അഞ്ചു വര്‍ഷം മുമ്പത്തെ ഇംഗ്ലണ്ട് സന്ദര്‍ശനവേളയില്‍ കാണണ്ട എന്നു മനഃപൂര്‍വ്വം വിട്ടുകളഞ്ഞ ഇടമാണ് പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം സൂക്ഷിച്ചിരിക്കുന്ന ടവര്‍ ഓഫ് ലണ്ടന്‍. അന്ന് അതിനു ചുറ്റും മണ്ടി നടന്നതേയുള്ളു. വിന്‍സര്‍ കാസിലില്‍ ഇന്‍ഡ്യയില്‍ നിന്നു പിടിച്ചെടുക്കപ്പെട്ട അനേകം സാധനങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരുന്നതു കണ്ട് തോന്നിയ ഒരു വികാരവിക്ഷോഭ്യത ആയിരുന്നു ആ തീരുമാനം. എന്റെ വീട്ടില്‍ നിന്നും കളവുപോയ അമൂല്ല്യസാധനം മോഷ്ടാവിന്റെ വീട്ടില്‍ പോയി കാശു കൊടുത്ത് കാണുകയോ എന്ന ഒരു പക്ഷേ വികലം എന്നു പറയാവുന്ന ചിന്ത. പക്ഷേ ഇപ്പോഴത്തെ രണ്ടാം വരവില്‍ അതു കാണുക തന്നെ എന്നു വച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യമോര്‍ത്ത് അത് കാണാതിരിക്കുന്നത് വെറും മൂഢതയല്ലേ, നാദിര്‍ഷായോടും അലാവുദ്ദീന്‍ ഖില്‍ജിയോടും ഇല്ലാത്ത ദേഷ്യം ബ്രിട്ടീഷുകാരോട് മാത്രമെന്തിന്, അവരതു സൂക്ഷിച്ചു വച്ചതുകൊണ്ട് കാണാനെങ്കിലും ആവുന്നുണ്ടല്ലോ എന്ന് വികാരം യുക്തിക്കു വഴിമാറി.
അങ്ങനെ സെപ്റ്റംബര്‍ 09 ന് ടവര്‍ ഓഫ് ലണ്ടന്‍ ല്‍ എത്തി. ടിക്കറ്റ് നിരക്ക് ഭീകരമാണ്, ഒരു പക്ഷേ ലണ്ടനിലെ കാഴ്ച്ചസ്ഥലങ്ങളില്‍ ഏറ്റവും കൂടിയത്. മ്യൂസിയങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, പൂന്തോപ്പുകള്‍ ഇവയിലൊഴികെ എല്ലായിടവും പ്രവേശനഫീസുണ്ട്.
11-ാം നൂറ്റാണ്ടു മുതല്‍ പണിത പല പല കട്ടിക്കരിങ്കല്‍ കോട്ടകൊത്തളങ്ങളുടെ ഒരു സഞ്ചയമാണ് ടവര്‍ ഓഫ് ലണ്ടന്‍. കോട്ടകള്‍, കോട്ടകള്‍ക്കുള്ളില്‍ പിന്നെയും കോട്ടകള്‍, രാവണന്‍ കോട്ട പോലെ . ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രമുഖമായ പങ്കു വഹിക്കുന്ന ഈ കോട്ടസമുച്ചയം തേംസ് നദിയുടെ തീരത്താണ്. തേംസിലൂടെ പോകുന്ന കപ്പലുകളുടെ ഭീതിദ സൈറണ്‍ കേള്‍ക്കാമായിരുന്നു ഇടയ്ക്കിടെ. കാഴ്ച്ചകള്‍ കണ്ടു തുടങ്ങിയപ്പോഴേ ഒന്നു മനസ്സിലായി, ചോരയുടെ മണമാണ് ആ ടവറുകള്‍ക്ക് ! അതെ, അവ കൊല്ലിന്റേയും അരുംകൊലയുടേയും ചതിയുടേയും ക്രൂരതയുടേയും സ്മാരകങ്ങളത്രേ! പ്രേതങ്ങള്‍ ഒട്ടനവധി വിളയാടുന്നുണ്ടാവും അവിടെ!
കറുപ്പും ചുവപ്പും വേഷഭൂഷാദികള്‍ ധരിച്ച ' ബീഫീറ്റര്‍' സരസനായിരുന്നു. രാജ്ഞിയുടെ കൊട്ടാരത്തിന്റേയും ലണ്ടന്‍ കോട്ടയുടേയും തറവാടികളായ കാവല്‍ക്കാരെ വിളിച്ചു വരുന്ന പേരാണ് അത് എന്നും ബീഫ് തിന്നുന്നതുകൊണ്ടല്ല അങ്ങനെ വിളിക്കുന്നത് എന്നും അയാള്‍ പറഞ്ഞപ്പോള്‍ കേട്ടു നിന്നവര്‍ പൊട്ടിച്ചിരിച്ചു. കോട്ട സമുച്ചയത്തിന്റെ വശത്ത് വിശാലമായ പുല്‍ത്തകിടി ഉണ്ട്. കഴിഞ്ഞ തവണ വന്നപ്പോള്‍ അവിടെ കളിക്കുന്ന ഷേക്‌സ്പീറിയന്‍ നാടകം നോക്കി നിന്നിരുന്നു കുറേ നേരം.
വിശാലമായ ആ മൈതാനം ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു തന്നു, പണ്ട് അത് 'എക്‌സിക്യൂഷന്‍ ഗ്രൗണ്ട് '-വധശിക്ഷാ മൈതാനം-എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത് എന്ന്. വധശിക്ഷ നടപ്പാക്കല്‍ വലിയ ഉത്സവമായിരന്നേ്രത! 'ആളുകള്‍ തടിച്ചു കൂടി ആട്ടവും പാട്ടും ഘോഷവും ആയിരിക്കും, എല്ലാവരും അതീവ സന്തുഷ്ടരായിരിക്കും, ഒരാളൊഴികെ,' ബീഫീറ്റര്‍ പറഞ്ഞു നിര്‍ത്തി. അതെ, വധിക്കപ്പെടാന്‍ പോകുന്നവന് എങ്ങനെ സന്തോഷിക്കാനാവും!
കോട്ടയുടെ കമാനത്തിലൂടെ അകത്തേക്കു പ്രവേശിക്കവേ, മുകളിലേക്കു നോക്കുവാന്‍ പറഞ്ഞു, ബീഫീറ്റര്‍. പ്രവേശനകമാനത്തിനു മുകളില്‍ വളഞ്ഞ കല്‍ക്കെട്ടുകള്‍ക്കിടയില്‍ കൂര്‍ത്ത കുന്തമുനകള്‍! ആരെങ്കിലും അതിക്രമിച്ചു കടക്കുമ്പോള്‍ ഇവ ടപ്പോന്നു തലയിലേക്കു പതിക്കും, അത്ര തന്നെ. ക്രൂരതയുടെ, ഹിംസയുടെ രൂക്ഷത അറിയണമെങ്കില്‍ ഇവിടം കാണണം! സ്വയരക്ഷയ്ക്കാവാം, ആഭ്യന്തരകലാപത്തില്‍ നിന്നുള്ള രക്ഷതേടലാവാം, ശത്രുനിഗ്രഹമാവാം, അധികാരം പിടിച്ചടക്കലാവാം, കൊല്ലിനും കൊലയ്ക്കും കാരണം പലതുണ്ടാവാം. എലിസബത്ത്-I രാജ്ഞിക്കു പോലും അവരുടെ സ്ഥാനാരോഹണത്തിനു മുമ്പ് ഇവിടെ തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. 'ലണ്ടന്‍ കോട്ടയിലേക്ക് അയയ്ക്കുക' എന്നൊരു പ്രയോഗം പോലും നിലവില്‍ വന്നിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അവിടെ വര്‍ഷങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സര്‍. വാള്‍ട്ടര്‍ റാലീയുടെ മുറി വഴി, പാലസ് ഓഫ് ടോര്‍ച്ചര്‍ -പീഡനക്കൊട്ടാരം-കാണുന്നതിനായി, പടവുകളിറങ്ങി. തേംസ് നദിയില്‍ നിന്നു വെള്ളം അകത്തേക്കു കയറാതെ രക്ഷയ്ക്കായി തീര്‍ത്ത കോട്ട പില്‍ക്കാലത്ത് പീഡന കൊട്ടാരം അഥവാ ബ്ലഡി ടവര്‍-രക്താഭിഷിക്ത കൊട്ടാരം-ആക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു. നിലവറയിലെ ഇരുട്ടില്‍ ചെന്ന് മാനസികമായ, ശാരീരികമായ ദണ്ഡനമുറകളെ പറ്റി വായിക്കുമ്പോള്‍, വിവിധതരം പീഡനോപാധികളുടെ പ്രദര്‍ശനവും വര്‍ണ്ണനയും കാണുമ്പോള്‍, നമ്മുടെ രക്തം തണുത്തുറയും. ആ ക്രൂരതയുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി കൂടുതല്‍ വര്‍ണ്ണിക്കുവാന്‍ താല്‍പര്യമില്ലെനിക്ക്.
സര്‍:റാലീയുടെ മുറിയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും മറ്റു സാധനങ്ങളും അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ ബുക്കും പ്രദര്‍ശത്തിനുണ്ട്. 400 ഓളം വര്‍ഷങ്ങളായിട്ടും കേടുപാടൊന്നും പറ്റാതെ അവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു! ചരിത്രസ്മാരകങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഇവര്‍ക്കുള്ള അവധാനത ഒന്നു വേറേ തന്നെ. ഈ കോട്ടയില്‍ വച്ച് 1483 ല്‍ കൊന്നു കളഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നവരാണ് എഡ്വേര്‍ഡ് നാലാമന്റെ 12 വയസ്സുള്ള മകന്‍ എഡ്വേര്‍ഡ് അഞ്ചാമനും അനുജന്‍ റിച്ചാര്‍ഡും. അധികാരം പിടിച്ചെടുക്കാനായി അവരുടെ അമ്മാവന്‍ ഡ്യൂക്ക് തന്നെയാണ് ഈ അരുംകൊലയക്കു പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു.
അവിടെ നിന്ന് പുറത്തിറങ്ങി വിശാലമായ വീഥിയിലൂടെ യാത്ര തുടങ്ങി. ഇടതുവശത്ത് ഉള്ള ഔദ്യോഗികവസതികളില്‍ അറ്റകുറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ നടക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ കുളം പോലൊന്നിനു ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതുകണ്ട് അങ്ങോട്ട് ഞങ്ങളും വച്ചു പിടിച്ചു. അവിടെ മരിച്ചുവീണ വിശിഷ്ടവ്യക്തികള്‍ക്കുള്ള സ്മാരകമാണ് അത്, ടവര്‍ ഓഫ് ഗ്രീന്‍, എക്‌സിക്യൂഷന്‍ സൈറ്റ്. മൂന്നു ചെറുപ്പക്കാരായ രാജ്ഞിമാരുടേയും-ഇതില്‍ രണ്ടുപേര്‍ ഹെന്റി VIII-ാമന്‍ രാജാവിന്റെ ഭാര്യമാരായിരുന്നു-മറ്റ് ഏഴു പേരുടേയും തല വെട്ടിക്കളഞ്ഞിട്ടുണ്ട് ഈ ടവര്‍ ല്‍ വച്ച്. അവരുടെ ഓര്‍മ്മയ്്ക്കായി പണിതിരിക്കുന്ന ഗ്ലാസ്സ് സ്മാരകമാണ് ഇത്. രാജകുടുംബവുമായി ബന്ധപ്പെട്ട ഉന്നതര്‍ ആയിരുന്നതുകൊണ്ട് വധിക്കപ്പെട്ടപ്പോള്‍ പൊതുജനത്തിന് കാണാനാവാതെ കോട്ടയ്ക്കുള്ളില്‍ വച്ച് തികച്ചും സ്വകാര്യമായി നടപ്പിലാക്കിയ 'കോടാലി വെട്ട് ' ആയിരുന്നു ഈ ഒന്‍പത് സ്ത്രീകളുടേയും ഒരു പുരുഷന്റേയും.
സന്ദര്‍ശകര്‍ വളരെയേറെയുണ്ടായിരുന്നെങ്കിലും വിശാലമായ സ്ഥലസൗകര്യം ഉണ്ടായിരുന്നതുകൊണ്ട് തിരക്ക് തീരെ അനുഭവപ്പെട്ടതേയില്ല. അവിടവിടെ നിന്ന് ഫോട്ടോകളെടുത്ത്, പതിയെ 'ദി ക്രൗണ്‍ ജ്യൂവല്‍സ്'-കിരീടാഭരണങ്ങള്‍- എന്നെഴുതി വച്ചിരുന്ന ഭീമാകാരന്‍ കൊട്ടാരത്തിലേക്കു കയറി. മാര്‍ട്ടിന്‍ ടവര്‍, ജ്യുവല്‍ ടവ്വര്‍ എന്നും ഇത് അറിയപ്പെടുന്നു.
JEWEL TOWER |
വലിയ ഒരു അത്യാധുനിക സിനിമാ തീയേറ്ററിനകത്ത് എത്തിപ്പെട്ടതു പോലെ തോന്നിപ്പിച്ചു. ഭിത്തികളില്‍ മുഴുവന്‍ കിരീടധാരണ ചടങ്ങുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴത്തെ രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ പോയ ദിവസത്തിനു ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച രാജാവ്/രാജ്ഞി എന്ന പദവി എലിസബത്ത് രാജ്ഞിക്ക് കൈവന്ന ദിവസമാണത്, അവര്‍ സ്ഥാനമേറ്റിട്ട് 63 വര്‍ഷവും 216 ദിവസവും പൂര്‍ത്തിയാക്കുകയായിരുന്നു. അവരുടെ മുതുമുത്തശ്ശിയായ വിക്ടോറിയാ രാജ്ഞിയുടെ ഈ റെക്കാര്‍ഡ് അന്ന് വൈകുന്നേരം 5.30 pm ന് അവര്‍ ഭേദിച്ചു.
അങ്ങനെ കോഹിനൂറും മറ്റു രതന്ങ്ങളും സൂക്ഷിച്ചിരുന്ന മുറിയിലെത്തി. രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്ന കണ്ണാടിക്കൂടുകളിലെ വെട്ടം അല്ലാതെ മുറിയില്‍ ഇരുട്ടായിരുന്നു. ക്യൂ ആയി വാക്കലേറ്ററിലൂടെ -ഹൊറിസോണ്ടല്‍ എസ്‌കലേറ്റര്‍-നീങ്ങി വേണം അതിന്റെ ഇടതു വശത്തു സൂക്ഷിച്ചിരിക്കുന്ന ഈ അമൂല്യരത്‌നങ്ങള്‍ ഒരു നോക്കു കാണുവാന്‍. വളരെ പതിയെ ആണ് എസ്‌കലേറ്റര്‍ നീങ്ങുക, എന്നിട്ടും നോക്കി വന്നപ്പോഴേയ്ക്കും അറ്റത്തെത്തി കഴിഞ്ഞു എന്നതാണു വാസ്തവം. ഫോട്ടോഗ്രാഫി നിഷിദ്ധമാണ് അവിടെ. അവിടെ നിന്ന് വാക്ക് വേയുടെ വലതുവശത്തുള്ള ഉയര്‍ന്ന തിട്ടയില്‍ തിരിച്ചു വന്നു ഞങ്ങള്‍. അവിടെ നിന്ന് നോക്കിയാലും രത്‌നങ്ങള്‍ കാണാം, നമുക്കും രത്‌നക്കൂടുകള്‍ക്കും ഇടയില്‍ വാക്-വേയുടെ അകലം ഉണ്ടെന്നു മാത്രം. ഈ തിട്ടയില്‍ ഓരോ രത്‌നത്തിന്റേയും നേരെ എതിരെ അതിന്റെ മാതൃക നമുക്ക് കാണാം.
രണ്ടു മദാമ്മമാര്‍ കിരീടത്തില്‍ കോഹിനൂര്‍ എവിടെ എന്നതു സംബന്ധിച്ച് മാതൃക നോക്കി ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതു കണ്ടു. അവരുടെ അനുമാനം ശരിയല്ല എന്നായിരുന്നു ഞങ്ങളുടെ നിഗമനം. ഒടുവില്‍ മുറിക്കു കാവല്‍ നില്‍ക്കുന്ന ബീഫീറ്ററുടെ സഹായം തേടി. അയാള്‍ മാതൃകയില്‍ രത്‌നം തൊട്ടു കാണിച്ചു തന്നു. ഞങ്ങളുടെ ഊഹമായിരുന്നു ശരി. ലോകത്തിലെ 13-ാം വലിപ്പമുള്ള വജ്രമാണ് കോഹിനൂര്‍ എന്ന് ബീഫീറ്റര്‍ പറഞ്ഞു തന്നു. ഏറ്റവും വലിപ്പമേറിയത് 530.2 കാരറ്റുള്ളതാണ് എന്നു പറഞ്ഞ് അതും കാണിച്ചു തന്നു. ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു കാര്യം വിവിധരാജ്യക്കാരായ കാഴ്ച്ചക്കാര്‍ക്കെല്ലാവര്‍ക്കും കാണേണ്ടിയിരുന്നതും അറിയേണ്ടിയിരുന്നതും 'പ്രകാശശൈലം'-Mountain of Light-എന്നറിയപ്പെടുന്ന, ഒരു കാലത്ത് നമ്മുടേതായിരുന്ന കോഹിനൂര്‍ രത്‌നത്തെക്കുറിച്ചായിരുന്നു എന്നതാണ്!
അതു കാണവേ മനസ്സിലൂടെ കടന്നു പോയ വികാരങ്ങള്‍ പ്രകാശിപ്പിക്കുവാനാവതില്ല തന്നെ. ഇത്രയധികം പിന്നാമ്പുറക്കഥകള്‍ പേറുന്ന ഒരു വജ്രക്കല്ല് ലോകചരിത്രത്തില്‍തന്നെ വേറെ ഉണ്ടാവില്ല. അത് കൃഷ്ണകഥയിലെ സ്യമന്തകം മണിയാണെന്ന് ചിലര്‍ പറയുന്നു, അല്ല ഊഹിക്കുന്നു. തലമുറകളായി അതു കൈവശം വച്ചിരുന്ന മാള്‍വ രാജകുടുംബത്തില്‍ നിന്നും അത് 1304 ല്‍ സ്വന്തം അധീനതയിലാക്കിയത് അലാവുദ്ദീന്‍ ഖില്‍ജി എന്നും അതല്ല, 1526 ലെ പാനിപ്പട്ട് യുദ്ധശേഷം ഗ്വാളിയര്‍ രാജാവ് ഹുമയൂണിനു സമ്മാനിച്ചതാണ് എന്നു മറ്റു ചിലരും കരുതുമ്പോള്‍ ആന്ധയിലെ കൃഷ്ണനദിയിലെ കൊല്ലൂര്‍ വജ്രഖനിയില്‍ നിന്നു ഖനനം ചെയ്‌തെടുത്ത രത്‌നം 1656 ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചതെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ആന്ധയിലെ കാകതീയ രാജവംശം-തെലുങ്ക് സിനിമ രുദ്രമാ ദേവി ഈ രാജവംശത്തിലെ രാജ്ഞിയെപ്പറ്റിയാണ്-അവരുടെ ദേവിയുടെ കണ്ണായി വച്ചിരുന്ന രത്‌നക്കല്ലാണ് ഇത് എന്നും അലാവുദ്ദീന്‍ ഖില്‍ജി ആക്രമിച്ചു കൈക്കലാക്കി എന്നുമാണ് മറ്റൊരു കഥ. ഒരെണ്ണമായതിനാല്‍ കണ്ണായിരിക്കില്ല, മൂക്കുത്തിയോ പൊട്ടോ ആഭരണത്തിലെ കല്ലോ ആവണം എന്ന് എനിക്കു തോന്നുന്നു.
1739 ല്‍ ഡല്‍ഹി ഓടിനടന്നു കൊള്ളയടിച്ച പേര്‍ഷ്യന്‍ യുദ്ധക്കൊതിയന്‍ നാദിര്‍ഷായുടെ കൊള്ളമുതലിന്റെ ഭാഗമാവാനാണ് കൂടുതല്‍ സാദ്ധ്യത എന്നും പറയപ്പെടുന്നു. അത് കണ്ട് നാദിര്‍ ഷാ 'കോഹിനൂര്‍'!-പ്രകാശ പര്‍വ്വതം!- എന്ന് അത്ഭുതപൂര്‍വ്വം വിളിച്ചു കൂവിയത്രേ. അങ്ങനെയാണ് അതിന് ആ പേര്‍ഷ്യന്‍ പേരു സിദ്ധിച്ചത്. അന്നുവരെ ആ വിശിഷ്ടരത്‌നം നാമകരണം ചെയ്തിരുന്നില്ലത്രേ. നാദിര്‍ഷായക്ക് അതു നേടാനായത് ചതിയിലൂടെ തന്നെയാണ്. ഡല്‍ഹി കൊട്ടാരം മുഴുവന്‍ കൊള്ളയടിച്ചിട്ടും ഈ രത്‌നം കിട്ടാതെ നിരാശനായി തലങ്ങും വിലങ്ങും നടന്ന നാദിര്‍ഷായുടെ കൂടാരത്തിലേക്ക് രാത്രിയില്‍ ഇഴഞ്ഞു കയറി രത്‌നം മുഹമ്മദ് ഷാ രാജാവിന്റെ ശിരോവസ്ത്രത്തിനുള്ളിലുണ്ട് എന്ന് അറിവു കൊടുത്തത് ഷായുടെ അന്തഃപുരസ്ത്രീകളിലൊരുവള്‍ തന്നെ ആണ്. സുഖലോലുപതയ്ക്ക് ഇങ്ങനേയും ചില വശങ്ങളുണ്ട് എന്ന് മുഹമ്മദ് ഷാ ഓര്‍ത്തിട്ടുണ്ടാവില്ല.
നാദിര്‍ ഷായുടെ മരണശേഷം അത് വീണ്ടും അയാളുടെ പടത്തലവന്റെ അനന്തരാവകാശിയുടെ ഇന്‍ഡ്യന്‍ അഭയാര്‍ത്ഥിത്വം വഴി പഞ്ചാബ് സിംഹം എന്ന് അറിയപ്പെട്ടിരുന്ന സിക്ക് ഭരണാധികാരി രഞ്ജിത് സിംഗ് വശം എത്തി. പിന്നീട് പഞ്ചാബ് ബ്രിട്ടീഷ് അധീനതയിലായപ്പോള്‍ ലാഹോര്‍ ട്രഷറി ഈസ്റ്റിന്‍ഡ്യാ കമ്പനിക്കു നല്‍കേണ്ടി വന്നു, കൂട്ടത്തില്‍ രത്‌നങ്ങളും. പല പല കൈ മറിഞ്ഞ് ആ വിശിഷ്ട രത്‌നം ഈസ്റ്റിന്‍ഡ്യാ കമ്പനി വിക്ടോറിയാ രാജ്ഞിക്കു കൈമാറുന്നതിന്റെ ചിത്രവും കണ്ടു. ലോര്‍ഡ് ഡല്‍ഹൗസിയുടെ പദ്ധതിപ്രകാരം രഞ്ജിത് സിംഗിന്റെ കൊച്ചുമകനെക്കൊണ്ട് തന്നെ പിന്നീട് അത് വിക്ടോറിയാ രാജ്ഞിക്കു 'സമ്മാനിപ്പിച്ചു'!
ഈ രത്‌നം ഇന്‍ഡ്യയുടെ ദുരന്തരത്‌നം എന്നും അറിയപ്പെടുന്നുണ്ട്. ഉടമസ്ഥാവകാശത്തിനൊപ്പം അത് രക്തച്ചൊരിച്ചിലും അക്രമവും കൂടി എപ്പോഴും കൊണ്ടുവന്നു പോലും. കൈവശം വച്ചവരൊക്കെ കൊല്ലപ്പെട്ടു, യുദ്ധത്തില്‍ കീഴടക്കപ്പെട്ടു. അത് ചതിയിലൂടെ കൈക്കലാക്കിയ നാദിര്‍ഷായും കൊല്ലപ്പെടുക തന്നെ ചെയ്തു. അതില്‍ അത്ഭുതമെന്തുള്ളു. അന്യന്റെ സമ്പത്ത് കൈക്കലാക്കുവാനുള്ള നെട്ടോട്ടത്തിന്റെ, ആര്‍ത്തിയുടെ സ്വാഭാവികപരിണതഫലം മാത്രമല്ലേ അത്? അതിന്, ആ പാവം രത്‌നം എന്തു പിഴച്ചു?
793 കാരറ്റുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ 'അണ്‍കട്ട് ഡയമണ്ട്' ആയിരുന്ന ഈ രത്‌നത്തെ തിളക്കം തീരെ പോരാഞ്ഞ് മിനുക്കി മിനുക്കി 106 കാരറ്റ് എത്തിച്ചതാണേ്രത ഇപ്പോഴത്തെ കോഹിനൂര്‍. അപ്പോള്‍ പിന്നെ ജാംബവാന്റെ ഇരുള്‍ഗുഹ പ്രകാശിപ്പിച്ച സ്യമന്തകമോ, പ്രകാശപര്‍വ്വതം എന്ന് നാദിര്‍ഷാ ഉത്‌ഘോഷിച്ച കോഹിനൂറോ ഇത് ആകുമോ?
കായംകുളം കൊച്ചുണ്ണി തന്റെ മോഷണമുതല്‍ പ്രദര്‍ശനം നടത്തുന്നതു പോലെ എന്നൊരു വികല അഭിപ്രായം തട്ടിമൂളിച്ചു ഞാന്‍. എന്തായാലും അതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടല്ലോ, കാണാനെങ്കിലും ആകുന്നുണ്ടല്ലോ എന്ന് ഒടുവില്‍ സങ്കടത്തോടെ സമാധാനിച്ചു. മയൂരസിംഹാസനവും നാദിര്‍ഷാ കടത്തിയതല്ലേ? അതിന്റെ തുമ്പു പോലുമില്ലല്ലോ.
ആ രത്‌നം എന്നെങ്കിലും തിരിച്ച് ഇന്‍ഡ്യയില്‍ എത്തുമോ ആവോ?അതിനു നടത്തിയ ശ്രമങ്ങള്‍ പച്ച തൊട്ടിട്ടില്ലല്ലോ ഇതുവരെ. പാക്കിസ്ഥാനും ഇതിനു മേല്‍ അവകാശവാദമുന്നയിച്ചിരുന്നു. ബ്രിട്ടീഷ് സിക്കുകാര്‍ അത് ഇന്‍ഡ്യയിലേക്കു തിരിച്ചുകൊണ്ടുവരേണ്ടതില്ല എന്ന് ഉറപ്പിച്ചു പറയുന്നു. സ്വതന്ത്ര സിക് രാഷ്ട്രം രൂപീകരിക്കപ്പെടുമ്പോള്‍ അത് അങ്ങോട്ടേക്കാണ് മാറ്റേണ്ടത് പോലും! വേണ്ട, ഇന്‍ഡ്യയിലെ ഇരുള്‍ഖനിയുടെ ഗര്‍ത്തങ്ങള്‍ ഭേദിച്ച് പുറത്തെത്തിയ 'മുഴുവന്‍ ലോകത്തിന്റെ പാതിദിന ചെലവ് നടത്തത്തക്ക വിലയുള്ള' കോഹിനൂര്‍ രത്‌നം ടവര്‍ ഓഫ് ലണ്ടന്‍ ഗ്ലാസ്സ് തടവറയില്‍ തന്നെ സുരക്ഷിതമായി ഇരിക്കട്ടെ. അതിന്റേ പേരില്‍ ഇനിയും തമ്മില്‍ത്തല്ല് നമുക്ക് താങ്ങാനാവില്ല.
'ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം ' എന്നു വള്ളത്തോള്‍ പാടിയെങ്കിലും തമ്മില്‍ തല്ലി, കിട്ടിയ അനുഗ്രഹങ്ങളെല്ലാം എടുത്തുകൊണ്ടു പൊയ്‌ക്കോളൂ എന്നു ചുമ്മാ അങ്ങു നിന്നുകൊടുത്ത എന്റെ പൂര്‍വികരെ കുറിച്ച് എനിക്ക് അത്ര അഭിമാനമൊന്നും തോന്നുന്നില്ല. അറിഞ്ഞോ അറിയാതെയോ മോഷണത്തിനു കൂട്ടുനിന്നു അവര്‍. പഴങ്കഥ പറഞ്ഞിട്ട്, കുറ്റപ്പെടുത്തിയിട്ട് ഇനി എന്തു കാര്യം? പോയതു പോയതു തന്നെ, എന്നേക്കുമായി. ചില തെറ്റുകള്‍, അബദ്ധങ്ങള്‍, തിരുത്താനാവില്ല ഒരിക്കലും.
ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ത്രീ പ്രജകള്‍ മാത്രമേ കോഹിനൂര്‍ പതിച്ച കിരീടം ഇന്നേവരെ അണിഞ്ഞിട്ടുള്ളു. യാദൃശ്ചികമാവാം, ദുരന്തം പേടിച്ചുമാവാം. കോഹിനൂര്‍ മാത്രമല്ല, ലാഹോര്‍ ട്രഷറിയില്‍ നിന്നു കൊണ്ടുവന്ന മറ്റു രണ്ട് ഇന്‍ഡ്യന്‍ രത്‌നങ്ങളും കൂടി ഈ കിരീടത്തിലുണ്ട്. ആകെ 2800 ഡയമണ്ടുകള്‍. രത്‌നങ്ങള്‍ മാത്രമല്ല, ഔദ്യോഗിക അവസരങ്ങളില്‍ രാജകുടുംബം ധരിക്കുന്ന ചെങ്കോലുകള്‍, അഭിഷേകത്തിനായുള്ള എണ്ണ സൂക്ഷിക്കുന്ന ഇരുവശത്തും പിടികളുള്ള ഫഌസ്‌ക് പോലുള്ള പാത്രം, അതില്‍ നിന്ന് എണ്ണ എടുക്കുന്ന സ്ഫൂണ്‍, വസ്ത്രങ്ങള്‍, തുടങ്ങി 12-ാം നൂറ്റാണ്ടു മുതല്‍ പഴക്കമുള്ളവയും ആധുനികകാലത്തേയും ആയ ധാരാളം രാജചിഹ്നങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോഹിനൂറിനൊപ്പം കിരീടധാരണത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക വിരുന്നു സല്‍ക്കാരവേളയില്‍ രാജകുമാരി ധരിക്കുന്ന ഇന്‍ഡ്യന്‍ തോള്‍വളയും കണ്ടു. ഇവയുടെയെല്ലാം സൂക്ഷിപ്പുകാരനായ ഓഫീസര്‍ മുകള്‍നിലയില്‍ താമസമുണ്ടേ്രത. ആദ്യസൂക്ഷിപ്പുകാരനായിരുന്ന ടാള്‍ബോട് എഡ്വേഡ്‌സിന് ഒരു പരാജിത മോഷണശ്രമത്തിനിടെ മോഷ്ടാവില്‍ നിന്നു(തോമസ് ബ്ലഡ്) തലയ്ക്കടിയേല്‍ക്കേണ്ടി വന്നിട്ടുണ്ട്.
റോയല്‍ ബീസ്റ്റ്‌സ്-രാജകീയ മൃഗങ്ങള്‍- നെ കാണാന്‍ കയറിയത് ആകാംക്ഷയോടെയാണ്. പക്ഷേ മൃഗങ്ങളെ കാണാമെന്നു കരുതിയത് തെറ്റി. പല ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ മാത്രം. അവയില്‍ പുഷ്ബട്ടണ്‍ ഞെക്കി നമുക്കു പലതിന്റെ ചിത്രങ്ങള്‍ കാണാം, ശബ്ദം കേള്‍ക്കാം, അത്ര തന്നെ. പിന്നെ അതു സംബന്ധമായ ഗെയിമുകളും കളിക്കാം താല്‍പ്പര്യമുണ്ടെങ്കില്‍. നാലഞ്ച് ഗെയിം കളിച്ചു നോക്കി, എല്ലാം തോറ്റു! 600 വര്‍ഷത്തോളം അസാധാരണവും വന്യവുമായ മൃഗങ്ങളെ കോട്ടയില്‍ സൂക്ഷിച്ചിരുന്നു. പക്ഷേ ആ മൃഗങ്ങള്‍ക്കും ഒട്ടും നല്ല സമയമായിരുന്നില്ല അവിടെ. കോട്ടവാസികളായ കാഴ്ച്ചക്കാരെ രസിപ്പിക്കാനായി അവയക്കു തമ്മില്‍ തമ്മില്‍ യുദ്ധം കൂടേണ്ടിയിരുന്നു, അതും അവയക്ക് പ്രകൃത്യാ ലഭിക്കേണ്ട തരം ഭക്ഷണം പോലും ലഭിക്കാതെ. എന്തായാലും ഇവിടം തീരെ രസിച്ചില്ല. മൃഗങ്ങള്‍ക്കു പകരം മൃഗങ്ങളുടെ വിഡിയോകള്‍!
വാള്‍ വാക്ക്-കോട്ട മതിലുകള്‍ക്കു പുറത്തുകൂടിയുള്ള യാത്ര-രസകരമായിരുന്നു. തേംസും ചുറ്റമുള്ള കാഴ്ച്ചകളും ഉയരത്തില്‍ നിന്ന് കാണാനായി. പണ്ട് കോട്ട സൂക്ഷിച്ചിരുന്ന കാവല്‍ക്കാര്‍ നിരന്നു നിന്നിട്ടുണ്ടാവണം അവിടെ.
ഫ്യുസിലിയര്‍ മ്യൂസിയമായിരുന്നു അടുത്ത കാഴ്ച്ച. യുദ്ധചരിത്രങ്ങളും യുദ്ധക്കോപ്പുകളെ പറ്റിയുള്ള വിവരണങ്ങളും രേഖപ്പെടുത്തിയ അവിടം മുഴുവന്‍ കാണാതെ ഇറങ്ങിപ്പോന്ന് ടവര്‍ സമുച്ചയത്തിലെ ഏറ്റവും പഴയതായ, ദുരന്തകഥകള്‍ ഒട്ടേറെ പേറുന്ന 'വൈറ്റ് ടവര്‍ 'കണ്ടുതുടങ്ങി.
WHITE TOWER |
റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസ് ലണ്ടന്‍ നഗരം കണ്ടുപിടിക്കുകയും അതിനു ചുറ്റും ഒരു മതില്‍ പണിയുകയും ചെയ്തു. അങ്ങനെ പണിത മതിലിന്റെ ദിക്ക് മാറുന്ന ഇടത്ത് ഉണ്ടായിരുന്ന ഒരു ചെറു ഗോപുരം ഇവിടെയായിരുന്നു എന്ന് ഒരിടത്ത് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്.
റോമാക്കാര്‍ പിന്നീട് ആ ഗോപുരം മാറ്റി വലിയ ഒരു കോട്ട തന്നെ പണിതു. നദിയില്‍ നിന്നുള്ള രക്ഷക്കും ലണ്ടനിലേക്ക്ുള്ള അഭിഗമ്യതയ്ക്കും ഏറ്റവും ഉചിതസ്ഥാനമായിരുന്നു ഇത്. 800 വര്‍ഷങ്ങള്‍ക്കു ശേഷം വില്യം എന്ന പടനായകന്‍ കൊട്ടാര സുരക്ഷയുടെ കിഴക്കു ഭാഗമായി ഈ റോമന്‍ മതില്‍ അവശിഷ്ടങ്ങളെ മാറ്റി. പഴയ റോമന്‍ കോട്ട വാര്‍ഡ്‌റോബ് ടവര്‍-വസ്ത്രശേഖര കൊട്ടാരം- ആക്കി മാറ്റി, രാജാവിന്റെ വസ്ത്രശേഖരം പിന്നീട് ഇവിടെ സൂക്ഷിക്കാന്‍ തുടങ്ങി.
പഴയകാല ആയുധശേഖരങ്ങള്‍ ഒരു പിടിയുണ്ട്. ശരിക്കുമുള്ള കുതിരകളുടെ അതേ വലിപ്പമുള്ള അനേകം ഉരുക്കുകുതിരകളും അവയുടെ പുറത്ത് ഉരുക്കു പട്ടാളക്കാരും യുദ്ധത്തിന് തയ്യാറായി ഇരിക്കുന്ന മട്ടില്‍ വളരെ വലിയ മുറി തന്നെ ഉണ്ട്. ഉരുക്കു പടച്ചട്ടകളും കാണാം.
വളരെ ഉയരമുള്ള കോട്ടയുടെ കട്ടി ഭിത്തികളിലൂടെയുള്ള ചുറ്റുഗോവണി കയറല്‍ ലേശം ശ്രമകരമായിരുന്നുവെന്നു പറയാം. ഓ, മടുത്തു, പോയേക്കാം എന്നു തിരിച്ചു പോകാനാവില്ല, മുന്നോട്ടേക്കു മാത്രം. വളരെ പേര്‍ വീതി കുറഞ്ഞ ചുറ്റുഗോവണിയില്‍ നമുക്കു മുമ്പേയും പിമ്പേയും ഉണ്ടാവും. അങ്ങനെ ഗോവണി കയറി കയറിയാണ് കാഴ്ച്ചകള്‍ കണ്ടത്. വൈറ്റ് ടവറിലേക്കുളള പ്രവേശനകവാടം സംരക്ഷിച്ചിരുന്ന ഒരു കോട്ട 1674 ല്‍ ഇടിച്ചു പൊളിക്കവേ, ഈ ഗോവണിക്കു കീഴെ നിന്ന് രണ്ട് കുട്ടി അസ്ഥിപഞ്ജരങ്ങള്‍ കിട്ടി. 1483 ല്‍ കാണാതായ 12 വയസ്സുള്ള എഡ്വേര്‍ഡ് അഞ്ചാമന്റേയും അനുജന്‍ 9 വയസ്സുകാരന്‍ റിച്ചാര്‍ഡിന്റേതുമാണ് എന്ന് ചാള്‍സ് രണ്ടാമന്‍ രാജാവടക്കം എല്ലാവരും വിശ്വസിച്ചു. പിന്നീട് ഇവരുടെ അസ്ഥികൂടങ്ങള്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലേക്കു മാറ്റി വിധിപ്രകാരം സംസ്‌ക്കരിച്ചു. ആ രാജകുമാരന്‍മാരുടെ മരണപ്പെട്ടു കിടന്ന ശരീരങ്ങള്‍ ഭാവനയില്‍ നിന്നു വരച്ച് ഒരു വിക്ടോറിയന്‍ കാല റോമന്‍ പെയിന്റിംഗും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
COLLAR OF TORMENT |
റെഡിന്‍ഡ്യന്‍ അഥവാ അമേരിന്‍ഡ്യന്‍ തൊപ്പിയുടെ ചിത്രം യാത്രയ്ക്കു തൊട്ടുമുമ്പ് മൊഴിമാറ്റി കൊടുത്ത അമേരിന്‍ഡ്യന്‍ നാടോടിക്കഥകള്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ ഇപ്പോള്‍ അവശേഷിച്ചവരെ അവിടുത്തെ സ്വന്തം ജനതതിയെ കുറേശ്ശെയായി ക്രൂരമായി-വിഷം നല്കിയും മറ്റും- നാമാവശേഷമാക്കിയ കഥകള്‍ സാന്ദര്‍ഭികമായി പറഞ്ഞുതന്നിരുന്നു മൊഴിമാറ്റത്തിനു നല്‍കിയപ്പോള്‍. അത് ഒരു ഉപകഥ. അവിടെ നില്‍ക്കട്ടെ.പടം ആ ചങ്ങാതിക്കും കൈയ്യോടെ .യച്ചു കൊടുത്തു.
RED INDIAN HAT |
സെന്റ് ജോണ്‍സ് ചാപ്പല്‍, കറന്‍സി അടിച്ചുകൊണ്ടിരുന്ന റോയല്‍ മിന്റ്, പഴയകാല നാണയശേഖരം എന്നിവയും ഇവിടെ തന്നെ കണ്ടു. അവസാനം യുദ്ധത്തിന്റെ, ക്രൂരതയുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന വൈറ്റ് ടവറില്‍ നിന്ന് ഞങ്ങള്‍ പുറത്തു കടന്നു.
കോട്ടയിലെ മറ്റൊരു കാഴ്ച്ച ഭീമന്‍ കാക്കകളത്രേ. ഓ, കാക്കയോ എന്നു പുച്ഛിക്കാന്‍ വരട്ടെ. അവയെ പ്രത്യേകം സംരക്ഷിക്കുന്നതാണ് അവിടെ. കാക്കകള്‍ എന്ന് ടവര്‍ വിട്ടുപോകുന്നുവോ അന്ന് സാമ്രാജ്യം തകരുമെന്ന് വിശ്വസിക്കുന്നതിനാല്‍ ചിറകു മുറിച്ചു വിട്ട ആറു കാക്കകള്‍ എങ്കിലും ഇവിടെ എന്നും ഉണ്ടാവും. അങ്ങനെ കോട്ടയുടെ രക്ഷകര്‍ ആയി ഇപ്പോഴുള്ളത് ഏഴു കാക്കകള്‍ ആണ്. നമ്മുടേതു പോലെ ചെറിയവയല്ല, 170 ഗ്രാം പച്ച മാംസവും രക്തത്തില്‍ മുക്കിയ പക്ഷി ബിസ്‌കറ്റുകളും കഴിക്കുന്ന, വലിയ കാക്കകള്‍. ഓരോരോ അന്ധവിശ്വാസങ്ങളേ!
എല്ലാ കാഴ്ച്ചസ്ഥലങ്ങളിലുമെന്ന പോലെ ഇവിടെയുമുണ്ട് ടൂറിസ്റ്റുകള്‍ക്കായി ഷോപ്പ്. കോഹിനൂര്‍ പതിച്ച കിരീട മാതൃകയുടെ ലഘുമാതൃകയടക്കം ടവര്‍ ഓഫ് ലണ്ടനിലുള്ള സകല സാധനങ്ങളുടേയും കുഞ്ഞിക്കാ രൂപങ്ങള്‍, ഈ രൂപങ്ങളുടെ ആകൃതിയിലുള്ള ആഭരണങ്ങളും പെന്‍സിലും പെന്‍സില്‍ കട്ടറും എന്നുവേണ്ട , ഒരു പിടി സാധനങ്ങളുണ്ട് ഈ ഷോപ്പില്‍. നമ്മള്‍ ഇന്‍ഡ്യാക്കാരെ സംബന്ധിച്ച് കൊല്ലുന്ന വിലയാണെന്നു മാത്രം. ഒന്നും വാങ്ങാതെ ഷോപ്പിലൂടെ ഒന്നു കയറി ഇറങ്ങി.
(കോഹിനൂര്‍ ചരിത്രം കടപ്പാട്: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക; സണ്‍ഡേ ടൈംസ്, ദി വെസ്റ്റ് ആസ്‌ട്രേലിയന്‍, വിക്കി തുടങ്ങി ഗൂഗിള്‍ തുറന്നു തന്ന വിവിധ വിവരജാലകങ്ങള്‍.)
കോഹിനൂര്‍.... <3
ReplyDeleteഇപ്പോഴും വധശിക്ഷയും തലവെട്ടലും ഒക്കെ നടപ്പാക്കുന്ന രാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന വികസിത രാജ്യങ്ങൾ ഏതാനും ദശാബ്ദങ്ങൾ മുമ്പ് വരെ അതൊക്കെ നിർബാധം നടത്തിയിരുന്നു.
ReplyDeleteവർ അല്പം മുൻപേ ഇതൊക്കെ നിർത്തിയിട്ട് ഇനിയും നിർത്താത്തവരെ കുറ്റപ്പെടുത്തുന്നു.
ശിക്ഷകൾ ഇന്നുള്ളതിനെക്കാൾ കൊടുംക്രൂരമായിരുന്നു പോയ നൂറ്റാണ്ടുകളിൽ. അല്ലേ
Tkq Aarsha and ajith. ഇപ്പോഴെങ്കിലും നിര്‍ത്തിയല്ലോ, തെറ്റ് തിരുത്തിയല്ലോ എന്നു നമുക്ക് സമാധാനിക്കാം. better late than never എന്നല്ലേ. കണ്ടുതു മുഴുവന്‍ ഞാന്‍ എഴുതിയിട്ടില്ല. പീഡനക്കൊട്ടാരത്തിലെ കാഴ്ച്ചകളുടെ ഫോട്ടോകള്‍ എടുക്കുവാന്‍ പോലും തോന്നിയില്ല.
ReplyDeleteനല്ല പോസ്റ്റ്. കോഹിനൂറിനെപ്പറ്റി ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ചതും നന്നായി (പലതും എനിക്കുമറിയില്ലായിരുന്നു).
ReplyDelete"അന്യന്റെ സമ്പത്ത് കൈക്കലാക്കുവാനുള്ള നെട്ടോട്ടത്തിന്റെ, ആര്‍ത്തിയുടെ സ്വാഭാവികപരിണതഫലം മാത്രമല്ലേ അത്?"
(അതിഷ്ടപ്പെട്ടു) ശരിയാണ്. കോഹിനൂറിനു വേണ്ടി നടന്ന രക്തചൊരിച്ചിലുകളെ അങ്ങനെ കാണാനേ കഴിയൂ.
ടവറിന്റെ ഉളളിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ലേ? ഉൾവശത്തിന്റെ ചിത്രങ്ങൾ അധികമില്ലാത്തതു കൊണ്ട് ചോദിച്ചു എന്നെയുള്ളൂ.
TOWER OF LONDON-ൽ ഒരു സന്ദർശനം നടത്തിവന്നപോലെ ഒരനുഭവം വായനയിൽ നിന്നുണ്ടായി.
സൂപ്പർ....
ReplyDeleteഇത് വായിച്ചപ്പോൾ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറഞ്ഞപോലെയായി എന്റെയൊക്കെ സ്ഥിതി.
ഇത്രയധികം കാണാക്കാഴ്ച്ചകൾ
ഇവിടെയുണ്ടായിട്ടും ലണ്ടനിൽ ഇത്രകാലം
പ്രവാസിയായിയിട്ടും ഇത്തരം കാര്യങ്ങളെ പറ്റിയൊന്നും
ഒന്നും പറയാതെ ചുമ്മാ അതുമിതും പറഞ്ഞ് ബൂലോകരെയൊക്കെ വെറുതെ വെറുപ്പിക്കുന്നതോർത്ത്...
@Prince:ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം.ജ്യുവല്‍ ടവറിന്‍റെ ഉള്ളില്‍ ഫോട്ടോഗ്രാഫി നിഷിദ്ധമാണ്. പിന്നെ ഞങ്ങളും കൂടി ഉള്ള പടങ്ങള്‍ ഉണ്ട്, അതിട്ടില്ല:)).കുറേ ആയപ്പോള്‍ മൊബൈല്‍ ചാര്‍ജ്ജ് തീരുകയും ചെയ്തു.നെറ്റില്‍ koh-i-noor പടങ്ങളുണ്ട്, TOL സൈറ്റിലും അല്ലാതെതെയും കിട്ടും.
ReplyDelete@ Muralee Mukundan:അതങ്ങെയാണ്, അവിടെ സ്ഥിരമാവുമ്പോ അതിന് ഒന്നും വലിയ വില തോന്നില്ല, ആദ്യകാലങ്ങളില്‍ ഒഴിച്ച്.വല്ലപ്പോഴും വരുന്നവര്‍ക്കേ എഴുത്തുരോഗം പിടിക്കൂ.എങ്കിലും കാണാക്കാഴ്ച്ചകള്‍ എഴുതൂ, വായിക്കാമല്ലോ ഞങ്ങളെപ്പോലുള്ളവര്‍ക്ക്.
പാവം കാക്കകള്‍ അല്ലേ?
ReplyDeleteഅതു പോലെ പീഡനമുറകളും ഇഷ്ടപ്പെട്ടു
അതെ, പാവങ്ങള്‍. സുഭിക്ഷ ആഹാരം ഉണ്ടെങ്കിലും ചിറക് മുറിച്ചു കളയുമല്ലോ.
Delete"Man U left 10>> Pecked by a chicken 6-1"
ReplyDeleteFollow football news, football results according to international football.
ReplyDeleteติดตาม ข่าวฟุตบอล ผลบอล ตามทีเด็ดฟุตบอลต่างประเทศ
คาวานี่ เผยก่อนซบผี มีทีมทาบ
I will be looking forward to your next post. Thank you
ReplyDeleteสล็อตออนไลน์ ส่งตรงจากค่ายดัง สุดมัน! "