Showing posts with label മന്നത്ത് പത്മനാഭന്‍. Show all posts
Showing posts with label മന്നത്ത് പത്മനാഭന്‍. Show all posts

Friday, March 20, 2009

ഒരു നര്‍മ്മോക്തി കൂടി......

ചെറിയ വലിയ തമാശകളില്‍ ശ്രീ.മന്നത്തു പത്മനാഭന്റെ ഒരു നര്‍മ്മോക്തികൂടി.........

Monday, November 03, 2008

ചെറിയ വലിയ തമാശകള്‍

ഒരു ഞായറാഴ്‌ചവായനയുടെ സുഖാലസ്യത്തില്‍ ചെറുതായി ഒന്നു ചിരിക്കാന്‍ ചില തമാശകള്‍.സംഭവിച്ച കാര്യങ്ങള്‍ തന്നെ.കഥാപാത്രങ്ങള്‍ അറിയപ്പെടുന്നവരാകയാല്‍ വലിയ തമാശകള്‍ എന്നും പറയാം.

തുടക്കം തിരുവനന്തപുരത്തിന്റെ മുന്‍ എം.പിയും വിഖ്യാതപാരിസ്ഥിതികനുമായ ശ്രീ.കെ.വി.സുരേന്ദ്രനാഥില്‍ നിന്നാകാട്ടെ.1995 ലാണെന്നു തോന്നുന്നു അദ്ദേഹം അസുഖബാധിതനായി മെഡിക്കല്‍ കോളേജാസ്‌പത്രിയില്‍ കിടക്കുന്ന സമയം. വെപ്പുപല്ല്‌ ഊരി വയ്‌ക്കുന്നതാണ്‌ നല്ലതെന്ന്‌ ഡോക്ടര്‍ അഭിപ്രായപ്പെട്ടു. അടിയിലത്തെ നിര പല്ലൂരിയെടുത്തു.മുകളിലത്തെ നിര ഊരാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചു.ഡോക്ടര്‍ പറഞ്ഞിട്ടാണെന്ന കൂടെ നിന്നയാളുടെ വിനീത ഉണര്‍ത്തിക്കലിന്‌. "ഡോക്ടറല്ല,ആരു പറഞ്ഞാലും അത്‌ ഊരുന്ന പ്രശ്‌നമേയില്ല " എന്നായി അദ്ദേഹം.അവസാനം കൂടെ നിന്നയാള്‍ എന്തോ വരട്ടെയെന്നു വീണ്ടും പല്ലില്‍ മല്‍പ്പിടുത്തം തുടങ്ങി.അദ്ദേഹം നിര്‍വികാരനായി അക്ഷോഭ്യനായി കിടന്നു.അവസാനം തോറ്റു മതിയാക്കുമ്പോള്‍ മനസ്സിലായി,മുകളിലത്തെ നിര വയ്‌പ്പായിരുന്നില്ല, നല്ല ഒറിജിനല്‍ തന്നെ!

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌,ഗുരുവായൂരില്‍ ഒരു കല്യാണം നടക്കുന്നു. മുന്‍മുഖ്യമന്ത്രി ശ്രീ.അച്യുതമേനോന്‍ ഭാര്യാസമേതനായി അതിനെത്തിയിട്ടുണ്ട്‌്‌്‌.തിരക്കില്‍ നിന്ന്‌ മാറി നില്‍ക്കവെ ശ്രദ്ധിച്ചു,ഗൗരവത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തെ തോണ്ടി വിളിച്ച്‌ ഒരു കൊച്ചു ലോട്ടറി വില്‍പ്പനക്കാരന്‍ ടിക്കറ്റു വില്‍ക്കാന്‍ ശ്രമിക്കുന്നു.അദ്ദേഹത്തിന്‌ ഭാവഭേദമേതുമില്ല.അല്‍പ്പസമയം കഴിഞ്ഞു വീണ്ടും നോക്കുമ്പോഴാണ്‌ കണ്ടത്‌,കൈകള്‍ മുന്നിലേക്കിട്ട്‌്‌്‌്‌,പരസ്‌പരം പിണച്ചു വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കൈപ്പത്തികള്‍ക്കുള്ളില്‍ ഒരു കേരളാ ലോട്ടറി ടിക്കറ്റ്‌ എഴുന്നേറ്റ്‌്‌്‌ നില്‍ക്കുന്നു!.അത്‌ കുത്തിത്തിരുകി വച്ച്‌ പയ്യന്‍ അപ്പോഴും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി നില്‍ക്കുന്നു.യാതൊരു ഭാവഭേദവുമില്ലാതെ അക്ഷോഭ്യനായി ,അതു തിരികെ കൊടുക്കാനോ എടുത്തു മാറ്റാനോ മുതിരാതെ ദൂരേക്കുനോക്കി പഴയ നില്‍പ്പു തന്നെ അദ്ദേഹം.ആ കാഴ്‌ച്ച ഇപ്പോഴും മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല.അവസാനം തോല്‍വി സമ്മതിച്ച പയ്യന്‍ ടിക്കറ്റ്‌ തിരിച്ചെടുത്തു നടന്നു.സമരക്കാര്‍ക്ക്‌ അദ്ദേഹം അദ്‌്‌്‌ഭുതമേനോനും സമരകുലാന്തകനുമായതെങ്ങനെയെന്നു അന്നു മനസ്സിലായി.(ഡോക്ടര്‍ രാമന്‍കുട്ടിയും സഹോദരങ്ങളും ക്ഷമിക്കുമല്ലോ.)

1950 കള്‍.കേരളത്തിന്റെ പ്രിയ കഥാകാരന്‍ ശീ.എന്‍.മോഹനന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി ചെത്തിനടക്കും കാലം അക്കാലത്ത്‌ ആരും ചെയ്യാത്ത ഒരു വലിയ തെറ്റ്‌ ചെയ്‌തു.അദ്ദേഹം.മീശ വളര്‍ത്തിയെന്നു മാത്രമല്ല, അതുമായി കോളേജിലും വന്നു കളഞ്ഞു. ക്ഷുഭിതനായ പ്രിന്‍സിപ്പല്‍ മുറിയിലേക്കു വിളിപ്പിച്ചു,ശാസിച്ചു."മുഖത്തിന്‌ ആകപ്പാടെയുള്ളൊരു പച്ച ഈ പൊടിമീശ മാത്രമാണ്‌ സാര്‍,അതു കളയാന്‍ പറയരുതെ" എന്ന ദയനീയ അഭ്യര്‍ത്ഥനക്കു മുന്‍പില്‍ പൊട്ടിച്ചിരിച്ചു പോയ പ്രിന്‍സിപ്പല്‍ മീശ വച്ചുകൊള്ളാന്‍ മൗനാനുവാദവും നല്‍കി. പൂര്‍വാധികം ശക്തിയോടെ ചെയര്‍മാന്‍ പിന്നീട്‌്‌ ചെത്തി നടന്നു കാണണം.

അടുത്തകഥയിലെ നായകനും ശീ.എന്‍.മോഹനന്‍ തന്നെ.സ്ഥലം പാലായ്‌ക്കടുത്തു രാമപുരം.എന്നും പുളു അടിക്കുന്ന ഒരു നാടോടിയായ കൈനോട്ടക്കാരനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു ഇല്ലത്തെ പിള്ളേര്‍ സംഘം.നേതാവ്‌ ആരെന്നൂഹിക്കാമല്ലോ.അടച്ചിട്ട കുളക്കടവിന്റെ അല്‌പം തുറന്ന ജനലിലൂടെ കൈനോട്ടക്കാരന്റെ നേര്‍ക്കു നീണ്ടു വന്നത്‌ വെള്ളോട്ടു വളയിട്ട,നേര്യതു പുതച്ച അന്തര്‍ജ്ജനത്തിന്റെ കൈയ്യാണ്‌.ഇല്ലത്തെ കുഞ്ഞാത്തോല്‍ ഗര്‍ഭിണിയാണെന്ന്‌ നേരത്തെ അന്വേഷിച്ചറിഞ്ഞ വിടുവായനായ കൈനോട്ടക്കാരന്‍ നിസ്സംശയം തട്ടിവിട്ടു,കൈയ്യുടെ ഉടമ ഗര്‍ഭണിയാണന്ന്‌്‌്‌.വെള്ളോട്ടു വളയിട്ട മോഹനന്‍ കുഞ്ഞാത്തലും സംഘവും നന്നായൊന്നു പെരുമാറിയെന്നും,മാലോകരെ പറ്റിച്ച്‌ പണം പിടുങ്ങാന്‍ ഇല്ലത്തെന്നല്ല,രാമപുരം ദേശത്തേ പിന്നെ അയാള്‍ വന്നിട്ടില്ലെന്നും കഥ.

അടുത്ത കഥയിലെ നായകന്‍ സമുദായാചാര്യനായ ശ്രീ.മന്നത്തു പത്മനാഭനാണ്‌. ഒരാള്‍ അദ്ദേഹത്തെപ്പറ്റി മോശമായി പറഞ്ഞു നടക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെ..."ആണോ......അതിനു ഞാന്‍ പക്ഷേ അയാള്‍ക്കൊരുപകാരവും ചെയ്‌തിട്ടില്ലല്ലോ.പിന്നെന്താണാവോ........... "

ഈ തമാശയിലെ നായകന്‍ ശ്രീ.ടി.എച്ച്‌ മുസ്‌തഫയാണ്‌.പഴയ ഒരു ഇലക്ഷന്‍ കാലം.സ്ഥലം തൃപ്പൂണിത്തുറ.കമ്യൂണിസ്റ്റുകാരെ കളിയാക്കി അവരുടെ രീതിക്ക്‌ ഒരു ഉദാഹരണമായി തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.

`ഇപ്പോള്‍ 501 ബാര്‍ സോപ്പ്‌ എന്നു പറഞ്ഞാല്‍ അവര്‍ ചോദിക്കും ....500 വരെയുള്ള സോപ്പ്‌ എവിടെപ്പോയി......എന്ന്‌ . `

ഏതാണ്ടിതുപോലൊന്ന്‌ നേരത്തേ പ്രചാരത്തിലുണ്ടായിരുന്നു....`അപ്പോളോ 16 ആയതെന്ത്‌ .... 15 വരെ എവിടെപ്പോയി എന്നതിനുത്തരം അമേരിക്ക പറയണം..... `