച്ചിരുന്നു കഴിഞ്ഞ മാസം ഒരു ബ്ലോഗിൽ. എനിക്കും ഒന്ന് പോണം. തീക്കോയി വഴി എല്ലാ അവധിക്കും നാലഞ്ച് യാത്രകൾ ഏലപ്പാറയിലേക്ക് നടത്തുമെങ്കിലും ഈ കല്ലിനെപ്പറ്റി അന്നൊന്നും കേട്ടിരുന്നില്ല

    ReplyDelete
    Replies
    1. ആ ബ്ലോഗ് ലിങ്ക് ഇടുമോ അജിത്ത്?തീക്കോയിയില്‍ നിന്നാലും കാണാമെന്നു തോന്നുന്നു.റോഡു നന്നായപ്പോള്‍ ഇഷ്ടം പോലെ ആളുകള്‍ വരുന്നുണ്ട്.

      Delete
  2. തൃശൂരിൽ നിന്നും എങ്ങനെ എത്തും? പറയൂ

    ReplyDelete
    Replies
    1. കോട്ടയം വഴി പാലാ എത്തുക. അവിടുന്ന്-> ഈരാറ്റുപേട്ട->തീക്കോയി->തീക്കോയി എസ്റ്റേറ്റില്‍കൂടി ->അടുക്കം->മേലടുക്കം->ഇല്ലിക്കല്‍കല്ല്. സ്വന്തം വാഹനമാണെങ്കില്‍ എറണാകുളത്തുനിന്ന് പാലാ പോകാതെ ഈരാറ്റുപേട്ടയിലെത്താം.തീക്കോയി പള്ളി കഴിഞ്ഞ് മുന്നോട്ടു പോയാല്‍ വന്ന വഴി വാഗമണ്‍ പുള്ളിക്കാനം കട്ടപ്പന റൂട്ടിലേക്കുള്ള വഴി നേരേ പോകും.അതല്ലാതെ ഇടത്തേക്ക് തിരിഞ്ഞ് പോകുക. ഒരു വളവും പാലവും കഴിഞ്ഞ് വലത്തേക്കു കയറുന്നതാണ് എസ്റ്റേറ്റ്.പിന്നെ ആദ്യം പറഞ്ഞതുപോലെ.

      Delete
  3. ഈ സ്ഥലത്തേക്ക് ഞാനിതുവരെ പോയിട്ടില്ല

    ReplyDelete
  4. Thank You, Lazar Dsilva.:)).
    @ Muralee Mukundan:ഇത് ഇങ്ങു ദൂരെ കോട്ടയം ജില്ലയിലല്ലേ. നിങ്ങള്‍ അവധിക്കു വരുമ്പോള്‍ സമയം പരിമിതമായിരിക്കുമല്ലോ യാത്ര പോകാന്‍. കേരളം മുഴുവന്‍ കാണാനായിട്ടില്ലല്ലോ എന്ന് എനിക്ക വിഷമവും നാണക്കേടും തോന്നാറുണ്ട്.

    ReplyDelete
  5. കൊള്ളാം ചേച്ചീ... നല്ല കിടിലന്‍ സ്ഥലം. പറ്റിയാല് ഒന്നു പോകണം :)

    ReplyDelete
    Replies
    1. :)). കാറില്‍ താഴെ വരെ പോകാന്‍ ബുദ്ധിമുട്ടില്ല. അതല്ലേ ഞങ്ങള്‍ പോയത്. പക്ഷേ മുകളിലേക്ക് കയറുന്നത് റിസ്ക്ക് ആണ്. ദാ ഇവിടെ നോക്കിയാല്‍ കൂടുതല്‍ അറിയാം.
      http://naturecalling.in/trip-to-illikkal-kallu/
      tks to Kalyani for the link.

      Delete