സന്തുഷ്ടനായ രാജകുമാരൻ
ഓസ്ക്കർ വൈല്‍ഡ്
(ഒരു
ഐറിഷ് നാടകകൃത്തും കവിയും കഥാകൃത്തും ആയിരുന്നു ഓസ്‌ക്കർ വൈൽഡ് (16.10.1854- 30.11
1900). The happy prince
and other stories എന്ന
കഥാസാമാഹാരത്തിലെ അഞ്ചു കഥകളിൽ ഒന്നാണ് ഇത്.)
നഗരത്തിന്
മുകളിലായി, ഉയരമുള്ള ഒരു സ്തൂപത്തിന്മേൽ, സന്തോഷവാനായ രാജകുമാരന്‍റെ പ്രതിമ നിന്നിരുന്നു. ശുദ്ധമായ
സ്വർണ്ണം കൊണ്ടുണ്ടാക്കിയ, കനം കുറഞ്ഞ തകിടുകൾ കൊണ്ടായിരുന്നു പ്രതിമയുടെ ദേഹം
നിർമ്മിച്ചിരുന്നത്. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ജ്വലിക്കുന്ന ഇന്ദ്രനീലക്കല്ലുകൾ
ആണ് ഉണ്ടായിരുന്നത്, അയാളുടെ വാൾപ്പിടിയിലാകട്ടെ ഒരു വലിയ
ചുവന്ന മാണിക്യം തിളങ്ങിയിരുന്നു.
അയാൾ
ശരിക്കും വളരെയധികം പ്രശംസിക്കപ്പെട്ടു. "ഒരു
[1]കാറ്റാടിപ്പൂവൻകോഴിയെ
പോലെ സുന്ദരനാണ് അവൻ,"
കലാപരമായ അഭിരുചികൾ ഉള്ളയാൾ എന്നു
പ്രശസ്തി നേടാൻ ആഗ്രഹിച്ചിരുന്ന ഒരു ടൗൺ കൗൺസിലർ അഭിപ്രായപ്പെട്ടു; "പക്ഷേ അത്ര ഉപയോഗപ്രദമൊന്നുമല്ല," ഒരു പക്ഷേ താൻ ഒരു
പ്രായോഗികമതിയല്ലെന്ന് ആളുകൾ കരുതുതിയാലോ എന്നു ഭയന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, തീർച്ചയായും താൻ അങ്ങനെയല്ലല്ലോ.
"നിനക്ക് ആ സന്തുഷ്ടനായ രാജകുമാരനെ പോലെ
ആയാലെന്താ?" അമ്പിളി അമ്മവാനെ കിട്ടണം എന്നു വാശി
പിടിച്ചു കരയുന്ന ഒക്കത്തിരിക്കുന്ന തന്‍റെ മകനോടു വിവേകമതിയായ ഒരു അമ്മ ചോദിച്ചു.
"എന്തിനെങ്കിലും വേണ്ടി കരയുന്നതിനെ
പറ്റി സന്തുഷ്ടനായ രാജകുമാരൻ ഒരിക്കലും സ്വപ്നം കാണുക പോലുമില്ല."
"ഈ ലോകത്ത് തികച്ചും സന്തുഷ്ടനായി
ഒരാളെങ്കിലും ഉണ്ടെന്നുള്ളതിൽ എനിക്ക് സന്തോഷമുണ്ട്," അതിശയകരമായ ആ പ്രതിമയിലേക്ക് നോക്കിയപ്പോൾ നിരാശനായിപ്പോയ ഒരാൾ
പിറുപിറുത്തു.
"അവൻ ഒരു മാലാഖയെപ്പോലെയിരിക്കുന്നു," തിളങ്ങുന്ന കടുംചുവപ്പ് വസ്ത്രങ്ങളും
വൃത്തിയുള്ള വെളുത്ത മേലുടുപ്പുകളുമായി കത്തീഡ്രലിൽ നിന്ന് പുറത്തേക്ക് വരവേ
ധർമ്മസ്ഥാപനത്തിലെ കുട്ടികൾ പറഞ്ഞു.
"അതിനു നിങ്ങൾ ഒരിക്കലും മാലാഖയെ
കണ്ടിട്ടില്ലല്ലോ, പിന്നെ നിങ്ങൾക്ക് അതെങ്ങനെയറിയാം?" ഗണിതാദ്ധ്യാപകൻ ചോദിച്ചു.
"ആഹാ! ഞങ്ങൾ സ്വപ്നത്തിൽ കാണാറുണ്ടല്ലോ," കുട്ടികൾ പ്രതിവചിച്ചു. കുട്ടികൾ
സ്വപ്നം കാണുന്നത് അംഗീകരിക്കാത്ത കർശനക്കാരനായ അദ്ധാപകൻ നെറ്റി ചുളിച്ചു.
ഒരു
രാത്രി നഗരത്തിന് മുകളിലൂടെ ഒരു കുഞ്ഞു തൂക്കണാം കുരുവി പറന്നു. അയാളുടെ
സുഹൃത്തുക്കൾ ആറാഴ്ച മുമ്പ് ഈജിപ്തിലേക്ക് പറന്നിരുന്നു, എന്നാൽ അവർക്കൊപ്പം പോകാതെ അയാൾ അവിടെ
തന്നെ തങ്ങി, കാരണം നദീതീരത്തുള്ള വളരെ മനോഹരിയായ
ഒരു ആറ്റുവഞ്ചിയുമായി പ്രണയത്തിലായിരുന്നു അയാൾ. വസന്തകാലത്തിന്‍റെ തുടക്കത്തിൽ
ഒരു വലിയ മഞ്ഞ നിശാശലഭത്തെ പിന്തുടർന്ന് നദിയിലേക്കു പറന്നിറങ്ങുമ്പോൾ ആണ് അയാൾ
അവളെ കണ്ടുമുട്ടിയത്. അവളുടെ മെലിഞ്ഞ അരക്കെട്ട് അയാളെ ഏറെ ആകർഷിച്ചു, അതുകൊണ്ട് അയാൾ അവളോട് ചങ്ങാത്തം കൂടി.
"ഞാൻ നിന്നെ സ്‌നേഹിക്കട്ടെ?" വളച്ചുകെട്ടില്ലാതെ നേരേ
കാര്യത്തിലേക്കു വരാൻ ആഗ്രഹിച്ച കുരുവി മുഖവരുയേതുമില്ലാതെ ചോദിച്ചു. ആറ്റുവഞ്ചി
തല കുനിച്ച് അയാളെ
"ഞാൻ നിന്നെ സ്‌നേഹിക്കട്ടെ?" വളച്ചുകെട്ടില്ലാതെ നേരേ
കാര്യത്തിലേക്കു വരാൻ ആഗ്രഹിച്ച കുരുവി മുഖവരുയേതുമില്ലാതെ ചോദിച്ചു. ആറ്റുവഞ്ചി
തല കുനിച്ച് അയാളെ വന്ദിച്ചു. അയാൾ അവളെ ചുറ്റി പലവട്ടം പറന്നു,
വെള്ളി അലകൾ
ഉണ്ടാക്കും വിധം ചിറകുകൊണ്ട് വെള്ളത്തിൽ തൊട്ടു. ഇത് അയാളുടെ പ്രണയകാലമായിരുന്നു, അത് ആ വേനൽക്കാലം മുഴുവൻ
നീണ്ടുനിൽക്കുകയും ചെയ്തു.
"അയ്യേ, ഇതൊരു
പരിഹാസ്യമായ അടുപ്പമാണ്," മറ്റു കുരുവികൾ ചിലച്ചു. "അവൾക്ക്
പണമില്ല, വളരെയധികം ബന്ധങ്ങളുമുണ്ട്, ശരിയാണ് നദിക്കര മുഴുവൻ ആറ്റുവഞ്ചികൾ
ധാരാളമായി ഉണ്ടായിരുന്നു. പിന്നെ, ശരത്കാലമായപ്പോൾ
അയാളുടെ കൂട്ടത്തിലുള്ള കുരുവികൾ മുഴുവൻ പറന്നുപോകയും ചെയ്തു.
അവർ
പോയിക്കഴിഞ്ഞപ്പോൾ അയാൾക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു, പ്രണയഭാജനത്തെ ഏതാണ്ടു മടുത്തും
തുടങ്ങി. "അവൾക്ക് വർത്തമാനമൊന്നുമില്ല, പോരാത്തതിന് അവൾ ഒരു കാമലോലുപയാണെന്നും തോന്നുന്നുണ്ട്, കാരണം അവൾ എപ്പോഴും കാറ്റിനോട്
ശൃംഗരിക്കുന്നുണ്ട്." തീർച്ചയായും, കാറ്റ് എപ്പോഴെല്ലാം വീശുന്നുവോ
അപ്പോഴെല്ലാം ആ ആറ്റുവഞ്ചി ഏറ്റവും മനോഹരമായി പ്രണമിച്ചിരുന്നു. "അവൾ കുടുംബസ്ഥയാണെന്ന് ഞാൻ
സമ്മതിക്കുന്നു, പക്ഷേ എനിക്ക് യാത്രകൾ ഇഷ്ടമാണ്, അതിനാൽ എന്‍റെ ഭാര്യയും യാത്രകൾ
ഇഷ്ടപ്പെട്ടേ തീരൂ," ആൺകുരുവി സ്വയം പറഞ്ഞു.
"നീ എന്‍റെ കൂടെ പോരാമോ?" ഒടുവിൽ അയാൾ അവളോട് അതു തുറന്നു ചോദിക്കുക
തന്നെ ചെയ്തു. പക്ഷേ ഇല്ലായെന്നു ആറ്റുവഞ്ചി തല കുലുക്കി, കാരണം അവൾ അവളുടെ വീടിനെ അത്രമാത്രം സ്‌നേഹിച്ചിരുന്നു.
"നീ എന്നോട് തീരെ നിസ്സാരമായി പെരുമാറി
കളഞ്ഞു," അവൻ നിലവിളിച്ചു. "ഞാൻ പിരമിഡുകളിലേക്ക് പറക്കുകയാണ്, വിട!" അയാൾ പറന്നു പോയി.
ആ
പകൽ മുഴുവൻ അയാൾ പറന്നു, രാത്രിയിൽ നഗരത്തിലെത്തി. "ഞാൻ എവിടെ കഴിഞ്ഞുകൂടും?" അയാൾ ചിന്തിച്ചു, "നഗരം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടാകുമെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു."
അപ്പോഴാണ്
ആ ഉയരമുള്ള പ്രതിമ അയാളുടെ കണ്ണിൽ പെട്ടത്.
"ഞാൻ അവിടെ കൂടാം," അയാൾ ഉറക്കെ പറഞ്ഞു. "ഒരു നല്ല സ്ഥാനമാണിത്. ധാരാളം
ശുദ്ധവായു ഉണ്ട്." അങ്ങനെ അയാൾ സന്തുഷ്ടനാനായ രാജകുമാരന്‍റെ
കാലുകൾക്കിടയിലേക്ക് പറന്നിറങ്ങി.
"എനിക്ക് ഒരു സ്വർണ്ണ കിടപ്പുമുറിയുണ്ട്," ചുറ്റും നോക്കവേ അയാൾ സ്വയം മെല്ലെ
പറഞ്ഞു, ഉറങ്ങാൻ ഒരുക്കു കൂട്ടി. എന്നാൽ
ചിറകിനടിയിൽ തല പൂഴ്ത്താൻ തുടങ്ങിയതും ഒരു വലിയ വെള്ളത്തുള്ളി അയാളുടെ മേൽ പതിച്ചു.
"എന്തൊരു കൗതുകകരമായ കാര്യം!" അയാൾ പറഞ്ഞു;
"ആകാശത്ത്
ഒരു കാർമേഘം പോലും ഇല്ല, നക്ഷത്രങ്ങൾ വളരെ വ്യക്തവും
തെളിമയാർന്നതുമാണ്, എന്നിട്ടും മഴ പെയ്യുന്നു. യൂറോപ്പിന്‍റെ
വടക്ക് ഭാഗത്തെ കാലാവസ്ഥ ശരിക്കും ഭയാനകമാണ്. ആറ്റുവഞ്ചി മഴയെ ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ അത് അവളുടെ സ്വാർത്ഥതയ്ക്കു
വേണ്ടി മാത്രമായിരുന്നു.
അപ്പോൾ
അതാ മറ്റൊരു തുള്ളി കൂടി വീണു!
"മഴയെ തടയാൻ കഴിയുന്നില്ലെങ്കിൽ പിന്നെ
ഒരു പ്രതിമ കൊണ്ടെന്തു പ്രയോജനമാണ്? അയാൾ
പറഞ്ഞു; "ഞാൻ ഒരു നല്ല ചിമ്മിനി കണ്ടുപിടിക്കട്ടെ," അയാൾ പറന്നു പോകാൻ തന്നെ തീരുമാനിച്ചു.
എന്നാൽ
അയാൾ ചിറകുകൾ തുറക്കുന്നതിന് മുമ്പ്, മൂന്നാമത്തെ
തുള്ളി വീണു, ഇത്തവണ അയാൾ തലയുയർത്തി നോക്കി - ഓ! അയാൾ എന്താണ്
കണ്ടത്?
സന്തോഷവാനായ
രാജകുമാരന്‍റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു, അവന്‍റെ
സുവർണ്ണ കവിളുകളിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകുകയായിരുന്നു!. നിലാവെളിച്ചത്തിൽ, രാജകുമാരന്‍റെ മുഖം അതീവ
സുന്ദരമായിരുന്നു, കുരുവിയ്ക്ക് അലിവു തോന്നി.
"നിങ്ങൾ ആരാണ്?" അയാൾ ചോദിച്ചു.
"ഞാനാണ് സന്തോഷവാനായ രാജകുമാരൻ."
"എങ്കിൽ പിന്നെ നീ എന്തിനാ കരയുന്നത്?" കുരുവി ചോദിച്ചു; "നീ എന്നെ നന്നായി നനച്ചുകളഞ്ഞല്ലോ."
"ഞാൻ ജീവിച്ചിരിക്കുമ്പോൾ, മനുഷ്യഹൃദയമുണ്ടായിരുന്ന കാലത്ത്, കണ്ണുനീർ എന്താണെന്ന്
എനിക്കറിയില്ലായിരുന്നു, കാരണം ഞാൻ താമസിച്ചിരുന്നത് സാൻസ്-സൗസി
കൊട്ടാരത്തിലായിരുന്നു, സങ്കടത്തിന് അകത്തേക്കു പ്രവേശിക്കാൻ അവിടെ
അനുവാദമുണ്ടായിരുന്നില്ല. പകൽസമയത്ത് ഞാൻ എന്‍റെ കൂട്ടാളികളോടൊപ്പം പൂന്തോട്ടത്തിൽ
കളിച്ചു, വൈകുന്നേരം ഞാൻ വലിയ നൃത്തശാലയിൽ
നൃത്തം നയിച്ചു. പൂന്തോട്ടത്തിന് ചുറ്റും വളരെ ഉയർന്ന ഒരു മതിൽ ഉണ്ടായിരുന്നു, എന്നാൽ അതിനപ്പുറം എന്താണുള്ളതെന്ന്
ചോദിക്കാൻ ഞാൻ ഒരിക്കലും മെനക്കെട്ടില്ല, എന്നെ
സംബന്ധിച്ചുള്ള എല്ലാം വളരെ മനോഹരമായിരുന്നു. എന്‍റെ കൊട്ടാരത്തിലുള്ളവർ എന്നെ സന്തുഷ്ടനായ
രാജകുമാരൻ എന്നു വിളിച്ചു,
ശരിക്കും ഞാൻ സന്തോഷവാനായിരുന്നു
താനും. അങ്ങനെ ഞാൻ ജീവിച്ചു,
അങ്ങനെ തന്നെ മരിക്കുകയും ചെയ്തു.
ഇപ്പോൾ ഞാൻ മരിച്ചപ്പോൾ അവർ എന്നെ ഇത്രയും ഉയരത്തിൽ സ്ഥാപിച്ചതിനാൽ എന്‍റെ നഗരത്തിന്‍റെ
എല്ലാ വൃത്തികേടുകളും എല്ലാ ദുരിതങ്ങളും എനിക്കു നേരിട്ടു കാണാൻ കഴിയുന്നുണ്ട്. എന്‍റെ
ഹൃദയം ഈയത്താൽ നിർമ്മിച്ചതാണെങ്കിലും എനിക്ക് കരയാതിരിക്കാൻ കഴിയുന്നില്ല."
"എന്ത്! അപ്പോൾ ഇയാൾ കട്ടിസ്വർണ്ണമല്ലെന്നോ?" കുരുവി ആത്മഗതം ചെയ്തു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ ഉച്ചത്തിൽ
ആകാതിരിക്കൻ മാന്യനായ അയാൾ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു.
"അങ്ങു ദൂരെ," താഴ്ന്ന സംഗീതാത്മക സ്വരത്തിൽ പ്രതിമ
തുടർന്നു, "അങ്ങു ദൂരെ ഒരു ചെറിയ തെരുവിൽ ഒരു
പാവപ്പെട്ട വീടുണ്ട്. അതിന്‍റെ ജനാലകളിലൊന്ന് തുറന്നിരിക്കയാണ്, അതിലൂടെ ഒരു മേശയ്ക്കരികെ ഇരിക്കുന്ന
ഒരു സ്ത്രീയെ ഞാൻ കാണുന്നുണ്ട്. അവരുടെ മുഖം മെലിഞ്ഞതും ക്ഷീണിച്ചതുമാണ്, അവൾക്ക് സൂചിക്കുത്തേറ്റു ചുവന്ന
പരുക്കൻ കൈകളുണ്ട്, കാരണം അവൾ ഒരു തയ്യൽക്കാരിയാണ്. രാജ്ഞിയുടെ
പരിചാരികമാരിലെ ഏറ്റവും മനോഹരിയായവൾക്ക് അടുത്ത നൃത്താഘോഷത്തിന് അണിയാനുള്ള
സാറ്റിൻ ഗൗണിൽ അവൾ ജമന്തിപ്പൂവുകളുടെ ചിത്രത്തുന്നൽ ചെയ്യുകയാണ്. മുറിയുടെ മൂലയിൽ
ഒരു കട്ടിലിൽ അവളുടെ കൊച്ചുമകൻ അസുഖം പിടിച്ചു
കിടക്കുന്നുണ്ട്. അവനു പനിയുണ്ട്, ഓറഞ്ച് ചോദിക്കുന്നുമുണ്ട്. അമ്മയുടെ കൈയ്യിലാകട്ടെ, കൊടുക്കാൻ നദിയിലെ വെള്ളമല്ലാതെ
മറ്റൊന്നും ഇല്ല. അവൻ കരയുകയാണ്. കുരുവീ, കുരുവീ, കുഞ്ഞു കുരുവീ, എന്‍റെ വാൾപ്പിടിയിലെ ഈ ചുവന്ന
മാണിക്യം നീ അവൾക്ക് കൊണ്ടുപോയി കൊടുക്കാമോ? എന്‍റെ
കാലുകൾ ഈ പീഠത്തിൽ ഉറപ്പിച്ചിരിക്കയല്ലേ, എനിക്ക് അനങ്ങാൻ കഴിയില്ലല്ലോ."
"ഈജിപ്തിൽ അവർ എന്നെ
കാത്തിരിക്കുന്നുണ്ട്,"
കുരുവി പറഞ്ഞു. "എന്‍റെ സുഹൃത്തുക്കൾ നൈൽ നദിയുടെ
മുകളിലേക്കും താഴേക്കും പറക്കുന്നുണ്ട്, അവർ
വലിയ താമരപ്പൂക്കളുമായി സംഭാഷണത്തിലാണ്. താമസിയാതെ അവർ ഒരു മഹാരാജാവിന്‍റെ
ശവകുടീരത്തിൽ ഉറങ്ങാൻ പോകും. ചായം പൂശിയ ശവപ്പെട്ടിയിൽ രാജാവ് അവിടെത്തന്നെയുണ്ട്.
അയാളെ മഞ്ഞ ലിനൻ കൊണ്ടു പൊതിഞ്ഞ്, സുഗന്ധദ്രവ്യങ്ങൾ
പൂശി അഴുകി പോകാതെ സംരക്ഷിച്ചിട്ടുണ്ട്. രാജാവിന്‍റെ കഴുത്തിൽ ഇളം പച്ച നിറമുള്ള
രത്‌നം പതിച്ച മാലയുണ്ട്, അയാളുടെ കൈകളാകട്ടെ വാടിയ ഇലകൾ പോലെയുമാണ്.
"കുരുവീ, കുരുവീ, കുഞ്ഞു കുരുവീ, ഈ ഒരു രാത്രി നീ എന്നോടൊപ്പം താമസിച്ച്
എന്‍റെ ദൂതനാകില്ലേ? ആ പയ്യന് വല്ലാതെ ദാഹിച്ചിരിക്കയാണ്, അവന്‍റെ അമ്മ വളരെ സങ്കടത്തിലുമാണ്."
"എനിക്ക് ആൺകുട്ടികളെ അത്ര പഥ്യമല്ല.
കഴിഞ്ഞ വേനൽക്കാലത്ത്, ഞാൻ നദിക്കരയിൽ താമസിക്കുമ്പോൾ, ഒരു മില്ലുടമസ്ഥന്‍റെ മക്കളായ രണ്ട് മര്യാദയില്ലാത്ത
ആൺകുട്ടികൾ എനിക്കെതിരെ കല്ലെറിയുക പതിവായിരുന്നു. അവ പക്ഷേ ഒരിക്കലും എന്‍റെ മേൽ പതിച്ചില്ല. കാരണം
ഞങ്ങൾ കുരുവികൾ നിമിഷം കൊണ്ട് പറന്നകലാൻ വളരെ മിടുക്കരാണല്ലോ, മാത്രവുമല്ല, ചുറുചുറുക്കിനു പേരുകേട്ട ഒരു കുടുംബത്തിൽ
നിന്നാണ് ഞാൻ വരുന്നത്; എങ്കിലും അത് അനാദരവിന്‍റെ
അടയാളമായിരുന്നു.
എന്നാൽ
സന്തോഷവാനായ രാജകുമാരൻ അങ്ങേയറ്റം ദുഃഖിതനായി കാണപ്പെട്ടു, DlgkCd'd കുഞ്ഞു കുരുവിക്ക് സങ്കടമായി. "ഇവിടെ വല്ലാത്ത തണുപ്പാണ്," എന്നാലും ഞാൻ ഒരു രാത്രി കൂടി നിന്നോടൊപ്പം
താമസിക്കാം, നിന്‍റെ ദൂതനാകാം."
"നന്ദി, കുഞ്ഞു കുരുവീ"
രാജകുമാരൻ പറഞ്ഞു.
അങ്ങനെ, കുരുവി, രാജകുമാരന്‍റെ വാൾപ്പിടിയിലെ
അമൂല്യ മാണിക്യം പറിച്ചെടുത്തു, അതു
കൊക്കിൽ പിടിച്ചുകൊണ്ട് പട്ടണത്തിന്‍റെ മേൽക്കൂരകളുടെ ഉയരത്തിലൂടെ പറന്നു.
വെളുത്ത
മാർബിൾ മാലാഖമാരുടെ ശിൽപം പതിച്ചിരുന്ന കത്തീഡ്രൽ ഗോപുരം കടന്നു, കൊട്ടാരമുകളിലൂടെ പറക്കവേ നൃത്തത്തിന്‍റെ
ശബ്ദം കേട്ടു. ഒരു സുന്ദരി പെൺകുട്ടി അവളുടെ കാമുകനൊപ്പം ബാൽക്കണിയിൽ വന്നു
നിൽക്കുന്നതു കണ്ടു. "ഈ നക്ഷത്രങ്ങൾ എത്ര വിസ്മയകരമാണ്, സ്‌നേഹത്തിന്‍റെ ശക്തി എത്ര
അത്ഭുതകരമാണ്!" അവൻ അവളോടു പറഞ്ഞു.
"നഗരത്തിലെ നൃത്തോത്സവ സമയമാകുമ്പോഴേയ്ക്ക് എന്‍റെ
വസ്ത്രം തയ്യാറാകുമായിരിക്കും, അതിൽ
ജമന്തി പൂക്കൾ കൊണ്ട് ചിത്രത്തുന്നൽ ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്; പക്ഷേ ഈ തയ്യൽക്കാർക്കു മടി കുറച്ചു കൂടുതലാണ്, " അവൾ പ്രതിവചിച്ചു.
കുരുവി
നദി കടക്കവേ കപ്പൽ പായ്മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന വിളക്കുകൾ കണ്ടു, യഹൂദത്തെരുവിലൂടെ കടക്കുമ്പോൾ വയസ്സായ
ജൂതന്മാർ പരസ്പരം വിലപേശുന്നതും ചെമ്പ് തുലാസിൽ പണം തൂക്കുന്നതും കണ്ടു. അവസാനം
താൻ തേടി വന്ന പാവപ്പെട്ട വീട്ടിൽ എത്തി, അകത്തേക്ക്
നോക്കി. പനി കൂടിയിട്ട് കുട്ടി തന്‍റെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും
കിടക്കുകയായിരുന്നു, പാവം അമ്മ അറിയാതെ ഉറങ്ങിപ്പോയിരുന്നു, അവർ വളരെ ക്ഷീണിതയായിരുന്നു. അയാൾ അകത്തേക്കു
ചാടിച്ചാടി ചെന്നു, വില പിടിച്ച മാണിക്യം ആ സ്ത്രീയുടെ
കൈവിരലുകളുടെ അരികെ മേശപ്പുറത്ത് വച്ചു. എന്നിട്ട് മെല്ലെ കട്ടിലിനു ചുറ്റും
പറന്നു, ചിറകുകൾ പറത്തി ആൺകുട്ടിയുടെ നെറ്റിയിൽ
കാറ്റു വീശി കൊടുത്തു. "ആ, എനിക്ക്
എത്ര സുഖം തോന്നുന്നു," ആൺകുട്ടി പറഞ്ഞു, "ഞാൻ
സുഖം പ്രാപിക്കുകയായിരിക്കും," ഇങ്ങനെ പിറുപറുത്ത് അവൻ ആനന്ദകരമായ നിദ്രയിലേക്കു വഴുതി
വീണു.
പിന്നെ കുരുവി സന്തോഷവാനായ രാജകുമാരന്‍റെ അടുത്തേക്ക് പറന്നു ചെന്നു, താൻ എന്താണ് ചെയ്തതെന്ന് വിസ്തരിച്ചു
പറഞ്ഞു. "ഇത് കൗതുകകരമാണ്, വളരെ തണുപ്പാണെങ്കിലും എനിക്ക് ഇപ്പോൾ
ചൂട് തോന്നുന്നുണ്ട്."
"അത് നീ ഒരു നല്ല കാര്യം
ചെയ്തതുകൊണ്ടാണ്," രാജകുമാരൻ പറഞ്ഞു. ചെറിയ കുരുവി
ചിന്തിക്കാൻ തുടങ്ങി, പിന്നെ ഉറക്കത്തിലേക്കു വഴുതി വീണു.
നേരം
പുലർന്നപ്പോൾ അവൻ നദിയിലേക്ക് പറന്നുപോയി ഒരു നല്ല കുളി കുളിച്ചു. അതുകണ്ട്, "എന്തൊരു ശ്രദ്ധേയമായ പ്രതിഭാസം," എന്ന് പാലത്തിന് മുകളിലൂടെ
കടന്നുപോകുന്ന ഒരു പക്ഷിശാസ്ത്ര പ്രൊഫസർ പറഞ്ഞു. "ശൈത്യകാലത്ത് ഒരു കുരുവി!" അദ്ദേഹം അതിനെക്കുറിച്ച് പ്രാദേശിക പത്രത്തിന് ഒരു നീണ്ട കത്ത്
എഴുതി. ഓരോരുത്തരും അത് ഉദ്ധരിച്ചു, അവർക്ക്
മനസ്സിലാകാത്ത നിരവധി വാക്കുകൾ കൊണ്ട് അതു നിറഞ്ഞിരുന്നു.
"ഇന്നു രാത്രി ഞാൻ ഈജിപ്തിലേക്ക് പോകും," കുരുവി സ്വയം പറഞ്ഞു. പ്രത്യാശയുടെ
ആവേശത്തിലായിരുന്നു അയാൾ. അയാൾ എല്ലാ പൊതു സ്മാരകങ്ങളും സന്ദർശിച്ചു, ഒരു പള്ളിയുടെ ഗോപുരാഗ്രത്തിൽ ഏറെ നേരം
ഇരിക്കുകയും ചെയ്തു. അയാൾ എവിടെയെല്ലാം ചെല്ലുന്നുവോ അവിടെയെല്ലാം കുരുവികൾ
ഉത്സാഹത്തോടെ കലപില ചിലച്ചു."എന്തൊരു
വിശിഷ്ടനായ അപരിചിതൻ!" അവർ പരസ്പരം പറഞ്ഞു. അത് അയാൾ വളരെ
ആസ്വദിക്കുകയും ചെയ്തു.
ചന്ദ്രൻ
ഉദിച്ചപ്പോൾ അയാൾ സന്തോഷവാനായ രാജകുമാരന്‍റെ അടുത്തേക്ക് പറന്നു. "നിനക്ക് ഈജിപ്തിൽ എന്തെങ്കിലും
ചെയ്യാനുണ്ടോ?" അയാൾ വിളിച്ചു കൂവി, "ഞാനിതാ ഉടനേ പുറപ്പെടുകയാണ്."
""കുരുവീ, കുരുവീ, കുഞ്ഞു കുരുവീ," രാജകുമാരൻ പറഞ്ഞു, "നീ ഒരു രാത്രി കൂടി എന്നോടൊപ്പം
താമസിക്കില്ലേ?"
"അവർ എന്നെ ഈജിപ്തിൽ കാത്തിരിക്കുകയാണ്," കുരുവി മറുപടി പറഞ്ഞു. "നാളെ എന്‍റെ സുഹൃത്തുക്കൾ രണ്ടാമത്തെ
വെള്ളച്ചാട്ടത്തിലേക്ക് പറക്കും. നീർക്കുതിരകൾ അവിടെ നീണ്ട ഇലകളുള്ള
ചെടികൾക്കടിയിൽ കിടപ്പുണ്ടാവും, അവിടെ
ഒരു വലിയ കരിങ്കൽ സിംഹാസനത്തിൽ [2]മെമ്നോൻ ദൈവം
ഇരിക്കുന്നുമുണ്ടാവും. രാത്രി മുഴുവൻ അയാൾ നക്ഷത്രങ്ങളെ വീക്ഷിക്കും,
പ്രഭാതനക്ഷത്രം
പ്രകാശിക്കുമ്പോൾ അയാൾ സന്തോഷത്തിന്‍റെ ഒരു നിലവിളിശബദ്ം മുഴക്കും, പിന്നെ അയാൾ നിശബ്ദനായി തുടരും.
ഉച്ചസമയത്ത് മഞ്ഞ സിംഹങ്ങൾ വെള്ളം കുടിക്കാൻ നദിക്കരയിലേക്കു വരും. അവയ്ക്ക് പച്ച
വൈഡൂര്യം പോലെയുള്ള കണ്ണുകളുണ്ട്, അവയുടെ ഗർജ്ജനം വെള്ളച്ചാട്ടത്തിന്‍റെ ഗർജ്ജനത്തേക്കാൾ
ഉച്ചത്തിലുള്ളതായിരിക്കും."
"കുരുവീ, കുരുവീ, കുഞ്ഞുകുരുവീ, "അങ്ങു
ദൂരെയായി, നഗരത്തിനു പുറത്ത്, ഒരു കെട്ടിടത്തിന്‍റെ മുകൾമുറിയിൽ ഞാൻ ഒരു ചെറുപ്പക്കാരനെ
കാണുന്നുണ്ട്. അയാൾ കടലാസുകൾ കൊണ്ടു മൂടി ഒരു
മേശപ്പുറത്ത് ചാരിയിരിക്കുകയാണ്, അയാളുടെ
അരികിൽ ഒരു ടംബ്ലറിൽ ഒരു കുല വാടിപ്പോയ വയലറ്റു പൂക്കൾ ഉണ്ട്. തവിട്ടുനിറത്തിൽ
പൊട്ടിപ്പോകുന്ന തരം മുടിയാണ് അയാളുടേത്. അയാളുടെ ചുണ്ടുകൾ ആകട്ടെ മാതളനാരകം പോലെ
ചുവന്നിരിക്കുന്നു, അയാൾക്ക് വിടർന്ന സ്വപ്നതുല്യമായ
കണ്ണുകളുമുണ്ട്. നാടക സംവിധായകനു വേണ്ടി ഒരു നാടകം പൂർത്തിയാക്കാൻ അയാൾ ശ്രമിക്കയാണ്, പക്ഷേ എഴുതാൻ കഴിയാത്ത വിധം അയാൾക്ക് തണുക്കുന്നു. ചൂളയിൽ തീയുമില്ല,
വിശപ്പ് അയാളെ തളർത്തിക്കളഞ്ഞു."
"ശരി, ഒരു രാത്രി കൂടി ഞാൻ നിങ്ങളോടൊപ്പം കൂടാം," ഹൃദയാലുവായ കുരുവി പറഞ്ഞു. "ഞാൻ അദ്ദേഹത്തിന് കൊടുക്കാൻ മറ്റൊരു
മാണിക്യം എടുക്കട്ടെ?"
"അയ്യോ! എനിക്ക് ഇനി മാണിക്യം ഇല്ല," രാജകുമാരൻ പറഞ്ഞു; "ഇനി അവശേഷിക്കുന്നത് എന്‍റെ കണ്ണുകൾ
മാത്രമാണ്. ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ നിന്നു കൊണ്ടുവന്ന അപൂർവ ഇന്ദ്രനീലക്കല്ലുകൾ
കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്. അവയിലൊന്ന് പറിച്ചെടുത്ത് അയാൾക്കു കൊടുത്തേക്കുക.
അയാൾ അത് ആഭരണക്കടക്കാർക്കു വിറ്റ് ഭക്ഷണവും വിറകും വാങ്ങി, അയാളുടെ നാടകം പൂർത്തിയാക്കും."
"പ്രിയ രാജകുമാരാ, അതെനിക്കു ചെയ്യാൻ കഴിയില്ല," കുരുവി കരയാൻ തുടങ്ങി.
"കുരുവീ, കുരുവീ, കുഞ്ഞുകുരുവീ," രാജകുമാരൻ പറഞ്ഞു, "ഞാൻ കൽപ്പിച്ചതു പോലെ നീ ചെയ്താലും."
അങ്ങനെ
കുരുവി രാജകുമാരന്‍റെ ഒരു കണ്ണ് പറിച്ചെടുത്തു, വിദ്യാർത്ഥിയുടെ
മുറിയിലേക്കു പറന്നു. മേൽക്കൂരയിൽ ഒരു ദ്വാരമുണ്ടായിരുന്നതിനാൽ അകത്ത് കയറാൻ അതിന്
വളരെ എളുപ്പമായിരുന്നു. ഇതിലൂടെ അയാൾ പാഞ്ഞ് മുറിയിലേക്ക് കയറി. യുവാവ് തന്‍റെ തല
കൈകൾക്കുള്ളിൽ പൂഴ്ത്തി ഇരിക്കയായിരുന്നു, അതിനാൽ
പക്ഷിയുടെ ചിറകടി ശബ്ദം കേട്ടില്ല, തലയുയർത്തി നോക്കിയപ്പോൾ വാടിപ്പോയ വയലറ്റു പൂക്കളുടെ മേൽ മനോഹരമായ നീലക്കല്ല്
കിടക്കുന്നത് കണ്ടു.
"ഞാൻ അഭിനന്ദിക്കപ്പെടാൻ
തുടങ്ങിയിരിക്കുന്നു,"
അയാൾ നിലവിളിച്ചു; "ഇത് ഏതോ വലിയ ആരാധകനിൽ നിന്നുള്ളതാണ്.
ഇപ്പോൾ എനിക്ക് എന്‍റെ നാടകരചന പൂർത്തിയാക്കാം," അയാൾ വളരെ സന്തോഷവാനായി.
അടുത്ത
ദിവസം കുരുവി തുറമുഖത്തേക്ക് പറന്നു. അയാൾ ഒരു വലിയ കപ്പലിന്‍റെ പാമരത്തിൽ ഇരുന്നു, നാവികർ വടങ്ങൾ ഉപയോഗിച്ച്
കപ്പൽച്ചരക്കുകൾ പുറത്തെടുക്കുന്നത് നോക്കിയിരുന്നു. "ഹോയ് ഹോയ്!" ഓരോ പെട്ടിയും പുറത്തെത്തുമ്പോൾ അവർ
ആർത്തു വിളിച്ചുകൊണ്ടിരുന്നു. "ഞാൻ
ഈജിപ്തിലേക്ക് പോകുന്നു!"
കുരുവി കൂവിവിളിച്ചു. പക്ഷേ ആരും അത് കാര്യമാക്കിയില്ല, ചന്ദ്രൻ ഉദിച്ചപ്പോൾ അവൻ സന്തുഷ്ടനായ
രാജകുമാരന്‍റെ അടുത്തേക്ക് പറന്നു.
"ഞാൻ നിങ്ങളോട് വിടപറയാൻ വന്നതാണ്," അയാൾ കരഞ്ഞു.
"കുരുവീ, കുരുവീ, കുഞ്ഞുകുരുവീ, " രാജകുമാരൻ പറഞ്ഞു, "നീ
ഒരു രാത്രി കൂടി എന്നോടൊപ്പം തങ്ങുകയില്ലേ?"
"ഇത് ശീതകാലമാണ്," കുരുവി പ്രതിവചിച്ചു. " തണുത്ത മഞ്ഞ് ഉടൻ ഇവിടെ എത്തും.
ഈജിപ്തിൽ, പച്ച ഈന്തപ്പനകളിൽ സൂര്യൻ ചൂടാകും, മുതലകൾ ചെളിയിൽ പൂണ്ടു കിടന്ന് അലസമായി
ചുറ്റും നോക്കും. എന്‍റെ കൂട്ടാളികൾ ബാൽബെക്ക് ക്ഷേത്രത്തിൽ ഒരു
കൂടുണ്ടാക്കുന്നുണ്ട്, പിങ്കും വെള്ളയും നിറമുള്ള പ്രാവുകൾ അവരെ
നിരീക്ഷിക്കുന്നുണ്ട്, അവ പരസ്പരം നോക്കിക്കൊണ്ട് കുറുകുന്നുമുണ്ട്. പ്രിയ
രാജകുമാരൻ, എനിക്കു നിന്നെ വിട്ടുപോയേ മതിയാകൂ, പക്ഷേ ഞാൻ നിന്നെ ഒരിക്കലും മറക്കില്ല, അടുത്ത വസന്തകാലത്ത് ഞാൻ കൊടുത്ത
നിങ്ങളുടെ ആഭരണങ്ങൾക്കു പകരം രണ്ട് മനോഹരമായ ആഭരണങ്ങൾ തിരികെ കൊണ്ടുവരും. മാണിക്യം
ഒരു ചുവന്ന റോസാപ്പൂവിനെക്കാൾ ചുവപ്പായിരിക്കും, നീലക്കല്ല് മഹാസമുദ്രം പോലെ നീല നിറവുമായിരിക്കും."
"താഴെയുള്ള ചത്വരത്തിൽ തീപ്പെട്ടി
വിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി നിൽക്കുന്നുണ്ട്. അവളുടെ തീപ്പെട്ടികൾ ഓവുചാലിൽ വീണുപോയി, അവ നശിച്ചും പോയി. വീട്ടിലേക്ക്
കുറച്ച് പണം കൊണ്ടുചെന്നില്ലെങ്കിൽ അച്ഛൻ അവളെ തല്ലും, അവൾ കരയുകയാണ്. അവൾക്ക് ചെരുപ്പോ
കാലുറയോ ഇല്ല, അവളുടെ ചെറിയ തലയിൽ തൊപ്പി പോലുമില്ല.
എന്‍റെ മറ്റേ കണ്ണ് പറിച്ചെടുത്ത് അവൾക്ക് കൊടുക്കുക, അപ്പോൾ അവളുടെ അച്ഛൻ അവളെ അടിക്കില്ല.
"ഞാൻ ഒരു രാത്രി കൂടി നിങ്ങളോടൊപ്പം
നിൽക്കും," കുരുവി പറഞ്ഞു, "പക്ഷേ എനിക്ക് നിങ്ങളുടെ കണ്ണ്
പറിച്ചെടുക്കാൻ കഴിയില്ല. അതോടെ നിങ്ങൾ അന്ധനായി തീരും."
"കുരുവീ, കുരുവീ, കുഞ്ഞുകുരുവീ," രാജകുമാരൻ പറഞ്ഞു, "ഞാൻ
കൽപ്പിച്ചതു പോലെ നീ ചെയ്താലും!"
അങ്ങനെ
അയാൾ രാജകുമാരന്‍റെ മറ്റേ കണ്ണും പറിച്ചെടുത്തു, അതുമായി തീപ്പെട്ടി നിൽക്കുന്ന പെൺകുട്ടിയെ മറികടന്ന് പറന്നു, പറക്കുന്ന വഴിയിൽ ആഭരണം അവളുടെ
കൈപ്പത്തിയിലേക്ക് ഇട്ടുകൊടുത്തു. "എന്തൊരു
ഭംഗിയുള്ള സ്ഫടികം," കൊച്ചു പെൺകുട്ടി കൂവിവിളിച്ചു; അവൾ
ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി.
പിന്നെ
കുഞ്ഞുകുരുവി രാജകുമാരന്‍റെ അടുത്തേക്ക് മടങ്ങി. "നീ ഇപ്പോൾ തീർത്തും അന്ധനാണ്, അതിനാൽ
ഞാൻ ഇനി എന്നും നിന്നോടൊപ്പം തന്നെ ഉണ്ടായിരിക്കും," അയാൾ പറഞ്ഞു.
"വേണ്ട കുഞ്ഞു കുരുവീ,"
പാവം രാജകുമാരൻ
പറഞ്ഞു, "നീ ഈജിപ്തിലേക്ക് പോകണം."
"ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും," അതും പറഞ്ഞ്, അയാൾ രാജകുമാരന്‍റെ കാൽക്കൽ കിടന്നു.
അടുത്ത
ദിവസം മുഴുവൻ അയാൾ രാജകുമാരന്‍റെ തോളിൽ ഇരുന്നു, വിചിത്രമായ രാജ്യങ്ങളിൽ താൻ കണ്ട കാര്യങ്ങൾ കുമാരനോട് വർണ്ണിച്ചു.
നൈൽ നദീതീരത്ത് നീണ്ട നിരകളായി നിൽക്കുകയും നീണ്ടു വളഞ്ഞ കൊക്കുകളിൽ
സ്വർണ്ണമത്സ്യങ്ങളെ പിടിക്കുകയും, കുലുങ്ങി
കുലുങ്ങി നടക്കുകയും ചെയ്യുന്ന ചുവന്ന ഐബിസ് പക്ഷികളെ കുറിച്ച് അയാൾ കുമാരനോട്
പറഞ്ഞു ; ലോകത്തോളം തന്നെ പഴക്കമുള്ള, മരുഭൂമിയിൽ വസിക്കുന്ന, എല്ലാം അറിയുന്ന പെൺനരസിംഹത്തെ പറ്റി ; ഒട്ടകങ്ങളുടെ അരികിലൂടെ സാവധാനം നടക്കുന്ന, കൈകളിൽ ചുവപ്പുകലർന്ന മഞ്ഞ നിറമുള്ള
മുത്തുകൾ ധരിച്ചു നടക്കുന്ന വ്യാപാരികളെ പറ്റി ; കരിമരം പോലെ കറുത്തതും വലിയ പളുങ്കു
കല്ലിനെ ആരാധിക്കുന്നതുമായ ചന്ദ്രനിലെ മലനിരകളുടെ രാജാവിനെ പറ്റി ; ഈന്തപ്പനയിൽ ഉറങ്ങുന്ന വലിയ പച്ച
പാമ്പിനെ പറ്റി ; തേൻ ദോശ കൊണ്ട് അതിനെ തീറ്റുന്ന ഇരുപത്
പുരോഹിതന്മാരെ പറ്റി; വിസ്തൃതമായ ഇലകളിൽ വലിയ തടാകത്തിന്
മുകളിലൂടെ സഞ്ചരിക്കുകയും ചിത്രശലഭങ്ങളുമായി എപ്പോഴും യുദ്ധത്തിലേർപ്പെടുകയും
ചെയ്യുന്ന പിഗ്മികളെ പറ്റി.
"പ്രിയപ്പെട്ട കുഞ്ഞു കുരുവീ," " രാജകുമാരൻ പറഞ്ഞു, "നീ എന്നോട് അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച്
പറയുന്നു, എന്നാൽ മറ്റെന്തിനേക്കാളും
അതിശയകരമായതാണ് മനുഷ്യരുടെ കഷ്ടപ്പാടുകൾ. ദുരിതം പോലെ മഹത്തായ മറ്റൊരു
രഹസ്യവുമില്ല. എന്‍റെ നഗരത്തിന് മുകളിലൂടെ പറക്കുക, കുഞ്ഞു കുരുവീ, എന്നിട്ട് നീ അവിടെ എന്തെല്ലാമാണ് കാണുന്നത്
എന്ന് എന്നോട് പറയുക."
അങ്ങനെ
കരുവി മഹാനഗരത്തിന് മുകളിലൂടെ പറന്നു, ഭിക്ഷാടകർ അടച്ചിട്ട ഗേറ്റുകൾക്കിപ്പുറം ഇരിക്കുമ്പോൾ, സമ്പന്നർ അവരുടെ മനോഹരമായ സൗധങ്ങള്‍ക്കുള്ളിൽ
ആനന്ദിക്കുന്നത് കണ്ടു. അയാൾ ഇരുണ്ട തെരുവുകളിലേക്ക് പറന്നു, പട്ടിണി കിടക്കുന്ന കുട്ടികളുടെ
വെളുത്ത മുഖങ്ങൾ കറുത്ത തെരുവുകളിലേക്ക് അലസമായി നോക്കുന്നത് കണ്ടു. ഒരു പാലത്തിന്‍റെ
കമാനത്തിനടിയിൽ രണ്ടു കൊച്ചുകുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് തണുപ്പകറ്റാൻ
ശ്രമിക്കുന്നുണ്ടായിരുന്നു. "നമുക്ക്
എന്തൊരു വിശപ്പാണ്!" അവർ പറയുന്നുണ്ടായിരുന്നു. "നിങ്ങൾ ഇവിടെ കിടക്കരുത്," കാവല്‍ക്കാരൻ അലറി, പേടിച്ച്
അവർ മഴയിലേക്ക് ഇറങ്ങി ഓടി.
പിന്നെ
അയാൾ തിരിച്ചു പറന്നു വന്ന് രാജകുമാരനോട് താൻ കണ്ട കാര്യങ്ങൾ പറഞ്ഞു.
രാജകുമാരൻ
പറഞ്ഞു, "എന്നെ പൊതിഞ്ഞിരിക്കുന്നത് പരിശുദ്ധ സ്വർണ്ണം
കൊണ്ടാണ്, രാജകുമാരൻ പറഞ്ഞു, "നീ അത് പാളി പാളിയായി അടര്‍ത്തി
എടുത്ത് ദരിദ്രർക്ക് നൽകണം;
ജീവനുള്ളവർ എപ്പോഴും കരുതുന്നത്
സ്വർണ്ണത്തിന് തങ്ങളെ സന്തോഷിപ്പിക്കാനാകുമെന്നാണ്."
സന്തുഷ്ടനായ
രാജകുമാരൻ തീരെ മങ്ങി നിറം കെട്ടവനായി കാണപ്പെടുന്നതുവരെ, സ്വർണ്ണത്തിന്‍റെ പാളികൾ കുരുവി
പറിച്ചെടുത്തുകൊണ്ടിരുന്നു. അയാൾ ആ സ്വർണ്ണപ്പാളികൾ പാവപ്പെട്ടവർക്കു നൽകി, കുട്ടികളുടെ മുഖം കൂടുതൽ വികസിച്ചു, അവർ തെരുവിൽ ചിരിച്ചും കളിച്ചും
ഉല്ലസിച്ചു. "ഞങ്ങൾക്ക് ഇപ്പോൾ ആഹാരം
കിട്ടുന്നുണ്ടല്ലോ," അവർ സന്തോഷത്തോടെ വിളിച്ചു കൂവി.
പിന്നെ
മഞ്ഞ് വന്നു തുടങ്ങി, മഞ്ഞിനു പിന്നാലെ കൊടും ശൈത്യവും. തെരുവുകൾ
വെള്ളികൊണ്ടുണ്ടാക്കിയാലെന്നതു പോലെ തിളക്കമാർന്നു കാണപ്പെട്ടു ; പളുങ്കു വാളുകൾ എന്ന വണ്ണം നീണ്ട
സൂച്യാഗ്രമുള്ള മഞ്ഞുപാളികൾ വീടുകളുടെ മേൽക്കൂരകളിലെ ഇറമ്പുകളിൽനിന്ന് താഴേക്ക്
തൂങ്ങിക്കിടന്നു, എല്ലാവരും രോമക്കുപ്പായങ്ങൾ ധരിച്ചു
ചുറ്റിനടന്നു, കൊച്ചുകുട്ടികൾ കടുംചുവപ്പു തൊപ്പികൾ
ധരിച്ച് മഞ്ഞുപാളികളിലൂടെ വഴുതിയോട്ടം നടത്തി.
പാവം
കുഞ്ഞു കുരുവിക്ക് തണുപ്പു കൂടിക്കൂടി വന്നു. പക്ഷേ എന്നാലും അയാൾ രാജകുമാരനെ
വിട്ടുപോയില്ല, കാരണം അയാൾ രാജകുമാരനെ അത്രമാത്രം സ്‌നേഹിച്ചിരുന്നു.
റൊട്ടി ഉണ്ടാക്കുന്നയാളുടെ കണ്ണു തെറ്റുമ്പോൾ, അയാൾ
വാതിലിനു പുറത്തുനിന്നു റൊട്ടി നുറുങ്ങുകൾ പെറുക്കി തിന്നു, ചിറകുകൾ വീശിയടിച്ച് സ്വയം ചൂടാക്കാൻ
ശ്രമിച്ചു.
എന്നാൽ
അവസാനം താൻ മരിക്കാൻ പോകുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരിക്കൽ കൂടി രാജകുമാരന്‍റെ
തോളിലേക്ക് പറക്കാനുള്ള ശക്തി മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. "വിട, പ്രിയ രാജകുമാരൻ!" അയാൾ
പിറുപിറുത്തു, "നിന്‍റെ കൈ ചുംബിക്കാൻ എന്നെ
അനുവദിക്കുമോ?"
രാജകുമാരൻ
പറഞ്ഞു, "നീ അവസാനം ഈജിപ്തിലേക്ക് പോകുന്നതിൽ
എനിക്ക് സന്തോഷമുണ്ട്, കുഞ്ഞു കുരുവീ," രാജകുമാരൻ പറഞ്ഞു. "നീ ഇവിടെ വളരെക്കാലം താമസിച്ചു ; നീ എന്‍റെ ചുണ്ടിൽ ചുംബിക്കണം, കാരണം ഞാൻ നിന്നെ സ്‌നേഹിക്കുന്നു."
"ഞാൻ പോകുന്നത് പക്ഷേ ഈജിപ്തിലേക്കല്ല," കുരുവി പറഞ്ഞു. "ഞാൻ
മരണവീട്ടിലേക്കാണ് പോകുന്നത്. മരണം ഉറക്കത്തിന്‍റെ സഹോദരനല്ലേ?"
അയാൾ
സന്തോഷവാനായ രാജകുമാരന്‍റെ ചുണ്ടിൽ ചുംബിച്ചു , പ്രതിമയുടെ കാൽക്കൽ മരിച്ചുവീണു.
ആ
നിമിഷം പ്രതിമയ്ക്കുള്ളിൽ എന്തോ പൊട്ടിത്തകർന്നാലെന്നതുപോലെ ഒരു വല്ലാത്ത വിള്ളൽ
ശബ്ദം കേട്ടു. ഈയം കൊണ്ടുള്ള ഹൃദയം കൃത്യമായി രണ്ടായി പിളർന്നു പോയി എന്നതാണ്
വസ്തുത. തീർച്ചയായും ഭയാനകമായ അതിശൈത്യം ആയിരുന്നു അപ്പോള്‍.
പിറ്റേന്ന്
അതിരാവിലെ മേയർ ടൗൺ കൗൺസിലർമാരോടൊപ്പം താഴെയുള്ള ചത്വരത്തിലൂടെ നടക്കുകയായിരുന്നു.
അവർ സ്തംഭം കടന്നുപോകുമ്പോൾ അയാൾ പ്രതിമയിലേക്ക് നോക്കി: "ഓ, എനിക്കു
വയ്യ! സന്തുഷ്ടനായ രാജകുമാരൻ എത്ര വികൃതമായി കാണപ്പെടുന്നു!" അയാൾ അത്ഭുതപ്പെട്ടു.
"ശരിക്കും എത്ര അലങ്കോലം!" മേയറോട് എപ്പോഴും യോജിക്കുന്ന ടൗൺ
കൗൺസിലർമാർ ഉറക്കെ ശരി വച്ചു; അവർ
അതു പരിശോധിക്കാൻ അങ്ങോട്ടു കയറി.
"അവന്‍റെ വാളിൽ നിന്ന് മാണിക്യം വീണു
പോയല്ലോ, കണ്ണുകളും നഷ്ടപ്പെട്ടു, അവൻ ഇനിമേൽ സ്വർണ്ണപ്രതിമയുമല്ല! വാസ്തവത്തിൽ ഇപ്പോൾ അവൻ ഒരു
ഭിക്ഷക്കാരനേക്കാൾ അല്‍പ്പം ഭേദം എന്നേയുള്ളു!"
"അതെ, യാചകനേക്കാൾ അൽപ്പം ഭേദം, അത്രതന്നെ
" ടൗൺ കൗൺസിലർമാരും അതേറ്റു പറഞ്ഞു.
"ഇതാ അവന്‍റെ കാൽക്കൽ ഒരു പക്ഷി ചത്തു
കിടക്കുന്നുണ്‌ല്ലോ!"
മേയർ തുടർന്നു. "പക്ഷികളെ ഇവിടെ മരിക്കാൻ
അനുവദിക്കില്ലെന്ന് നമ്മൾ ശരിക്കും ഒരു പ്രഖ്യാപനം നടത്തണം." ടൗൺ ക്ലർക്ക് മേയറുടെ നിർദ്ദേശം
പ്രത്യേകം ശ്രദ്ധിച്ചു വച്ചു.
അവർ
സന്തോഷവാനായ രാജകുമാരന്‍റെ പ്രതിമ വലിച്ചെറിഞ്ഞു. "ഇനിമേൽ സുന്ദരനല്ലാത്തതിനാൽ
ആ പ്രതിമ കൊണ്ടു പ്രയോജനമേതുമില്ല," യൂണിവേഴ്‌സിറ്റിയിലെ
ആർട്ട് പ്രൊഫസർ പറഞ്ഞു.
തുടർന്ന്
അവർ പ്രതിമ ഒരു ചൂളയിൽ ഉരുക്കി, ലോഹം എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ മേയർ കോർപ്പറേഷന്‍റെ യോഗം
നടത്തി. "നമുക്ക് മറ്റൊരു പ്രതിമ ഉണ്ടാക്കണം, തീർച്ചയായും അത് എന്‍റെ തന്നെ
പ്രതിമയായിക്കോട്ടെ!"
മേയർ പറഞ്ഞു.
"വേണ്ട, "എന്‍റേതു
മതി," "എന്‍റേതു
മതി,"
എന്നു ടൗൺ കൗൺസിലർമാരിൽ ഓരോരുത്തരും പറയാൻ തുടങ്ങി, അവർ വഴക്കിട്ടു. ഞാൻ
അവസാനമായി അവരെക്കുറിച്ച് കേട്ടപ്പോഴും അവർ തമ്മിൽ വഴക്കിട്ടു കൊണ്ടിരിക്കുക
തന്നെയായിരുന്നു.
"എന്തൊരു വിചിത്രമായ കാര്യം!" ഫൗണ്ടറിയിലെ തൊഴിലാളികളുടെ
മേൽനോട്ടക്കാരൻ പറഞ്ഞു. "ഈ തകർന്ന ഈയ ഹൃദയം ചൂളയിൽ ഉരുകുകയില്ല.
നമുക്ക് അത് വലിച്ചെറിയാം."
അങ്ങനെ അവർ അത് ഒരു
പൊടിക്കൂമ്പാരത്തിലേക്ക് എറിഞ്ഞു, അവിടെ
തന്നെ മരിച്ചു പോയ കുരുവിയുടെ ദേഹവും കിടപ്പുണ്ടായിരുന്നു!
"നഗരത്തിലെ ഏറ്റവും അമൂല്യമായ രണ്ടു
വസ്തുക്കൾ എനിക്കു കൊണ്ടുവരിക," ദൈവം തന്‍റെ ദൂതന്മാരിൽ ഒരാളോടു പറഞ്ഞു; ദൂതൻ ഈയഹൃദയത്തെയും ചത്ത പക്ഷിയേയും
കൊണ്ടുവന്നു സമര്‍പ്പിച്ചു..
"നീ ശരിയായി തിരഞ്ഞെടുത്തിരിക്കുന്നു, " ദൈവം പറഞ്ഞു,
"എന്‍റെ
പറുദീസയിലെ തോട്ടത്തിൽ ഈ ചെറിയ പക്ഷി എന്നേക്കും പാടിക്കൊണ്ടിരിക്കും, എന്‍റെ സുവർണ്ണ നഗരത്തിൽ സന്തോഷവാനായ ഈ
രാജകുമാരൻ എന്നേക്കും എന്നെ സ്തുതിച്ചുകൊണ്ടിരിക്കും."
പരിഭാഷ: ശ്രീലത എസ്
തിരുവനന്തപുരം
01 .03. 2022
Ref: https://www.gutenberg.org/files/902/902-h/902-h.htm
No comments:
Post a Comment