Friday, December 17, 2010

ആസ് യൂ ലൈക്ക് ഇറ്റ്

ലണ്ടനില്‍ എല്ലാ മായക്കാഴ്ചകളേക്കാളും കാണണമെന്ന് ഏറെ ആഗ്രഹിച്ചത് വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ ജന്മ ഗൃഹവും അദ്ദേഹത്തിന്റെ ഗ്ലോബ് തീയേറ്ററുമാണ്. അങ്ങനെ ഒരു ദിനം സ്റ്റ്രാറ്റ് ഫോഡിലെത്തി, അതെ, ഷേക്‌സ്പിയറിന്റ ജന്മം കൊണ്ട് ധന്യമായ സ്റ്റ്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണില്‍ (Stratford upon Avon) തന്നെ.

ഹെന്‍ലി തെരുവിലാണ് ആ പ്രസിദ്ധ ഗൃഹം. വീടിനു മുമ്പിലുള്ള റോഡില്‍ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Pub

 തെരുവിലേക്കു കയറുന്നിടത്ത് പഴമ കൂടു കൂട്ടിയ ഭംഗിയുള്ള ഒരു പബിനു മുന്നില്‍ മുകളില്‍ തുറസ്സായ ഹോപ് ഓണ്‍ ഹോപ് ഓഫ് ബസു കിടന്നിരുന്നു. 25 പൗണ്ടു കൊടുത്ത് അതില്‍ കയറിയാല്‍ ആ പ്രദേശത്തുള്ള കാഴ്ച്ചകള്‍ നമ്മുടെ സമയം പോലെ നമുക്കു കാണാം, 24 മണിക്കൂര്‍ ആ ടിക്കറ്റ് സാധുവാണ്. ഒരിടത്തു കൂടുതല്‍ സമയം വേണമെങ്കില്‍ അങ്ങനെയാകാം. കണ്ടു കഴിഞ്ഞ് ഇതേ ടിക്കറ്റ് ഉപയോഗിച്ച് അവിടുന്നുള്ള അടുത്ത ബസില്‍ കയറാം.

വീടടുത്തപ്പോള്‍ ഫുട്പാത്തിനു മുമ്പില്‍ കൊച്ചു കാണിക്കപ്പെട്ടി പോലൊരു കറുത്ത പെട്ടി. പൂക്കള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിയുമുണ്ട് അടുത്ത്. പെട്ടിക്കു സമീപം ഫുട്പാത്തില്‍ തന്നെ എഴുതി വച്ചിരിക്കുന്നു ഷേക്‌സ്പിയറിന്റെ പ്രേതം (Shakespeare's ghost)! തമാശയാവാം. പഴമ പോലെ തന്നെ ഇംഗ്ലീഷുകാര്‍ക്ക് പക്ഷേ പ്രേതങ്ങളും ഹരമാണ്. ചിലര്‍ അതില്‍ ഗവേഷണം പോലും നടത്തുന്നു!പ്രേത നടത്തങ്ങള്‍ (Ghost Walks) സംഘടിപ്പിക്കലുമുണ്ട്.

ഷേക്‌സ്പിയേഴ്‌സ് ബര്‍ത്തുപ്ലേസ് എന്ന ബോഡ് തന്നെ അത്ഭുതാദരങ്ങള്‍ ഉണര്‍ത്തി. 12 പൗണ്ടാണ് പ്രവേശനഫീസ്. ചുരുക്കം സ്ഥലങ്ങളിലൊഴികെ എല്ലായിടവും പ്രവേശനഫീസുണ്ട് . ഇത്തിരി കട്ടിയാണ് ഫീസ് (മാഡം തുസാട്‌സ്ില്‍ 29 പൗണ്ടായിരുന്നേ)എന്നു തോന്നിയെങ്കിലും സ്ഥലങ്ങള്‍ എല്ലാം നന്നായി പരിപാലിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അതു മാറി.

Exitതുകല്‍ വ്യാപാരിയുടെ മകനായി ജനിച്ച അക്ഷരരാജാവിന്‍റെ ഗൃഹം വളരെ ആവേശത്തോടെയാണ് കണ്ടത്. പഴമ മുറ്റി നിന്ന പല മുറികളായി, ബിബിസി സഹായത്തോടെ ഒരുക്കിയ ചെറിയ ഫിലിം ഷോ ആണ് ആദ്യം. ഷേക്‌സ്പിയറിന്‍റെ ജനനം, ബാല്യം, കൗമാരം ,യൗവ്വനം ഇവയിലൂടെ നമ്മളും അപ്പോള്‍ കടന്നു പോകും. പിന്നെ വിശ്വപ്രസിദ്ധമായ ഉദ്ധരണികളുടെ വിഡിയോ ക്ലിപ്പിങ്ങുകള്‍ ! അതു മനസ്സിലുണര്‍ത്തിയ വികാരം പറയാവതല്ല. സ്ഥാനത്തും അസ്ഥാനത്തും അര്‍ത്ഥം അറിഞ്ഞും അറിയാതേയും ഇവയെല്ലാം എത്ര പ്രയോഗിച്ചിരിക്കുന്നു! ഇനി എത്ര തലമുറകള്‍ പ്രയോഗിക്കാനിരിക്കുന്നു.

'All the world 's a stage, And all the men and women merely players'-.As You Like It

'What's in a name? That which we call a rose, By any other name would smell as sweet.'  Romeo and Juliet .

To be or not to be (Hamlet)..അങ്ങനെയങ്ങനെ...

ഫിലിം ഷോ കണ്ടു കഴിഞ്ഞ് ജന്മഗൃഹത്തിലെത്തി. സ്വീകരണമുറിയില്‍ സ്വാഗതം ചെയ്യുന്നത് അന്നത്തെ വേഷഭൂഷ ധരിച്ച ഒരു വനിത. പഴയ ഫര്‍ണീച്ചറുകള്‍ എല്ലാം നഷ്ടപ്പെട്ടെങ്കിലും നല്ലവണ്ണം ഗവേഷണം നടത്തി ഷേക്‌സ്പീരിയന്‍ കാലഘട്ടം പുനര്‍ജ്ജനിപ്പിച്ചിരിക്കുന്നു. ഫയര്‍പ്ലേസുകളില്‍ തീയുണ്ട്. ഊണ്‍മേശ കഴിക്കാന്‍ ഒരുക്കിയതു പോലെ. പിതാവിന്റെ പണിസ്ഥലത്ത് ഗ്ലൗസ് തുടങ്ങിയ തുകല്‍ സാധനങ്ങള്‍. കട്ടിലും തൊട്ടിലും വിറകും അടുക്കളയും മേശയും കസേരയും. അന്നത്തെ ആള്‍ക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാം പുനര്‍ജ്ജനിപ്പിച്ചിരിക്കുന്നു തന്മയത്വത്തോടെ. വാസ്തവത്തില്‍ നമ്മള്‍ 2010 ലാണെന്നത് മറന്നു പോയി അവിടെ നിന്നപ്പോള്‍...ഒപ്പം കണ്ടതു പോര പോര എന്നൊരു തോന്നലും.

A play being enacted
Sun dial in the Garden
Watching bust of Rabindranath Tagore unveiled by Jyothi Bas


പൂന്തോട്ടത്തില്‍  നാടകഭാഗങ്ങള്‍ അവതരിപ്പിക്കുന്നതു കണ്ടു നിന്നു കുറച്ചു സമയം. ശ്രീ. ജ്യോതി ബസു സ്ഥാപിച്ച രബീന്ദ്രനാഥ ടാഗോറിന്‍റെ പ്രതിമയുണ്ട് തോട്ടത്തില്‍. വിവിധ നിറമുള്ള പൂക്കളും ഒപ്പം മഞ്ഞ റോസാപ്പൂക്കളും നിറഞ്ഞ തോട്ടം 'മഞ്ഞയും പച്ചയും  ചോപ്പുമിടകലര്‍ന്നച്ഛിന്നകാന്തി തന്‍ കന്ദളികള്‍' എന്ന ചങ്ങമ്പുഴ കവിത ഓര്‍മ്മപ്പെടുത്തി.

അവിടെ നിന്ന് പുറത്തേക്കുള്ള വാതില്‍ ഒരു കടയിലൂടെയാണ്. ഇവിടെ മാത്രമല്ല എല്ലാ കാഴ്ച സ്ഥലങ്ങളിലും അങ്ങനെ തന്നെ. ഒന്നുകില്‍ പ്രവേശനം, അല്ലെങ്കില്‍ പുറത്തേക്കുള്ള വാതില്‍ ,ഏതെങ്കിലുമൊന്ന് നിശ്ചയമായും കടയിലൂടെയായിരിക്കും. പുസ്തകങ്ങള്‍, പേനകള്‍, പെന്‍സിലുകള്‍,കീ ചെയിനുകള്‍ പാത്രങ്ങള്‍, കപ്പുകള്‍, നോട്ടുബുക്കുകള്‍, എന്നു വേണ്ട, ചോക്ലേറ്റുകള്‍ പോലും ഷേക്‌സ്പിയറിന്‍റെ തലയുടേയോ വീടിന്‍റെ ചിത്രത്തോടെയാണ്.  എല്ലാത്തിനും കൊല്ലുന്ന വില. എങ്കിലും എല്ലാവരും എന്തെങ്കിലുമൊന്നു വാങ്ങിപ്പോകും. Will's Will എന്നൊരു പുസ്തകം വാങ്ങി. വീടിന്‍റെ എതിര്‍വശത്ത് വലിയ പുസ്തക കട വേറേയുണ്ട്.

ഷേക്‌സ്പിയേഴ്‌സ് ബര്‍ത്ത്‌പ്ലേസ് ട്രസ്റ്റാണ് നടത്തിപ്പുകാര്‍. എന്തായാലും അവര്‍ അതു നന്നായി പരിപാലിക്കുന്നുണ്ട്.

പക്ഷേ എവണ്‍ നദി ഫോട്ടോകളില്‍ കണ്ടതു പോല അത്ര തെളിഞ്ഞൊന്നുമായിരുന്നില്ല. ബോട്ടിംഗ് കൊണ്ടാവാം, വീതി കൂടിയ ഭാഗങ്ങളിലേക്ക് ഞങ്ങള്‍ പോകാത്തതു കൊണ്ടാകാം.

ഷേക്‌സ്പിയറിനെ ജ്ഞാനസ്‌നാനം ചെയ്യിച്ചതെന്നും അടക്കിയതെന്നും കരുതപ്പെടുന്ന ഹോളി ട്രിനിറ്റി പള്ളി പുറത്തു നിന്നു കണ്ടതേയുള്ളു. അവിടെ വച്ചിരിക്കുന്ന ഒരു ബസ്റ്റ് മാത്രം വച്ചാണ് ആ സ്ഥലം ഷേക്‌സ്പിയറിന്റേതെന്നു പറയുന്നതെന്നും ആ പേര് ഒരു കൂട്ടം ആള്‍ക്കാരുടെ തൂലികാ നാമം മാത്രമായിരുന്നുവെന്നും അതില്‍ നിന്നു കിട്ടുന്ന ധനലാഭം ലക്ഷ്യം വച്ച് ഇല്ലാത്തതു പ്രചരിപ്പിക്കുന്നവെന്നും ഒരു പക്ഷമുണ്ട്. അതെന്തോ ആവട്ടെ, അങ്ങനൊരാള്‍ അവിടെ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാനാണ് ഇഷ്ടം. വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍ ചിലപ്പോള്‍ മനസ്സുകളും കൂടെ ഉടഞ്ഞെന്നു വരാം.

അവിടം മുഴുവന്‍ ഒന്നല്ലെങ്കില്‍ മറ്റൊന്നായി അദ്ദേഹവുമായി ബന്ധപ്പെട്ടവയാണ്.  അദ്ദേഹത്തിന്‍റെ ഭാര്യ ആന്‍ ഹാത്ത്വേയുടെ വീട് (Anne Hatheway's cottage) , അമ്മ മേരി ഹാര്‍ഡന്‍റെ വീട്, മകളുടെ ഹാള്‍സ് ക്രാഫ്റ്റ് വീട് , കൊച്ചുമകളുടെ നാഷ് വീട്, എന്നിങ്ങനെ. ഒരേ വഴിയായതു കൊണ്ട് ഓക്‌സ്‌ഫോര്‍ഡു കൂടി കാണാം എന്ന് മോഹിച്ച് അവിടെയുള്ള ഈ കാഴ്ച്ചകള്‍, വിട്ടു. പക്ഷേ കാര്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യമില്ലാതെ രണ്ടു മണിക്കൂറോളം ഓക്‌സ്‌ഫോഡില്‍ കറങ്ങിയതല്ലാതെ അവിടെ ഇറങ്ങാനായില്ല. നിരനിരയായി കിടക്കുന്ന കോളേജുകള്‍  കാറിലിരുന്നു കണ്ടു തൃപ്തിയടഞ്ഞു.

ഷേക്‌സ്പിയറിന്‍റെ ഗ്ലോബ് തീയേറ്റര്‍

ഒരു ദിനം ലണ്ടന്‍ ബ്രിഡ്ജ് മുതല്‍ (ഫാളിംഗ് ഡൗണ്‍ ഫെയിം) സതാക്ക്(southark) വരെ  തേംസ് തീരത്തിലൂടെ, പഴമയുടെ ഭംഗി നുകര്‍ന്ന് നടന്നു, മടുപ്പറിയാതെ. ലണ്ടന്‍ ബ്രിഡ്ജിനോടു ചേര്‍ന്നുള്ള പാര്‍ക്കില്‍ ധാരാളം ആള്‍ക്കാര്‍.കൂടുതലും ഞങ്ങളെപ്പോലെ 'ഒഴുകുന്ന ജനങ്ങള്‍ തന്നെ'. ലണ്ടന്‍ ബ്രിഡ്ജില്‍ 20-ാം നൂറ്റാണ്ടിന്‍റെ സംഭാവനയായ വലിയ കെട്ടിടങ്ങള്‍ ചിലവയുണ്ട്. പക്ഷേ പഴമയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
അവിടുന്ന് സതക്കില്‍ എത്തിയപ്പോള്‍ പക്ഷേ വീണ്ടും പഴമ മാത്രം. പഴയ പട കപ്പല്‍, പൊളിഞ്ഞ കോട്ട, പള്ളി. കരിങ്കല്‍ ഭിത്തിയുള്ള, തുരങ്കം പോലുള്ള, ഇരുട്ടു നിറഞ്ഞ ,വാതില്‍ക്കല്‍ തീവിളക്ക് എരിയുന്ന, പഴയ ജയില്‍ .


Old warship- southark

Pedestrian bridge over Thames


 
അവസാനം എത്തി നദിക്കരയിലുള്ള 'ഷേക്‌സ്പിയേഴ്‌സ് ഗ്ലോബ്  ' എന്നറിയപ്പെടുന്ന, ഗ്ലോബ് തീയേറ്ററിന്‍റെ മുമ്പില്‍. ഒരു കാലത്ത് ഇവിടം ശബ്ദമുഖരിത മദ്യശാലകളും വേശ്യാലയങ്ങളും ചൂതാട്ടകേന്ദ്രങ്ങളും മറ്റുമായി ഏറെ കുപ്രസിദ്ധമായിരുന്നു. അതു കൊണ്ടു തന്നെ അവിടെയുള്ള തീയേറ്ററിന് പ്യൂരിറ്റന്‍സിന്‍റെ ശക്തമായ എതിര്‍പ്പു നേരിടേണ്ടി വന്നു. തീയേറ്ററിന്‍റെ ചരിത്രം ഇംഗ്ലീഷ് ആഭ്യന്തര യുദ്ധം, ഒളിവര്‍ ക്രോംവെല്ലിന്‍റെ   നേതൃത്വത്തിലുള്ള പ്യൂരിറ്റനിസം എന്നിവയുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.

Pls note Thatched Roof
ഷേക്‌സ്പിയര്‍ കൂടി പണം മുടക്കിയാണ് ആ തീയേറ്റര്‍ തുടങ്ങിയത്.  അവിടെ അഭിനേതാവായി ജോലി നോക്കി, അവര്‍ക്കുവേണ്ടി നാടകങ്ങള്‍ രചിച്ചു. ആ നാടകശാല അദ്ദേഹത്തിനു സാമ്പത്തികഭദ്രത നേടിക്കൊടുത്തു. 1599ല്‍ നിര്‍മ്മിച്ച് 1613ല്‍ ഹെന്റി -8 നാടകം അരങ്ങേറവേ കത്തിപ്പോയി ആ പുല്ലു മേഞ്ഞ (താച്ച്ഡ് റൂഫ്) തീയേറ്റര്‍. പിന്നീട് തുടങ്ങിയെങ്കിലും പ്യൂരിറ്റന്‍സിന്‍റെ  എതിര്‍പ്പുമൂലം 1644 ല്‍ തീയേറ്റര്‍ നശിപ്പിക്കപ്പെട്ടു. 1997ല്‍ വീണ്ടും പുനര്‍ നിര്‍മ്മിച്ചു, പഴയതു നിന്നിരുന്നതിന്‍റെ അടുത്തായി പഴയതിനോട് കഴിയുന്നത്ര വിശ്വാസ്യത പുലര്‍ത്തി. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് അവിടെ നാടകം ഉണ്ടാകുക. 700 പേര്‍ക്കു നാടകം കാണാവുന്ന അവിടെ പക്ഷേ നേരത്തേ ബുക്കു ചെയ്താലേ ടിക്കറ്റു കിട്ടൂ. ഇവിടെ  തീയേറ്റര്‍ എന്നാല്‍ നാടകമാണ്. സിനിമ 'സിനിമ' തന്നെ. നാടകം വളരെ പ്രധാനമാണ് .ഒരു പക്ഷേ സിനിമയേക്കാളും.

സ്വന്തം പൈതൃകത്തില്‍ അഭിമാനിക്കുന്നതിനൊപ്പം അതു നിലനിര്‍ത്തുന്നതിലും ജാഗരൂകരാണിവര്‍. ടെക്‌നോളജി വികസനം പഴമയെ നശിപ്പിക്കാനല്ല, പുനരുജ്ജീവിപ്പിക്കാനാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നു തോന്നി.

വൈവിദ്ധ്യതയുടെ കലവറയായ നമ്മുടെ രാജ്യത്ത് ആര്‍ക്കിയോളജിക്കല്‍ വകുപ്പു വിചാരിച്ചാല്‍ ചരിത്രപരമായ മ്യൂസിയങ്ങള്‍ എത്രയോ ഉണ്ടാക്കാനാവില്ലേ, രാജ്യത്തിനു പൈസ നേടിക്കൊടുക്കാനാവില്ലേ എന്നെല്ലാം ചിന്തിച്ചു പോയി.


12 comments:

 1. മൈത്രേയി .നല്ല പോസ്റ്റ്‌ ..നന്ദി .ഞാന്‍ ഇപ്പോള്‍ വിഷമത്തോടെ ആണ് പോസ്റ്റ്‌ വായിച്ചത് .'ഷേക്‌സ്പിയേഴ്‌സ് ഗ്ലോബ് കാണാന്‍ കഴിഞ്ഞു . ഇത്രയും യാത്രകള്‍ ചെയ്ത എനിക്ക് ലണ്ടനില്‍ താമസിച്ചിട്ടും startford -upon കാണാന്‍ സാധിച്ചില്ല .അത് വഴി ഒരുപാട് തവണ പോയിരുന്നു.പക്ഷേ അകത്ത് കയറാന്‍ സാധിച്ചില്ല .ഇന്നലെ മോള്‍ടെ സ്കൂളില്‍ അമേരിക്കയിലെ കുട്ടികള്‍ അവളോട്‌ ഇത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു എന്ന് പറഞ്ഞു .അത് കണ്ടില്ലല്ലോ എന്ന വിഷമവുമായി ഇരുന്നപ്പോള്‍ ആണ് മൈത്രേയി യുടെ startford -upon നെ കുറിച്ചുള്ള പോസ്റ്റ്‌ ...എല്ലാം കൂടി കൊള്ളാം .ഒന്ന്‌ കൂടി പറയുന്നു ..ഫോട്ടോകളും ,വിവരണം എല്ലാം വളരെ നന്നായി !!

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. Pedestrian Bridge over Thames നു മുകളില്‍ കൂടി നടന്നു St Paul's Cathedral കണ്ടില്ലേ ?ആദ്യ കമന്റില്‍ അത് ചോദിയ്ക്കാന്‍ വിട്ട് പോയി

  ReplyDelete
 4. സ്വന്തം പൈതൃകത്തില്‍ അഭിമാനിക്കുന്നതിനൊപ്പം അതു നിലനിര്‍ത്തുന്നതിലും ജാഗരൂകരാണിവര്‍. ടെക്‌നോളജി വികസനം പഴമയെ നശിപ്പിക്കാനല്ല, പുനരുജ്ജീവിപ്പിക്കാനാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നു തോന്നി.....നമ്മള്‍ നേരെ മറിച്ചും ....


  ഇഷ്ട്ടപ്പെട്ടു കേട്ടോ ...ഒരിക്കല്‍ പോകണം അവിടെ ഒക്കെ ......

  ReplyDelete
 5. ഷേക്സ്പിയറിന്റെ ഭവനം, ഗ്ലോബ് തിയറ്റർ - യാത്രക്കാരിയുടെ താത്പര്യം കുറിപ്പിൽ നീറഞ്ഞു നിൽക്കുന്നുണ്ട്, നല്ല വായനാനുഭവം, ‘ഈ ലോകമൊരു നാടകം താൻ, അഹോ നരന്മാരഖിലം നടന്മാർ‘ എന്നുച്ചരിച്ച മഹാസാഹിത്യകാരന്റെ ജന്മസ്ഥലം കണ്ടല്ലോ, ധന്യമായി ആ ജീവിതം!

  ReplyDelete
 6. ഇഷ്ട്ടപ്പെട്ടു ,നന്ദി

  ReplyDelete
 7. ഗ്ലോബ് തീയറ്ററിനെ കുറിച്ച് മുന്‍പൊരിക്കല്‍ നിരക്ഷരന്റെ ഒരു മനോഹര വിവരണം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗില്‍. സത്യത്തില്‍ നിങ്ങളോടൊക്കെ അസൂയ തോന്നുകയാണ്. എനിക്കിതൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ എന്ന്.. പിന്നെ ഒറ്റ ആശ്വാസം തെക്കേത്തറ കുമാരേട്ടന്റെ വീട്, പ്ലാവുങ്കല്‍ ദാമോദര കൈമളുടെ വീട്, ഈരേഴത്ത് രവിയുടെ മന, ഇതൊന്നും നിങ്ങളാരും കണ്ടിട്ടില്ലല്ലോ.. അപ്പോള്‍ എന്റെ സുഹൃത്തുക്കളുടെ വീട് നിങ്ങളും കണ്ടിട്ടില്ല. നിങ്ങളുടെയൊക്കെ സുഹൃത്തുക്കളുടെ വീട് ഞാനും കണ്ടിട്ടില്ല. ഞാന്‍ ഇവിടെ നിന്നാല്‍ തല്ല് കൊള്ളും.. :)
  (കടപ്പാട് : പഴയ ഏതോ സിനിമയിലെ കൊച്ചിന്‍ ഹനീഫയുടെ ഡയലോഗിനോട്)

  ReplyDelete
 8. പുതിയ അറിവ് ,പുതിയ ചിത്രങ്ങള്‍ ...നന്ദി

  ReplyDelete
 9. നല്ല പോസ്റ്റ്‌. shakespear ന്റെ ഗൃഹവും എല്ലാം നേരിട്ട് കണ്ട അനുഭൂതി പകര്‍ന്ന പോസ്റ്റ്‌.

  ഓടോ:
  ആദ്യ പാരയില്‍ ഗ്രഹം എന്നുള്ളത് ഗൃഹം എന്നാക്കൂ

  ReplyDelete
 10. ഈ പോസ്റ്റ് ഏറെ ഇഷ്ടമായി. ചിത്രങ്ങളും വിവരണങ്ങളും കണ്ടിട്ട് ഇതൊക്കെ നേരിട്ട് കാണണം എന്നൊരു ആഗ്രഹം.

  ReplyDelete
 11. പഴമയെ നിലനിര്‍ത്തുന്നത് ഒരു ആദായമാര്‍ഗം കൂടിയാവുമ്പോള്‍ ഇവിടെയും നമ്മള്‍(അന്നേയ്ക്ക് നശിച്ചുപോയിരുന്ന) പഴമയെ പുനസൃഷ്ടിക്കും.വാഹനം നിരോധിച്ച ഒരു തെരുവ് നമുക്ക് ആലോചിക്കാന്‍ പോലും ഇന്നാവില്ലല്ലോ! ഇതൊന്നും കാണാന്‍ അടുത്തകാലത്തൊന്നും പറ്റില്ലെന്ന് ഉറപ്പുള്ളതിനാല്‍ യാത്രാവിവരണം കൂടുതല്‍ ഇഷ്ടമായി.

  ReplyDelete