Thursday, September 28, 2017

മാഗ്നാ കാർട്ടാ

ഇതു മനോരമ ഓണ്‍ലൈനില്‍ വന്നിരുന്നു. ലിങ്ക് ഇവിടെ.


                         

ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ-404 അടി-ഗോപുരമുള്ള പടുകൂറ്റൻ കത്തീഡ്രൽ സമുച്ചയം കാണാൻ പോകുമ്പോൾ, അവിടെച്ചെന്ന് കേരളത്തിലെ ഒരു പെൺകുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന് ഇടയാകും എന്ന് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. പക്ഷേ അതു സംഭവിക്കുക തന്നെ ചെയ്തു. അതെ, ഇംഗ്ലണ്ടിന്റെ ചരിത്രം സംബന്ധിച്ച് സുപ്രധാനമായ, 800 ൽ പരം വർഷങ്ങൾ പഴക്കമുള്ള മാഗ്നാ കാർട്ട അഥവാ മഹാപ്രമാണപത്രിക എന്ന രേഖയുടെ നാല് മൂലപകർപ്പുകളിൽ ഒന്നു സൂക്ഷിച്ചിരിക്കുന്ന സാൽസ്ബറി കത്തീഡ്രൽ കാണവേയാണ് അതു സംഭവിച്ചത്. കണ്ടാലും കണ്ടാലും കണ്ടുതീരാത്ത ആ ബ്രൃഹത് പള്ളിസമുച്ചയം കണ്ടു നടക്കുമ്പോഴാണ് നമുക്കേറ്റ മുറിവുകൾ അവിടെ ഉപേക്ഷിച്ച്, നവമായ മനസ്സോടെ മുന്നോട്ടു പോകാനുള്ള ഒരു പ്രാർത്ഥനാ ഇടം കണ്ടത്. അതു കണ്ടയുടനേ 'അപരാജിത '-ഇര അല്ല- എന്നു ഞങ്ങൾ ചിലർ പറയുന്ന പെൺകുട്ടി വളരെ സ്വാഭാവികമെന്നോണം എന്റെ മനസ്സിലേക്ക് കടന്നു വരികയായിരുന്നു. ആ ഇരുണ്ട രാത്രിയുടെ ഓർമ്മകൾ അവളുടെ മനസ്സിൽ നിന്ന് എന്നേക്കുമായി തുടച്ചുനീക്കണമേ എന്നു ഞാൻ പ്രാർത്ഥിച്ചു. അവിടംകൊണ്ടും തീർന്നില്ല, കേരളത്തിലെ അനേകം സ്ത്രീജനങ്ങൾക്കു ധൈര്യം പകർന്ന അവൾക്കായി, ഇന്നേവരെ ഞാൻ കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടില്ലാത്ത അവൾക്കു വേണ്ടി, ട്രിനിറ്റി ചാപ്പലിൽ മെഴുകുതിരിയും കൊളുത്തി. വാസ്തവത്തിൽ അവളുടെ മുറിവുകൾ എത്രമാത്രം എന്റേതും കൂടി ആയിത്തീർന്നിരിക്കുന്നു എന്നൊരു തിരിച്ചറിവു കൂടിയായിരുന്നു അത്.

വിവിധ നിറങ്ങളിൽ കായ്ച്ചുലഞ്ഞു നിൽക്കുന്ന, ആരും പറിക്കാനില്ലാത്ത ആപ്പിൾ മരങ്ങളും പ്ലം മരങ്ങളും ഉൾപ്പടെ വൃക്ഷങ്ങളും ചെടികളും വശങ്ങളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ഹൈവേയിലൂടെ സാൽസ്‌ബെറിയിലെത്തി. പഴമ മുറ്റി നിൽക്കുന്ന തെരുവിലൂടെ നടക്കുമ്പോൾ ഏതോ ഗതകാലത്തിലൂടെ സഞ്ചരിക്കുകയാണെന്ന് തോന്നിപ്പോയി. ഇതിനുമുമ്പ് ഷേക്‌സ്പിയേഴ്‌സ് പ്ലേസ് സന്ദർശിച്ച ഓർമ്മയും വന്നു. തണുപ്പിനെ പ്രതിരോധിക്കാൻ പല പാളി വസ്ത്രങ്ങൾ ധരിച്ചിരുന്നെങ്കിലും മുഖത്തേക്കു വീശുന്ന തണുത്ത കാറ്റ് വല്ലാതെ വിഷമിപ്പിച്ചു. കൂട്ടത്തിൽ കുഞ്ഞി ചാറ്റൽമഴയും. ചൂടുകോഫി കഴിച്ച് സ്വയം ചൂടാക്കി കത്തീഡ്രലിൽ എത്തി. മുപ്പത്തെട്ടു വർഷങ്ങളെടുത്ത് 1200 കളിൽ പണിതീർത്ത കത്തീഡ്രൽ ഉയർത്തിയിരിക്കുന്നത് ചതുപ്പു നിലത്ത് വെറും നാലടി മാത്രം താഴ്ച്ചയുള്ള അടിത്തറയിലാണ്! പരശുരാമൻ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്ന ഐതിഹ്യം പോലെ ഒന്ന് ഇതു സംബന്ധിച്ചും ഉണ്ട്. തന്റെ അമ്പ് എവിടെ പതിക്കുന്നുവോ അവിടെ പള്ളി പണിയും എന്നു ബിഷപ്പ് തീരുമാനിച്ചുവെന്നും പക്ഷേ അമ്പേറ്റ് ഒരു മാൻ വീണെന്നും അവിടെയാണ് പള്ളി പണിഞ്ഞതെന്നും കഥയുണ്ട്.


അകത്തു കയറിയപ്പോൾ പള്ളിയിൽ മാസ് നടക്കുകയാണ്. അതുകൊണ്ട് പള്ളിക്കു ചുറ്റും നടന്നു കണ്ടു ആദ്യം. നാലുകെട്ടിന്റെ മാതൃകയിലാണ് പള്ളി.

നടുത്തളത്തിലെ നെല്ലു പോലെയുള്ള പുൽനാമ്പുകൾ കാറ്റിലുലയുമ്പോൾ ഓളം വെട്ടുന്ന പ്രതീതിയാണ്. രണ്ടു മരങ്ങളും ഒരു പ്രതിമയും വശങ്ങളിൽ കല്ലറകളും ഉള്ള അവിടേക്ക് പക്ഷേ നമുക്ക് പ്രവേശിക്കാനാവില്ല. കമാനമാർഗ്ഗത്തിലെ തിട്ടയിൽ നിന്നും ഇരുന്നും കാണാം. ഒരു വശത്തു നിൽക്കുമ്പോൾ മറുവശത്തു നിന്ന് ഫോട്ടോ എടുക്കാം. കമാനമാർഗ്ഗത്തിലൂടെ നടക്കുന്നത് നൂറ്റാണ്ടുകൾക്കു മുമ്പു മരിച്ചവരുടെ ശവക്കല്ലറകൾക്കു മീതേയാണ്. വളരെ ഉയർന്ന മച്ചിലും ചിത്രപ്പണികൾ ഉണ്ട്. അവ നോക്കി കാണുന്നത് ശ്രമകരമായതിനാൽ അവയുടെ നേർതാഴെ വലിപ്പമുള്ള സമചതുരാകൃതിയിലുള്ള കണ്ണാടി നമ്മുടെ അരപ്പൊക്കത്തിൽ വച്ചിട്ടുണ്ട്. അതിലൂടെ ഓരോ കൊത്തുപണി ചിത്രവും നന്നായി കാണാം, എന്താണ് അത്, ഉദാഹരണത്തിന്, തിന്മയ്ക്കു മേൽ നന്മ ജയിക്കുന്നത്, എന്നും മറ്റും വിശദീകരണവുമുണ്ട്.

കുറച്ചു നീങ്ങിയപ്പോൾ പൊക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു തടി ഫ്രെയിമുകൾ വച്ചിരിക്കുന്നത് കണ്ടു. അവയിൽ നടുക്ക് തല കയറത്തക്ക വിധമുള്ള വലിയ ദ്വാരവും ഇരുവശങ്ങളിലും കൈ പുറത്തേക്ക് ഇടത്തക്കവിധമുള്ള രണ്ടു ചെറുദ്വാരങ്ങളും ഉണ്ട്. ഒരു സഞ്ചിയിൽ  കാഴ്ച്ചക്കാർക്ക് വേണമെങ്കിൽ അഭിനയിച്ചു നോക്കാനായി തലമൂടുന്ന ചുവന്ന തുണിയും ചാക്കുകഷണവും വച്ചിട്ടുണ്ട്. എത്രയോ പേരുടെ രക്തം ചീറ്റി തെറിച്ചിട്ടുണ്ടാകും ആ തലവെട്ടു തടിമറകളിൽ. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് മൂലകുടുംബത്തിൽ പണ്ട് ഉണ്ടായിരുന്നതായി കേട്ടിട്ടുള്ള വാളുതേപ്പു കല്ലിനെ കുറിച്ചാണ്. ആ കല്ലിൽ ഉരച്ച് മൂർച്ച കൂട്ടിയ വാളും കുറെ തലകൾ കൊയ്തിട്ടുണ്ടത്രേ. ശാന്തം പാപം!

അതുകഴിഞ്ഞ് സാക്ഷാൽ മാഗ്നാ കാർട്ട
സൂക്ഷിച്ചിരിക്കുന്നിടം കാണാൻ കയറി. ലേശം ഇരുണ്ട ഇടനാഴിയിലൂടെ കയറിയാണ് സർവ്വത്ര വെളിച്ചം വാരിവിതറുന്ന, നിറം തേച്ച സ്ഫടികപാളികൾ പിടിപ്പിച്ച വശങ്ങളും മച്ചുകളും ഉള്ള അഷ്ടഭുജക്ഷേത്ര(ഒക്ടഗൺ) ആകൃതിയിലുള്ള ചാപ്റ്റർ ഹൗസ് എത്തിയത്. അതിമനോഹരമാണ് അതിന്റെ രൂപകൽപ്പന.
ഭിത്തികളും മച്ചും എല്ലാം കണ്ടാലും കണ്ടാലും മതിവരില്ല, വാതിൽക്കൽ തന്നെ പല ഭാഷകളിൽ കാർഡുകൾ നിരത്തിവച്ചിട്ടുണ്ട്, വെർച്യൂസ് ആൻഡ് വൈസസ് എന്നെഴുതിയ കാർഡ് എടുത്തു വായിച്ചുനോക്കി.
ആർച്ചിൽ നന്മയേയും തിന്മയേയും പ്രതിനിധീകരിക്കുന്ന ധാരാളം കുഞ്ഞിരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്, അവയെ കുറിച്ചാണ്, സ്ത്രീരൂപങ്ങളൾ നന്മയേയും പുരുഷരൂപങ്ങൾ തിന്മയേയും പ്രതിനിധീകരിക്കുന്നു! അത് എനിക്കു റൊമ്പം പുടിച്ച്!

ആട്ടിൻ തോലിൽ ലാറ്റിൻ ഭാഷയിൽ എഴുതിയ 'മാഗ്ന കാർട്ട', മുറിയ്ക്കുള്ളിൽ  ഒരു കൊച്ചു കൂടാരത്തിനുള്ളിലാണ് വച്ചിരിക്കുന്നത്, അവിടെ ഫോട്ടോഗ്രാഫി നിഷിദ്ധവുമാണ്. പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്നു 800 ൽ പരം വർഷങ്ങൾ പഴക്കമുള്ള ആ മൂലപ്രമാണം. ഈ സൂക്ഷിക്കലിന് ബ്രിട്ടീഷുകാരെ നമിച്ചേ മതിയാകൂ! അതിലെ നാലു പ്രമാണങ്ങൾ ഇപ്പോഴത്തെ നിയമാവലിയിലും ഉണ്ട് എന്ന് കൂടാരത്തിനു പുറത്ത് എഴുതിവച്ചിട്ടുണ്ട്.

ചാപ്റ്റർ ഹൗസിൽ ബൈബിൾ കഥകളുടെ ധാരാളം കൊത്തുപണികളുണ്ട്, ആദത്തിനേയും അവ്വയേയും പുറത്താക്കുന്നുത്, പ്രളയത്തിൽ നോഹ പെട്ടകത്തിൽ കയറുന്നത് തുടങ്ങി പലതും. പക്ഷേ കണ്ടുപിടിക്കുവാൻ സമയം മെനക്കെടണം, നന്നേ പാടുപെടുകയും ചെയ്യും!

പിന്നീടാണ് പള്ളിക്കകം പൂകിയത്. നമ്മൾ എവിടെയാണ് അപ്പോൾ നിൽക്കുന്നതെന്ന് ഒരു വനിത അവരുടെ മാപ്പ് കാണിച്ചു പറഞ്ഞുതന്നു, ലീഫ്‌ലെറ്റുകളും നൽകി. കഴുത്തുമുതൽ പാദം വരെ നീളുന്ന ളോഹ ധരിച്ച് അവിടെ നിന്നിരുന്ന നാലു പുരോഹിതരിൽ ഒരാൾ സ്ത്രീയായിരുന്നു! അപ്പോൾ അൾത്താരകൾ ഇവിടെ സ്ത്രീകേറാമലയല്ല! ഇംഗ്ലണ്ടിൽ ആദ്യമായി പെൺകുട്ടികളുടെ കൊയർ തുടങ്ങിയതും ഇവിടെയാണത്രേ. ആകെ സ്ത്രീസൗഹൃദാന്തരീക്ഷം!

ലോകത്തിലേക്കും ഏറ്റവും പഴക്കം കൂടിയ, അക്ഷരങ്ങളില്ലാത്ത, ശബ്ദിക്കുക മാത്രം ചെയ്യുന്ന ഭീമൻ ക്ലോക്ക് വശത്ത് വച്ചിരുന്നു. ഉയരം വളരെ കൂടിയതിനാലും തിരക്കു മൂലവും വളരെ ദൂരെ നിന്നല്ലാതെ മുഴുവനും ഫോട്ടോയിൽ വരുത്തുവാൻ പ്രയാസമാണ്. പടങ്ങൾ ഇവിടെ കാണാം. വിക്കി ഫോട്ടോ ഇവിടെ കാണാം.

പല പ്രാർത്ഥനായിടങ്ങൾ ചേർന്നതാണ് സമുച്ചയം. വശങ്ങളിൽ നൂറ്റാണ്ടുകൾക്കു മുമ്പുള്ള വളരെ പഴയ കല്ലറകളും അവയ്ക്കു മുകളിൽ കിടക്കുന്ന ആൺ-പെൺ രൂപങ്ങളും കണ്ടു. ഭിത്തികളിൽ മരിച്ചുകിടക്കുന്ന രൂപത്തിലുള്ള പ്രതിമകൾ ധാരാളം. എല്ലാം അതാതുകാലത്തെ പ്രധാനികൾ.

ഇടയ്ക്കിടെ പല കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട്, പക്ഷേ അതൊന്നും ഏച്ചുകെട്ടിയതായി തോന്നുകയേയില്ല. പഴയ വാസ്തുശൈലിയുമായി അത്രയ്ക്ക് ഇണങ്ങുംവിധമാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നടുക്കായി ഒരു സമചതുരത്തിൽ വശങ്ങൾ കമാനാകൃതിയിൽ ചെയ്ത നിറഞ്ഞുകവിയുന്ന ഒരു കുളമുണ്ട്, പക്ഷേ ഒരു തുള്ളി പോലും തറയിൽ വീഴില്ല! നാലു മൂലകളിലൂടെ മാത്രമേ വെള്ളം പുറത്തേക്ക് ഒഴുകുകയുള്ളു. അതും വശത്തേക്ക് തെറിപ്പിക്കുകയൊന്നുമില്ല, കൃത്യമായി അതിനുള്ള കുഴിയിലേക്ക് തന്നെ. അതിലെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം നന്നായി ബോധിച്ചു. 2008 ലെ കൂട്ടിച്ചേർക്കലാണ് ഇത്. നാലു വശവുമുള്ള കമാനാകൃതികളിൽ ഓരോ ബൈബിൾ വാക്യം ആലേഖനം ചെയ്തിട്ടുണ്ട്, പള്ളിയിലെ മാമോദീസയക്ക് ഇപ്പോൾ ഈ ജ്ഞാനസ്‌നാന തൊട്ടി (ഫോണ്ട്, വില്യം പൈ Font) ഉപയോഗിക്കുന്നു.

ആളൊഴിഞ്ഞ് നേരേ ഒരു ഫോട്ടോ എടുക്കാൻ പറ്റിയില്ല അവിടെ. ഇതാ അവരുടെ സൈറ്റിലെ പടം.

പതിയെ ഉള്ളിലേക്കു വീണ്ടും നടന്നപ്പോഴാണ് കറങ്ങുന്ന പ്രിസം സൂക്ഷിച്ചിട്ടുള്ള, ആദ്യം സൂചിപ്പിച്ച പ്രാർത്ഥനാ ഇടം കാണാനിടയായതും പ്രാർത്ഥിച്ചതും. ട്രിനിറ്റി ചർച്ചിലെ
അൾത്താരയ്ക്കു സമീപം എത്തിയപ്പോൾ ഒരു വലിയ നോട്ടുബുക്ക് കണ്ടു. അവിടെ ദിവസവും പേരും വിവരങ്ങളും എഴുതിവച്ചാൽ ആഗ്രഹിക്കുന്ന ദിവസം അവർ നമുക്കുവേണ്ടി പ്രാർത്ഥിക്കും അത്രേ. കുറേ പേർ എഴുതിയിരിക്കുന്നത് കണ്ടു.

രോഗവും മരുന്നുകളും ഓർമ്മകോശങ്ങളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഇപ്പോഴല്ല, മാഗ്ന കാർട്ട എന്നു കേട്ടാലുടൻ 1215 എന്നു പറയുവാൻ കഴിയുമായിരുന്ന തെളിയോർമ്മകൾ ഉണ്ടായിരുന്ന കാലത്തായിരുന്നു ഇവിടെ വരേണ്ടിയരുന്നത് എന്ന നെടുവീർപ്പോടെയാണ് ആ പുരാതനപള്ളി വിട്ടു പുറത്തേക്കിറങ്ങിയത്.

കത്തീഡ്രലിനെ കുറിച്ചും മാഗ്നാ കാർട്ടയെ കുറിച്ചും കൂടുതൽ അറിയാൻ https://www.salisburycathedral.org.uk/magna-c-ar-ta  സന്ദർശിക്കാം. പളളിയ്ക്കുള്ളിലൂടെയുള്ള വെർച്വൽ ടൂറും നടത്താം.No comments:

Post a Comment