Thursday, February 18, 2016

മഹേഷിന്റെ പ്രതികാരം

"ഈ ലോകത്ത് ഏതപമാനവും മര്‍മ്മദാഹകമാണ്. പ്രതികാരത്തിന്റെ ഉല്ലാസംകൊണ്ടേ സാധാരണക്കാരന് ആ തീ കെടുത്താനാകൂ. തന്റെ ഉള്ളില്‍ ജ്വലിക്കുന്ന അപമാനാഗ്നിയില്‍ എതിരാളിയെ ദഹിപ്പിച്ചാലേ അവനു തൃപ്തി കൈവരൂ. മഹാന്മാരുടെ കാര്യം വേറേ. അപമാനാഗ്നിയെ അവര്‍ ക്ഷമയുടെ ശാന്തിദായകമായ ജലധാരകൊണ്ടു മൂടി കെടുത്തിക്കളയും." താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനത്തിലെ വരികളാണിവ. അതെ, കടുത്ത അപമാനബോധം ഉളവാക്കുന്ന സങ്കടത്തിന്റേയും നിസ്സഹായതയുടേയും ബൈപ്രോഡക്ട് ആണ് പ്രതികാരചിന്ത. 

പ്രതികാരചിന്തകള്‍ എന്നില്‍ ഇപ്പോള്‍ ഉണര്‍ത്തിവിട്ടത് 'മഹേഷിന്റെ പ്രതികാരം ' എന്ന സുന്ദര സിനിമയാണ്. ആരെയും ഉപദ്രവിക്കാത്ത ഒരു സാധുവായിരുന്നു മഹേഷ്, പക്ഷേ 'ക്ഷമയുടെ ശാന്തിദായകമായ ജലധാരകൊണ്ടു അപമാനാഗ്നിയെ മൂടി കെടുത്തിക്കളയാന്‍' ആയില്ല മഹേഷിന്. കാരണം ആ യുവാവ് മഹാനല്ലാത്ത, തികച്ചും സാധാരണക്കാരന്‍ മാത്രമായിരുന്നുവല്ലോ.

മധുരപ്രതികാരമാണ് എന്നും എനിക്കിഷ്ടം. കുറേ അടിയും ഇടിയും കൊണ്ടും കൊടുത്തും തന്റെ പ്രതികാരപ്രതിജ്ഞ നിറവേറ്റിയെങ്കിലും അവസാനം വില്ലന്റെ പെങ്ങളെ പ്രണയിച്ചു ജീവിതസഖിയാക്കി അതൊരു മധുരപ്രതികാരമാക്കി മാറ്റി മഹേഷ്. അല്ലെങ്കിലും പ്രണയത്തിലും യുദ്ധത്തിലും പാടില്ലാത്തത് ഒന്നും ഇല്ലല്ലോ.  

ചാനലുകള്‍ വന്നതില്‍പ്പിന്നെ സിനിമയും സീരിയലും നമ്മുടെ നിത്യജീവിതഭാഗമാണ്. എന്തെങ്കിലും കാര്യം വിശദീകരിക്കേണ്ടി വരുമ്പോള്‍ ഇന്ന സിനിമ പോലെ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എളുപ്പം കാര്യം മനസ്സിലാകുന്നു. അങ്ങനെ പറയുന്നത്, വ്യക്തമാക്കാനുള്ള കഴിവുകുറവുകൊണ്ടാണ് എന്ന് വെള്ളെഴുത്ത് പണ്ടെന്നോ പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും. ആ സ്വാധീനം ഈ സിനിമയിലെ ഡയലോഗുകളില്‍ ധാരാളമായി, വളരെ രസകരമായി ആദ്യന്തം വാരിവിതറിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഈ സിനിമയില്‍ വളരെ ശക്തമായ അസന്നിഹിതസാന്നിദ്ധ്യങ്ങളാണ്. അതേപോലെ 'ചന്ദനമഴ' സീരിയല്‍, കിരീടം സിനിമ, എന്തിനേറെ ശ്വാസകോശ പരസ്യം വരെ ഉണ്ട്. അതെല്ലാം അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് കാര്യം. തുടക്കം തന്നെ നരസിംഹം സിനിമയിലാണല്ലോ. 'ബെസ്റ്റ് ' 'ഡിങ്കോള്‍ഫി ' തുടങ്ങിയ പ്രയോഗങ്ങളും മറ്റും ഇപ്പോള്‍ മലയാളികളുടെ സാധാരണ വാക്കുകളാണ് എന്നും മനസ്സിലാകുന്നു.    

ക്രിസ്പിനെ കണ്ടപ്പോള്‍ ജനം കയ്യടിച്ചത് എന്തെന്ന് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. അധികമൊന്നും വായിക്കാതെ പോയതുകൊണ്ട് സൗബിന്‍ എന്നു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അഭിനയമല്ല, കെങ്കേമമായ ഡയലോഗ് ഡെലിവറി,അതിനൊത്ത ശരീരഭാഷ ഇവയാണ് സൗബിന്റെ പ്രത്യേകത എന്നാണ് എന്റെ മതം. 

ഇതിലെ യഥാര്‍ത്ഥ താരം തിരക്കഥയാണ്. സിനിമയും അതിലെ ഓരോ സീനും ഫ്രെയിമും മനസ്സില്‍ കണ്ടു കണ്ടു വേണമല്ലോ ഇത്തരം 'കഥയില്ലാതിരക്കഥ' മെനയുവാന്‍. അതൊരു കഴിവു തന്നെയാണ്. നെല്ലിക്ക-ജനഗണമന സീന്‍ തന്നെ ഒന്നാന്തരം ഉദാഹരണം. മഹേഷിന്റെ പ്രകാശ്‌സിറ്റിയേക്കാള്‍ കുഗ്രാമമായ എന്റെ നാട്ടില്‍ രാത്രിക്ക് പാറപ്പുറത്തുള്ള കപ്പവാട്ട് ഒന്നും  ഇപ്പോള്‍ കാണാന്‍ സാദ്ധ്യതയില്ല. അതേപോലെ ആ ചെരുപ്പ് തേച്ചുകഴുകല്‍. ചെറുപ്പക്കാരനായ ശ്യാം പുഷ്‌കരന്‍ എങ്ങനെ ഈ അന്യംനിന്നുപോയ ഗ്രാമശീലങ്ങള്‍ ഇത്ര തനിമയോടെ കോപ്പി പേസ്റ്റ് ചെയ്തു? അതോ അത്തരം ഗ്രാമങ്ങള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ടാവുമോ? എനിവേ, വെല്‍ഡണ്‍ ശ്യാം പുഷ്‌കരന്‍. യൂ ഡിസേര്‍വ് ക്രെഡിറ്റ്. ഇനിയും ഇത്തരം മണ്ണിന്റെ മണമുള്ള തിരക്കഥകള്‍ രൂപപ്പെടട്ടെ താങ്കളുടെ കീബോര്‍ഡില്‍ നിന്നും.

വളരെ കുറച്ച് സീനുകളില്‍ മാത്രം ഉള്ള, ഇ.എം.എസ് ന്റെ കൊച്ചുമകന്‍ എന്ന ഹാലോയും കൂടി വഹിക്കുന്ന സുജിത്തിന്റെ വില്ലന്‍ കഥാപാത്രത്തിനും ഉണ്ട് പുതുമ. കൊടുക്കുന്നവനും കൊള്ളുന്നവനും തമ്മില്‍ വിരോധമൊന്നുമില്ല. പിന്നെ ആ അടി സീന്‍. അതു കണ്ടപ്പോള്‍ ചിലടത്തൊക്കെ മനഃപൂര്‍വ്വം നായകനെ ജയിപ്പിക്കാന്‍ വേണ്ടി വില്ലന്‍ വിട്ടുകൊടുക്കുന്നതായി തോന്നിയിരുന്നു. മലയടിവാരത്തില്‍ തല്ലിനു തെരഞ്ഞെടുത്ത ഗോദയും കൊള്ളാം.

രക്തദാനം പോലുള്ള മഹത്ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പണ്ടൊക്കെ എഴുത്തും പ്രസംഗവും ആയിരുന്നു വഴി. പിന്നെ ശാസ്ത്രസാങ്കേതിക പരിഷത്തിന്റെയും തനതു നാടകവേദികളുടേയും തെരുവുനാടകങ്ങളായി. എളുപ്പം ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു അവര്‍. ബസ്സ്റ്റാന്‍ഡില്‍ വച്ചുള്ള അടിപൊളി നൃത്തസീന്‍ കണ്ട് ഇതിലെന്താണാവോ ഒരു ചേരാത്ത നൃത്തരംഗം എന്ന് അന്തം വിട്ടിരിക്കുമ്പോള്‍ അതാ അവസാനം ഉയര്‍ത്തുന്നു രക്തദാന ബാനര്‍. അതെ, ഇതാണ് കാലോചിതം. ആ നൃത്തം റൊമ്പം പിടിച്ചു. അതുകണ്ട് ഡബ്‌സ്മാഷ് എന്നു ചെറുപ്പക്കാരന്‍ പറയുമ്പോള്‍ കുഞ്ഞിപ്പയ്യന്‍ ഫഌഷ്‌പ്രൊ(?) എന്നോ മറ്റോ തിരുത്തുന്നുമുണ്ട്. 

ജിംസി, സോണിയ തുടങ്ങിയ ചുണയുള്ള പെണ്‍കുട്ടികഥാപാത്രങ്ങളോട് നല്ല മമത തോന്നി. പ്രായേണ അടക്കഒതുക്കക്കാരിയായ സൗമ്യ കാനഡക്കാരനെ കണ്ടപ്പോള്‍ 'കുമ്പിളപ്പം തിന്ന് നടന്നാല്‍ പോരാ , ലോകം ചുറ്റി കാണണം' എന്ന് അങ്ങ് കൂളായി തീരുമാനിക്കുന്നു. അതേസമയം കൂടുതല്‍ മോഡേണ്‍ ആയ ജിംസി, കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ച് നായകനെ അങ്ങു പ്രണയിക്കുകയാണ്. ക്രിസ്പിനും സോണിയയും പരസ്പരം  'ഡിങ്കോള്‍ഫി' ഒന്നുമില്ലാത്ത നല്ല ചങ്ങാതിമാര്‍ മാത്രമാണെന്നും  ക്രിസ്പിന്‍ മധുരമായി സോണിയയുടെ അപ്പന്‍ ബേബിച്ചേട്ടനെ മനസ്സിലാക്കിക്കുന്നുണ്ട്.

ചെറിയ സീനുകളില്‍ മാത്രം വരുന്ന കഥാപാത്രങ്ങള്‍ പോലും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയായി തോന്നുന്നത്. ജനഗണമന സീന്‍, ജിംസിയുടെ അമ്മ, അമേരിക്കക്കാരനും ഭാര്യയും, താഹിര്‍, മഹേഷിന്റെ അപ്പന്‍, സൗമ്യയുടെ അപ്പനമ്മമാര്‍ എല്ലാവരും എത്ര ഭംഗിയായി അവരവരുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിരിക്കുന്നു. സൗമ്യയുടെ അപ്പന്റെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ എടുത്തുപറയേണ്ടവയാണ്. മഹേഷും ബേബിച്ചേട്ടനും ക്രിസ്പിനും നായകന്മാരാണ് എന്നും പറയാം. നിറഞ്ഞാടുന്ന നായക കഥാപാത്രത്തിനു മുന്നില്‍ നിഷ്പ്രഭമാകുന്ന മറ്റു കഥാപാത്രങ്ങളെ കണ്ട് കണ്ട് മടുത്ത നമുക്ക് ഈ മാറ്റം തികച്ചും ആസ്വാദ്യകരമായി തോന്നും. ഇതാണ് ശ്യാം പുഷ്‌കരന്റെ കഴിവ്.

ഇനി മറ്റു ചില പ്രതികാരങ്ങള്‍ കൂടി. 'കമ്യൂണിസ്റ്റ്കാരനാണ് ' എന്നു പറഞ്ഞ് എന്റെ അച്ഛന് പിജി ക്ക് അഡ്മിഷന്‍ നിഷേധിച്ചു തിരു.കോളേജിലെ അന്നത്തെ പ്രശസ്തനായ പ്രിന്‍സിപ്പല്‍. 'ഞാന്‍ എം.എ എടുത്തിട്ട് സാറിനെ വന്നു കാണും ' എന്ന് ബഹുമാനപൂര്‍വ്വം പറഞ്ഞാണ് അച്ഛന്‍ മുറിക്കു പുറത്തിറങ്ങിയത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പ്രശസ്തവിജയം നേടിയതിനു ശേഷം സര്‍ട്ടിഫിക്കറ്റുമായി തിരിച്ചുചെന്ന് സാറിനെ കണ്ടു അച്ഛന്‍. അന്നുമുതല്‍ അവരിവരും വളരെ അടുപ്പത്തിലുമായി. പരസ്പരവിരോധമില്ലാത്ത മധുരപ്രതികാരം. അവരിവരും ഇന്ന് ഇല്ല.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ എഴുതിയ ഒരു കഥയുടെ പേരും പ്രതികാരം എന്നായിരുന്നു. പ്രിയ കഥാകാരന്‍ കാരൂരിന്റെ കുട്ടിക്കഥകള്‍ വായിച്ച് കിട്ടിയിരുന്ന ആവേശവും, പറഞ്ഞുകേട്ടിരുന്ന ഏതൊക്കെയോ അനുഭവകഥകളും പിന്നെ നുറുങ്ങു ഭാവനയും ചേര്‍ത്ത് എഴുതിയ മധുരപ്രതികാരകഥ തന്നെയായിരുന്നു അതും.

ഏതോ ഒരു സിനിമയില്‍ വാണി വിശ്വനാഥിന്റെ നായികകഥാപാത്രത്തിന്റെ ഒരു ഡയലോഗുണ്ട്-ജീവച്ഛവമായ ഈ മനുഷ്യനോട് (അച്ഛനായിരിക്കാം) എന്തു പ്രതികാരം ചെയ്യാന്‍  എന്നോ മറ്റോ ആയിരുന്നു ആശയം. അതെ, ചിലരെ കാലം തന്നെ ശിക്ഷിക്കും (ഇക്കാലത്ത് പക്ഷേ അങ്ങനെയില്ല എന്ന് എന്റെ നിരീക്ഷണം). അപ്പോഴേയ്ക്കും പ്രതികാരാഗ്നി കെട്ടിട്ടുമുണ്ടാകും. ഏതാണ്ട് ഇതേ പോലെ ഒരവസ്ഥ ഞാനും നേരിട്ടുട്ടുണ്ട്. എന്റെ അച്ഛനമ്മമാരോട് കടുത്ത ദ്രോഹം ചെയ്ത-ഞങ്ങളുടെ ദൃഷ്ടിയില്‍-ഒരു ബന്ധുവിനെ രോഗം പിടിച്ച് കിടപ്പിലായപ്പോള്‍ കാണാന്‍ പോയി. ആ കിടപ്പ് കണ്ടപ്പോള്‍ ദേഷ്യത്തിന്റേയോ പ്രതികാരമോഹത്തിന്റേയോ ലാഞ്ഛന പോലും തോന്നിയില്ലെന്നതാണ് സത്യം. സഹതാപം, അതുമാത്രമായിരുന്നു ഒരേ ഒരു വികാരം. അല്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം എന്തു പ്രതികാരം? കാലം ഊതിക്കെടുത്തില്ലേ മനസ്സിലെ പ്രതികാരസ്ഫുലിംഗങ്ങള്‍? ആറിയ കഞ്ഞി പഴങ്കഞ്ഞി!


 

No comments:

Post a Comment