Saturday, December 06, 2008

കരയാന്‍ ഇഷ്ടമില്ലാത്തവര്‍ -മു‌ന്നാം ഭാഗം

"താൻ വിചാരിക്കുമ്പോലെ അക്കാര്യങ്ങളൊന്നും എന്നെ ഇപ്പോൾ തീരെ വിഷമിപ്പിക്കുന്നില്ല.തിരുത്താനാകാത്ത കാര്യങ്ങളെക്കുറിച്ച്‌ പാഴാക്കാനുള്ളതല്ല ജീവിതമെന്ന്‌ ഞാൻ പഠിച്ചു." ഗൗരി തത്വജ്ഞാനിയായി.

കോഫി ആസ്വദിച്ച്‌ അവൾ തുടർന്നു...തികച്ചും നിർവ്വികാരമായി...മറ്റൊരാളുടെ കാര്യം പറയുന്ന ലാഘവത്തോടെ.....

"ഇറ്റ്‌ വാസ്‌ എ ക്ലീൻ കീയിസ്‌ ഓഫ്‌ ചീറ്റിംഗ്‌.ആദ്യമായി അയാൾ എന്നോട്‌ പറഞ്ഞതെന്‌തെന്നോ?....ഐ ആം ഇംപൊട്ടെന്റ്‌ എന്ന്‌!പിറ്റേ ദിവസം വീട്ടിൽ വിടാം,പക്ഷേ,ഇക്കാര്യം വെളിയിൽ വിടരുതെന്ന്‌ അപേക്ഷിച്ചു.ഏറെ നേരം ആലോചിച്ച്‌ ഞാൻ സമ്മതിച്ചു,ഒരു ഉപാധിയോടെ..."

ഗൗരി അൽപ്പസമയം മൗനിയായി.എന്റെ പാവം പാവം ഗൗരി..പ്രിയയുടെ മനസ്സു നൊന്‌തു,നെഞ്ചു പടപടാ മിടിച്ചു.

"പറഞ്ഞതു സത്യമെങ്കിൽ ഇനി ഒരിക്കലും മറ്റൊരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കരുത്‌....അയാൾ അതു സമ്മതിച്ചു.അങ്ങനെ പിറ്റേന്ന്‌ ഞാൻ തിരികെ വീട്ടിൽ.അധികം കഴിയാതെ വിവാഹമോചനം."

അമ്മയോടു മാത്രം കാര്യങ്ങൾ പറഞ്ഞു.അന്നും അമ്മ ശക്തി തന്നു.പക്ഷേ,രവിയുടെ മരണം.... അത്‌ അമ്മയ്ക്കും മകൾക്കും താങ്ങാനായില്ല.പിന്നെ സങ്കടപ്പെരുവഴികൾ ഏറെ താണ്ടി...

"എന്റെ ജോലി,ബിസിനസ്സ്‌,ഇതൊന്നിനും വലിയ ബുദ്ധിമുട്ടുകൾ വന്നിട്ടില്ലെടോ.പക്ഷേ,എന്റെ സ്വന്‌തം കുടുംബം എന്നത്‌ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ കുറിച്ചിട്ടില്ല എന്നെനിക്കു മനസ്സിലായി.ഞാൻ അതുമായി പൊരുത്തപ്പെട്ടു.ഇതെന്റെ നിയോഗം എന്നു ജോലിയിൽ മുഴുകി ജീവിച്ചു...പക്ഷേ ഇപ്പോൾ എനിക്കു മടുത്തു പ്രിയാ..ഈ കുപ്പായം ഇനി എനിക്കൂരിയെറിയണം,അതിനു നിന്റെ സഹായം വേണം."

പ്രിയ അന്‌തം വിട്ടു.ഈ വലിയ ബിസിനസ്സുകാരിയെ ഞാൻ എങ്ങനെ സഹായിക്കാൻ..."ഞാൻ എന്റെ ഷയറുകളെല്ലാം മീനുവിന്റെ പേരിലാക്കാം.അവൾ പ്രാപ്തയാവും വരെ താനും രാമുവും ഇതേറ്റെടുക്കണം..."

പ്രിയയ്ക്ക്‌ വീണ്ടും ദേഷ്യം പിടിക്കാനുള്ള ഊഴമായി.

"തനിക്കെന്‌താ,ബുദ്ധി കൂടി ഭ്രാന്‌തു പിടിച്ചോ ഗൗരീ?എന്‌തു മണ്ടത്തരമാ താനീ പറയുന്നത്‌?"

"ഓ,താൻ വലിയ അഭിമാനി... ഇതൊന്നും സമ്മതിക്കില്ല എന്നൂഹിച്ചു ഞാൻ.എന്നാലും...ആലോചിക്കാതെ പറഞ്ഞതല്ല പ്രിയാ,എനിക്കു മനസ്സ്‌ മടുത്തിരിക്കുന്നു."

കുടത്തിലടച്ച ധർമ്മസങ്കടങ്ങൾ ഒന്നൊന്നായി ഗൗരി വെളിയിലെടുത്തു.

"നമ്മുടെ കാലത്ത്‌ ലേഡീ എൻജിനീയർമാർക്ക്‌ ജോലി കിട്ടാൻ എത്ര പ്രയാസമായിരുന്നു.ആ സ്ഥിതി മാറി.ധാരാളം പെൺകുട്ടികൾക്കു കമ്പനിയിൽ ജോലി കൊടുത്തു.അവർ ഉയർന്ന ശമ്പളക്കാരായി.എന്റെ കമ്പനി രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിൽ ഭാഗഭാക്കായി.ജീവകാരുണ്യപ്രവർത്തനങ്ങൾ പലതും നടത്തുന്നു.ആത്മസംതൃപ്തി തോന്നിയിരുന്നു,പക്ഷേ ഇപ്പോൾ...."

പാർക്കിൽ വെച്ച്‌ സ്ഥിരം കാണുമായിരുന്ന ഒരു മലയാളി കുടുംബം.അച്ഛൻ,അമ്മ 2 വയസ്സുകാരി മകൾ.പരിചയമായപ്പേ്പ്പാൾ അറിഞ്ഞു,അമ്മ രമ എൻജിനീയറാണ്‌.പക്ഷേ ജോലിക്കു പോകുന്നില്ല.വെറുതേ ചോദിച്ചു,പഠിച്ചതല്ലേ,ജോലിക്കു പോരുന്നോ എന്ന്‌.

അവർ സമ്മതിച്ചു.രമ ജോലിക്കുചേർന്നു.മിടുക്കിയായിരുന്നു അവൾ.കഠിനാധ്വാനി.പെട്ടെന്നു ജോലിയിൽ ഉയർച്ച നേടി.പക്ഷേ,പിന്നീട്‌ അവരുടെ ജീവിതം അപസ്വരം നിറഞ്ഞതായി.ജോലിയിലെ നേട്ടങ്ങൾ കുടുംബത്തിന്റെ കോട്ടങ്ങളായെന്ന്‌ ഭർത്താവിനു തോന്നി.ജോലി രാജി വയ്ക്കണമെന്നും വേണ്ടെന്നുമുള്ള തർക്കം മൂത്ത്‌ ഇപ്പോൾ കുടുംബകോടതി കയറുന്നു...

അവരെ ദ്രോഹിക്കയോ സഹായിക്കയോ ചെയ്തത്‌?ആ കുരുന്നു കുഞ്ഞിന്റെ മുഖം വീർപ്പുമുട്ടലാകുന്നു.

പ്രിയയ്ക്കതിനുത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

"താൻ നിശ്ചയമായും ആ കുടുംബത്തെ സഹായിക്ക തന്നെയാണു ചെയ്തത്‌.അവരുടെ കുടുംബം നിലനിർത്താൻ കഴിയാതെ പോയത്‌ അവരുടെ തെറ്റ്‌.സ്വന്‌തം മകളെപ്പറ്റി ഓർക്കേണ്ടത്‌ അവരാണ്‌.താനല്ല.പോട്ടെ,ഇനി വേറെന്‌താ?"

വിധിപ്രസ്താവം ഞൊടിയിടയിൽ കഴിഞ്ഞു,പന്‌ത്‌ വീണ്ടും ഗൗരിയുടെ കോർട്ടിലായി.

വിദേശപണംകൊണ്ടാണ്‌ നമ്മുടേതു പോലുള്ള കമ്പനികൾ വലുതായത്‌.പക്ഷേ,നമ്മുടെ കുട്ടികളിൽ പലരും പണത്തിനൊപ്പം അവരുടെ ജീവിതരീതി കൂടി അനുകരിക്കുന്നു.കൂണു പോലെ പബ്ബുകൾ,വെള്ളിയും ശനിയും രാത്രികളിൽ ആൺപെൺ ഭേദമില്ലാതെ കുടിച്ചു തിമിർക്കുന്നു.ഡേറ്റിംഗ്‌,കോഹാബിറ്റേഷൻ...

ഇതൊക്കെ മോഡേണിറ്റി എന്നു ധരിച്ചു വശായിരിക്കുന്നു കുട്ടികൾ.വിദേശികളുടെ നല്ല ഗുണങ്ങൾ എത്രയോ ഉണ്ട്‌.പക്ഷേ കുട്ടികൾ അനുകരിക്കുന്നത്‌ അതല്ല.ഇതിനൊന്നും തടയിടാൻ ആകുന്നില്ല.ഒരൊഴുക്കിൽ പെട്ട പോലെ.മനസ്സ്‌ ആകെ അസ്വസ്ഥമാകുന്നു.

"നോക്കൂ,ഗൗരീ,ഈ പ്രശ്നങ്ങൊളൊന്നും താനുണ്ടാക്കിയതല്ല.അച്ഛനമ്മമാരുടെ കടങ്ങളെല്ലാം വീട്ടി,വളരെ ചെറുപ്പത്തിൽ സ്വന്‌തമായി വീടും കാറും എല്ലാം സമ്പാദിക്കുന്ന എത്രയോ ഐ.റ്റി കുട്ടികളുണ്ടിവിടെ.റിയൽ എസ്റ്റേറ്റിലും മ്യുച്വൽ ഫണ്ടിലും ഷെയറിലും ഒക്കെ പണം നിക്ഷേപിക്കുന്ന അവരെക്കുറിച്ചോർക്കുക നമ്മൾ.അവരൊക്കെ തന്നോട്‌ കടപ്പെട്ടവരാണ്‌ ഗൗരീ.... ഐൻസ്റ്റീൻ ആറ്റംബോംബ്‌ കണ്ടുപിടിച്ചത്‌ ലോകം നശിപ്പിക്കാനല്ല,പക്ഷെ നടന്നതോ?തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണിതെല്ലാം.അതിനു താൻ ഉത്തരവാദിയല്ല."

പ്രിയ തുടർന്നു...."വന്നു കയറി തന്റെ കെട്ടും മട്ടും ഒക്കെ കണ്ടപ്പോൾ ഞാൻ വാസ്തവത്തിൽ ഭയന്നു,രണ്ടെണ്ണം വീശാം എന്നെന്നോടു പറയുമോ എന്ന്‌. ഭാഗ്യം,അതുണ്ടായില്ലല്ലോ..."
അന്‌തരീക്ഷത്തിനു ലാഘവം വരുത്തി രണ്ടാളും പൊട്ടിച്ചിരിച്ചു.

തമാശരൂപേണ പ്രിയ പറഞ്ഞു,"എന്‌തു ചെയ്യാൻ,എറിയാനറിയാവുന്നവന്റെ കയ്യിൽ ദൈവം കല്ലു കൊടുക്കില്ലല്ലോ.എന്റെ ഗൗരീ,തന്റത്ര പണമുണ്ടായിരുന്നെങ്കിൽ,ഞാൻ എന്‌തെല്ലാം ചെയ്യുമായിരുന്നെന്നോ?ഐ വുഡ്‌ ഹാവ്‌ ഡൺ മെനി തിംഗ്‌സ്‌ റ്റു മെയ്‌ക്‌ അവർ കേരള എ ബെറ്റർ പ്ലെയ്‌സ്‌ റ്റു ലീവ്‌."

"ഹൗ?കേൾക്കട്ടെ,പറയ്‌,"ഗൗരി പ്രിയയെ പ്രോത്സാഹിപ്പിച്ചു.ഉത്സാഹത്തോടെ പ്രിയ പറഞ്ഞു തുടങ്ങി....ഒരിക്കലും നടക്കാനിടയില്ലാത്ത പ്രിയയുടെ സുന്ദരസ്വപ്നങ്ങൾ....

അധികാരമോഹമില്ലാത്ത,പണക്കൊതിയില്ലാത്ത ഒരു സ്ത്രീ കൂട്ടായ്മ.അവർ സർക്കാരിനെ നന്നയി ഭരിക്കാൻ സഹായിക്കും.വിമർശനമല്ല അവരുടെ ലക്ഷ്യം.സഹായിക്കലാണ്‌.പല കാര്യങ്ങൾക്കായി സർക്കാർ ഓഫീസ്‌ കയറിയിറങ്ങേണ്ടി വരുന്നവർക്ക്‌,പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ ഒരത്താണി.

പിന്നെ നല്ല വണ്ണം പരിശീലനം ലഭിച്ച വീട്ടുസഹായികളുടെ ഏജൻസി.ജോലി നൽകുന്നവരേയും ലഭിക്കുന്നവരേയും ഒരു പോലെ തൃപ്തരാക്കുന്ന ചുമതലയുള്ള സ്ഥാപനം.നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണത്‌.

പ്രായമായവർക്ക്‌ സമപ്രായക്കാരുമായി ഒന്നിച്ച്‌ സന്‌തോഷത്തോടെ കഴിയാനാവുന്ന സ്റ്റുഡിയോ കമ്മ്യൂണിറ്റി ലിവിംഗ്‌ എപ്പാർട്ട്‌മെന്റുകൾ,അതിന്റെ ലാഭമെടുത്ത്‌ പൈസയില്ലാത്തവരെ പാർപ്പിക്കൻ സ്ഥലം....

"പ്രിയ,യു മീൻ ജെറിയാട്രിക്‌ ഹോംസ്‌?വൃദ്ധസദനങ്ങൾ?ഇൻ ഫാക്റ്റ്‌,ഐ വാസ്‌ തിങ്കിംഗ്‌ ഓഫ്‌ ഇൻവെസ്റ്റിംഗ്‌ ഇൻ സിവിൾ കൺസ്റ്റ്രക്ഷൻ ഫീൽഡ്‌.ഇപ്പോൾ നല്ല കൺസ്ട്രക്ഷൻ ബൂമാണല്ലോ".ഗൗരിയിലെ ബിസിനസ്സുകാരി ഉണർന്നു.

"അതെ,പക്ഷേ ആ പേരു വേണ്ടെടോ.അതുകൊണ്ടാ ഞാൻ മനഃപൂർവം കമ്മ്യൂണിറ്റി ലിവിംഗ്‌ എന്നാക്കിയത്‌."

"തനിക്കു കൂട്ടുകാരില്ലേ ഗൗരീ?"പൊടുന്നനെ പ്രിയ ചോദിച്ചു.

"മിത്തുവിനു കൂട്ടുകാർ ഒരുപാടുണ്ട്‌,പക്ഷേ....പക്ഷേ....ഗൗരിക്കാരുമില്ലെടോ ഒന്നു ചായാൻ..."

"എസ്‌,സോ,ദേറ്റ്സ്‌ യുവർ റിയൽ പ്രോബ്ലം.ഇത്രയും നാൾ തനിക്ക്‌ അജ്ഞാതവാസം വിധിച്ചത്‌ താൻ തന്നെ.ഇനി അതു വേണ്ട.തനിക്ക്‌ ഞങ്ങളുണ്ടാകും.താൻ തന്നെ തുടർന്നു കമ്പനിയും നടത്തും."

"ആ,അതൊക്കെ പോട്ടെ,താൻ വിശദീകരിക്കാതെ വിട്ട ഒരു ലിങ്കുണ്ടല്ലോ.രാജൻ ചെറിയാൻ...കക്ഷി എവിടെ?ഇപ്പൊഴും അയാളുടെ പേരോർക്കുമ്പോൾ മുട്ടു വിറയ്ക്കുന്നു,അയാളുടെ ഭാര്യയെ താൻ കണ്ടോ?"

"അയാൾ ഇവിടെയുണ്ട്‌,അമ്മയ്ക്കൊപ്പം.അവിവാഹിതൻ."

"സ്റ്റിൽ അ ബാച്ചലർ?ബട്‌ വൈ?"പ്രിയയ്ക്ക്‌ ആകാംക്ഷയായി.

ധാരാളം പെണ്ണന്വേഷണം നടത്തിയത്രേ.ഒന്ന്‌ ഏതാണ്ട്‌ നിശ്ചയിക്കയും ചെയ്തു.പക്ഷേ,കള്ളുചാറയെന്നു പറഞ്ഞ്‌ അവസാനം തട്ടിപ്പോയി.

ആൾ ഒരു രസികനാണ്‌.കല്യാണം വരെ നല്ലവനായി ഇരുന്നിട്ട്‌ അതിനുശേഷം കള്ളുകുടി തുടങ്ങിയാൽ ഈ തന്‌തപ്പിടികളൊക്കെ എന്‌തോ ചെയ്യും എന്നാണയാളുടെ ചോദ്യം.അയാൾ എത്രയോ വർഷമായി ടീടോട്ടലറാണത്രേ.ഇപ്പോൾ അയാൾക്കു കല്യാണത്തിൽ വലിയ താത്‌പര്യമൊന്നുമില്ല.പക്ഷേ,അമ്മച്ചി സമ്മതിക്കുന്നില്ല.

"എനിക്ക്‌ അയാളോടു വളരെ കടപ്പാടുണ്ട്‌,ഹീ ഈസ്‌ നോട്ട്‌ ഒൺലി മൈ മെന്റർ,ബട്ട്‌,ഫ്രണ്ട്‌,ഫിലോസഫർ ആന്റ്‌ ഗൈഡ്‌," ഗൗരിയുടെ ശബ്ദം നേർത്തതായി.
തുടരും-ഭാഗം 4ലേക്ക്‌.....

3 comments:

  1. "ആ,അതൊക്കെ പോട്ടെ,താൻ വിശദീകരിക്കാതെ വിട്ട ഒരു ലിങ്കുണ്ടല്ലോ.രാജൻ ചെറിയാൻ...കക്ഷി എവിടെ?..."

    അതെ അതു തന്നെയാ ഞാനും ആലോചിച്ചത്:)

    ReplyDelete
  2. അയാളെ കണ്ടു മുട്ടിയേക്കും എന്ന് ഞാനും ഓര്‍ത്തതേയുള്ളൂ...

    ReplyDelete
  3. അതെയതെ രാജൻ എവിടെ? നമ്മുടെ കുട്ടികൾ ഈകൂലികളായി പാശ്ചാത്യരെ അനുകരിക്കുന്നത് വല്ലാത്ത കഷ്ടമായി എനിക്കും തോന്നിയിട്ടുണ്ട്.

    ReplyDelete