Saturday, December 06, 2008

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -അവസാനഭാഗം

രണ്ടുപേരും അൽപ്പനേരം മൗനം.പെട്ടെന്ന്‌ പ്രിയ വിളിച്ചു കൂവി...കുട്ടിയെപ്പോലെ...

"യുറേക്കാ...എനിക്കെല്ലാം മനസ്സിലായി ഗൗരീ...ഹീവാസ്‌ ഇൻ ലവ്‌ വിത്‌ യു.അതാണ്‌ അയാൾ അന്നു നമ്മളെ തടഞ്ഞതും പിന്നീട്‌ അത്‌ പ്രശ്നമാക്കാത്തതും.ഡസ്‌ ഹി ലവ്‌ യൂ നൗ?"

"എസ്‌,ഐ തിങ്ക്‌ സോ...ആന്റ്‌ ഹി പ്രൊപ്പോസ്ഡ്‌ റ്റു മി ഈവൻ,"വെറുതേ ഒന്നു ചോദിച്ചുവെങ്കിലും ഉത്തരം ഇത്രയ്ക്കങ്ങ്‌ പ്രതീക്ഷിച്ചില്ല പ്രിയ.

"വേഗം പറയ്‌,താൻ സമ്മതിച്ചില്ലേ,വേഗം,വേഗം..."പ്രിയയിലെ കൗമാരക്കാരി ഉണർന്നു.

"ഇല്ല"ഒറ്റയടിക്ക്‌ പറഞ്ഞു തീർത്തു ഗൗരി.

"അയ്യോ!"പ്രിയയുടെ ആവേശത്തീയിൽ ഐസ്‌വെള്ളം വീണു.ഇഷ്ടമുണ്ടെങ്കിൽ കാര്യം പറയട്ടെ എന്ന്‌ പ്രിയ മൗനം പാലിച്ചു,വാശി കൊണ്ടല്ല,നിരാശ കൊണ്ട്‌.

"പ്രിയാ,ഞാൻ ചൂടുവെള്ളത്തിൽ ചാടിയ പൂച്ച,അതും ഇരുവട്ടം.ഇനിയും പരീക്ഷണം വയ്യ.ദൈവം എനിക്കു കുടുംബം വിധിച്ചിട്ടില്ല."

ഗൗരി തികച്ചും നിസ്സംഗതയോടെയാണു പറഞ്ഞതെങ്കിലും കൂട്ടുകാരിയുടെ ഉള്ളം പൊള്ളിച്ച ചൂട്‌ പ്രിയയറിഞ്ഞു.

ഈ ദൈവം എന്‌താണിങ്ങനെ?ആശിക്കാത്തവർക്ക്‌ എല്ലാം വാരിക്കോരി നൽകും. കൊതിക്കുന്നവർക്കു നിഷേധിക്കും.ഇതോ കൃഷ്ണലീല?ദൈവമേ,എന്റെ കൂട്ടുകാരി പാവമാണ്‌,അവളെ നീ ഇനിയും പരീക്ഷിക്കരുതേ,അവളെ സഹായിക്കേണമേ....വാഴത്തപ്പെട്ട അൽഫോൻസാമ്മയുടെ കോൺവെന്റിലെ പഴയ സ്കൂൾകുട്ടിയായി മാറി പ്രിയ.

പുറത്തു രാത്രി തണുത്തു വന്നു.ഗൗരിയുടെ തോട്ടത്തിൽ നിശാഗന്ധി വിരിഞ്ഞു.ചുറ്റും നടക്കുന്നതൊന്നും അറിയാതെ ചിന്‌തകളിൽ മുങ്ങി അവർ രണ്ടു പേർ.

അപ്പോൾ ഗൗരിയുടെ പ്രശ്നം രാജനോടുള്ള ഇഷ്ടക്കുറവല്ല,ഭാവിയെക്കുറിച്ചുള്ള പേടിയാണ്‌.ആ പേടിക്കാണ്‌ പരിഹാരം ആവശ്യം,പ്രിയ വിലയിരുത്തി...

"ഗൗരീ,എനിക്കൊരൈഡിയ.നമുക്കൊരു നല്ല ജ്യോതിഷിയെക്കണ്ടാലോ?രണ്ടുപേരുടേയും ജാതകം നോക്കിയാലോ?അയാളുടെ അഭിപ്രായം കേൾക്കാം."

"എന്റെ പൊന്നു മോളേ,അതൊക്കെ എന്നേ ചെയ്തിരിക്കുന്നു.അമ്മ അയാളുടെ അമ്മയുടെ അടുത്തു പോയി.അവർ രണ്ടാളും കൂടി ജ്യോത്സ്യരെ കണ്ടു.വിവാഹം നടത്താമെന്ന്‌ ഉറപ്പും കിട്ടി.പക്ഷേ,ഇതിനു മുൻപും എല്ലാം നോക്കിയതല്ലേടോ?എന്നിട്ട്‌...."

"നോക്കൂ ഗൗരീ,തനിക്കൊരു കൂട്ടു വേണം.അയാൾക്കും.വർഷങ്ങളായി നിങ്ങൾക്കറിയുകയും ചെയ്യാം."പ്രിയ കെഞ്ചി.

"അയാൾ കഴിഞ്ഞയാഴ്ച്ച പോലും എന്നോട്‌ ചോദിച്ചതാണ്‌ പ്രിയാ...അമ്മ ധൃതി പിടിക്കു,വേറേതോ ഒന്നു വന്നിട്ടുണ്ടത്രേ...എനിക്കു ഒരു സുഹൃത്തു മാത്രമേ ആകാനാവൂ എന്ന്‌ ഞാൻ വീണ്ടും പറഞ്ഞു."

"നീ,അയാളുടെ നംബർ തരൂ,എനിക്കൊന്നു സംസാരിക്കണം.അല്ലെങ്കിൽ വേണ്ട,നാളെ രാവിലെ നമ്മൾ അയാളെ കാണാൻ പോകുന്നു,താൻ എതിരു നിൽക്കണ്ട.."അതോടെ പ്രിയ തീരുമാനമെടുത്തു,ആ വിഷയവും വിട്ടു.

പിന്നെ രാവേറെ ചെല്ലും വരെ കലം പുറകോട്ടടിച്ചു,അവർ....

രാവിലെ പ്രിയ ശ്രദ്ധിച്ചു,ഗൗരിയുടെ മുഖത്ത്‌ നല്ല തെളിച്ചം.പാവം...

മടിച്ചു മടിച്ചു ഗൗരി ചോദിച്ചു"നമുക്കൊന്ന്‌ കോവിലിൽ പോയാലോടോ?"

"വൈ നോട്ട്‌?ഐ ആം അറ്റ്‌ യുവർ സർവ്വീസ്‌ ഡിയർ"പ്രിയ സസന്‌തോഷം സമ്മതിച്ചു.

"കൃഷ്ണന്‌ എന്നെ വേണ്ടെങ്കിലും എനിക്ക്‌ കൃഷ്ണനെ വേണം.തനിക്കറിയ്യോ,ഞാൻ ചെന്നാലേ,കള്ളക്കണ്ണൻ എണീറ്റോടും.ഇത്രയധികം പരാതിഭാണ്ഡം ആരു കേൾക്കും?"

"ഗൗരീ,നിന്റെ ഈ സെൽഫ്‌പിറ്റി ഇത്തിരി കൂടുന്നു,"പ്രിയ ദേഷ്യം മറച്ചുവെച്ചില്ല.

തേവാരം കഴിഞ്ഞു,കാപ്പി കുടിച്ചു,പോകാനിറങ്ങുമ്പോഴേക്ക്‌ ഡോർബെൽ.

"ഞാൻ നോക്കാം,താനൊന്നിറങ്ങ്‌ വേഗം."പ്രിയ കതകു തുറന്നു.കണ്ടു മറന്ന മുഖം...തേടിയ വള്ളി കാലിൽ ചുറ്റിയോ?

"ഇതാര്‌,നമ്മുടെ പഴയ കാന്‌താരിയോ?പ്ലസന്റ്‌ സർപ്രൈസ്‌!..പേടിക്കേണ്ട കേട്ടോ,കുഴിച്ചിട്ടതൊക്കെ വലിയ തുരുമ്പില്ലാതെ തിരിച്ചെടുത്തിട്ടുണ്ട്‌."

"ഐ ആം സോറി..."പ്രിയ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"തമാശ പറഞ്ഞതല്ലേടോ?ആ..തന്നെ കണ്ടതു നന്നായി..ഇനിയിപ്പോൾ നേരിട്ടു ക്ഷണിക്കാമല്ലോ.എന്റെ കല്യാണമാണ്‌,അടുത്ത മാസം,താൻ സകുടുംബം വരണം."

ഓർക്കാപ്പുറത്ത്‌ കിട്ടിയ ഷോക്ക്‌....അടിയേറ്റപോലെ നിന്നു പോയി പ്രിയ...

"ഇതെന്‌താടോ?ഒരു മര്യാദയില്ലാതെ.പെൺകുട്ടി എവിടെനിന്ന്‌ എന്നു പോലും ചൊദിക്കാതെ...തനിക്കിപ്പോഴും എന്നെ പേടിയാണോ?"

"പെട്ടന്നു കണ്ടതിന്റെ ഷോക്കാണവൾക്ക്‌....കേൾക്കട്ടെ സന്‌തോഷവർത്തമാനം...എവിടെയണു കുട്ടി?പ്രിയാ,രാജനു കോഫി."

ഗൗരി വളരെ സ്വാഭാവികതയോടെ സന്ദർഭം നേരിട്ടു,ചിരിച്ചുകൊണ്ട്‌...

അടുക്കളയിൽ കോഫി പറഞ്ഞ്‌ മുറിയിലേക്കോടി പ്രിയ...നെഞ്ചു തകരുന്നു...എന്റെ ഗൗരീ....പ്രിയ തേങ്ങിപ്പോയി.

"ഇതാ വന്നു" എന്ന്‌ ഗൗരിയുടെ വിളിക്കു മറുപടിയായി കാപ്പി കൊടുത്തു പ്രിയ.

"ഇയാളുടെ ചുണയൊക്കെ എവിടെപ്പോയി?ആ,പിന്നെ വയസ്സൻ കല്യാണമല്ലേ,എന്‌തു ചോദിക്കാൻ എന്നാകും അല്ലേടോ?"

പലേടത്തും വിളിക്കാനുണ്ടെന്നു പറഞ്ഞ്‌ രാജൻ യാത്രയായി....പ്രിയ മുറിയിലേക്കോടി,സകല നിയന്ത്രണവും വിട്ട്‌ പൊട്ടിക്കരഞ്ഞു...ഏങ്ങലടിച്ച്‌,കൊച്ചുകുട്ടിയെപ്പോലെ...

"സാരമില്ല മോളേ,"ഗൗരി തലയിൽ തലോടി...അൽപ്പം കഴിഞ്ഞ്‌ എഴുന്നേറ്റു പോയി.

അരമണിക്കൂർ,ഗൗരി തിരിച്ചെത്തി.ശാന്‌തമായ മുഖം.പ്രിയയെ എഴുന്നേൽപ്പിച്ചു.

"താൻ ഒരു പാടു പ്രതീക്ഷിച്ചു പ്രിയാ...അതാണു പറ്റിയത്‌.ഞാൻ സന്‌തോഷിച്ചില്ല എന്നു പറയില്ല.പക്ഷേ അധികമില്ല.എപ്പോഴും മനസ്സ്‌ പറയും വേണ്ടാ എന്ന്‌.തനിക്കു ജീവിതത്തിൽ വലിയ കഷ്ടങ്ങളൊന്നും സഹിക്കേണ്ടി വന്നില്ലെടോ.അതാണ്‌ തനിക്കിത്രയും സങ്കടം."

"തന്നെ സമാധാനിപ്പിക്കേണ്ട ഞാൻ..."പ്രിയയ്ക്ക്‌ മുഴുവനാക്കാനായില്ല.

"താൻ സമാധാനിക്ക്‌...എം.ടി.യുടെ കഥയിലെ വാസുവിനെപ്പോലെയാണെടോ ഞാൻ... തീരുമാനമെടുത്തു വന്നപ്പൊഴേക്കും സരോജിനിക്കുട്ടിയുടെ ട്രെയിൻ പോയി...താനാലോചിക്ക്‌, ആ കല്യാണം നടന്ന്‌ അയാൾക്കു വല്ലതും സംഭവിച്ചെങ്കിൽ..പിന്നെ എനിക്ക്‌ ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നേനെ,"പ്രിയയെ ആശ്വസിപ്പിക്കും മട്ടിൽ ഗൗരി സ്വയം സമാധാനിച്ചു.

"എന്റെ നിയോഗം ഒന്നു കൂടി വ്യക്തമായെടോ...ദൈവം എനിക്കു വിധിച്ചിരിക്കുന്നത്‌ നിരന്‌തര കർമ്മമാണ്‌...കുതിരയ്ക്ക്‌ നുകം വെച്ചപോലെ മുൻപോട്ടേക്കു മാത്രം നോക്കി...
തന്റെ മീനുക്കുട്ടി വലുതായി വരുമ്പോഴും ഞാനും എന്റെ കമ്പനിയുമുണ്ടാകും അവൾക്കു ജൊലി കൊടുക്കാൻ....ഇപ്പോഴത്തെ മലയാളം സീരിയലിനോ സിനിമയ്ക്കോ പറ്റിയ ഒരു കഥാപാത്രമായി ഞാൻ അങ്ങനെ ജീവിക്കാം...വേണ്ടപ്പെട്ടവർ അധികപ്പറ്റായ അനാഥ നായിക.പക്ഷേ,കണ്ണുനീരുണ്ടാവില്ല കേട്ടോ...."സ്വന്‌തം ഫലിതം ആസ്വദിച്ച്‌ ഗൗരി പൊട്ടിച്ചിരിച്ചു.

ഇരു കൈകളും ഗൗരിയുടെ രണ്ടു തോളിലും വെച്ച്‌ പ്രിയ പറഞ്ഞു,ആത്മാർത്ഥത തുളുമ്പുന്ന വക്കുകൾ....

"നോക്ക്‌, ഗൗരീ,എനിക്ക്‌ രാമുവുണ്ട്‌,മീനുവുണ്ട്‌,ശരിയാണ്‌.പക്ഷേ എന്നെക്കൊണ്ടു പ്രയോജനമുള്ളത്‌ വിരലിലെണ്ണാവുന്ന കുറച്ചു പേർക്കേ ഉള്ളു.എന്നാൽ,തന്നെ ആശ്രയിച്ചു കഴിയുന്നത്‌ ലക്ഷക്കണക്കിനാളുകളാണ്‌.നമ്മുടെ വികസ്വരരാജ്യം വികസിതമാക്കാൻ താൻ നേടുന്ന വിദേശ പണം വേണം.തന്റെ ഒരു നിമിഷത്തിന്‌ ലക്ഷങ്ങളുടെ വിലയുണ്ട്‌.

എത്രയോ പേർ ബിസിനസ്സ്‌ കരയ്ക്കടുപ്പിക്കാൻ കഴിയാതെ വലയുന്നു.താൻ തന്നെ പറഞ്ഞില്ലേ,തനിക്കു ജോലിക്കും ബിസിനസ്സിനും തടസ്സങ്ങൾ വരാറില്ല എന്ന്‌.അതു തന്നെയാണെടോ,തന്റെ ദൈവാനുഗ്രഹം.ഒരു കൊച്ചു കുടുംബത്തിൽ ഒതുങ്ങിത്തീരാനുള്ളയാളല്ല താൻ.താൻ രാജ്യത്തിന്റെ പൊതു സ്വത്താണ്‌.എന്നെപ്പോലെ ധാരാളം പേരുണ്ടാകും.പക്ഷേ തന്നേപ്പോലുള്ളവർ വല്ലപ്പോഴും മാത്രം നാടിനു കിട്ടുന്ന ഭാഗ്യമാണെടോ."

ഗൗരിയും അവസരത്തിനൊത്തുയർന്നു.കറയറ്റ സൗഹൃദം വാക്കുകളായി....

"പ്രിയാ,എനിക്കു തന്റെ കഴിവുകൾ വേണം,തന്റെ ആത്മാർത്ഥത വേണം,തന്റെ നല്ല സ്വപ്നങ്ങൾ വേണം.എന്റെ ആദ്യ സിവിൽ പ്രോജക്റ്റ്‌"ഗൗരീപ്രിയ കമ്മ്യുണിറ്റി ലിവിംഗ്‌ എപ്പാർട്ടുമെന്റ്‌സ്‌" ഉടനേ തുടങ്ങണം.മീനു വലുതായല്ലോ.ഇനി തന്റെ കുറച്ചു സമയം എനിക്കു വേണ്ടി,താൻ കണ്ട സ്വപ്നങ്ങൾക്കുവേണ്ടി ചെലവഴിക്കാം.....നിങ്ങൾ തിരിച്ചു പോകും മുൻപ്‌ ഞാനവിടെ വരും.രാമുവിനേയും മീനുവിനേയും കാണണം.തന്നെ കുറച്ചു നാൾ എനിക്കും കൂടി തരാൻ ആവശ്യപ്പെടണം....
താൻ പറഞ്ഞതുപോലെ നാടിനുവേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യണം.സാധിക്കുമെടോ,എന്റെ മണിപവ്വറും തന്റെ കഴിവുകളും കൂടിയാകുമ്പോൾ..."

"വേണം,തീർച്ചയായും വേണം ഗൗരീ,ഞാൻ വരാം.."

"പ്രിയാ താനോർക്കുന്നോ തന്റെ അച്ഛനിഷ്ടമുള്ള ആ പഴയ പാട്ട്‌..."

"അണിയത്തു ജിന്ന നിന്നാൽ..."പ്രിയ ആവേശത്തോടെ ഗൗരിയുടെ കൂടെ ചേർന്നു പാടി...
"അമരത്തു ഗാന്ധി നിന്നാൽസുമധുരം സരോജിനി പാടിയും തന്നാൽ,അണയുവതെങ്ങു നമ്മൾ,തളരുവതെങ്ങു നമ്മൾ...."

സ്നേഹാലിംഗനത്തിലമർന്ന പ്രിയചങ്ങാതിമാരെ നോക്കി ഗൗരിയുടെ കള്ളക്കണ്ണൻ കണ്ണിറുക്കിയോ?

അവസാനിച്ചു