01/02
(ആരുമല്ലാത്ത ആരോ ഒരാൾ)
ഈദ്ഗാഹ്
മുൻഷി പ്രേം ചന്ദ്
ഇംഗ്ലീഷ് പരിഭാഷ: ഖുശ്വന്ത് സിംഗ്.
ആമുഖം
മുൻഷി പ്രേം ചന്ദ് (31.07.1886 -08.10. 1936, ശരിയായ പേര് ധൻപാൽ റായ്)
ഉത്തർപ്രദേശിലെ ബനാറസിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമമായ ലംഹിയിലാണ് ജനിച്ചത്. ഒരു
ഡസൻ നോവലുകളും 300 ലധികം ചെറുകഥകളും 2 നാടകങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ Soze-Watan
(The Lament of the Country, 1908) എന്ന ആദ്യ ഉർദു കഥാസമാഹാരം
തീവ്രവികാരമുണർത്തുന്നതാണ് എന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രേംചന്ദിന്‍റെ മേൽ
രാജ്യദ്രോഹ കുറ്റം ചുമത്തി. പുസ്തകത്തിന്‍റെ 700
കോപ്പികളും രചയിതാവിന്‍റെ മുന്നിലിട്ടു തന്നെ കത്തിക്കുകയും ചെയ്തു. അനേകം കേസുകൾ
നേരിടേണ്ടി വന്നു 1906-09 കാലഘട്ടത്തിൽ. സഹികെട്ട് തന്‍റെ 'നവാബ് റായ്' എന്ന തൂലികാ നാമം 'മുൻഷി പ്രേംചന്ദ്' എന്ന് മാറ്റുകയായിരുന്നു. 1910 നു
ശേഷം പിന്നെ ആ പേരിലാണ് എഴുതിയിട്ടുള്ളത്.
മാതാപിതാക്കൾ മരിച്ചു പോയ നാലു വയസ്സുകാരനായ
ഹമീദ് എന്ന ബാലകനും അവന്റെ അമ്മൂമ്മയുടെ തമ്മിലുള്ള ഹൃദയബന്ധം വരച്ചു കാട്ടുന്ന
മനോഹരമായകഥയാണ് ഈദ്ഗാഹ്. 1938 ൽ, പ്രേം ചന്ദിന്റെ മരണശേഷമാണ് ഇത് ആദ്യം പ്രസിദ്ധീകൃതമായത്. ഗുൽസാർ
ചെയ്ത ദൂരദർശൻ സീരിയലിലെ ഒരു എപ്പിസോഡ ആയും 2017 ൽ സിനിമ ആയും കുട്ടികളുടെ നാടകം ആയും
ലക്‌നൗ വിൽ കഥക് നൃത്തമായും മറ്റും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
രചയിതാവ് ജോലി സംബന്ധമായി ഗോരഖ്പൂരിൽ
താമസിക്കുന്ന കാലത്തെ ആസ്പദമാക്കി എഴുതിയതാണ് ഇത്. ഗാന്ധിജിയുടെ ഒരു പ്രസംഗം ഒരു
വൻ സദസ്സിന്‍റെ മുമ്പിൽ ഉജ്ജ്വലമായി അവതരിപ്പിച്ചതിന്‍റെ പേരിൽ ജോലി
രാജിവയ്കകേണ്ടി വരികയായിരുന്നു.
ഈദ്ഗാഹ്
റമദാൻ കഴിഞ്ഞ് കൃത്യം മുപ്പത് ദിവസം കഴിയുമ്പോൾ ഈദ് വരുന്നു. എത്ര അത്ഭുതകരവും മനോഹരവുമാണ് ഈദിന്‍റെ പ്രഭാതം! മരങ്ങൾ കൂടുതൽ പച്ചപ്പാർന്നു കാണപ്പെടുന്നു, വയൽ കൂടുതൽ പ്രസന്നമായി, ആകാശത്തിനാകട്ടെ ഒരു മനോഹരമായ പിങ്ക് തിളക്കവുമുണ്ട്. സൂര്യനെ നോക്കൂ! ലോകത്തിന് വളരെ സന്തോഷകരമായ ഈദ് ആശംസിക്കാനായി മുമ്പത്തേക്കാൾ കൂടുതൽ തെളിച്ചമുള്ളതായി, കണ്ണഞ്ചിക്കുന്നതായി പ്രത്യക്ഷപ്പെടുന്നു. ഗ്രാമം ആവേശത്താൽ മുഖരിതമായി. ഈദ്ഗാഹ് പള്ളിയിലേക്ക് പോകാൻ എല്ലാവരും നേരത്തെ ഉണർന്ന് എഴുന്നേറ്റു കഴിഞ്ഞു. ഒരാൾ തന്‍റെ ഷർട്ടിൽ നിന്ന് ഒരു ബട്ടൺ നഷ്ടപ്പെട്ടതായി കണ്ടെത്തുന്നു, നൂലും സൂചിയും കിട്ടാനായി തിരക്കിട്ട് അയൽവാസിയുടെ വീട്ടിലേക്ക് പോകുന്നു. മറ്റൊരാൾ തന്‍റെ ഷൂസിന്‍റെ തുകൽ കടുപ്പമുള്ളതായി പോയി എന്നു കണ്ടെത്തി, അതൊന്നു മയപ്പെടുത്തി എടുക്കുന്നതിന് എണ്ണയ്ക്കായി ഓയിൽ പ്രസ്സിലേക്ക് ഓടുന്നു. ഈദ്ഗാഹിൽ നിന്ന് മടങ്ങിയെത്തുമ്പോഴേക്കും വൈകുന്നേരമാകാം, അതിനാൽ അവർ തങ്ങളുടെ കാളകൾക്ക് മുമ്പിൽ ധാരാളം തീറ്റ കുന്നുകൂട്ടി ഇടുന്നുണ്ട്. പള്ളി ശരിക്കും ഗ്രാമത്തിൽ നിന്ന് മൂന്ന് മൈൽ ദൂരത്താണ്. അവിടെയാണെങ്കിൽ പരസ്പരം അഭിവാദ്യം ചെയ്യാനും കൊച്ചുവർത്തമാനം പറയുവാനുമായി നൂറുകണക്കിനു ആളുകളാണ് ഉണ്ടാവുക; ഉച്ചയ്ക്ക് മുമ്പ് അതു തീർച്ചയായും തീരില്ല.
ആൺകുട്ടികൾ മറ്റുള്ളവരേക്കാൾ ആവേശത്തിലാണ്. അവരിൽ ചിലർ ഒരു വ്രതം മാത്രമേ അനുഷ്ഠിച്ചുള്ളു, അതും ഉച്ചവരെ മാത്രം. ചിലർ അതുപോലും ചെയ്തില്ല. പക്ഷേ അവർക്ക് ഈദ്ഗാഹിൽ പോകുന്നതിന്‍റെ സന്തോഷം ആർക്കും നിഷേധിക്കാനാവില്ല. വ്രതം മുതിർന്നവർക്കും പ്രായമായവർക്കും വേണ്ടിയുള്ളതാണ്. ആൺകുട്ടികൾക്ക് ഇത് ഈദ് ദിവസം മാത്രമാണ്. അവർ അതേ കുറിച്ച് എല്ലായ്‌പ്പോഴും സംസാരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ ആ ദിവസം സമാഗമമായി. ഇപ്പോൾ ആളുകൾ പെട്ടെന്നു തയ്യാറാകാത്തതിനെ കുറിച്ച് അവർ അക്ഷമരായി. ഒരുക്കേണ്ട കാര്യങ്ങളെ കുറിച്ച് യാതൊരു ആശങ്കയുമില്ല. വെർമിസെല്ലി പായസം ഉണ്ടാക്കാൻ ആവശ്യത്തിന് പാലും പഞ്ചസാരയും ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ വിഷയമേയല്ല. പായസം കഴിക്കാൻ കിട്ടണം, അതുമാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ. അബ്ബാജാൻ എന്തുകൊണ്ടാണ് ചൗധരി കരീം അലിയുടെ വീട്ടിലേക്ക് ഓടിയോടി ശ്വാസം മുട്ടുന്നത് എന്ന് അവർക്കറിയില്ല. ചൗധരിയുടെ മനസ്സ് മാറിയാൽ പെരുന്നാൾ ദിനം വിലാപ ദിനമാക്കി മാറ്റുവാൻ അദ്ദേഹത്തിന് കഴിയുമെന്നും അവർക്ക് അറിയില്ല. സമ്പത്തിന്‍റെ ഹിന്ദു ദൈവമായ കുബേരന്‍റെ വയറു പോലെ അവരുടെ പോക്കറ്റുകൾ നാണയങ്ങളാൽ വീർപ്പുമുട്ടുന്നു. .
അവർ തങ്ങളുടെ പോക്കറ്റിൽ നിന്ന് നിധി പുറത്തെടുക്കുന്നു, തിരികെ വയ്ക്കുന്നതിന് മുമ്പ് പലവട്ടം എണ്ണുന്നു.
'ഒന്ന്, രണ്ട്, പത്ത്, പന്ത്രണ്ട്'- മഹമൂദ് എണ്ണുന്നു. അവന് പന്ത്രണ്ട് പൈസയുണ്ട്. മൊഹ്സിന് 'ഒന്ന്, രണ്ട്, മൂന്ന്, എട്ട്, ഒമ്പത്, പതിനഞ്ച്' പൈസ. എണ്ണിയാലൊടുങ്ങാത്ത പൂഴ്ത്തി വച്ചിരുന്ന ഈ നാണയ ശേഖരം കൊണ്ട് അവർ എണ്ണമറ്റ സാധനങ്ങൾ വാങ്ങും: കളിപ്പാട്ടങ്ങൾ, മധുരപലഹാരങ്ങൾ, കട്ടിക്കടലാസു പൈപ്പുകൾ, റബ്ബർ ബോളുകൾ - കൂടാതെ മറ്റു പലതും.
ആൺകുട്ടികളിൽ ഏറ്റവും സന്തുഷ്ടൻ ഹമീദാണ്. അവനു വെറും നാലു വയസ്സേയുള്ളു. മോശമായി വസ്ത്രം ധരിച്ച, മെലിഞ്ഞ, പട്ടിണിക്കോലം. കഴിഞ്ഞ വർഷം കോളറ ബാധിച്ച് അവന്‍റെ അച്ഛൻ മരിച്ചു. പിന്നെ അവന്‍റെ അമ്മയ്ക്ക് അനാരോഗ്യം മൂലം അമിതവണ്ണം വച്ചു, എന്താണ് അസുഖം എന്നു പോലും കണ്ടെത്താതെ അവരും മരിച്ചു. ഇപ്പോൾ ഹമീദ്, മുത്തശ്ശി അമീനയുടെ മടിയിൽ ഉറങ്ങുകയായിരുന്നു, ഒരു വാനമ്പാടിയെ പോലെ സന്തോഷവാനാണ് അവൻ. അച്ഛൻ പണം സമ്പാദിക്കാൻ പോയതാണെന്നും ചാക്ക് നിറയെ വെള്ളിയുമായി തിരികെ വരുമെന്നും അവനു വേണ്ടി മനോഹരമായ സമ്മാനങ്ങൾ കൊണ്ടുവരാനായി അമ്മ അല്ലാഹുവിന്‍റെ അടുത്തേക്ക് പോയി എന്നും അവർ അവനോട് പറഞ്ഞു. ഇത് ഹമീദിനെ ഏറെ സന്തോഷിപ്പിക്കുന്നു; പ്രത്യാശയിൽ ജീവിക്കുന്നത് മഹത്തരമാണ്; ഒരു കൊച്ചു കുട്ടിക്ക് പ്രതീക്ഷ പോലെ മഹത്തരമായി മറ്റൊന്നില്ല. ഒരു കുട്ടിയുടെ ഭാവനയ്ക്ക് ഒരു കടുക് വിത്തിനെ ഒരു പർവ്വതമാക്കി മാറ്റാൻ കഴിയും. ഹമീദിന്‍റെ കാലിൽ ചെരിപ്പില്ല; അവന്‍റെ തലയിലെ തൊപ്പി മലിനമായതും കീറിപ്പറിഞ്ഞതുമാണ്; അതിന്‍റെ സ്വർണ്ണനൂൽ കറുത്തു പോയിരിക്കുന്നു. എന്നിരുന്നാലും ഹമീദ് സന്തുഷ്ടനായിരുന്നു. ചാക്കിൽ നിറയെ വെള്ളിയുമായി അച്ഛനും അല്ലാഹുവിൽ നിന്നുള്ള സമ്മാനങ്ങൾ കൊണ്ട് അമ്മയും തിരിച്ചു വരുമ്പോഴും തന്‍റെ ഹൃദയത്തിന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും എന്ന് അവന് അറിയാം. അപ്പോൾ മഹമൂദ്, മൊഹ്സിൻ, നൂറി, സമ്മി എന്നിവരേക്കാളെല്ലാം കൂടുതൽ പൈസ അവന്‍റെ കൈയ്യിലുണ്ടാകും.
സ്വന്തം ചെറ്റക്കുടിലിൽ ഇരുന്ന്, നിർഭാഗ്യവതിയായ അമീന കയ്‌പേറിയ കണ്ണുനീർ പൊഴിച്ചു. ഇന്ന് ഈദും ആണ്, അവരുടെ കൈയ്യിൽ ഒരു പിടി ധാന്യം പോലുമില്ല താനും. അവളുടെ ആബിദ് അവിടെ ഉണ്ടായിരുന്നെങ്കിൽ ഇത് ഒരു വ്യത്യസ്തമായ ഈദ് ആകുമായിരുന്നു!
ഹമീദ്, മുത്തശ്ശിയുടെ അടുത്ത് ചെന്ന് പറഞ്ഞു, "മുത്തശ്ശി, എന്നെ ഓർത്ത് വിഷമിക്കരുത്! ആദ്യം തിരിച്ചുവരുന്നത് ഞാനായിരിക്കും. വിഷമിക്കേണ്ട!"
തന്‍റെ ചെറ്റപ്പുരയിൽ അമീന സങ്കടത്തിലായിരുന്നു. മറ്റ് ആൺകുട്ടികൾ അവരവരുടെ പിതാക്കാന്മാര്‍ക്കൊപ്പം ആണ് പോകുക. ഹമീദിനുള്ള ഒരേയൊരു 'അച്ഛൻ' അവർ മാത്രമാണ്. തനിയെ മേളയ്ക്ക് പോകാൻ അവർ അവനെ എങ്ങനെ അനുവദിക്കും? ആൾക്കൂട്ടത്തിൽ പെട്ട് അവനെ കാണാതായാലോ? ഇല്ല, അവൾക്ക് അവളുടെ വിലയേറിയ നിധി നഷ്ടപ്പെടുത്താനാവില്ല! അവൻ എങ്ങനെ മൂന്നു മൈൽ ദൂരം നടക്കും? അവന് ഒരു ജോടി ചെരുപ്പ് പോലുമില്ല. അവന്‍റെ കാലിൽ കുമിളകൾ പൊന്തും. അവരും കൂടി അവന്‍റെ ഒപ്പം പോയാൽ ഇടയ്ക്കിടെ അവനെ എടുക്കാം. പക്ഷേ അപ്പോൾ വെർമിസെല്ലി പാചകം ചെയ്യാൻ ആരുണ്ടാകും? അവർക്കു പണമുണ്ടായിരുന്നുവെങ്കിൽ മടക്കയാത്രയിൽ പായസത്തിനുള്ള ചേരുവകൾ വാങ്ങി വന്ന് വേഗത്തിൽ അത് ഉണ്ടാക്കാമായിരുന്നു. ഗ്രാമത്തിൽ അതെല്ലാം ലഭിക്കാൻ അവർക്ക് മണിക്കൂറുകളെടുക്കും. ആരോടെങ്കിലും ചോദിക്കുക എന്നതു മാത്രമായിരുന്നു ഒരേയൊരു പോംവഴി.
ഗ്രാമവാസികൾ ഒരു സംഘമായി പോകുകയായിരുന്നു. ആൺകുട്ടികൾക്കൊപ്പം ഹമീദും. അവർ മുതിർന്നവരേക്കാൾ മുമ്പായി ഓടും എന്നിട്ട് ഒരു മരത്തിനടിയിൽ അവരെ കാത്തിരിക്കും. എന്തുകൊണ്ടാണ് ഈ മുതിർന്നവർ ഇങ്ങനെ കാലുകൾ വലിച്ചിഴച്ചു വരുന്നത്? ഹമീദ് ആണെങ്കിലോ കാലിൽ ചിറകുകൾ ഉള്ളവനെപ്പോലെയാണ്. അവൻ ക്ഷീണിതനാകുമെന്ന് ആർക്കെങ്കിലും കരുതാനാകുമോ?
അവർ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ എത്തി. റോഡിന്‍റെ ഇരുവശവും കട്ടിയുള്ളതും ഉയർന്നതുമായ മതിലുകളാൽ ചുറ്റപ്പെട്ട ധനികരുടെ മാളികകൾ ആണ്. തോട്ടങ്ങളിൽ മാവ്, ലിച്ചി എന്നീ മരങ്ങൾ കായ്കളുടെ ഭാരം കൊണ്ട് തൂങ്ങുന്നു. ഒരു കുട്ടി മാവിനു നേർക്ക് കല്ലെറിയുന്നു, തോട്ടക്കാരൻ അവരെ ഉറക്കെ ചീത്തവിളിച്ചുകൊണ്ട് ഓടി വരുന്നു. പക്ഷേ അപ്പോഴേക്കും ആൺകുട്ടികൾ അയാളുടെ കൈയ്യെത്താ ദൂരത്ത് എത്തിക്കഴിഞ്ഞിരിക്കും, അവർ അലറി മറിഞ്ഞ് ചിരിക്കുയുമായിരിക്കും. അവർ തോട്ടക്കാരനെ വെറും വിഡ്ഢിയാക്കി മാറ്റുന്നു!
പിന്നീട് വലിയ കെട്ടിടങ്ങൾ കാണാനായി:
നിയമ കോടതികൾ, കോളേജ്, ക്ലബ്ബ്.
ഈ വലിയ കോളേജിൽ ഒരുപാട് ആൺകുട്ടികൾ ഉണ്ടാകുമോ? ഇല്ല സർ, അവരെല്ലാം
ആൺകുട്ടികളല്ല! ചിലർ മുതിർന്ന പുരുഷന്മാരാണ്. അവർ വലിയ മീശകൾ ശ്രദ്ധിച്ചു
വളർത്തുന്നുണ്ട്. മുതിർന്ന പുരുഷന്മാർ എന്തു പഠിക്കാനായിരിക്കും അവിടെ പോകുന്നത്?
എത്ര കാലം അവർ അങ്ങനെ തുടരും? അവരുടെ ഈ മുഴുവൻ അറിവും ഉപയോഗിച്ച് അവർ
എന്ത് ചെയ്യും? ഹമീദിന്‍റെ സ്‌കൂളൽ മുതിർന്ന ആൺകുട്ടികൾ രണ്ടോ മൂന്നോ പേരേയുള്ളൂ.
വെറും ചീത്തകളാണ് അവർ, നേരേ ചൊവ്വേ പണിയെടുക്കാത്തതിനാൽ അവർക്ക് എല്ലാ ദിവസവും അടിയും
കിട്ടും! ഈ കോളേജ് കുട്ടികളും ആ തരത്തിലായിരിക്കണം - അല്ലെങ്കിൽ പിന്നെ എന്തിന്
അവർ ഇത്ര മുതിർന്നിട്ടും എന്തിന് അവിടെ പഠിക്കണം! പിന്നെ വരുന്നത് ഒരു ലോഡ്ജ് ആണ്.
അവർ അവിടെ മാജിക് അവതരിപ്പിക്കുന്നു. അവിടെ അവർ മനുഷ്യരുടെ തലയോട്ടികളെ
ചലിപ്പിക്കുകയും മറ്റു തരത്തിലുള്ള വിചിത്രമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും
എന്നാണ് ജനസംസാരം. അവർ പുറത്തുള്ളവരെ അകത്തു പ്രവേശിപ്പിക്കാത്തതിൽ
അതിശയിക്കാനൊന്നുമില്ല. വൈകുന്നേരങ്ങളിൽ വെള്ളക്കാരായവർ കളിക്കുന്നു. മുതിർന്ന
പുരുഷന്മാർ, മീശയും താടിയും ഉള്ള പുരുഷന്മാർ
കളികളിൽ ഏർപ്പെടുന്നു! അവർ മാത്രമല്ല, അവരുടെ അനേകം
മേംസാഹിബുമാർ പോലും! അതാണ് നിഷ്‌കപടമായ സത്യം! അവർ റാക്കറ്റ് എന്ന് വിളിക്കുന്ന ആ
സാധനം, നിങ്ങൾ അത് എന്‍റെ മുത്തശ്ശിക്ക് കൊടുത്തെന്നിരിക്കട്ടെ; അത് എങ്ങനെ പിടിക്കണമെന്ന് പോലും അവർക്കറിയില്ല. പിന്നെ അത് വീശാൻ
ശ്രമിച്ചാലോ അവർ തളർന്നു വീഴുകയും ചെയ്യും.
''എന്‍റെ അമ്മയുടെ കൈകൾ വിറയ്ക്കും; ഞാൻ അല്ലാഹുവിനെക്കൊണ്ട് ആണയിടുന്നു! '' മഹമൂദ് പറഞ്ഞു.
മൊഹ്സിൻ പറ}ഞ്ഞു, ''എന്‍റെ
അമ്മയ്ക്ക് കിലോക്കണക്കിന് ധാന്യം
പൊടിക്കാൻ കഴിയും, ഒരു വല്ലാത്ത റാക്കറ്റ് പിടിക്കുന്നതുകൊണ്ട് അവരുടെ കൈ ഒരിക്കലും വിറയ്ക്കില്ല. എല്ലാ
ദിവസവും അവർ കിണറ്റിൽ നിന്ന് നൂറുകണക്കിന് കുടങ്ങൾ വെള്ളം നിറയ്ക്കാറുണ്ട്. എന്‍റെ
പോത്ത് തന്നെ അഞ്ച് കുടം വെള്ളം കുടിക്കും. ഒരു മേംസാഹിബിന് ഒരു കുടം വെള്ളം
വലിയ്ക്കേണ്ടി വന്നാൽ അവരുടെ മുഖം നീലിക്കും."
മഹമൂദ് തടസ്സപ്പെടുത്തി, ''പക്ഷേ, നിന്‍റെ അമ്മയ്ക്ക് ഓടാനും ചാടാനും പറ്റില്ലല്ലോ, പറ്റുമോ? ''
''അത് ശരിയാണ്,' മൊഹ്സിൻ മറുപടി പറഞ്ഞു, '''അവർക്ക് ചാടാനോ കുതിക്കാനോ ഒന്നും കഴിയില്ല. എന്നാൽ ഒരു ദിവസം ഞങ്ങളുടെ പശുവിന്‍റെ കയർ അഴിഞ്ഞുവീണ് അത് ചൗധരിയുടെ വയലിൽ മേഞ്ഞുതുടങ്ങി. എന്‍റെ അമ്മ അതിന്‍റെ പിന്നാലെ ഓടി, എനിക്ക് അവരുടെ അടുത്ത് എത്താൻ കഴിയാത്തത്ര വേഗത്തിലായിരുന്നു അവർ ഓടിയത്. ദെവത്തിന്‍റെ പേരിൽ പറയട്ടെ, എനിക്ക് കഴിഞ്ഞില്ല! ''
അങ്ങനെ നമ്മൾ മിഠായി വിൽപ്പനക്കാരുടെ കടകളിലേക്ക് പോകുന്നു. എല്ലാം വളരെ ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്! ആർക്കാണ് ഇത്രയും പലഹാരങ്ങൾ കഴിക്കാൻ കഴിയുക? ഒന്നു നോക്കു! എല്ലാ സ്റ്റോറുകളിലും പർവതകൂമ്പാരങ്ങൾ പോലെ അവ കൂട്ടിയിട്ടിരിക്കുന്നു.
''രാത്രി 1 1 മണിക്കു ശേഷം ജിന്നുകൾ വന്ന് എല്ലാം വാങ്ങുമെന്ന് അവർ പറയുന്നു. ''എന്‍റെ അബ്ബ പറയുന്നത് അർദ്ധരാത്രിയിൽ എല്ലാ സ്റ്റാളുകളിലും ഓരോ ജിന്നുണ്ടന്നാണ്. അതെല്ലാം തൂക്കിനോക്കി അതിന്‍റെ വില യഥാർത്ഥ രൂപയിൽ തന്നെ നൽകുകയും ചെയ്യുമത്രേ, നമ്മുടെ പക്കലുള്ള രൂപ തന്നെ, '' മൊഹ്സിൻ പറഞ്ഞു.
ഹമീദിന് വിശ്വാസമില്ല. ''ജിന്നുകൾ എവിടെയാണ് രൂപയും കൊണ്ടു വരിക? ''
''ജിന്നുകൾക്ക് ഒരിക്കലും പണത്തിന് കുറവു വരില്ല, '' മൊഹ്സിൻ മറുപടി പറഞ്ഞു. ''അവർ ആഗ്രഹിക്കുന്ന ഏത് ഖജനാവിലും അവർക്ക് കയറാനാകും. മിസ്റ്റർ, ഇരുമ്പ് കമ്പികൾക്കൊന്നും അവരെ തടയാൻ കഴിയില്ലെന്ന് നിനക്കറിയില്ലേ? അവർക്കാവശ്യമുള്ള എല്ലാ വജ്രങ്ങളും മാണിക്യങ്ങളും അവർക്കുണ്ട്. അവർ ആരിലെങ്കിലും സംപ്രീതരായാൽ, അവർക്ക് വജ്രം നിറച്ച കുട്ടകൾ തന്നെ കൊടുക്കും. അവർ ഈു നിമിഷം ഇവിടെയുണ്ടെങ്കിൽ, അഞ്ച് മിനിറ്റിനു ശേഷം അവർ കൽക്കത്തയിൽ ആയിരിക്കും. ''
ഹമീദ് വീണ്ടും ചോദിച്ചു, ''ഈ ജിന്നുകൾ വളരെ വലുതാണോ? ''
''ഓരോന്നും ആകാശത്തോളം വലുതാണ്,'' മൊഹ്സിൻ ഉറപ്പിച്ചു പറഞ്ഞു. ''അവന്‍റെ കാലുകൾ നില്തതായിരിക്കുമ്പോൾ തല ആകാശം സ്പർശിക്കും. എന്നാൽ അയാൾക്ക് വേണമെങ്കിൽ, ഒരു ചെറിയ പിച്ചള പാത്രത്തിനുള്ളിലും പ്രവേശിക്കാനാകും. ''
''ആളുകൾ എങ്ങനെയാണ് ജിന്നുകളെ സന്തോഷിപ്പിക്കുന്നത്? '' ഹമീദ് ചോദിച്ചു. ''ആരെങ്കിലും എന്നെ ആ രഹസ്യംപഠിപ്പിച്ചാൽ ഒരു ജിന്നിനെയെങ്കിലും ഞാൻ എന്നിൽ സംപ്രീതനാക്കും. ''
''എനിക്കറിയില്ല, '' മൊഹ്സിൻ മറുപടി പറഞ്ഞു, ''എന്നാൽ ചൗധരി സാഹിബിന് അയാളുടെ നിയന്ത്രണത്തിൽ ധാരാളം ജിന്നുകൾ ഉണ്ട്. അയാളുടെ എന്തെങ്കിലും മോഷ്ടിക്കപ്പെട്ടാൽ, അയാൾക്ക് അത് കണ്ടെത്താനും നിങ്ങളോട് കള്ളന്‍റെ പേരു വരെ പറയാനും കഴിയും. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജിന്നുകൾ അയാളോട് പറയുന്നു. ''
ചൗധരി സാഹിബിന് തന്‍റെ സമ്പത്തു എങ്ങനെയാണ് കൈവന്നതെന്നും ആളുകൾ അയാളോട് വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നതു എന്തുകൊണ്ടാണെന്നും ഹമീദ് മനസ്സിലാക്കി. തിരക്ക് കൂടാൻ തുടങ്ങുകയാണ്. ഈദ്ഗാഹിലേക്ക് പോകുന്ന സംഘങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് വരുന്നു - ഓരോരുത്തരും മറ്റുള്ളവരേക്കാൾ നന്നായി വസ്ത്രം ധരിച്ചിരുന്നു. ചിലർ ടോംഗകളിലും കുതിരവണ്ടികളിലും, ചിലർ മോട്ടോർകാറുകളിൽ. എല്ലാവരും സുഗന്ധദ്രവ്യം പൂശിയിട്ടുണ്ട്; എല്ലാവരും ആവേശം കൊണ്ട് പൊട്ടിത്തെറിക്കുമെന്നു തോന്നി.
ഞങ്ങളുടെ ഗ്രാമവാസികളുടെ ചെറിയ സംഘത്തിന് തങ്ങളുടെ പാവത്തത്തെ കുറിച്ച് വിഷമേമിയില്ല, അവർ ശാന്തതയും സംതൃപ്തിയുമുള്ള ഒരു കൂട്ടാരാണ്.
ഗ്രാമത്തിലെ കുട്ടികൾക്ക് നഗരത്തിലെ എല്ലാം തന്നെ വിചിത്രമാണ്. അവരുടെ കണ്ണിൽ പെടുന്ന എന്തും, അവരിൽ ആശ്ചര്യം ഉളവാക്കുന്നു. അവരെ വഴിയിൽ നിന്നു നീക്കാനായി കാറുകൾ വെപ്രാളത്തോടെ ഹോൺ മുഴക്കി, പക്ഷേ അവർക്ക് അതൊന്നും പ്രശ്‌നമേയായിരുന്നില്ല. ഹമീദിന്‍റെ പുറത്ത് ഒരു കാർ ഏതാണ്ട് തട്ടി –തട്ടിയില്ല എന്ന പോലെ ആയിപ്പോയിരുന്നു.
അവസാനം ഈദ്ഗാഹ് കാണാറായി. പരവതാനി വിരിച്ച സിമന്‍റ് തറയിൽ തണൽ വിരിച്ച കൂറ്റൻ പുളിമരങ്ങൾ അതിനു മുകളിൽ കാണാം. അവിടെ കണ്ണെത്താ ദൂരത്തോളം ഭക്തർ പള്ളി അങ്കണത്തിനും അപ്പുറം നിരനിരയായി ഒഴുകുന്നു. പുതുമുഖങ്ങൾ സ്വയം മറ്റുള്ളവർക്കു പിന്നിൽ അണിനിരക്കുന്നു. ഇവിടെ ഇസ്ലാമിന്‍റെ ദൃഷ്ടിയിൽ സമ്പത്തോ പദവിയോ പ്രധാനമല്ല, എല്ലാ മനുഷ്യരും തുല്യരാണ്. ഞങ്ങളുടെ ഗ്രാമവാസികൾ കൈകാലുകൾ കഴുകി മറ്റുള്ളവർക്കു പിന്നിലായി അവരുടെ സ്വന്തം നിര ഉണ്ടാക്കുന്നു.
എത്ര മനോഹരവും ഹൃദയസ്പർശിയായതുമായ കാഴ്ചയാണത്! ചലനങ്ങളുടെ എന്തൊരു തികഞ്ഞ ഏകോപനം! നൂറായിരം തലകൾ ഒന്നിച്ച് പ്രാർത്ഥനയിൽ കുമ്പിടുന്നു! എന്നിട്ട് എല്ലാവരും ഒരുമിച്ച് നിവർന്നു നിൽക്കുന്നു; പിന്നെ കുമ്പിട്ട് മുട്ടിന്മേൽ ഇരിക്കുന്നു! പല പ്രാവശ്യം അവർ ഈ ചലനങ്ങൾ ആവർത്തിക്കുന്നു - കൃത്യമായി ഒരു നൂറായിരം വൈദ്യുത ബൾബുകൾ ഒരേ സമയം തെളിക്കുകയും അണയ്ക്കുകയും ഓഫ് ചെയ്തുകൊണ്ടേയിരിക്കും പോലെ. അത് എത്ര അത്ഭുതകരമായ കാഴ്ചയാണ്!
പ്രാർത്ഥന കഴിഞ്ഞു. പുരുഷന്മാർ പരസ്പരം ആലിംഗനം ചെയ്യുന്നു. ഒരു ആക്രമണത്തിലേക്ക് നീങ്ങുന്ന സൈന്യം എന്ന പോലെ അവർ മധുരപലഹാര-കളിപ്പാട്ട കച്ചവടക്കാരുടെ കടകളിലേക്കു നീങ്ങുന്നു. ഈ വിഷയത്തിൽ മുതിർന്ന ഗ്രാമീണർക്ക് ആൺകുട്ടികളേക്കാൾ ഒട്ടും താൽപ്പര്യക്കുറവില്ല. ദാ, നോക്കൂ, ഇതാ ഒരു ഊഞ്ഞാൽ! ഒരു പൈസ കൊടുത്താൽ സ്വർഗ്ഗത്തിലേക്ക് ഉയർന്നു കയറാനും തുടർന്ന് താഴെ ഭൂമിയിലേക്കു പതിക്കുകയും ചെയ്യാം.
ഇതാ, ഇവിടെ മരത്തടികൊണ്ടുള്ള ആനകളും കുതിരകളും ഒട്ടകങ്ങളും വൃത്തത്തിൽ വലയം ചെയ്തിരിക്കുന്നുണ്ട്. ഒരു പൈസ കൊടുത്താൽ ഇരുപത്തിയഞ്ച് വട്ടം കറങ്ങി അത് ആസ്വദിക്കാം. മെഹമൂദും മൊഹ്സിനും നൂറിയും മറ്റ് ആൺകുട്ടികളും കുതിരകളിലും ഒട്ടകങ്ങളിലും കയറി. .
ഹമീദ് ദൂരെ നിന്ന് അവരെ നിരീക്ഷിച്ചു.
ആകെയുള്ളത് മൂന്ന് പൈസയാണ്. തന്‍റെ നിധിയുടെ മൂന്നിലൊന്ന് ദുരിതം പിടിച്ച ഈ
കറക്കങ്ങൾക്കായി പങ്കുവെക്കാൻ അവനു പറ്റില്ല.
അവർ കറക്കം പൂർത്തിയാക്കി; ഇനി കളിപ്പാട്ടങ്ങളുടെ സമയമാണ്. എല്ലാത്തരം കളിപ്പാട്ടങ്ങളും നിറച്ച സ്റ്റാളുകളുടെ ഒരു നിര ഒരു വശത്തുണ്ട്; പട്ടാളക്കാരും പാൽക്കാരും, രാജാക്കന്മാരും മന്ത്രിമാരും, ജലവാഹകരും, അലക്കുകാരികളും, വിശുദ്ധ പുരുഷന്മാരും. ഗംഭീര പ്രദർശനം! എത്ര ജീവൻ തുടിക്കുന്നവയാണ്! അവർക്ക് സംസാരിക്കാൻ നാവു മാത്രമേ വേണ്ടൂ.
തലയിൽ ചുവന്ന തലപ്പാവും തോളിൽ തോക്കും പിടിച്ച കാക്കി ധരിച്ച ഒരു പോലീസുകാരനെ മെഹമൂദ് വാങ്ങി. കണ്ടാൽ അവൻ ഒരു പരേഡിൽ മാർച്ച് ചെയ്യുന്നതായി തോന്നുമായിരുന്നു. ജലം നിറച്ച ബാഗിന്‍റെ ഭാരത്താൽ മുതുകും വളച്ച് നിൽക്കുന്ന ജലവാഹിനി മൊഹ്‌സിന് ഇഷ്ടപ്പെട്ടു. അവൻ ഒരു കൈയ്യ് കൊണ്ട് ബാഗിന്‍റെ പിടിയിൽ പിടിച്ച് സ്വയം സംപ്രീതനായി നിൽക്കുന്നു. ഒരു പക്ഷേ, അവൻ പാടുന്നുമുണ്ടാവാം. സഞ്ചിയിൽ നിന്ന് വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴിക്കാൻ പോകുന്നതു പോലെ തോന്നുന്നുണ്ട്. നൂറി ഒരു വക്കീലിൽ വീണിരിക്കയാണ്. എന്തൊരു പഠിപ്പാണ് വക്കീലിന്‍റെ മുഖത്ത്!
നീളമുള്ള, വെളുത്ത കോട്ടിന് മുകളിൽ ഒരു കറുത്ത ഗൗൺ, അതിന്‍റെ പോക്കറ്റിൽ സ്വർണ്ണ വാച്ച് ചെയിൻ, കൈയ്യിൽ ഏതോ നിയമ പുസ്തകത്തിന്‍റെ ഒരു തടിച്ച ലക്കം. അതിന് ഇപ്പോൾ കോടതിയിൽ ഒരു കേസ് വാദിച്ചിട്ടു വരികയാണ് എന്ന മട്ടായിരുന്നു.
ഈ കളിപ്പാട്ടങ്ങൾക്ക് ഓരോന്നിനും രണ്ട് പൈസയാണ് വില. ഹമീദിന് ആകെയുള്ളത് മൂന്ന് പൈസയാണ്; അവന് ഇത്രയും വിലയേറിയ കളിപ്പാട്ടങ്ങൾ വാങ്ങാൻ എങ്ങനെ കഴിയും? അവന്‍റെ കൈയ്യിൽ നിന്ന് താഴെ വീഴുകയാണെങ്കിൽ, അവ തകർന്ന് ഉടഞ്ഞു പോകും. ഒരു തുള്ളി വെള്ളം അവയുടെ മേൽ വീണാൽ പെയിന്‍റ് പോകും. ഇതുപോലുള്ള കളിപ്പാട്ടങ്ങൾ കൊണ്ട് അവൻ എന്തുചെയ്യാനാണ്? അവ അവനു പ്രയോജനപ്പെടില്ല.
മൊഹ്സിൻ പറഞ്ഞു, "എന്‍റെ ജലസഞ്ചി എല്ലാ ദിവസവും വെള്ളം തളിക്കും, കാലത്തും വൈകുന്നേരവും. "
മെഹമൂദ് പറഞ്ഞു, "എന്‍റെ പോലീസുകാരൻ എന്‍റെ വീടിന് കാവലിരിക്കും, ഒരു കള്ളൻ അടുത്തു വന്നാൽ അയാൾ അവനെ തോക്ക് കൊണ്ട് വെടിവയ്ക്കും. "
നൂറി പറഞ്ഞു, "'എന്‍റെ വക്കീല്‍ എന്‍റെ കേസുകളിൽ എനിക്കു വേണ്ടി പോരാടും. "
സമ്മി പറഞ്ഞു, "'എന്‍റെ അലക്കുകാരി എല്ലാ ദിവസവും എന്‍റെ അഴുക്കു തുണികൾ കഴുകുമല്ലോ. "
ഹമീദ് അവരുടെ കളിപ്പാട്ടങ്ങളെ അവഗണിച്ചു - അവ കളിമണ്ണ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് - ഒന്നു താഴെ വീണാൽ മതി അവ കഷണങ്ങളായി തകരും. എങ്കിലും അവന്‍റെ കണ്ണുകൾ ആർത്തിയോടെ അവയെ ആർത്തിയോടെ നോക്കി, ഒന്നോ രണ്ടോ നിമിഷങ്ങൾ അവ കൈകളിൽ പിടിക്കാനായെങ്കിൽ, അവൻ കൊതിച്ചു. അവൻ ആഗ്രഹിച്ചിട്ടില്ലെങ്കിൽ കൂടി അവന്‍റെ കൈകൾ അറിയാതെ അവയുടെ നേർക്ക് നീണ്ടു. എന്നാൽ ആൺകുട്ടികൾ ആകട്ടെ, ഒന്നും കൊടുക്കുന്നവരല്ല, പ്രത്യേകിച്ച് അത് പുതിയ എന്തെങ്കിലും ആയിരിക്കുമ്പോൾ. പാവം ഹമീദിന് കളിപ്പാട്ടങ്ങൾ തൊടാനായില്ല.
കളിപ്പാട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ മധുരപലഹാരങ്ങളാണ്. ഒരാൾ എള്ള് മിഠായി വാങ്ങുന്നു, മറ്റുള്ളവർ ഗുലാബ്-ജമൂൻ അല്ലെങ്കിൽ ഹൽവ. അവർ ആസ്വദിച്ച് അവ നുണഞ്ഞു. ഹമീദ് മാത്രമാണ് വേറിട്ടു പോയത്. ഭാഗ്യമില്ലാത്ത ആ കുട്ടിക്ക് കുറഞ്ഞത് മൂന്ന് പൈസയെങ്കിലും ഉണ്ട്; എന്തുകൊണ്ട് അവനും ഒന്നും കഴിക്കാൻ വാങ്ങുന്നില്ല? അവൻ വിശക്കുന്ന കണ്ണുകളോടെ മറ്റുള്ളവരെ നോക്കുന്നു.
മൊഹ്സിൻ പറയുന്നു, "ഹമീദ്, ഈ എള്ള് മിഠായി എടുക്കൂ, നല്ല മണമുണ്ട്. "
അതൊരു ക്രൂരമായ തമാശയാണെന്ന് ഹമീദ് സംശയിച്ചു; മൊഹ്സിന് അത്രയ്ക്കു വിശാലഹൃദയം ഒന്നും ഇല്ലെന്ന് അവനറിയാം. അതറിഞ്ഞിട്ടും ഹമീദ് മൊഹ്സിന്‍റെ അടുത്തേക്ക് പോയി, മൊഹ്സിൻ ഒരു കഷണം പുറത്തെടുത്ത് ഹമീദിന്‍റെ നേർക്കു പിടിച്ചു, ഹമീദ് കൈ നീട്ടി. മൊഹ്സിൻ മിഠായി സ്വന്തം വായിലാക്കി. മെഹമൂദ്, നൂറി, സമ്മി എന്നിവർ ആഹ്ലാദത്തോടെ കൈകൊട്ടി ചിരിച്ചു. ഹമീദ് തകർന്നു പോയി.
മൊഹ്സിൻ പറഞ്ഞു, "ഇത്തവണ ഞാൻ അത് നിനക്ക് തരാം. ഞാൻ അല്ലാഹുവിന്‍റെ പേരിൽ സത്യം ചെയ്യുന്നു! ഞാൻ അത് നിനക്കു തരാം. വന്ന് എടുക്ക്. "
ഹമീദ് മറുപടി പറഞ്ഞു, "നിങ്ങൾ മധുരപലഹാരങ്ങൾ സൂക്ഷിക്കുക. എന്‍റെ കൈയിൽ പണമില്ലേ? "
"നിന്‍റെ കൈയിൽ ആകെയുള്ളത് വെറും മൂന്ന് പൈസയാണ്, " സമ്മി
പറഞ്ഞു. "'അതു വച്ച് എന്തു വാങ്ങാനകും? "
മഹമൂദ് പറഞ്ഞു, "മൊഹ്സിൻ ഒരു ദുഷ്ടനാണ്, ഹമീദ് നീ എന്‍റെ അടുത്ത് വരൂ, ഞാൻ നിനക്ക് ഗുൽലാബ് ജമൂൻ തരാം. "
ഹമീദ് മറുപടി പറഞ്ഞു, "മധുരത്തെ കുറിച്ച് ആഹ്ലാദിക്കാൻ ഇത്രയധികം എന്താണുള്ളത്? മധുരം കഴിക്കുന്നത് ചീത്തയാണ് എന്നല്ലേ പുസ്തകങ്ങൾ എല്ലാം പറയുന്നത്? "
"എനിക്ക് അതു ലഭിച്ചാൽ ഞാൻ അത് കഴിക്കും എന്നു നിന്‍റെ മനസ്സിൽ നീ പറയുന്നുണ്ടാകണം, " മൊഹ്‌സീൻ പറഞ്ഞു. "നിന്‍റെ പോക്കറ്റിൽ നിന്ന് നീ പണം എടുക്കാത്തത എന്തുകൊണ്ടാണ്? "
"ഈ മിടുക്കൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയാം, " മെഹമൂദ് പറഞ്ഞു, "നമ്മുടെ പണം മുഴുവൻ ചെലവഴിച്ചു കഴിയുമ്പോൾ അവൻ പലഹാരങ്ങൾ വാങ്ങി നമ്മളെ കളിയാക്കും. "
മധുരപലഹാരക്കടകൾ കഴിഞ്ഞ് കുറച്ച് ഹാർഡ്വെയർ സ്റ്റോറുകളും യഥാർത്ഥവും കൃത്രിമവും ആയ ആഭരണങ്ങൾ ഉള്ള കടകളും ഉണ്ട്. ആൺകുട്ടികളുടെ ശ്രദ്ധ ആകർഷിക്കാൻ തക്കതായി അവിടെ ഒന്നുമേയില്ല. അങ്ങനെ ഹമീദ് ഒഴികെ മറ്റെല്ലാവരും മുന്നോട്ട് പോയി - അവൻ അവിടെ കൂട്ടിയിട്ടിരിക്കുന്ന കൊടിലുകളുടെ കൂമ്പാരം കാണാനായി അവിടെ നിന്നു. അവന്‍റെ മുത്തശ്ശിക്ക് ഒരു ജോടി കൊടിലുകൾ പോലും ഇല്ലല്ലോയെന്ന് അവന് ഓർമ്മ വന്നു. ഓരോ തവണ ചപ്പാത്തി ചുടുമ്പോഴും ഇരുമ്പ് പ്ലേറ്റ് അവരുടെ കൈകൾ പൊള്ളിക്കാറുണ്ട്. അവൻ അവർക്ക് ഒരു ജോഡി കൊടിലുകൾ വാങ്ങുകയാണെങ്കിൽ അവർ വളരെ സന്തോഷിക്കും. പിന്നീട് ഒരിക്കലും അവർ വിരലുകൾ പൊള്ളിക്കില്ല; വീട്ടിൽ ഉണ്ടായിരുന്നാൽ ഉപയോഗപ്രദമായ ഒരു വസ്തുവായിരിക്കും അത്. കളിപ്പാട്ടങ്ങൾ കൊണ്ട് എന്ത് പ്രയോജനം? അവ വെറും ധനനഷ്ടം ആയിരിക്കും. അവയുമായി കുറച്ച് സമയം കളിക്കാം, ആസ്വദിക്കാം, എന്നാൽ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ അതു കാണൂ. പിന്നെ നിങ്ങൾ അതെല്ലാം മറക്കും.
ഹമീദിന്‍റെ കൂട്ടുകാർ മുന്നോട്ട് പോയി. അവർ ഒരു സ്റ്റാളിൽ നിന്നു സർബത്ത് കുടിച്ചു. അവരെല്ലാവരും എത്ര സ്വാർത്ഥരാണ്! അവർ ഇത്രയധികം പലഹാരങ്ങൾ വാങ്ങിയെങ്കിലും അവനു ഒട്ടും നൽകിയില്ല. എന്നിട്ട് ഇപ്പോൾ അവൻ തങ്ങളോടൊപ്പം കളിക്കാൻ കൂടണമെന്നും അവർ ആഗ്രഹിക്കുന്നു; അവൻ അവർക്കു വേണ്ടി കൊച്ചു കൊച്ചു ജോലികൾ ചെയ്യണമെന്ന് അവർ ആഗ്രഹിക്കയും ചെയ്യുന്നു. ഇനി അവരിൽ ആരെങ്കിലും അവനോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടാൽ അവൻ അവരോട് എന്തു പറയുമെന്നതിനെ കുറിച്ച് ആത്മഗതം നടത്തി.
"പോ പോയി നിന്‍റെ ലോലിപ്പോപ്പ് നുണഞ്ഞോളൂ, അത് നിന്‍റെ വായിൽ ഉരയും; അത് നിനക്ക് വായിൽ വീക്കവും പരുവും തരും; നിന്‍റെ നാവ് എപ്പോഴും മധുരത്തിനായി കൊതിച്ചു കൊണ്ടേയിരിക്കും; അവസാനം അവ വാങ്ങാനായി നിനക്കു പണം മോഷ്ടിക്കേണ്ടി വരും, വിലപേശലിൽ നിനക്ക് അടിയും കിട്ടും. അതെല്ലാം പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. എന്‍റെ കൊടിലുകൾക്ക് ഒന്നും സംഭവിക്കുകയില്ല. എന്‍റെ മുത്തശ്ശി അവ കാണുന്നതും അവർ ഓടിവന്ന് അവ എടുത്തിട്ട്, 'എന്‍റെ കുട്ടി എനിക്ക് ഒരു ജോടി കൊടിലുകൾ കൊണ്ടുവന്നു,' എന്നു പറഞ്ഞുകൊണ്ട് അവർ എന്നിൽ ആയിരം അനുഗ്രഹങ്ങൾ വർഷിക്കും. അവർ അവ അയൽവാസികളായ സ്ത്രീകളെ കാണിച്ചു കൊടുക്കും. അധികം താമസിയാതെ ഹമീദ് തന്‍റെ മുത്തശ്ശിക്ക് ഒരു ജോടി കൊടിലുകൾ കൊണ്ടുവന്നിട്ടുണ്ട്, അവൻ എത്ര നല്ലവനാണ് എന്നു ഗ്രാമം മുഴുവൻ അനുഗ്രഹിക്കും. തങ്ങൾക്കു മാത്മ്രായി കളിപ്പാട്ടങ്ങൾ വാങ്ങിയതിന്‍റെ പേരിൽ മറ്റ് ആൺകുട്ടികളെ ആരും അനുഗ്രഹിക്കില്ല. മുതിർന്നവരുടെ അനുഗ്രഹങ്ങൾ അല്ലാഹുവിന്‍റെ കോടതിയിൽ കേൾക്കുകയും ഉടനടി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്‍റെ പക്കൽ പണമില്ലാത്തതു കാരണം മൊഹ്സിനും മെഹമൂദും എന്‍റെ നേരേ വലിയ ഭാവം കാണിക്കുന്നു. ഞാൻ അവരെ ഒരു പാഠം പഠിപ്പിക്കും. അവർ അവരുടെ കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കട്ടെ, അവർക്ക് കഴിയുന്ന മധുരപലഹാരങ്ങൾ കഴിക്കുകയും ചെയ്യട്ടെ. ഞാൻ കളിപ്പാട്ടങ്ങളുമായി കളിക്കില്ല. ആരുടെ ഒരു വിഡ്ഢിത്തവും ഞാൻ സഹിക്കില്ല. ഒരു ദിവസം എന്‍റെ അച്ഛൻ തിരിച്ചുവരും. ഒപ്പം എന്‍റെ അമ്മയും. അപ്പോൾ ഞാൻ ഈ ചേട്ടന്മാരോട് ചോദിക്കൂം, 'നിങ്ങൾക്ക് എന്തെങ്കിലും കളിപ്പാട്ടങ്ങൾ വേണോ? എത്ര?' ഞാൻ ഓരോരുത്തർക്കും കുട്ട നിറയെ കളിപ്പാട്ടങ്ങൾ തരാം, കൂട്ടുകാരോട് എങ്ങനെ പെരുമാറണമെന്ന് അവർക്കു കാണിച്ചു കൊടുക്കാം. സ്വയം ഒരു പൈസയ്ക്കുള്ള ലോലിപോപ്പുകൾ വാങ്ങി വലിച്ചു കുടിച്ച് മറ്റുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള ആളല്ല ഞാൻ. എനിക്കറിയാം, ഹമീദ് ഒരു ജോടി കൊടിലാണ് വാങ്ങിയത് എന്ന് അവർ ചിരിച്ചുകൊണ്ട് പറയും. അവർ ചെകുത്താന്‍റെ അടുത്തേക്ക് പൊയ്‌ക്കൊള്ളട്ടെ!"
ഹമീദ് കടയുടമയോട് ചോദിച്ചു, "ഒരു ജോടി കൊടിലുകൾക്ക് വില എത്രയാണ്? "
കടയുടമ അവനെ നോക്കി, ഒപ്പം പ്രായമായവരാരും ഇല്ല എന്നു കണ്ടപ്പോൾ "ഇത് നിനക്കുള്ളതല്ല, " എന്നു മറുപടി പറഞ്ഞു.
"ഇത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ആണോ അല്ലയോ? "
"അത് എന്തിന് വിൽപ്പനയ്ക്ക് അല്ലാതിരിക്കണം, അല്ലെങ്കിൽ പിന്നെ ഇവ ഇവിടെ കൊണ്ടുവരാൻ ഞാൻ ബുദ്ധിമുട്ടിയത് എന്തിന്? "
"എങ്കിൽ പിന്നെ അതിന്‍റെ വില എത്രയാണെന്ന് എന്നോട് പറഞ്ഞുകൂടെ! "
"ഇതിന് നിനക്ക് ആറ് പൈസ ചിലവാകും. "
ഹമീദിന്‍റെ ഹൃദയം തകർന്നു. "എന്നോടു ശരിയായ വില പറയൂ. "
"ശരി, എങ്കിൽ ഇത് അഞ്ച് പൈസയ്ക്കു തരാം. ഏറ്റവും കുറഞ്ഞ വിലയാണ്. ഒന്നുകിൽ അത് എടുക്കുക, അല്ലെങ്കിൽ അതു വിട്ടേക്കുക. " ഹമീദ് അവന്‍റെ ഹൃദയം ഉരുക്കു പോലെയാക്കി ചോദിച്ചു, "എനിക്ക് ഇത് മൂന്നിന് തരുമോ? " കടയുടമ അവൻ തിരികെ വരാനായി നിലവിളിക്കും എന്ന കണക്കു കൂട്ടലിൽ അവൻ മുന്നോട്ട് നടന്നു. എന്നാൽ കടയുടമ നിലവിളിച്ചില്ല, നേരെമറിച്ച്, അയാൾ ഹമീദിനെ തിരികെ വിളിച്ച് ഒരു ജോഡി കൊടിലുകൾ കൊടുത്തു. അവന്‍റെ സുഹൃത്തുക്കളെ കാണിക്കാനായി ഹമീദ് അവ തോക്കെന്ന പോലെ തോളിൽ ചുമന്ന് അഭിമാനത്തോടെ അഹങ്കരിച്ചു നടന്നു. അവർക്ക് എന്താണ് പറയാനുള്ളത് എന്ന് നമുക്ക് ഒന്നു നോക്കാം.
മൊഹ്സിൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "നിനക്ക് ഭ്രാന്താണോ? നീ ഈ കൊടിലുകൾ കൊണ്ട് എന്ത് ചെയ്യും? " ഹമീദ് അവ ശബ്ദത്തോടെ നിലത്തേക്ക് എറിഞ്ഞുകൊണ്ട് മറുപടി പറഞ്ഞു, "നിന്‍റെ ജലവാഹിനി ഇതേപോലെ ഒന്നു എറിയാൻ ശ്രമിച്ചു നോക്കൂ, അവന്‍റെ ശരീരത്തിലെ എല്ലാ അസ്ഥികളും തകരും. "
മെഹമൂദ് പറഞ്ഞു, "ഈ കൊടിലുകൾ ഏതെങ്കിലും തരത്തിലുള്ള കളിപ്പാട്ടമാണോ? "
"എന്തുകൊണ്ടല്ല? " ഹമീദ് തിരിച്ചടിച്ചു. "നിന്‍റെ തോളുകളിൽ അവ വയ്ക്കൂ, അപ്പോൾ അതു തോക്ക് ആകും; അവ നിന്‍റെ കൈകളിൽ പിടിച്ചെന്നാലോ, അപ്പോൾ അത് തെരുവുഗായകരുടെ കൈയ്യിലുള്ള കൊടിലുകൾ പോലെയാകും, അവർക്ക് ഒരു ജോടി കൈത്താളത്തിന്‍റെ അതേ കിലുക്കം ഇവ കൊണ്ടും ഉണ്ടാക്കാൻ കഴിയും. ഒറ്റ, അടി, അതോടെ നിങ്ങളുടെ എല്ലാ കളിപ്പാട്ടങ്ങളും തവിടുപൊടിയാകും. നിങ്ങളുടെ കളിപ്പാട്ടങ്ങൾ എത്ര തന്നെ ശ്രമിച്ചാലും, അവയ്ക്ക് എന്‍റെ കൊടിലുകളുടെ തലയിലുള്ള ഒരു രോമം വളയ്ക്കാൻ പോലും സാധിക്കില്ല. അവ ധീരനായ കടുവയെപ്പോലെയാണ്. "
ഒരു ചെറിയ ഡമരു (കൊച്ചു മദ്ദളം) വാങ്ങിച്ചിരുന്ന സമ്മി ചോദിച്ചു, " നീ അത് എന്‍റെ ഡമരുവുമായി മാറ്റി തരുമോ? ഇതിന് എട്ട് പൈസയാണ്.
ഹമീദ് ഡമരു നോക്കുന്നില്ലെന്ന് നടിച്ചു. "എന്‍റെ കൊടിലുകൾക്ക് ആവശ്യമെന്നു തോന്നിയാൽ അവർക്ക് വേണമെങ്കിൽ നിന്‍റെ ഡമരുവിന്‍റെ വയറിനകം വരെ കീറാൻ കഴിയും. അതിന് ആകെയുള്ളത് തുകൽ തൊലിയും, അതിന് ആകെ പറയാൻ കഴിയുന്നത് ധബ്, ധബ് എന്നും മാത്രമാണ്. ഒരു തുള്ളി വെള്ളത്തിന് അതിനെ എന്നെന്നേക്കുമായി നിശബ്ദമാക്കാനും കഴിയും. എന്‍റെ ധീരരായ ഒരു ജോഡി കൊടിലുകൾക്ക് ഒരിഞ്ച് ഇളകാതെ വെള്ളത്തെയും കൊടുങ്കാറ്റിനെയും നേരിടാൻ കഴിയും. "
ഒരു ജോടി കൊടിലുകൾ എല്ലാവരേയും അവയുടെ വശത്തേക്ക് അടുപ്പിച്ചു, എന്നാൽ ഇപ്പോൾ ആരുടെ കൈയ്യിലും പണം അവശേഷിക്കുന്നുമില്ല, മേളസ്ഥലം വളരെ പിന്നിലായി താനും. സമയം കാലത്ത് 9 മണി കഴിഞ്ഞിരുന്നു, ഓരോ മിനിറ്റിലും സൂര്യൻ കൂടുതൽ ചൂടാകുകയുമായിരുന്നു. എല്ലാവരും വീടുകളിൽ തിരിച്ചെത്താനുള്ള തിരക്കിലും ആയിരുന്നു. അവർ അവരുടെ പിതാക്കന്മാരോട് ചോദിച്ചാലും അവർക്ക് കൊടിലുകൾ നൽകാൻ ആകില്ല. ഈ ഹമീദ് ലേശമൊരു തെമ്മാടി തന്നെയാണ്. അവൻ കൊടിലുകൾക്കായി പണം സ്വരൂപിച്ചു വച്ചു.
ആൺകുട്ടികൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. മൊഹ്സിൻ, മെഹമൂദ്, സമ്മി, നൂറി എന്നിവർ ഒരു വശത്ത്, മറുവശത്ത് ഹമീദ് മാത്രം. അവർ ചൂടുപിടിച്ച തർക്കത്തിൽ ഏർപ്പെട്ടു. സമ്മി മറുവശത്തേക്ക് കൂറുമാറി. എന്നാൽ മൊഹ്സിൻ, മെഹ്മൂദ്, നൂറി എന്നിവർ, ഹമീദിനെക്കാൾ ഒന്നോ രണ്ടോ വയസ്സിന് മൂത്തതാണെങ്കിലും അവനെ സംവാദത്തിൽ കൂട്ടാൻ അവർക്ക് മടിയായിരുന്നു. ഹമീദിന്‍റെ ഭാഗത്താണ് ശരി. മാത്രവുമല്ല, അത് ഇപ്പോൾ ധാർമിക ശക്തി കൂടിയാണ്, മറുവശത്തു ആകട്ടെ കളിമണ്ണും. ഹമീദിന് ഇപ്പോൾ സ്റ്റീൽ എന്നു സ്വയം വിളിക്കുന്ന ഇരുമ്പുണ്ട്, അത് കീഴടക്കാനാവാത്തതും മാരകവുമാണ്. ഒരു കടുവ അവയുടെ മേൽ ചാടി വീണെന്നിരിക്കട്ടെ, ജലവാഹകനു ഒന്നും ചെയ്യാനാകില്ല; മിസ്റ്റർ കോൺസ്റ്റബിൾ തന്‍റെ കളിമൺ തോക്ക് താഴെയിടും, എന്നിട്ട് ഒടിക്കളയും; വക്കീൽ അയാളുടെ മുഖം ഗൗണിൽ മറച്ച് കിടക്കും, എന്നിട്ട് സ്വന്തം അമ്മയുടെ അമ്മ മരിച്ചുപോയെന്ന പോലെ വിലപിക്കും; എന്നാൽ കൊടിലുകൾ, ഒരു ജോഡി കൊടിലുകൾ, ഇന്ത്യയുടെ ചാമ്പ്യൻ, കടുവയെ കഴുത്തിൽ കുത്തി പിടിച്ച് കുതിക്കും, അതിന്‍റെ കണ്ണുകൾ ചൂഴ്‌ന്നെടുക്കും.
മൊഹ്സിൻ തന്‍റെ അഭ്യർത്ഥനയിൽ എല്ലാം കൂട്ടിച്ചേർത്തു, "പക്ഷേ അവർക്ക് പോയി വെള്ളം കൊണ്ടുവരാൻ കഴിയില്ലല്ലോ, കഴിയുമോ? "
ഹമീദ് കൊടിലുകൾ ഉയർത്തി മറുപടി പറഞ്ഞു, "എന്‍റെ കൊടിലുകളുടെ കോപാകുലമായ ഒരൊറ്റ കൽപ്പന മതി, നിന്‍റെ ജലവാഹകൻ വെള്ളം കൊണ്ടുവരാനും അവനോട് കൽപ്പിച്ച ഏത് പടിവാതിൽക്കലും വെള്ളം തളിക്കാനും അവൻ തിടുക്കം കൂട്ടിയിരിക്കും. "
മൊഹ്സിന് ഉത്തരം മുട്ടി. മെഹമൂദ് അവനെ രക്ഷിക്കാൻ എത്തി. "നമ്മൾ പിടിക്കപ്പെട്ടാൽ, പിടിക്കപ്പെട്ടതു തന്നെയാണ്. നമുക്ക് നിയമ കോടതികളിൽ ചങ്ങലയിൽ ചുറ്റി നടക്കേണ്ടി വരും. അപ്പോൾ നമ്മൾ അഭിഭാഷകന്‍റെ കാൽക്കൽ വീണ് സഹായം അഭ്യർത്ഥിക്കും. "
ഈ ശക്തമായ വാദത്തിന് ഹമീദിന് മറുപടിയുണ്ടായിരുന്നില്ല. അവൻ ചോദിച്ചു, "ആരു വരും നമ്മെളെ അറസ്റ്റ് ചെയ്യാൻ? "
നൂറി നെഞ്ചുയർത്തി മറുപടി പറഞ്ഞു, "തോക്കുമായി ഈ പോലീസുകാരൻ. "
ഹമീദ് മുഖം കോട്ടി, പരിഹാസത്തോടെ പറഞ്ഞു, "ഈ നീചൻ ഇന്ത്യയുടെ ചാമ്പ്യനെ പിടികൂടാൻ വരും പോലും! ശരി, നമുക്ക് ഇത് ഒരു ഗുസ്തിപരീക്ഷണത്തിലൂടെ തീരുമാനമാക്കാം. അവരെ പിടികൂടുന്നതിനു പോയിട്ട്, അവൻ എന്‍റെ കൊടിലുകൾക്കു നേരേ നോക്കാൻ പോലും ഭയപ്പെടും. "
മൊഹ്സിൻ മറ്റൊരു തന്ത്രത്തെക്കുറിച്ച് ചിന്തിച്ചു. "നിന്‍റെ കൊടിലുകളുടെ മുഖം ഓരോന്നായി എല്ലാ ദിവസവും തീയിൽ കരിയും. " ഇത് ഹമീദിനെ നിശ്ശബ്ദനാക്കുമെന്ന് അവന് ഉറപ്പുണ്ട്. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. തക്കമറുപടിയുമായി ഹമീദ് വന്നു, "മിസ്റ്റർ, ധൈര്യശാലികൾക്ക് മാത്രമേ തീയിൽ ചാടാൻ കഴിയൂ. നിങ്ങളുടെ ദയനീയരായ വക്കീലന്മാരും പോലീസുകാരും ജലവാഹകരും ഭയന്നു പോയ സ്ത്രീകളെ പോലെ താന്താങ്ങളുടെ വീടുകളിലേക്ക് ഓടും. തീയിൽ ചാടുക എന്ന ഈ സാഹസകൃത്യം ചെയ്യാൻ ഇന്ത്യയുടെ ഈ ചാമ്പ്യനു മാത്രമേ കഴിയൂ. "
മഹമൂദ് ഒരു ശ്രമം കൂടി നടത്തി. "വക്കീലിന് ഇരിക്കാൻ കസേരകളും മേശകളും ഉണ്ടാകും. നിന്‍റെ കൊടിലുകൾക്ക് കിടക്കാൻ അടുക്കള തറ മാത്രമേ ഉണ്ടാകൂ. "
ഉചിതമായ ഒരു മറുപടി ഹമീദിന് ചിന്തിക്കാനായില്ല, അതിനാൽ അവൻ മനസ്സിൽ തോന്നിയതെന്തും പറയാൻ തുടങ്ങി. "കൊടിലുകൾ അടുക്കളയിൽ നിൽക്കില്ല, നിങ്ങളുടെ വക്കീൽ അയാളുടെ കസേരയിൽ ഇരിക്കുമ്പോൾ എന്‍റെ കൊടിലുകൾ അയാളെ ഇടിച്ചു നിലത്തു വീഴ്ത്തും. "
ഇത് ഉചിതമായ മറുപടിയൊന്നുമായിരുന്നില്ല, പക്ഷേ നമ്മുടെ മൂന്ന് നായകന്മാരും പൂർണ്ണമായും തകർന്നു പോയി - വിലകുറഞ്ഞ, ദയനീയമായ പേപ്പർ അനുകരണംകൊണ്ട് ഒരു ജേതാവായ പട്ടത്തെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിയിരുന്നെങ്കിൽ എങ്ങനെ, ഏതാണ്ട് അതുപോലെ. അങ്ങനെ ഹമീദ് കളിയിൽ വിജയിച്ചു. അവന്‍റെ കൊടിലുകളാണ് ഇന്ത്യയുടെ ചാമ്പ്യൻ. മൊഹ്സിനോ മെഹമൂദോ, അതല്ല നൂറോ, സമ്മിയോ അല്ല - മറ്റാർക്കും ആ വസ്തുതയെ തർക്കിച്ചു സ്ഥാപിക്കാനും കഴിയുകയുമില്ല.
പരാജയപ്പെട്ടവരിൽ നിന്ന് ഒരു വിജയി നേടിയെടുക്കുന്ന ആദരവ് ഹമീദിന് നൽകപ്പെട്ടു. മറ്റുള്ളവർ പന്ത്രണ്ടും പതിനാറും പൈസ വീതം മുടക്കി വാങ്ങിയതൊന്നും മൂല്യവത്തായില്ല. ഹമീദിന്‍റെ മൂന്ന് പൈസയാണ് ഈ ദിവസം കൊണ്ടു പോയത്. കളിപ്പാട്ടങ്ങൾ വിശ്വാസയോഗ്യമല്ലാത്ത സാധനങ്ങളാണെന്ന് ആർക്കും നിഷേധിക്കാനാവില്ല: അവ പൊട്ടിപ്പോകും, ഹമീദിന്‍റെ കൊടിലുകളാകട്ടെ വർഷങ്ങളോളം അതേപടി നിലനിൽക്കുകയും ചെയ്യും.
ആൺകുട്ടികൾ തങ്ങളുടെ അവസ്ഥയോടു സമരസപ്പെടുവാൻ തുടങ്ങി. മൊഹ്സിൻ പറഞ്ഞു, "എനിക്ക് നിന്‍റെ കൊടിലുകൾ കുറച്ച് സമയത്തേക്ക് തരൂ, അത്രയും സമയത്തേക്ക് എന്‍റെ ജലവാഹിനി നിനക്കും കൈയ്യിൽ വയ്ക്കാം. "
മെഹമൂദും നൂറിയും അവരുടെ കളിപ്പാട്ടങ്ങൾ അതേ പോലെ വാഗ്ദാനം ചെയ്തു. ഈ നിബന്ധനകൾ അംഗീകരിക്കുന്നതിൽ ഹമീദിനു ശങ്കയേതുമുണ്ടായില്ല. കൊടിലുകൾ ഒരു കൈയിൽ നിന്ന് മറ്റു കൈകളിലേക്ക് കടന്നുകൊണ്ടിരുന്നു. പകരം കളിപ്പാട്ടങ്ങൾ ഹമീദിനെ മാറി മാറി ഏൽപ്പിക്കുകയും ചെയ്തു. അവർ എത്ര നല്ലവരാണ്!
പരാജയപ്പെട്ട എതിരാളികളുടെ കണ്ണീർ തുടയ്ക്കാൻ ഹമീദ് ശ്രമിച്ചു. "ഞാൻ വെറുതെ നിങ്ങളുടെ കാൽ വലിക്കുകയായിരുന്നു, സത്യമായും അങ്ങനെ ആയിരുന്നു. ഇരുമ്പു കൊണ്ടു നിർമ്മിച്ച ഈ കൊടിലുകൾ എങ്ങനെ നിങ്ങളുടെ കളിപ്പാട്ടങ്ങളോടു താരതമ്യം ചെയ്യാനാകും? " ഹമീദിനെ ആരെങ്കിലും ഒരാൾ കബളിപ്പിച്ചവൻ എന്നു വിളിക്കുമെന്ന് കരുതി. പക്ഷേ മൊഹ്സിന്‍റെ സംഘത്തിന് ആശ്വാസമായില്ല. ആ ദിവസം വിജയിച്ചത് കൊടിലുകൾ തന്നെയാണ്, അവയുടെ അധികാരമുദ്ര എത്ര ജലത്തിനും കഴുകിക്കളയാനാവില്ല. മൊഹ്സിൻ പറയുന്നു, " ഈ കളിപ്പാട്ടങ്ങളുടെ പേരിൽ ആരും ഞങ്ങളെ അനുഗ്രഹിക്കില്ല. "
മെഹമൂദ് കൂട്ടിച്ചേർത്തു, "നീ അനുഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്! പകരം നമുക്ക് നല്ല തല്ല് കിട്ടിയെന്നു വരാം. 'മേളയിൽ നിന്ന് നിനക്ക് ഈ മൺപാത്രങ്ങളേ കിട്ടിയുള്ളോ എന്ന് എന്‍റെ അമ്മ പറയും. "
കൊടിലുകൾ കാണുമ്പോൾ അവന്‍റെ മുത്തശ്ശിക്കു ഉണ്ടാകുന്ന സന്തോഷം കളിപ്പാട്ടങ്ങൾ കാണുമ്പോൾ ഒരു അമ്മയ്ക്കും ഉണ്ടാകില്ലെന്ന് ഹമീദിന് സമ്മതിക്കേണ്ടി വന്നു. അവന് ആകെയുള്ളത് മൂന്ന് പൈസ ആയിരുന്നു,
അത ചെലവഴിച്ച രീതിയെ കുറിച്ച് അവന് പശ്ചാത്തപിക്കാൻ ഒരു കാരണവുമില്ല. ഇപ്പോൾ അവന്‍റെ കൊടിലുകൾ ആണ് ഇന്ത്യയുടെ ചാമ്പ്യനും കളിപ്പാട്ടങ്ങളുടെ രാജാവും.
പതിനൊന്നു മണിയോടെ ഗ്രാമം വീണ്ടും ആവേശത്താൽ മുഖരിതമായി. മേളയ്ക്ക് പോയിരുന്നവരെല്ലാം വീടുകളിൽ തിരികെയെത്തി. മൊഹ്സിന്‍റെ കുഞ്ഞനുജത്തി ഓടിവന്നു, അവന്‍റെ കൈകളിൽ നിന്ന് ജലവാഹിനി തട്ടിപ്പറിച്ചെടുത്തു, പിന്നെ സന്തോഷത്തോടെ നൃത്തം ചെയ്യാൻ തുടങ്ങി. മിസ്റ്റർ ജലവാഹിനി അവളുടെ കൈയിൽ നിന്ന് വഴുതി നിലത്തു വീണു, നേരേ പറുദീസയിലേക്ക് പോയി. ജ്യേഷ്ഠനും അനുജത്തിയും വഴക്കിട്ടു; കരയാൻ ഇരുവർക്കും അനേകം കാരണങ്ങളും ഉണ്ടായിരുന്നു. അവരുണ്ടാക്കിയ ബഹളം അമ്മയെ ശുണ്ഠി പിടിപ്പിച്ചു, കിട്ടി രണ്ടുപേർക്കും ശബ്ദത്തോടെ ഈരണ്ട് അടി.
നൂറിയുടെ വക്കീൽ അദ്ദേഹത്തിന്‍റെ മഹത്തായ പദവിക്ക് യോജിച്ച അന്ത്യം കുറിച്ചു. ഒരു അഭിഭാഷകന് നിലത്തിരിക്കുവാൻ കഴിയില്ലല്ലോ. അയാൾക്ക് തന്‍റെ മാനം സൂക്ഷിക്കണമായിരുന്നു. ഭിത്തിയിൽ രണ്ട് ആണികൾ അടിച്ചു ഒരു പലക വച്ചു, പലകമേൽ ഒരു കടലാസ് പരവതാനി വിരിച്ചു. മാന്യനായ വക്കീലിനെ തന്‍റെ സിംഹാസനത്തിൽ ഒരു രാജാവിനെപ്പോലെ ഇരുത്തി..നൂറി അയാളെ ഒരു വിശറികൊണ്ടു വീശാൻ തുടങ്ങി. നിയമ കോടതികളിൽ രാമച്ച കർട്ടനുകളും ഇലക്ട്രിക് ഫാനുകളും ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവനു ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം ഒരു വിശറി നൽകുക എന്നതാണ്, അല്ലാത്തപക്ഷം ചൂടേറിയ നിയമ വാദങ്ങൾ അഭിഭാഷകന്‍റെ തലച്ചോറിനെ ബാധിച്ചേക്കാം. മുളയില കൊണ്ട് ഉണ്ടാക്കിയ ഫാൻ നൂറി വീശുകയായിരുന്നു. അത് കാറ്റ് ആയിരുന്നോ അല്ലെങ്കിൽ ഫാൻ ആയിരുന്നോ അതോ മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് ഞങ്ങൾക്ക് അറിയില്ല, മാന്യമായി വാദിച്ചു കൊണ്ടിരുന്ന വക്കീലിനെ അവന്‍റെ ഉയർന്ന പീഠത്തിൽ നിന്ന് നരകത്തിന്‍റെ ആഴങ്ങളിലേക്ക് വീഴ്ത്തി അയാളുടെ ഗൗൺ ഉണ്ടാക്കിയത് ഏതു പൊടി കൊണ്ടാണോ അതിൽ തന്നെ കലർന്നു. നെഞ്ചത്തടിച്ചു നിലവിളി കുറേനേരം ഉണ്ടായിരുന്നു, പിന്നെ വക്കീലിന്‍റെ ശവമഞ്ചം ചാണകക്കൂമ്പാരത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
മെഹമൂദിന്‍റെ പോലീസുകാരൻ അവശേഷിച്ചു. അയാളെ ഉടൻ തന്നെ ഗ്രാമത്തിനു കാവലാകുക എന്ന ചുമതലയേൽപ്പിച്ചു. എന്നാൽ സ്വന്തമായുള്ള രണ്ടു കാലിൽ നടക്കാനാകുന്ന സാധാരണ മനുഷ്യനല്ല ഈ പോലീസ്. അയാൾക്ക് ഒരു പല്ലക്ക് നൽകേണ്ടിയിരുന്നു. പോലീസുകാരനു സുഖമായി ചാരിയിരിക്കത്തക്ക വിധം, വലിച്ചെറിയപ്പെട്ട ചുവന്ന നിറത്തിലുള്ള കീറിപ്പറിഞ്ഞ വസ്ത്രത്തുണ്ടുകൾ നിരത്തി സജ്ജമാക്കിയ ഒരു കുട്ടയായിരുന്നു അത്. മഹമൂദ് കുട്ടയെടുത്തു നടത്തം തുടങ്ങി, അവന്‍റെ രണ്ട് ഇളയ സഹോദരന്മാർ അവനെ അനുഗമിച്ചു.
"കടയുടമകളേ, ഉണർന്നിരിക്കുക! " എന്നാൽ രാത്രി ഇരുണ്ടതായേ പറ്റുകയുള്ളല്ലോ; ഇരുട്ടത്ത് മെഹമൂദിന്‍റെ കാലിടറി. കുട്ട അവന്‍റെ കയ്യിൽ നിന്ന് തെന്നിമാറി. തോക്കോടു കൂടി മിസ്റ്റർ കോൺസ്റ്റബിൾ നിലത്ത് അടിച്ചു വീണു. തിരികെ കിട്ടിയപ്പോൾ അയാളുടെ ഒരു കാലു കുറവായിരുന്നു.
ഒരു പൊടി ഡോക്ടറായ മെഹമൂദിന് തകർന്ന കൈകാലുകൾ വേഗത്തിൽ വീണ്ടും ചേർക്കാനാകുന്ന ഒരു തൈലത്തെക്കുറിച്ച് അറിയാമായിരുന്നു. അതിന് ആകെ ആവശ്യമുള്ളത് ഒരു ആൽത്തൈയുടെ കറ ആയിരുന്നു. കറ കൊണ്ടുവന്ന് ഒടിഞ്ഞ കാല് കൂട്ടിയോജിപ്പിച്ചു.
എന്നാൽ അധികം താമസിയാതെ തന്നെ കോൺസ്റ്റബിളിനെ സ്വന്തം കാലിൽ നിർത്തിയതും ഒരു കാൽ വിട്ടുപോയി. ഒരു കാലുകൊണ്ട് ഇപ്പോൾ യാതൊരു പ്രയോജനവുമില്ല, കാരണം അതു ഉപയോഗിച്ച് നടക്കാനും ഇരിക്കാനും കഴിയില്ലല്ലോ. മഹമൂദ് ഒരു ശസ്ത്രക്രിയാ വിദഗ്ധൻ, ആയി മറ്റേ കാൽ കൂടി ഒടിഞ്ഞ കാലിന്‍റെ വലുപ്പത്തിൽ മുറിച്ചുമാറ്റി, അപ്പോൾ അയാൾക്കു സുഖമായി ഇരിക്കാമായിരുന്നു.
കോൺസ്റ്റബിളിനെ വിശുദ്ധനാക്കി; അയാൾക്ക് ഒരിടത്ത് ഇരുന്നുകൊണ്ട് ഗ്രാമം കാക്കാൻ കഴിയുമായിരുന്നു. ചിലപ്പോഴൊക്കെ അയാൾ ദേവന്‍റെ പ്രതിരൂപം പോലെയായിരുന്നു. അയാളുടെ തലപ്പാവിലെ തൂവലുകൾ ചുരണ്ടിക്കളഞ്ഞു, നിങ്ങൾക്ക് എത്രമാത്രം മാറ്റങ്ങൾ വരുത്താമോ അതെല്ലാം തരാതരം പോലെ അയാളുടെ രൂപത്തിൽ പ്രയോഗിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ അയാളെ സാധനങ്ങൾ തൂക്കുക പോലുള്ള കാര്യങ്ങൾക്കു പോലും ഉപയോഗിക്കുകയും ചെയ്തു.
ഇനി നമുക്ക് നമ്മുടെ സുഹൃത്ത് ഹമീദിന് എന്തു സംഭവിച്ചു എന്ന് നോക്കാം. അവന്‍റെ ശബ്ദം കേട്ടയുടനെ മുത്തശ്ശി അമീന വീടിന് പുറത്തേക്ക് ഓടിവന്ന്, അവനെ എടുത്ത് ചുംബിച്ചു. പെട്ടന്നാണ് അവന്‍റെ കയ്യിലെ കൊടിലുകൾ അവർ ശ്രദ്ധിച്ചത്. "ഈ കൊടിലുകൾ നീ എവിടുന്നാണ് കണ്ടത്? "
"ഞാൻ അവ വാങ്ങിച്ചു. "
"നീ അവയ്ക്ക് എത്ര പണം നൽകി? "
"മൂന്ന് പൈസ. "
മുത്തശ്ശി അമീന അവരുടെ നെഞ്ചത്തടിച്ചു. "നീ ഒരു മണ്ടൻ കുട്ടിയാണ്! സമയം ഏതാണ്ട് ഉച്ചയാകുന്നു. നിനക്ക് തിന്നാനോ കുടിക്കാനോ ഒന്നും ഉണ്ടായിരുന്നുമില്ല. എന്നിട്ട് നീ എന്താണ് വാങ്ങിയത് - കൊടിലുകൾ! ഈ ഒരു ജോഡി ഇരുമ്പ് കൊടിലുകളേക്കാൾ മികച്ചത് ഒന്നും നിനക്ക് മേളയിൽ കണ്ടെത്താൻ കഴിഞ്ഞില്ലേ? "
മുറിവേറ്റ സ്വരത്തിൽ ഹമീദ് മറുപടി പറഞ്ഞു, "ഇരുമ്പ് പാത്രത്തിൽ കൊണ്ട് അമ്മൂമ്മയുടെ വിരലുകൾ എപ്പോഴും പൊള്ളാറില്ലേ, അതുകൊണ്ടാണ് ഞാൻ അവ വാങ്ങിയത്. "
വൃദ്ധയുടെ കോപം പെട്ടെന്ന് സ്‌നേഹത്തിനു വഴി മാറി - അങ്ങനെ പറഞ്ഞ വാക്കുകളിൽ പാഴായിപ്പോകുന്ന തരം കണക്കുകൂട്ടിയുള്ള സ്‌നേഹമല്ല. ഈ സ്‌നേഹം നിശബ്ദമായിരുന്നു, ഉറപ്പുള്ളതും ആർദ്രതയോടെ ഇറ്റുവീഴുന്നതുമായിരുന്നു. എന്തൊരു നിസ്വാർത്ഥനായ കുട്ടി! മറ്റുള്ളവരെ കുറിച്ച് എന്തൊരു ആശങ്കയുള്ളവൻ! എന്തൊരു വലിയ ഹൃദയം! മറ്റു കുട്ടികൾ കളിപ്പാട്ടങ്ങൾ വാങ്ങുന്നതും മധുരപലഹാരങ്ങൾ കഴിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ അവൻ എത്രമാത്രം വേദനിച്ചിരിക്കണം! സ്വന്തം വികാരങ്ങൾ അടിച്ചമർത്താൻ അവന് എങ്ങനെ കഴിഞ്ഞു! മേളയിൽ പോലും അവൻ തന്‍റെ വയസ്സായ മുത്തശ്ശിയെക്കുറിച്ചാണ് ചിന്തിച്ചത്. മുത്തശ്ശി അമീനയുടെ ഹൃദയം വാക്കുകൾക്ക് അതീതമായി നിറഞ്ഞിരിക്കുകയായിരുന്നു.
ഏറ്റവും വിചിത്രമായ കാര്യം സംഭവിച്ചു - കൊടിലുകൾ വഹിച്ച ഭാഗത്തെക്കാൾ വിചിത്രതരമായിരുന്നു ഹമീദ് എന്ന കൊച്ചു പയ്യൻ ഹമീദ് എന്ന വൃദ്ധന്‍റെ വേഷം എടുത്തത്. വയസ്സായ മുത്തശ്ശി അമീനയാകട്ടെ, അമീന എന്ന കൊച്ചു പെൺകുട്ടിയായി മാറി! അവർ വികാരാവേശത്താൽ തകർന്നു പോയി. സ്വന്തം ഏപ്രൺ നിലത്തു വിരിച്ച് തന്‍റെ പേരക്കുട്ടിക്ക് വേണ്ടി അല്ലാഹുവിനോട് അനുഗ്രഹം യാചിച്ചു. വലിയ കണ്ണുനീർത്തുള്ളികൾ അവരുടെ കണ്ണുകളിൽ നിന്ന് ഉരുണ്ടു വീണു. അവരുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് പാവം ഹമീദിന് എങ്ങനെ മനസ്സിലാകാൻ!
English: https://archive.org/stream/Idgah-English-Premchand/idgah_djvu.txt