Monday, October 25, 2010

ഗില്‍ഫോഡ് (Guildford)


വൊക്കിംഗിനടുത്തുള്ള വലിയ ടൗണ്‍ഷിപ്പായ ഗില്‍ഫോഡില്‍ പോയി ഒരു ദിനം. ആലിസിന്‍റെ അത്ഭുത ലോകം വിരിയിച്ച ലൂയി കരോള്‍ (Lewis Carol) താമസിച്ചിരുന്ന, പി.ജി.വോഡ്ഹൗസ് ജനിച്ചസ്ഥലം. 300 ല്‍ പരം വര്‍ഷം പഴക്കമുള്ള *കോബിള്‍ഡ് റോഡിലൂടെ  തലങ്ങും വിലങ്ങും നടക്കുമ്പോള്‍ ആലോചിച്ചു, നമ്മുടെ നാട്ടില്‍ ഇവര്‍ എന്തേ ഇത്തരം റോഡുകള്‍ നിര്‍മ്മിച്ചില്ല. ഇപ്പോഴും അതിനുള്ള കണ്‍സല്‍റ്റന്‍റ്സ് ഉണ്ട്. ഇവിടെ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഇതു പോലുള്ള ഫുട്പാത്തുകള്‍ ഉണ്ട്, പക്ഷേ മിയ്ക്കതും നശിച്ച് കല്ലു കുറവും മണ്ണു കൂടുതലുമാണെന്നു മാത്രം.

ടൗണ്‍സെന്‍ററിന്‍റെ അകത്തെ കടകളില്‍ കൂടി നടന്ന് വിന്‍ഡോ ഷോപ്പിംഗ്. നല്ല ഭംഗിയുള്ള സാധനങ്ങള്‍ എത്ര! വിലയും അത്ര! പുരാതന പള്ളിയില്‍ മുട്ടുകുത്തി നിന്ന് മേരീമാതാവിനോടായി സര്‍വ്വമംഗള മംഗല്യേ, മേരീ സ്വര്‍ഗ്ഗരാജ്ഞി മാതാവേ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥന. പള്ളികള്‍ ഇഷ്ടംപോലെ ഉണ്ടെങ്കിലും പ്രാര്‍ത്ഥനക്കാര്‍ പൊതുവെ കുറവാണെന്നു തോന്നുന്നു. വയസ്സായവരാണത്രേ   അധികവും പള്ളിയില്‍ പോക്കുകാര്‍. ചെറുപ്പക്കാര്‍ക്കെവിടെ ഇതിനെല്ലാം സമയം?

Town Centre Exit

Guildford Road high street
റോഡിന്‍റെ ഒരു വശം മുഴുവന്‍ വളരെ പഴയ കെട്ടിടങ്ങളാണ്. പക്ഷേ അതെല്ലാം നന്നായി നിലനിര്‍ത്തിയിരിക്കുന്നു. ഇടയ്ക്കുള്ള പുതിയ കെട്ടിടങ്ങളും പഴയതുമായി ചേര്‍ന്നു പോകുന്ന ഡിസൈന്‍ തന്നെ. അല്ലാത്തതിനൊന്നും അംഗീകാരം കിട്ടില്ലത്രേ..
കൈയ്യില്‍ കാശുണ്ടെന്നു പറഞ്ഞ് തെക്കോട്ടും വടക്കോട്ടും തിരിച്ച് വിവിധ നിറങ്ങളിലുള്ള പെയിന്‍റു കോരിയൊഴിച്ച് ഉണ്ടാക്കാമെന്നു കരുതിയാല്‍ തെറ്റി. പഴമ കൂടുന്തോറും ലണ്ടനില്‍ വീടുകള്‍ക്കു വില കൂടുന്നു, antique value. സ്വന്തമായി വാങ്ങിയ സ്ഥലമാണെങ്കിലും പച്ചപ്പു പരിധിക്കകത്തു (Green belt) വരുന്നതാണെങ്കില്‍ അവിടെ കെട്ടിടം വയ്ക്കാന്‍  അനുമതി കിട്ടില്ല. ആ നിയമങ്ങളും, അതു കൃത്യമായി പാലിക്കുന്ന ഭരണാധിപരും, അതു തങ്ങളുടെ രാജ്യത്തിന്‍റെ നന്മയ്ക്കു വേണ്ടിയെന്നു മനസ്സിലാക്കുന്ന ജനങ്ങളും...ഹോ, രോമാഞ്ചം വന്നു പോയി ഇതെല്ലാം മനസ്സിലായപ്പോള്‍..റോഡിന്‍റെ ഒരു വശത്തു നിന്ന് ഒരാള്‍ പാടുന്നു. ഇതെന്താ ഇങ്ങനെ സ്റ്റേജില്‍ നിന്നെന്ന പോലെ പാട്ട് എന്ന് അതിശയിച്ചു നോക്കി. പിന്നെ പിടി കിട്ടി. പൈസ കിട്ടാന്‍ വേണ്ടിയാണ്. Glorified way of begging! പിന്നെ രണ്ടു പേരേ ഇതു പോലെ ലണ്ടനിലും (പാട്ടുകാരല്ല) കണ്ടു.

ഗില്‍ഡ് ഹാള്‍ മുഖപ്പില്‍ തെരുവിലേക്കു തള്ളി നില്‍ക്കുന്ന,1683 ല്‍ നിര്‍മ്മിച്ച , പിന്നീട് പുതുക്കിയ ബ്രാക്കറ്റ് ക്ലോക്ക് കൗതുകമുണര്‍ത്തി.

Bracket Clock
പിന്നെ ഗില്‍ഫോഡ് കോട്ട റൂയിന്‍സില്‍. ദൈവമേ, വസന്തോത്സവം, നയനാനന്ദകരം, വശ്യം! കോട്ട പക്ഷേ നശിച്ചു പോയി, അവശിഷ്ടം നിലനിര്‍ത്തിയിരിക്കുന്നു. മുകളിലേക്കു കയറാന്‍ സാധിച്ചില്ല, പൂട്ടിയിട്ടിരുന്നു. അല്ലെങ്കില്‍ ഏരിയല്‍ വ്യൂ കൂടുതല്‍ ഭംഗിയായിരുന്നേനേ. ശരിക്കും പ്രകൃതി വിരിയിച്ച അത്തപ്പൂക്കളം. കണ്ടും പടം എടുത്തും മതി വന്നില്ല.


ചരിത്രാതീത കാലങ്ങളിലെ ശേഖരങ്ങളും ലൂയി കരോള്‍ (Lewis Carrol) മ്യൂസിയവും ഉണ്ട് ഗില്‍ഫോഡ് മ്യസിയത്തില്‍. ആലീസിന്റെ പടങ്ങളും അതിലെ കാര്യങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അറിയാമോ, ലൂയി കരോള്‍ ഓക്‌സ്‌ഫോര്‍ഡ് ക്രൈസ്റ്റ് കോളേജിലെ ഒരു കണക്കു പ്രൊഫസറായിരുന്നു.!ആലീസ് ലിഡല്‍ എന്ന അദ്ദേഹത്തിന്റെ കൊച്ചു കൂട്ടുകാരിയാണ് ശരിക്കും Alice in Wonderland എഴുതാന്‍ അദ്ദേഹത്തിനു പ്രചോദനമായത്. ലൂയി കരോളും സഹോദരിമാരും താമസിച്ചിരുന്ന ചെസ്റ്റ്‌നട്ട്‌സ് വീടു കാണാന്‍ പോകാന്‍ സാധിച്ചില്ല പക്ഷേ.

ലൂയി കരോള്‍ തൂലികാനാമമായിരുന്നു. Rev Charles Lutwidge Dodgson, അതായിരുന്നു ശരിയായ പേര്. മതകാര്യങ്ങളേക്കാള്‍ കൂടുതല്‍ ഗണിതം ഇഷ്ടപ്പെട്ടിരുന്ന അവിവാഹിതനായ പാതിരി. പാരമ്പര്യവശാല്‍ കിട്ടിയതാണ് പാതിരിപ്പട്ടം. അദ്ദേഹത്തിന് ധാരാളെ കൊച്ചു കൂട്ടുകാര്‍ ഉണ്ടായിരുന്നവെന്നും വീടിന്റെ പേരുള്ള ഫലകം ഡിസൈന്‍ ചെയ്തത് അവരായിരുന്നുവെന്നും വായിച്ചു. അതല്ല, അദ്ദേഹം കുട്ടികളെ അടുപ്പിക്കാത്ത ആളായിരുന്നുവെന്നും ഒരു വെര്‍ഷന്‍ ഉണ്ട്. നമുക്ക് ആദ്യത്തേതു ശരി എന്നു വിശ്വസിക്കാം അല്ലേ?

ഗ്രാമര്‍ സ്‌കൂള്‍ എന്ന പ്രശസ്തമായ പഴയ സ്‌കൂളിനു മുന്നിലൂടെ നടന്ന്, വേ (wey ) നദിക്കരയില്‍ ഇത്തിരി വിശ്രമിച്ച് വൊക്കിംഗിലേക്ക് മടക്കം. ഒട്ടും ഒളി  മങ്ങാതെ ആ കാഴ്ച്ചകള്‍  മനോമുകുരത്തിലുണ്ട് ഇപ്പോഴും.         
*കോബിള്‍ഡ് റോഡ്- ഹെവി വെഹിക്കിള്‍സ്, കുതിരവണ്ടി മുതലായവയ്ക്കു സഞ്ചരിക്കാനായി നിര്‍മ്മിച്ച റോഡ്.

23 comments:

 1. മനോഹരമായ കാഴ്ചകൾ

  ReplyDelete
 2. ഗിൽഫോർഡ് ഓർമകളും ചിത്രങ്ങളും നന്നായി, പ്രകൃതിയുടെ അത്തപ്പൂക്കളം പ്രത്യേകിച്ചും. maithreyi in wonderland എന്നാക്കാമായിരുന്നു തലക്കെട്ട്!

  ReplyDelete
 3. ആലീസ് ഇന്‍ വണ്ടര്‍ലാന്റിനെ കുറിച്ച് കൂടുതല്‍ വിശദീകരണം വേണം.. ഒരു അപേക്ഷയാണ്..

  ReplyDelete
 4. You are soooo lucky..
  ഗ്രീന്‍ ബെല്‍ട്ടില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ കെട്ടിടം വെയ്ക്കാന്‍ അനുമതി കിട്ടില്ല എന്നത് വായിച്ചു മൈത്രേയി എഴുതിയ പോലെ രോമാഞ്ചം വന്നു പോയി..
  കേട്ട് തഴമ്പിച്ചതാണെങ്കിലും ഒരു കാര്യം വീണ്ടും എഴുതുകയാണ്..നമ്മള്‍ എപ്പോഴും വിദേശീയരുടെ അനാവശ്യ കാര്യങ്ങള്‍ അനുകരിക്കും.പക്ഷെ അവരുടെ നല്ല കാര്യങ്ങള്‍ ഒട്ട് പകര്‍ത്തുകയുമില്ല.
  നല്ല വിവരണം..

  ReplyDelete
 5. ഹൊ..കൊതിയാകുന്നു.. എന്നാണെനിക്ക് ഇത്തരം ഒരു യാത്ര തരപ്പെടുക ആവോ..
  mayflowers പറഞ്ഞതിനടിയില്‍ ഒരു ഒപ്പ്..

  ReplyDelete
 6. നല്ലോണം രസിച്ചു.

  ReplyDelete
 7. എനിക്കും നല്ലോണം രസിച്ചു.
  "പ്രകൃതി വിരിയിച്ച അത്തപ്പൂക്കളം" ഈ പ്രയോഗമിഷ്ടമായിട്ടോ.
  പൂക്കള്‌ കാണാന്‍ എന്തു രസമാണ്!! കൊതിയായി. ‌

  ReplyDelete
 8. ചിത്രങ്ങളൊക്കെ കണ്ടു വെള്ളമിറക്കി പോകുകയാണ് ഇപ്പോൾ. വിശദവായനയ്ക്കു ശേഷം വരാം.

  ReplyDelete
 9. Dear Maithreyi,
  Valare Nannayirkkunnu. London-il pokathe thanne kure ippol thanne manassilayi ee postiloode. You-re really lucky to get a chance to visit such places. Ashamsakal.

  Pinne thangalude e-mail ID enikku kittiyilla. Virodhamillengil ende blog-ile comment box-il idumo? Njan publish cheyyilla ennu urappu tharunnu.

  ReplyDelete
 10. നല്ല വിവരണം..
  expecting more articles...
  goodluck

  ReplyDelete
 11. ചിത്രങ്ങളും,വിവരണവും നന്നായിരിക്കുന്നു.

  ReplyDelete
 12. നല്ല ഫോട്ടോസ്.... മൈത്രേയി ജപ്പാനിലേക്ക് ഒരു യാത്ര എന്നാണ്?

  ReplyDelete
 13. ചേച്ചീ, പോസ്റ്റ് ഇഷ്ടായി. പടങ്ങൾ ചേർത്ത്(അതും നല്ല റെസല്യൂഷനിൽ തന്നെ)ഒരു നല്ല വിവരണം തന്നെ നൽകി. അലീസ് ഇൻ വണ്ടർലാന്റ് എഴുതാനുണ്ടായ പ്രചോദനത്തെപ്പറ്റി ആദ്യമായാണ് കേൾക്കുന്നത്. അതും മനസ്സിലാക്കാനായി. വളരെ സന്തോഷം

  ReplyDelete
 14. “ ആ നിയമങ്ങളും, അതു കൃത്യമായി പാലിക്കുന്ന ഭരണാധിപരും, അതു തങ്ങളുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയെന്നു മനസ്സിലാക്കുന്ന ജനങ്ങളും...ഹോ, രോമാഞ്ചം വന്നു പോയി ഇതെല്ലാം മനസ്സിലായപ്പോള്‍..“ നമുക്ക് നിയമം എന്ന് പറയുന്നത് തന്നെ ലംഘിക്കപ്പെടാൻ വേണ്ടിയാണ്. ആത്മാർതത്ഥ ഇല്ല അതാണ് ഏറ്റവും വലിയ പ്രശ്നം.

  ReplyDelete
 15. അപ്പൊ മൈത്രേയി ഇന്‍ വണ്ടര്‍ ലാന്‍ഡ്!
  ലൂയിസ് കരോള്‍ ജനിച്ച സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു വല്യ കാര്യമല്ലേ?
  സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.

  ReplyDelete
 16. ഭാഗ്യവതി. കൊതി തോന്നിപ്പോകുന്നു.ഈ സ്ഥലങ്ങളെല്ലാം സന്ദർശിക്കാൻ.

  ReplyDelete
 17. Thank you everybody!
  മനോരാജ്: ലൂയി കരോളിനെപ്പറ്റി ഇത്തിരി വിവരം കൂടി എഴുതി ചേര്‍ത്തിട്ടുണ്ട്. ഐല്‍ ഓഫ് വൈറ്റ് സന്ദര്‍ശനം എഴുതുമ്പോള്‍ അതിലും വരും.

  ReplyDelete
 18. ഹലൊ
  മൈത്രേയി, വിവരണങ്ങള്‍ നന്നായിരിക്കുന്നു

  മാവേലികേരളം

  ReplyDelete
 19. ആദ്യമായി ക്രിക്കറ്റ് കളി നടന്ന റോയൽ ഗ്രാമർ സ്കൂൾ മൈതാനവും അതിന്റെ ഫലകം പതിപ്പിച്ചിരിക്കുന്ന സ്കൂൾ മതിലും കണ്ടില്ലേ ? ഒരു ചിത്രം ദാ ഇവിടുണ്ട്.
  http://chilachitrangal.blogspot.com/2009/08/blog-post_22.html

  ReplyDelete
 20. നിരക്ഷരന്‍- പോസ്റ്റില്‍ പറഞ്ഞതു പോലെ ആ സ്്കൂളിന്റെ മുമ്പേ കൂടെ അച്ചാലും പിച്ചാലും നടന്നു. ക്രിക്കറ്റ് കാര്യം അറിയില്ലായിരുന്നു, അതുകൊണ്ട് മൈതാനത്തൊന്നും പോയതുമില്ല.
  താങ്കളുടെ പോസ്റ്റ് വായിച്ചു, പടവും കണ്ടു.

  അമ്പിളീ, ഞാന്‍ ഐഡി അയച്ചിരുന്നുവല്ലോ...

  നന്ദി, മാവേലി കേരളം

  ReplyDelete