Friday, June 09, 2017

ഹേബിയസ് കോർപ്പസ്

(പ്രായപൂര്‍ത്തി അവകാശങ്ങളില്ലാത്ത മാതാപിതാക്കളുടെ കാഴ്ച്ചപ്പാടിലൂടെ ഒരു കഥ.)  
                     
'ദാ, ഇപ്പോ തീരും. ഉടനേ നമുക്കിരിക്കാം. വടക്കുനിന്നുള്ള ഒരു കോവിലകംകാരാണ്, ദൂരേന്നു വരുന്നവർ. ' വക്കീൽ ഇടയ്ക്കു വന്ന് ക്ഷമാപണം നടത്തി.

ഹൈക്കോടതിയുടെ മീഡിയേഷൻ ഹാളിൽ കാത്തിരിപ്പു തുടങ്ങിയിട്ട് നേരം കുറച്ചായിരുന്നു. ഹർജിക്കുള്ള കാര്യങ്ങൾ വക്കീലിന് അടുക്കിന് പറഞ്ഞുകൊടുക്കണം. അത്രയേ വേണ്ടു. പക്ഷേ വക്കീലിന് ഒഴിവു കിട്ടണ്ടെ? കോടതിസമുച്ചയത്തിൽ തന്നെയുള്ള വക്കീലിന്റെ മുറിയ്ക്കു മുമ്പിലായിരുന്നു ആദ്യതപസ്സ്. പലവട്ടം വിളിച്ച് ഫോണെടുക്കാതെ മടുത്ത്, അവസാനം 'ക്ഷമിക്കണേ, വാദം നീണ്ടുപോയി, മീഡിയേഷൻ ഹാളിലേക്കു വരുമോ,' എന്ന് അവരുടെ ഫോൺ വന്നപ്പോൾ കാവൽ ഇങ്ങോട്ടേക്കു മാറ്റിയെന്നു മാത്രം. അല്ലെങ്കിൽ തന്നെ പരാതിക്കാരുടേയും രോഗികളുടേയും മറ്റും സമയത്തിന് ഇന്നാട്ടിൽ എന്തു വില ?

വാസ്തവത്തിൽ ഈ കുത്തിയിരുപ്പു തന്നെയല്ലേ ആദ്യശിക്ഷ, ശാന്തിനി ചിന്തിച്ചു. പക്ഷേ എന്തിന്, എന്തു തെറ്റിന്റെ പേരിൽ?  നിറഞ്ഞുവന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു. മനോജ് കസേരയിൽ കണ്ണടച്ചിരിക്കുകയാണ്. ധാരാളം പേരുണ്ട് ഹാളിൽ. പക്ഷേ ഓരോരുത്തരും താന്താങ്ങളിൽ മുഴുകി ഇരിക്കുന്നതുകൊണ്ട് മറ്റുള്ളവരിലേക്ക് നോട്ടം പായിക്കുന്നതേയില്ല. സ്വന്തം മനസ്സിനുള്ളിലെ കടലിരമ്പം തന്നെ താങ്ങാൻ കഴിയുന്നുണ്ടാവില്ല, പിന്നെയല്ലേ അയൽപക്കക്കാരുടേത്?

വക്കീൽ രാജേശ്വരിയെ അവരുടെ വീട്ടിൽ പോയി കണ്ടത് കഴിഞ്ഞ ആഴ്ച്ചയാണ്. വളരെ ഗൃഹപാഠം ചെയ്ത് വികാരങ്ങൾ നിയന്ത്രിച്ചു തന്നെയായിരുന്നു കാര്യങ്ങൾ ഏറ്റവും ചുരുക്കി പറഞ്ഞത്. പക്ഷേ എല്ലാം തകർത്ത് അവർ വെടി പൊട്ടിച്ചു.

'ഇങ്ങനെ ഒരു മകളെ നിങ്ങൾക്കിനിയെന്തിന്, എന്തിന് അവളെ അന്വേഷിച്ചു നടക്കുന്നു ?'

നെഞ്ചിൽ കുന്തം തറഞ്ഞ ഉൾവേദനയോടെ മനോജും ശാന്തിനിയും അതു കേട്ടു പരസ്പരം നോക്കിപ്പോയി. എത്രയോ ജീവിതങ്ങൾ അടുത്തുനിന്നു കണ്ടിട്ടുള്ള ആളല്ലേ വക്കീലമ്മ? എന്നിട്ടും സ്വന്തം ജീവിതത്തിൽ നിന്ന് മക്കൾ അച്ഛനമ്മമാരെ പറിച്ചെറിയുന്നത്ര നിഷ്പ്രയാസം അച്ഛനമ്മമാർക്ക് മക്കളെ കളയാനാവില്ലെന്ന് അറിയില്ലെന്നുണ്ടോ?

'അല്ല, ആലോചിച്ചു പോയെന്നേ ഉള്ളു,' അവർ പിന്നെ മയപ്പെടുത്തി. ചോദ്യം എടുത്തുചാട്ടമായി പോയി എന്നു തോന്നിയിട്ടുണ്ടാവും. അവർക്കും മകളുണ്ടല്ലോ, പെട്ടെന്നു പ്രതികരിച്ചു പോയതായിരിക്കും.

'എന്റെ മകൾ....അവൾ നല്ലവളാണ്, വിവരമുള്ളവളും. പക്ഷേ ഇപ്പോൾ...' ശാന്തിനി അറിയാതെ വിതുമ്പിപ്പോയി, കണ്ണു തുടച്ചു.

'ഉം..ആയിരിക്കും. പക്ഷേ കൊച്ചി വിരിച്ച വലയുണ്ടല്ലോ, അതിൽ പെട്ടുപോയ പെൺകിടാങ്ങൾക്കു രക്ഷപ്പെടാനാവില്ല.' വക്കീൽ കണ്ണിൽ ചോരയില്ലാത്ത വർത്തമാനം തുടർന്നു.

'അവനവൻ തോന്ന്യാസം ചെയ്യുന്നതിനും പഴി കൊച്ചിക്കാണല്ലോ,' മനോജ് ലേശം ഈർഷ്യയോടെ ഇടപെട്ടു. അതു കേട്ടതും വക്കീൽ വായ്ത്താരി തുടർന്നു, വക്കീലാണല്ലോ, താൻ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കണമല്ലോ.

'അതു നിങ്ങൾക്കീ കൊച്ചിയെ അറിയാൻ പാടില്ലാഞ്ഞാണ്. നിങ്ങളു രണ്ടുപേരും കോളേജിൽ ധാരാളം പിള്ളേരെ പഠിപ്പിച്ചിട്ടുണ്ടാവും. അതൊന്നുമല്ല ഇവിടെ. കോസ്‌മോപൊളിറ്റൻ സിറ്റി, പ്രലോഭനങ്ങൾ കൂടുതൽ. സുഖലോലുപതയിലേക്ക് ചായാൻ, ചായ്ക്കാൻ എളുപ്പം.' ആ, ശരിയായിരിക്കും. പഠിപ്പിച്ചിട്ടുള്ള എത്രയോ കുട്ടികൾക്കു കൗൺസിലിംഗ് നൽകിയിട്ടുണ്ട് ഇരുവരും. പക്ഷേ സ്വന്തം കാര്യം വന്നപ്പോൾ....

'ആദ്യം ഒരാളുമായി അടുപ്പമാകും, കുറേ കഴിഞ്ഞ് അത് ബ്രേക്ക് അപ് ആകും, അപ്പോൾ സ്വാന്തനവുമായെത്തുന്നത് അവന്റെ ചങ്ങാതിയായിരിക്കും. അങ്ങനെ അവനോടാകും അടുപ്പം. അങ്ങനെയങ്ങനെ അറിയാതെ കൈമറിഞ്ഞങ്ങു പോവും.' അവസാനം അവർ ഉപസംഹരിച്ചു.

'ഇല്ല, ഇല്ല...എന്റെ മാളു അത്ര ബുദ്ധിയില്ലാത്തവളല്ല,' ശാന്തിനി ഉറപ്പിച്ചു പറഞ്ഞു. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്ന് വക്കീൽ പുച്ഛം വിതറി ചിരിച്ചു. മതി വക്കീലമ്മേ, ഒന്നു നിർത്തുമോ എന്ന് അവരുടെ മനസ്സു കേണു. ഇതൊന്നും കേൾക്കാനല്ലല്ലോ വന്നത്, മകളെ വീണ്ടെടുക്കാനല്ലേ. തന്റെ മുമ്പിൽ ഇരിക്കുന്നവരുടെ മുഖങ്ങൾ വിളറി വെളുക്കുന്നതൊന്നും കക്ഷികളെപ്പറ്റി പറയുന്ന വക്കീൽ മാഡം പക്ഷേ കണ്ടതേയില്ല.

മീഡിയേഷൻ ഹാളിലെ കാത്തിരിപ്പിനിടയിൽ ശാന്തിനി സ്വന്തം ജീവിതത്തിലേക്കൊന്നു തിരിഞ്ഞുനോക്കി. പുണ്യപാപങ്ങളുടെ, ശരിതെറ്റുകളുടെ മാനദണ്ഡം എന്താവും? കഴിഞ്ഞ തലമുറയോടും അടുത്ത തലമുറയോടും ഉള്ള കടമകൾ പലപ്പോഴും അവനവനെ മറന്നു തന്നെ വേണ്ടവിധം ചെയ്തിരുന്നു എന്നാണ് പരിപൂർണ്ണവിശ്വാസം. എന്നിട്ടും.....ഇതെന്താ ഇങ്ങനെ? ഇല്ല, ഇക്കാലത്ത് ആ ചോദ്യത്തിന് തീരെ പ്രസക്തിയില്ല. ശാന്തിനി തത്വചിന്തകളിൽ മുഴുകി. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഈ കണക്കെടുപ്പ് തികച്ചും സ്വാഭാവികം.

ഈയിടെയായി ചിന്തകളെല്ലാം പരിസമാപിക്കുന്നത് സ്വയം കുറ്റപ്പെടുത്തലിലാണ്. ഇതിനെല്ലാം ഇടയായത് സ്വന്തം കുറ്റം തന്നെ, കേരളത്തിലെ ഒരു സാധാരണ അമ്മയെ പോലെ ആയിരുന്നില്ലല്ലോ താനൊരിക്കലും. മകളെ കടുത്ത വിശ്വാസവും മതിപ്പും ആയിരുന്നു. പൊട്ട വിശ്വാസം, വെറും വിഡ്ഢി. ശാന്തിനി സ്വയം പഴിച്ചു. അവൾ എഞ്ചിനീയറിംഗ് അവസാന സെം ആയപ്പോഴാണ് ഒരിക്കൽ മനോജിന്റെ ചേച്ചി ജാനകിച്ചേച്ചി അവളുടെ കല്യാണാലോചനക്കാര്യം എടുത്തിട്ടത്.

'പെൺകുട്ടികൾക്ക് സ്വന്തം ജോലിയും ആയി, ഒരു 25 വയസ്സും കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല, അവൾക്കു കല്യാണം നോക്കിത്തുടങ്ങാം.' പ്രായോഗികമതിയായ അവർ പറഞ്ഞു.

'ഓ, കുറച്ചു കഴിയട്ടെ ചേച്ചി, അവൾ കുറച്ചുനാൾകൂടി സ്വതന്ത്രയായി കഴിയട്ടെ, 'മനോജ് ചിരിച്ചു. ' ജോലികിട്ടി അടിച്ചുപൊളിക്കണം എന്നൊക്കെ അവൾ പറയാറുണ്ട്.'

'അവൾ കുറച്ചുനാൾകൂടി പെൺകുട്ടി ജീവിതത്തിന്റെ രസം നുണയട്ടെ ചേച്ചി. അല്ലാതെ ചേച്ചിയേം എന്നേം പോലെ കൂട്ടുകുടംബം തോളിൽ കേറിയാൽ...' ശാന്തിനിയായിരുന്നു അപ്പറഞ്ഞത്. പിന്നെ ചേച്ചി നിർബന്ധിച്ചില്ല.

ചേച്ചിയും കുടുംബവും, പ്രത്യേകിച്ച് ചേച്ചിയുടെ മകൾ പിങ്കിയും, മാളുവിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു, പക്ഷേ ഇപ്പോൾ അവരെയെല്ലാം ഫേസ്ബുക്കിലെ ചങ്ങാതി പട്ടികയിൽ നിന്നു പോലും അവൾ നിഷ്‌കാസിതരാക്കി കളഞ്ഞു! അച്ഛനമ്മമാരടക്കം എല്ലാവരും അവൾക്കിപ്പോൾ പോയ ജന്മബന്ധുക്കളെ പോലെ, പിങ്കിയും ഒരുപക്ഷേ 'നോസി റിലേറ്റീവസ് ' ൽ ഒരാളായി കാണുമോ അവൾക്ക്, കുറച്ചുനാൾ മുമ്പുള്ള ഒരു വഴക്കിലെ വാക്കുകൾ ശാന്തിനിക്കു തികട്ടിവന്നു, വേണമെന്നു വച്ചിട്ടല്ല, അറിയാതെ. പക്ഷേ എടുത്തണിഞ്ഞ പുതുജന്മത്തിൽ അവൾക്ക് മനഃസ്വസ്ഥത കിട്ടുന്നുണ്ടാവുമോ? പകലിരമ്പം കഴിഞ്ഞ് രാത്രിശാന്തതയിൽ എങ്കിലും അവൾ തങ്ങളെ ഓർക്കുന്നുണ്ടാവില്ലേ? ഓർക്കാതിരിക്കാൻ കഴിയുമോ എത്ര വേണ്ടെന്നു വച്ചാലും?

മാളു എഞ്ചിനീയറിംഗ് മൂന്നാംവർഷമായപ്പോഴാണ് വീട്ടിൽ പ്രാരാബ്ധ തുടക്കം. മനോജിന്റെ അച്ഛൻ തീർത്തും ശയ്യാവലംബിയായി, അമ്മയ്ക്ക് അൾഷിമേഴ്‌സും. പക്ഷേ അന്നെല്ലാം മാളു അച്ഛനമ്മമാർക്ക് താങ്ങും തണലുമായിരുന്നു. 'ഷീ ഈസ് വെരി കേപ്പബിൾ, ' എന്നാണ് എപ്പോഴും ഓടിയോടി വന്നു സഹായിച്ചിരുന്ന ജാനകിച്ചേച്ചി പ്രിയ അനന്തരവൾക്ക് അന്ന് സർട്ടിഫിക്കറ്റ് നൽകിയത്. ടൂർ പോകാൻ പറ്റുന്നില്ല, പുറത്തു പോയി കഴിക്കാൻ പറ്റുന്നില്ല എന്നൊന്നും പറഞ്ഞു പോലും മാളു അന്ന് ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല. അവളുടെ എല്ലാ ആവശ്യങ്ങളും അവൾ തന്നെ നിറവേറ്റി, അച്ഛനമ്മമാരെ ഒന്നിനും ബുദ്ധിമുട്ടിച്ചില്ലന്നെു മാത്രമല്ല, അിറഞ്ഞു സഹായിക്കയും ചെയ്തു പലപ്പോഴും. ആ മാളുവാണ് ഇന്നിപ്പോൾ ഇങ്ങനെ....തന്നെ വെറുതെ വിടണം, പിന്നാലെ നടന്ന് ഉപദ്രവിക്കരുത് എന്നു പറയുന്നത്! ഇത്രയൊക്കെ മാറാൻ കഴിയുമെന്നോ ഒരു പെൺകുട്ടിക്ക്? ഏക മകൾക്ക്?

ജോലി കിട്ടി അവൾ കൊച്ചിക്കു പോയപ്പോൾ, സത്യം പറഞ്ഞാൽ ആശ്വാസമായിരുന്നു. വീട്ടിലെ ദുരിതങ്ങളിൽ നിന്നകന്ന്, അവൾ കൂട്ടുകാരുമായി ജീവിതത്തിന്റെ സന്തോഷം നുണയട്ടെ എന്ന് അവർ ആഗ്രഹിച്ചു. താമസസ്ഥലം കണ്ടുപിടിക്കാനും ജോലിക്കു ചേർക്കാനുമായി മനോജ് പുറപ്പെടാനൊരുങ്ങുമ്പോൾ അവൾ പറഞ്ഞു,

'അതെല്ലാം ഞാൻ മാനേജ് ചെയ്‌തോളും അച്ഛാ, നിങ്ങൾക്കിവിടെ വേറെ വേണ്ടത്ര പ്രശ്‌നങ്ങളുണ്ടല്ലോ.'

തന്റെ മകൾ പിടിപ്പുള്ളവളാണ്, അവൾക്കു തെറ്റും ശരിയും തിരിച്ചറിയം, എന്ന് ശാന്തിനിക്ക് മാളുവിനെപ്പറ്റിയുള്ള മതിപ്പും വിശ്വാസവും ഒന്നുകൂടി ഉറച്ചു. ആഴ്ച്ചയിലാഴ്ച്ചയിൽ വീട്ടിൽ വന്നുകൊണ്ടിരുന്ന മാളു ഇടയക്കിടെ വരവ് മുടക്കുമ്പോഴും, അത്ഭുതമൊന്നും തോന്നിയില്ല. രണ്ടു ഹോംനഴ്‌സുമാരും വീട്ടുസഹായിയും എല്ലാമായി വീട്ടിൽ സ്വകാര്യത എന്നൊന്ന് തീരെ ഇല്ലാതായി  കഴിഞ്ഞിരുന്നു.

ജോലി രാജിവയ്ക്കലായിരുന്നു അടുത്ത എപ്പിസോഡ്. സോഫ്‌റ്റ്വേർ ജോലി മടുത്തു, എന്തോ പാർട്ട് ടൈം കോഴ്‌സും വേറൊരു ജോലിയും ചെയ്യുകയാണ്, എന്നൊരിക്കൽ വിളിച്ചു പറഞ്ഞു. അതു വേണോ എന്ന് വരുംവരായ്കകൾ പറയാൻ ശ്രമിച്ചെങ്കിലും 'ഞാൻ തീരുമാനിച്ചു അച്ഛാ ' എന്ന് അവൾ അവരുടെ വായടച്ചു. അങ്ങനെ മാസത്തിൽ ഒരിക്കൽ പോലും വരാതായി അവൾ. എന്നാലും കൃത്യമായി ഫോൺ വിളിച്ചിരുന്നു.

കുറേനാൾ കഴിഞ്ഞൊരു ദിനം അവൾ വീട്ടിൽ വന്നു. സ്വന്തമായി ബിസിനസ്സ് തുടങ്ങണം, പണം വേണം എന്നതായിരുന്നു ആവശ്യം. വീണ്ടും ജോലി കളഞ്ഞു എന്നും പഠനം ഉപേക്ഷിച്ചുവെന്നും മനസ്സിലായി. പുതുബിസിനസ്സ് തുടങ്ങാൻ പോകുന്നുവത്രേ. ഐഐഎമ്മിൽ നിന്നു പാസ്സായവർ ഉപ്പേരിക്കച്ചവടം നടത്തി വിജയിച്ചതും മറ്റും ഉദാഹരിച്ചു. ശരി, വിവരങ്ങൾ പറയൂ, ഞങ്ങളും കൂടി ഒന്നന്വേഷിക്കട്ടെ എന്നു പറഞ്ഞത് തരിമ്പും പിടിച്ചില്ല, നിങ്ങൾക്ക് ഇതേക്കുറിച്ച് എന്തറിയാം എന്നു പുച്ഛിച്ചു തള്ളി. വഴക്കും വക്കാണവുമായി. തങ്ങളുടെ മകൾ ഒരു ജോലിയിലും ഉറയ്ക്കില്ല എന്ന് അന്നാദ്യമായി അവർ വിലയിരുത്തി. ജാനകിച്ചേച്ചിയോടും പിങ്കിയോടും ഒന്നും സംസാരിക്കാൻ പോലും അവൾ കൂട്ടാക്കിയില്ല.

ഒരു പണമിടപാട് ബ്ലേഡ് കമ്പനിയിൽ നിന്ന്, പണയപ്പണ്ടം അടുത്തയാഴ്ച്ച് എടുക്കണം എന്ന ഫോൺവിളിയുടെ രൂപത്തിലായിരുന്നു അടുത്ത കനത്ത ആഘാതം. ശാന്തിനി വിയർത്തു പോയി അതു കേട്ടപ്പോൾ. അവളെന്തിനാണ് തന്റെ നംബർ നൽകിയത്, പിടികിട്ടിയില്ല. വിളിച്ചു പറഞ്ഞപ്പോൾ നാണക്കേടായി തീരെ. അമ്മ വിഷമിക്കണ്ട, ഞാനത് എടുത്തോളാം എന്നായി. അച്ഛൻ വാങ്ങിക്കൊടുത്തിരുന്ന ജന്മദിനസമ്മാനമായ മാലയും വളകളുമായിരുന്നു അവ! വഴക്കൊന്നും പറഞ്ഞില്ല ശാന്തിനി. പക്ഷേ എന്തായിരുന്നു പണത്തിന്റെ ആവശ്യം എന്നന്വേഷിച്ചു, ഒരു കൂട്ടുകാരിക്കാണ്, അത്യാവശ്യം വന്നതാണ് എന്നെല്ലാം മാളു പറഞ്ഞു. അന്നാണ് തന്റെ മകൾ വല്ലാതെ മാറിപ്പോയിരിക്കുന്നു എന്ന് അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയത്. അടുത്ത ഞായർ രണ്ടുപേരും കൂടി അവളുടെ ഹോസ്റ്റലിൽ എത്തി. അപ്പോഴാണറിയുന്നത് അവൾ രണ്ടുമാസം മുന്നേ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഫ്‌ളാറ്റിലേക്കു മാറി എന്ന്!

തിരക്കിപ്പിടിച്ച് അവിടെ ചെന്നത് തീരെ ഇഷ്ടപ്പെട്ടില്ല മാളുവിന്. പ്രായപൂർത്തിയായ തനിക്കു പിന്നാലെ ഇങ്ങനെ നടക്കുന്നതെന്തിന് എന്നായി വഴക്ക്. അവൾക്കു സ്വൈര്യം കൊടുക്കണം പോലും! അവളെ പോലെ സ്വാതന്ത്ര്യത്തിൽ കേരളത്തിലെ ഒരു പെൺകുട്ടിയും വളർന്നിട്ടുണ്ടാവില്ലെന്ന് ശാന്തിനി പറഞ്ഞതൊന്നും അവൾ ചെവിക്കൊണ്ടില്ല. മനോജിന്റെ അനുനയ ശ്രമവും കാര്യം പറഞ്ഞു മനസ്സിലാക്കുവാനുള്ള ശാന്തനിയുടെ ശ്രമവും പാളിപ്പോയി. ശരിയും തെറ്റും എനിക്കറിയാം എന്ന് അഹങ്കാരപൂർവ്വം അവൾ മറുപടി പറഞ്ഞു. ഇതെന്താ ഇവളിങ്ങനെ ടീനേജറെ പോലെ, പടവലങ്ങ പോലെ താഴോട്ടാണോ വളരുന്നത് എന്നും മറ്റും അന്ന് ശാന്തിനി സംശയിച്ചു. ഇനി അന്വേഷിച്ചു വരരുതെന്ന് അച്ഛനമ്മമാർക്ക് മാളു അന്ത്യശാസനവും നൽകി! തിരികെ വീടുവരെ കാറിലിരുന്ന് കരയുകയായിരുന്നു ശാന്തിനി. തന്റെ മകൾ അകലങ്ങളിലേക്കു പോകയാണ്.

അങ്ങനെയങ്ങനെ വർഷങ്ങൾ ഒന്നുരണ്ടു നീങ്ങി. അപ്പുപ്പനും അമ്മൂമ്മയും മരിച്ചപ്പോഴും മറ്റു ചിലപ്പോഴും അല്ലാതെ അവൾ വീട്ടിൽ വന്നില്ല. ഫോൺ എടുക്കാതായപ്പോൾ മെയിലുകൾ അയയ്ക്കാൻ തുടങ്ങി. ആദ്യമാദ്യം പരിഹസിച്ചും തർക്കുത്തരം പറഞ്ഞും മറുപടി വരുമായിരുന്നു. പക്ഷേ അവസാനത്തെ മെയിൽ വന്നപ്പോൾ മനസ്സിലായി ശക്തരായ ആരോ പിന്നിലുണ്ടെന്ന്. അതുവരെ വന്ന മറുപടികൾ പോലെ ആയിരുന്നില്ല അത്. പിന്നെ അവൾ മെയില്‍ ഐഡിയും ഫോണും മാറ്റിക്കളഞ്ഞു.

പെൺകുട്ടിയല്ലേ, എങ്ങനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തല പുകഞ്ഞ് കുറേ നാൾ പിന്നെയും കടന്നു പോയി. പൊലീസിൽ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്തുകൾ ആലോചിച്ച് അതു വേണ്ടെന്നു വച്ചു. കൊച്ചിയിൽ നിന്ന് നടുക്കുന്ന ഓരോ വാർത്ത പുറത്തു വരുമ്പോഴും പേടിച്ച് തളർന്നു. അവസാനം സ്വയം അന്വേഷിക്കാനിറങ്ങി മനോജ്. കിട്ടിയ വിവരം ഭീകരമായിരുന്നു. അവൾ പുതിയ ഒരു സ്ഥലത്തേക്ക് താമസം മാറ്റിയത്രേ. വളരെ കഷ്ടപ്പെട്ട് തിരക്കി പിടിച്ച് അവിടെ ചെന്ന് അന്വേഷിച്ചപ്പോഴല്ലേ, മാളു അവിടെ ഒരു വിവേക് ജോണിന്റെ ഭാര്യ എന്നാണ് അറിയപ്പെടുന്നത്! അന്നു രാത്രി തന്നെ മാളുവിന്റെ വക്കീൽ എന്നു പറഞ്ഞ് ഒരു പെൺകുട്ടി ശാന്തിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി, അച്ഛൻ അവളുടെ പഴയ ഓഫീസിൽ ചെന്നത് നാണക്കേടായി പോയി പോലും.

'അവൾ ഇപ്പോൾ എവിടെയാണ് താമസം?, ' ശാന്തിനി ശാന്തമായി ചോദിച്ചു. കുറച്ചു നേരത്തെ മൗനശേഷമാണ് ഉത്തരം വന്നത്.

'അത്...അതു നിങ്ങൾ അറിയണ്ട ആവശ്യമില്ലെന്ന് മാളു പറഞ്ഞു.' ഓ, അപ്പോൾ മാളു അടുത്തിരുന്ന് വിളിപ്പിക്കുന്നതാണ്, ഫോൺ സ്പീക്കറിലാവും, ശാന്തിനിക്കു പിടികിട്ടി.

'ശരി, അവളുടെ കൂടെയാരുണ്ട്?'

' ഊംം.. കൂടെയോ...കൂടെ..ഒരു പട്ടിക്കുട്ടിയുണ്ട്. പൂച്ചക്കുട്ടിയുണ്ട്...' മുക്കിമൂളി സാധാരണത്വം ശബ്ദത്തിൽ വരുത്താൻ ശ്രമിച്ചായിരുന്നു വക്കീൽ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

'ഇനിയും പിന്നാലെ വന്നാൽ അവൾ ഇവിടം വിട്ടു പൊയ്ക്കളയും എന്നു പറയാൻ പറഞ്ഞിട്ടുണ്ട്.' ഗൗരവത്തിലായിരുന്നു വക്കീൽ. കാര്യത്തിലേക്കു വരൂ എന്നു മാളു കണ്ണുരുട്ടി കാണും. ഓ, അപ്പോൾ അച്ഛൻ താമസസ്ഥലം കണ്ടുപിടിച്ചത് അവർ മനസ്സിലാക്കിയിട്ടില്ല, ഓഫീസിൽ എത്തിയതുവരെയേ അറിയൂ, ശാന്തിനിക്കു പിടികിട്ടി.

'ആണോ, എങ്കിൽ വേഗം താമസം മാറിക്കൊള്ളാൻ പറഞ്ഞോളൂ കുട്ടീ, ഞങ്ങൾ ഉടനേ ബ്ലൂ ഹിൽസിലെത്തും, ' എന്നായി ശാന്തിനി.

'ബ്ലൂ ഹിൽസോ... ' ദയനീയമായിരുന്നു പെൺകുട്ടിയുടെ ശബ്ദം.

'അതെ, ബ്ലൂ ഹിൽസ്, ഫ്‌ളാറ്റ് എ5, കേട്ടല്ലോ എ5,' അക്ഷോഭ്യയായിരുന്നു ശാന്തിനി. അപ്പുറത്ത് ഫോൺ കട്ടായി. പിന്നെ ഫോൺ വന്നത് മനോജിനായിരുന്നു, അങ്ങേത്തലയ്ക്കൽ വിവേക്! കാണണം എന്നതായിരുന്നു ആവശ്യം. മുന്തിയ റസ്‌റ്റോറാണ്ടിൽ ചെല്ലുമ്പോൾ അവിടെ വിവേകും വക്കീൽ പെൺകുട്ടിയും ഹാജരായിരുന്നു. മാളു വന്നിരുന്നില്ല. കൊച്ചിയിൽ പെൺകുട്ടികൾക്ക് ഒറ്റയ്ക്കു താമസിക്കാൻ ഫ്‌ളാറ്റ് വാടകയ്ക്കു കിട്ടില്ല, അതുകൊണ്ട് അങ്ങനെ ചെയ്തുവെന്നേയുള്ളു, വിവേക് വേറെയാണ് താമസം എന്നായി. പക്ഷേ വിവേകിന് മാളുവുമായി ഒരു റിലേഷൻഷിപ്പ് വേണമെന്നുണ്ടു പോലും.

ശാന്തിനിക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. കേട്ടതെല്ലാം അസത്യമാണെന്നു പറയും എന്നാണ് ആ അമ്മമനസ്സ് അപ്പോഴും പ്രതീക്ഷിച്ചിരുന്നത്. അച്ഛനമ്മമാർ കാരണം മാളു അനുഭവിച്ച കഷ്ടതകൾ വിവേക് അക്കമിട്ടു പറഞ്ഞു. അവരുടെ സംഭാഷണമൊന്നും ശാന്തിനി പക്ഷേ കേട്ടതേയില്ല. അത്രയ്ക്ക് കടുത്ത ആഘാതമായിരുന്നു. വിവേക് വീട്ടിൽ പറഞ്ഞിട്ട് അടുത്താഴ്ച്ച വിളിക്കാം എന്നാണു പിരിഞ്ഞത്.

പക്ഷേ പറഞ്ഞതല്ലാതെ വിവേക് ഫോൺ വിളിച്ചതേയില്ല, അങ്ങോട്ടു വിളിച്ചപ്പോൾ യു.എസ്സിലെ ചേച്ചി വരണം അങ്ങനെയങ്ങനെ തൊടുന്യായങ്ങൾ. വീണ്ടും കൊല്ലം ഒന്നു കഴിഞ്ഞു, വിവേകിന്റെ നമ്പർ എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വാസമായിരുന്നു. വിവേകിന്റെ വീട്ടിൽ അന്വേഷിച്ചു പോയാലോ എന്ന് ചിന്തിച്ചപ്പോൾ ഭയം. അവർ അത് എങ്ങനെയെടുക്കുമെന്ന് അറിയില്ലല്ലോ. അഥവാ അറിഞ്ഞിട്ടില്ലെങ്കിൽ, അവർ യാഥാസ്ഥിതികർ ആണെങ്കിൽ, എങ്ങനെയെങ്കിലും മകന്റെ അന്യമതബന്ധം ഒഴിവാക്കാൻ അവർ ശ്രമിക്കില്ലെന്നാരു കണ്ടു? പിന്നെ അവളുടെ ഭാവി?

പലവട്ടം വിവേകുമായി കൂടിക്കാഴ്ച്ചകൾ നടന്നു, അവസാനം ഒരുവട്ടം മാളുവിനേയും കണ്ടു. അവൾ കുറേ ആക്രോശിച്ചു, കരഞ്ഞു, കല്യാണക്കാര്യം എടുത്തിട്ടപ്പോൾ  'അതിനു ഞാൻ നിങ്ങളോടു പറഞ്ഞോ, എനിക്കു വേണ്ട, ' എന്നായി. കല്യാണത്തിനേക്കാൾ തനിക്കു പ്രധാനം മാളുവും വീട്ടുകാരും തമ്മിൽ യോജിക്കയാണ് എന്നും മറ്റും വലിയ വർത്തമാനം പതിവു പോലെ ആവർത്തിക്കാൻ വിവേകും മറന്നില്ല. വിവേക് ഇടയക്കു വന്നപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായതും രൂക്ഷമായതും എന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷേ എങ്ങനെയങ്കിലും കല്യാണം നടക്കട്ടെ എന്നോർത്ത് തിരിച്ചു പറയാനും ചോദിക്കാനും തികട്ടി വന്നതെല്ലാം മനസ്സിൽ അടക്കുകയായിരുന്നു അവർ.

പിന്നെ വിവേകിനെ വിളിച്ചപ്പോള്‍ ഓരോരിക്കലും ഓരോ ഒഴിവുകഴിവ്, പിന്നെ പിന്നെ മുഷിച്ചിൽ. അടുത്ത മാസം തീർച്ചയായും വീട്ടിൽ പറയും എന്നായിരുന്നു അവസാനവാക്ക്. പക്ഷേ പറഞ്ഞ സമയം കഴിഞ്ഞിട്ടും വിളിച്ചില്ല, അങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കാതെ ആയി. താമസിച്ചിരുന്ന സ്ഥലം പിന്നെയും മാറിയെന്നറിഞ്ഞു. വല്ലാതെ ഭയന്നു പോയി അവർ. അങ്ങനെയാണ് വക്കീലിന്റെ അടുത്ത് സഹായം തേടി എത്തിയത്. ഹേബിയസ് കോർപ്പസ് അല്ലാതെ വഴിയില്ല കണ്ടുപിടിക്കാൻ എന്നു വക്കീൽ തീർത്തു പറഞ്ഞു. പക്ഷേ കോടതിയും പൊലീസുമൊന്നും വേണ്ട എന്നായിരുന്നു അവർക്ക്. അതുകൊണ്ട് വക്കീൽ വിവേകിനെ വിളിച്ചുനോക്കി. അനുരഞ്ജനത്തിനൊന്നും പക്ഷേ അവർ വന്നില്ല, ഫോണെടുത്തത് തന്നെ ഭാഗ്യം. എന്നിട്ടും കേസും പൊലീസും ഒന്നും ഓർക്കാൻ കൂടി വയ്യ എന്നു തന്നെ പറഞ്ഞുകൊണ്ടിരുന്നു മാളുവിന്റെ അച്ഛനമ്മമാർ.

ഒടുവിൽ വക്കീൽ സംഭവകഥകൾ നിരത്തി. നീണ്ട തലമുടി മുഴുവൻ ഷേവു ചെയ്തു കളഞ്ഞ് പെൺകുട്ടിയെ അന്യമതസ്ഥനായ ലിംവിംഗ് ടുഗദർ കൂട്ടുകാരൻ കെട്ടിത്തൂക്കിയത്, പഠിക്കുന്ന കാലം മുതൽ പ്രണയിച്ച്, ജോലി കിട്ടിയപ്പോൾ വീട്ടുകാരറിയാതെ കൊച്ചിയിൽ മൂന്നു വർഷം ഒന്നിച്ചു താമസിക്കവേ, ബിസിനസ്സുകാരായ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അന്യമതക്കാരനായ പയ്യൻ വേറെ കല്യാണം കഴിച്ച്ച്ചത്, ഒടുവിൽ തകർന്നുപോയ പെൺകുട്ടിയെ സാമൂഹ്യപ്രവർത്തക കൂടിയായ വക്കീൽ ഇടപെട്ട് സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചത്, പിന്നെയും പുതുകാല യുവത്വത്തിന്റെ ഞെട്ടിക്കുന്ന, വക്കീലിന് നേരിട്ടറിയാവുന്ന, പലേ ജീവിതങ്ങളും.

'യാഥാർത്ഥ്യം അംഗീകരിക്കാൻ മടിച്ചിട്ട് എന്തു കാര്യം? ഇനിയും താമസിച്ചാൽ എന്താണു കേൾക്കേണ്ടി വരിക എന്നാലോചിക്കൂ, ഇത്രയും അടുപ്പമുണ്ടായിരുന്ന മകൾ ഇത്രയും അകലം കാണിക്കുന്നവെങ്കിൽ അത് വച്ചു താമസിപ്പിക്കുവാനേ പാടില്ല, ഇപ്പോഴേ വളരെ വൈകിപ്പോയി. അതുമല്ല, ലിവിംഗ് ടുഗദർ എന്നു വച്ചാൽ പത്താംനിലയിൽ ആരും കാണാതെ ഒളിച്ചു താമസിക്കലല്ല,' വക്കീൽ പറഞ്ഞുനിർത്തിയത് അങ്ങനെയാണ്. അവസാനം കക്ഷി അത് അംഗീകരിച്ചു.  

'വന്നോളൂ, ' വക്കീലിന്റെ ക്ഷണം ശാന്തിനിയെ കയ്‌പ്പേറിയ ഭൂതകാലത്തിൽ നിന്ന് സ്‌തോഭജനകമായ വർത്തമാനകാലത്തിലെത്തിച്ചു.

കോടതി നോട്ടീസ് അയച്ചു, നാളുകൾക്കു ശേഷം കോടതിയിൽ വച്ച് മാതാപിതാക്കളും മകളും പരസ്പരം കണ്ടു! അവൾ നന്നെ ക്ഷീണിച്ചിരിക്കുന്നുവല്ലോ, കടുത്ത അഗ്നിപരീക്ഷണത്തിനിടയിലും ശാന്തിനിയുടെ മനസ്സ് ചുളുങ്ങി. അവൾ അവരുടെ അടുത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. വിവേകും അവരുടെ വക്കീലും ഒപ്പമുണ്ടായിരുന്നു. 'ഇങ്ങനെയെല്ലാം ചെയ്തിട്ട് ഇനി എന്നെങ്കിലും നിങ്ങളുടെ വീട്ടിൽ എനിക്കു വരാൻ കഴിയുമോ? ' എന്ന് വിവേക് അടുത്തുവന്നു ചോദിച്ചു, ഉത്തരം കേൾക്കാൻ നിൽക്കാതെ വേഗത്തിൽ തിരികെ പോകയും ചെയ്തു. പലവട്ടം വിളിച്ചപ്പോൾ ഒന്നു ഫോണെടുത്തിരുന്നെങ്കിൽ, വക്കീൽ വിളിച്ചപ്പോഴെങ്കിലും ഒന്നു വരാൻ കൂട്ടാക്കിയിരുന്നെങ്കിൽ, എവിടെയാണ് താമസം എന്നൊന്നു വെളിപ്പെടുത്തിയിരുന്നെങ്കിൽ, ഇങ്ങനെ തീ തീറ്റിക്കാതിരുന്നെങ്കിൽ, ഇതു വേണ്ടി വരുമായിരുന്നോ എന്ന മറുചോദ്യം മനസ്സിൽ ചോദിക്കാനേ കഴിഞ്ഞുള്ളു.

വക്കീൽ ആവശ്യപ്പെട്ടിട്ടും കോടതി അവർക്കു പറയാനുള്ളത് കേൾക്കാൻ അനുവദിച്ചില്ല. കാരണം, മാളു പ്രായപൂർത്തിയായ പെൺകുട്ടിയാണല്ലോ. അവൾ വലിയ ബിസിനസ്സു ചെയ്യുകയാണെന്നും അച്ഛനമ്മമാർ പിന്നാലെ നടന്ന് നിരന്തരം സ്വൈര്യക്കേട് ഉണ്ടാക്കുന്നുവെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും മാളു ചറപറ ഇംഗ്ലീഷിൽ പറഞ്ഞ് കോടതിയെ ബോദ്ധ്യപ്പെടുത്തി. നന്നായി കേൾക്കാനൊന്നുമാവുമായിരുന്നില്ല. എങ്കിലും തങ്ങൾ അവളെ എങ്ങിനെയാണ് ഉപദ്രവിച്ചത് എന്നും മറ്റും ആണ് വിശദീകരിക്കുന്നതെന്ന് മനസ്സിലായി. എന്തായാലും വിവേകിനൊപ്പമാണ് രണ്ടുകൊല്ലമായി ജീവിക്കുന്നതെന്നും തൽക്കാലം വിവാഹം ചെയ്യാൻ ഉദ്ദേശമില്ലെന്നും അവർ ഇരുവരും ചേർന്ന് കോടതിക്ക് എഴുതിക്കൊടുത്തു. അത്രയെങ്കിൽ അത്ര എന്ന് അന്ന് ആശ്വാസമായിരുന്നു. വെറുതെ അവളെ അങ്ങു വലിച്ചെറിയാൻ ഇനിയിപ്പോൾ വിവേകിനാവില്ലല്ലോ.

ഒന്നിച്ചല്ല താമസം എന്ന് ആണയിടുമ്പോഴും, റിലേഷൻഷിപ്പ് വേണമെന്ന് ആഗ്രഹിക്കുന്നുവെന്നും മറ്റും പറയുമ്പോഴും അവർ ഒന്നിച്ചു തന്നെ താമസമായിരുന്നു! ഫേസ്ബുക്കിൽ നിന്നു എല്ലാവരേയും ബ്ലോക്ക് ചെയ്ത കാലം, പിന്നെ പലപലേ കാര്യങ്ങളും കണക്കുകൂട്ടിയപ്പോൾ ശാന്തിനിക്കു ഒന്നു പിടികിട്ടി, കോടതിയോടു പറഞ്ഞതിനും ഒരു വർഷം മുന്നേ അവർ ലിവിംഗ് ടുഗദർ തുടങ്ങിയതാണ്! അന്ന് ഇപ്പോഴത്തേതു പോലെ നിഷേധിക്കാനൊക്കാത്ത തെളിവില്ലായിരുന്നുവെന്നു മാത്രം.

വിവേക് ജോണുമായി പിരിയണമെന്നോ, അവർ ലിവിംഗ് ടുഗദർ ഉപേക്ഷിക്കണമെന്നോ, വീട്ടിൽ വരണമെന്നോ, തങ്ങളെ പരിരക്ഷിക്കണമെന്നോ ഒന്നും ഒരു ആവശ്യവും അവർക്ക് ഉണ്ടായിരുന്നില്ല. പക്ഷേ മകൾ എവിടെ എന്ന് എന്നും ഭയപ്പെട്ട് കഴിയാൻ വയ്യ, താമസസ്ഥലം അറിയിക്കണം, ഇടയ്ക്കിടയക്ക് ഫോൺ ചെയ്യണം, കോടതി അങ്ങനെയൊന്നു നിര്‍ദ്ദേശിക്കണം എന്നതു മാത്രമായിരുന്നു പ്രായപൂർത്തി അവകാശങ്ങളില്ലാത്ത ആ മാതാപിതാക്കളുടെ ഒരേയൊരു ആവശ്യം. പക്ഷേ, മാളു തങ്ങളെ വേണ്ടെന്ന് ഉറച്ചു നിന്നതുകൊണ്ടാവാം, കോടതി അവരെ കേൾക്കാൻ പോലും തയ്യാറാകാത്തത്. രാജ്യദ്രോഹികളുടെ, കൊടും ക്രിമിനലുകളുടെ ഒക്കെ ഭാഗം പോലും കോടതി കേൾക്കും, മക്കളെ പ്രായപൂർത്തിയാകുംവരെ വളർത്തിയ മാതാപിതാക്കളുടെ ഭാഗം അവർക്കു കേൾക്കേണ്ടതില്ല! അതായിരിക്കാം മുഖം നോക്കാത്ത നിയമം. മക്കളെ വളർത്തുന്നത് ചുമതല മാത്രമാണ്, അവകാശങ്ങളൊന്നും ഇല്ലാത്ത ചുമതല! പുതിയ വെളിപാടുകൾ കിട്ടി ആ അദ്ധ്യാപക ദമ്പതികൾക്ക്. ഇതെന്തൊരു വിചിത്ര നിയമം, ശാന്തിനി ആലോചിച്ചു. റിട്ടയർ ചെയ്തു കഴിഞ്ഞ് നിയമം പഠിക്കണം, മനോജ് ആലോചിച്ചു.

കാലം പിന്നെയും ഓടിപ്പോയി. ഇന്നിപ്പോൾ അതുംകഴിഞ്ഞ് വർഷം ഒന്ന് ആയിരിക്കുന്നു. വിവേകിന്‍റെ വീട്ടുകാര്‍ തികഞ്ഞ നിസ്സഹകരണമായിരുന്നു ആദ്യം. ഞാൻ എന്റെ മകളെ നല്ല ചൊല്ലുവിളിയിലാണ് വളർത്തിയതെന്ന് ശാന്തിനിയെ ഒന്നു കൊട്ടാനും വിവേകിന്റെ അമ്മ മറന്നില്ല! എന്നാൽ പിന്നെ മോനേക്കൂടി അങ്ങനെ ചൊല്ലുവിളിയിൽ വളർത്തിയിരുന്നെങ്കിൽ എന്ന് ശാന്തിനി മനസ്സിൽ ചിന്തിക്കയും ചെയ്തു. പക്ഷേ തൊണ്ടയിലെ പുണ്ണ് പഴുത്താൽ ഇറക്കാനല്ലേ കഴിയൂ, ഒപ്പിച്ചു വച്ചത് സ്വന്തം മകളല്ലേ, എന്നോർത്ത് ശാന്തിനി മിണ്ടാതിരുന്നതേയുള്ളു. അവർ വളരെ നല്ലവരാണെന്നാണ് തോന്നിയത്. അത്രയും ആശ്വാസം. മാളു തങ്ങളെ കബളിപ്പിച്ചതുപോലെ തന്നെ അവരെ വിവേകും പറ്റിക്കുകയായിരുന്നു. സങ്കടംകൊണ്ട് അവർ ഓരോന്നു പറയുന്നുവെന്നു മാത്രം. അവരെ പറഞ്ഞിട്ടു കാര്യമില്ല, ആ പാവങ്ങളും തങ്ങളെപ്പോലെ തന്നെ നിസ്സഹായർ, ദുഃഖം കടിച്ചിറക്കാൻ വിധിക്കപ്പെട്ട, അവകാശങ്ങളില്ലാത്ത മാതാപിതാക്കൾ!

എല്ലാം കഴിഞ്ഞ് ഇപ്പോഴും ശൂന്യത മാത്രം ബാക്കി. ഏകമകൾ എവിടെ താമസിക്കുന്നു എന്ന് യാതൊരു പിടിപാടുമില്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്നു സമാധാനിക്കാനും കഴിയുന്നില്ലല്ലോ ദൈവമേ! നമ്മുടെ ജീവിതം നമ്മുടേതു കൂടിയാണ്, മക്കൾക്കു വേണ്ടി മാത്രമല്ല എന്ന് ശാന്തിനിയുടെ ചങ്ങാതി ഇടയ്ക്കിടെ ഉദ്‌ബോധിപ്പിക്കാറുണ്ട്. പക്ഷേ എവിടുന്നു സമാധാനം കിട്ടാൻ? പകൽസമയം തിരക്കുകളിൽപ്പെട്ടു തീരും. പക്ഷേ രാത്രി...

'അവൾടെ സമയദോഷമാണു ശാന്തി, നീ സമാധാനിക്ക്, അതു മാറുമ്പോൾ അവൾ തീർച്ചയായും തിരിച്ചെത്തും,' സ്വയം വിശ്വസിക്കാത്ത കാര്യം പറഞ്ഞ് ചേച്ചി സമാധാനിപ്പിക്കാൻ ശ്രമിച്ചു.

'ഇനി എന്ന് ചേച്ചീ, എന്ന്? അവൾടെയല്ല, ഞങ്ങടെ സമയദോഷമാണ്. അതൊട്ടു മാറാനും പോകുന്നില്ല. ഇല്ല, അവൾ വരില്ല, അവൾ ഇനി വരണമെങ്കിൽ ഞാൻ മരിക്കണം, എന്തെല്ലാമാണ് കാണിച്ചുകൂട്ടിയത്? അവൾക്ക് എന്നെ ഫേസ് ചെയ്യാനാവില്ല, അതാണു വരാത്തത്. അതിനതിന് അവൾ പുതിയ കുറ്റങ്ങൾ കണ്ടുപിടച്ചോളും, ' ശാന്തിനി വിതുമ്പാൻ തുടങ്ങി. എത്രയെത്ര സംഭവങ്ങളാണ് മനസ്സിലൂടെ സിനിമയിലെന്ന പോലെ മിന്നിമായുന്നത്.

എന്നെങ്കിലും അവൾ ഈ പൂർവ്വജന്മമാതാപിതാക്കളെ തിരക്കി വരുമായിരിക്കും, അതുവരെ തങ്ങൾ ജീവിച്ചിരിക്കുമെന്നാരു കണ്ടു? മക്കളെ കണ്ടിട്ടും മാമ്പൂ കണ്ടിട്ടും മാലോകരാരും കൊതിക്കല്ലേ എന്നു വായിച്ചത് എസ്.കെ.പൊറ്റക്കാടിന്റെ പുസ്തകത്തിലാണ്. അത് തനിക്കുള്ള മുന്നറിയിപ്പ് ആണ് എന്ന് ശാന്തിനി അന്നു തെല്ലും നിനച്ചിരുന്നില്ലല്ലോ.

എന്റെ പൊന്നുമോളേ, നിനക്കെന്നെ വേണ്ടെങ്കിലും എനിക്കു നിന്നെ വേണമല്ലോ കുഞ്ഞേ. എത്ര സ്‌നേഹിച്ചിരുന്നവരാണ് നമ്മൾ. ഇത്ര എളുപ്പത്തിൽ എല്ലാം വലിച്ചെറിഞ്ഞു കളയാൻ നിനക്കെങ്ങനെ കഴിഞ്ഞു മോളേ, ചിന്താഭാരം താങ്ങാനാവാതെ ശാന്തിനി മുഖം കൈകളിൽ താങ്ങി പൊട്ടിക്കരയുവാൻ തുടങ്ങി. 'വാ, വന്നു കിടക്ക്, ' മനോജ് അവളെ സെറ്റിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. അപ്പോൾ പൂമുഖമുറിയിലെ ക്ലോക്ക് രാത്രി രണ്ടുമണി എന്നടിച്ചു.No comments:

Post a Comment