Sunday, June 04, 2017

പണ്ടുപണ്ടൊരു ദേവു-03

ഭാഗം-3
ഭാഗം-01 ഇവിടെ വായിക്കാം
ഭാഗം 02 ഇവിടെ വായിക്കാം.

എല്ലാ ശനിയാഴ്ച്ചയും അമ്പലത്തിൽ നിന്ന് ദേവൂന്റെ കുടുംബത്തിലേക്ക് കട്ടിപ്പായസം കിട്ടും. എന്തോ പഴയ ആചാരമാണത്രേ. കുറച്ചുനാളായി മാലതിയും നന്ദിനിയും ദേവുവും കൂടിയാണ് അതു വാങ്ങാൻ പോവുക. ആറ്റിലേക്കു കെട്ടിയിറക്കിയ മേൽക്കൂരയുള്ള അമ്പലക്കടവിലെ പടികളിലിരുന്ന് കാലു വെള്ളത്തിലിട്ട് ആട്ടിക്കളിക്കും അവർ. അപ്പോൾ മീനുകൾ ഓടിയടുക്കും, പെട്ടെന്നു കാലുവലിച്ച് അവറ്റയെ പറ്റിക്കും. കാലില്‍ ചൊറിയുള്ളപ്പോള്‍ അവറ്റയെക്കൊണ്ടു കൊത്തിച്ചാല്‍ അതു മാറിക്കിട്ടുമെന്ന് ഇന്ദിരേച്ചി പറഞ്ഞിട്ടുണ്ട്, പക്ഷേ കൊത്തുമ്പോള്‍  ചെറുതായി വേദനിക്കുമത്രേ.  അമ്പലത്തിൽ മീനാക്ഷീദേവിയാണ് പ്രതിഷ്ഠ. പണ്ട് വടക്കെങ്ങോ ഉള്ള സ്വന്തം നാട്ടിൽ നിന്ന് ലഹളക്കാലത്ത് ഒളിച്ചോടി പോന്നവരാണത്രെ അവിടുത്തെ തമ്പുരാൻ കുടുംബം. പോരുമ്പോൾ അവർ ദേവീവിഗ്രഹവും ഒപ്പം കൊണ്ടുപോന്നു. അമ്പലത്തിലെ ഉത്സവം കെങ്കേമമാണ്. വരിവരിയായി ഒരുപാടു ചിന്തിക്കടകൾ തുറന്നു വയക്കും. കുപ്പിവളകൾ എന്താ ഭംഗി! രാത്രി കലാപരിപാടികളും ഉണ്ടാകും. കഴിഞ്ഞ ഉത്സവത്തിന് 'പന്തടിക്കാം നാമൊന്നിച്ച്, പങ്കജാക്ഷീ മമസഖീ ' എന്ന പാട്ടിനൊപ്പം രണ്ടു തമ്പുരാട്ടിമാർ പന്തുതട്ടി ഡാൻസ് കളിച്ചത് ദേവൂന് ശരിക്കും പിടിച്ചിരുന്നു. അതിലൊരു തമ്പുരാട്ടിക്കുട്ടി കണ്ണട ഊരാതെയാണ് കളിച്ചത്! അതു കണ്ടു ദേവൂനു ചിരിയും വന്നു. അവരുടെ ഡാന്‍സ് കണ്ടപ്പോള്‍ ഡാൻസ് പഠിക്കണമെന്നു അവള്‍ക്കും ആഗ്രഹം തോന്നി.  പക്ഷേ ഡാൻസ് ടീച്ചറിനെ അമ്മയ്‌ക്കെന്തോ ഇഷ്ടമില്ലായിരുന്നു, അതുകൊണ്ട് ദേവൂന്റെ ഡാൻസ്‌മോഹം ഇതുവരെ സഫലമായിട്ടില്ല.

ഞായറാഴ്ച്ച മാത്രമേ ആറ്റിൽ കുളിക്കാൻ പോകാൻ അമ്മ വിടൂ, അതും മഴയില്ലെങ്കിൽ മാത്രം, മണിച്ചേച്ചിയുടേയോ ജാനകിച്ചേച്ചിയുടേയോ അകമ്പടി നിർബന്ധവുമാണ്. ആറ്റിൽ ചാടാൻ ഇഷ്ടമാണെങ്കിലും തലയിലും ദേഹത്തും മുഴുക്കെയുള്ള എണ്ണ തേപ്പും പിന്നത്തെ പയർപൊടി പ്രയോഗവും പക്ഷേ അവള്‍ക്ക് തീരെ ഇഷ്ടമില്ല. 'ദേവൂനെ നല്ലോണം എണ്ണേം താളീം പയറുപൊടീം തേപ്പിക്കണേ മണീ,' എന്നു പക്ഷേ മുത്തശ്ശി മണിച്ചേച്ചിയെ ചട്ടംകെട്ടിയിട്ടുണ്ട്. പിന്നെ ആഴ്ച്ചയിൽ ഒരു ദിവസമല്ലേ എന്ന് മുത്തശ്ശിക്കു വേണ്ടി അങ്ങു ക്ഷമിക്കും. അമ്മ സോപ്പും ഷാമ്പൂവും ആണ് ഉപയോഗിക്കുക. 'ഊം..ദേവൂന്‍റമ്മ പരിഷ്ക്കാരിയായിരിക്കും, പക്ഷേ നോക്കിക്കോ, വേഗം തലമുടി നരയ്ക്കും, ' ജാനകിച്ചേച്ചി  പുലമ്പും. വെള്ളിലച്ചെടിയുടെ ഇലകൾ ഉരച്ച് താളിയുണ്ടാക്കുക ദേവു തന്നെയാണ്. വെള്ളിലച്ചെടിയെ 'അമ്മകറുമ്പി, മോളു വെളുമ്പി, മോളുടെ മോളൊരു സുന്ദരിക്കോത' എന്നാണ് മണിച്ചേച്ചി പറയുക.

നേരത്തെ കാപ്പികുടിച്ച് മണിച്ചേച്ചിയെ ഉന്തിത്തള്ളിയിറക്കി ദേവു ആറ്റിലേക്കു പുറപ്പെട്ടു, ഒപ്പം മാലതീം നന്ദിനീം. പരന്നു കിടക്കുന്ന ഒരു വലിയ പാറയുടെ താഴെയാണ് കടവ്. മുങ്ങിയും പൊങ്ങിയും കളിച്ചു കുളിച്ച് നേരം പോയതറിഞ്ഞില്ല. 'എന്റെ ദേവുവേ, വേഗം നിഴലു നോക്കി ഒന്നു സമയം പറഞ്ഞേ,' മണിച്ചേച്ചി വെപ്രാളം പിടിച്ചു. നിഴലു നോക്കി സമയം പറയാൻ മുത്തശ്ശൻ ദേവൂനെ പഠിപ്പിച്ചിട്ടുണ്ട്. അവള്‍ പാറയിൽ കയറി നിന്ന് അടി അളന്നുനോക്കി വലിയ ശാസ്ത്രജ്ഞയുടെ മട്ടിൽ പതിനൊന്ന് എന്നു പ്രഖ്യാപിച്ചു. 'അയ്യോ, ഇന്ന് അമ്മാവന്റെ വഴക്കു കിട്ടിയതു തന്നെ, വേഗം കയറൂ പിള്ളാരേ,' എന്ന് മണിച്ചേച്ചി ധൃതി പിടിച്ചു. പോകാൻ തുടങ്ങുമ്പോഴുണ്ട് കൊച്ചുമുത്തശ്ശി, മാലതി നന്ദിനിമാരുടെ അമ്മൂമ്മ, ധൃതി പിടിച്ചു വരുന്നു, മുങ്ങാനുള്ള വരവാണ്.

'ആ പുല്ലുകാരിയോടു പറഞ്ഞതാ മാറി നടക്കാൻ, അതു കേൾക്കണ്ടേ, അതിന്റെ പുല്ല് എന്റെ മേത്തു കൊണ്ടു, ഇനീപ്പം ശുദ്ധം വരുത്താതെ അമ്പലത്തിൽ പോകാനൊക്കുവോ, ഇപ്പം അമ്പലം അടയ്ക്കും,' എന്നെല്ലാം പറഞ്ഞുകൊണ്ട് വേഗം മുങ്ങിത്തോർത്തി കയറിവന്നു, ആരേയും തൊടാതെ ശ്രദ്ധിച്ച് മാറി ധൃതിയിൽ നടക്കാനും തുടങ്ങി. ദേവു, കൈനീട്ടി തൊടാനാഞ്ഞതും മണിച്ചേച്ചി വിലക്കി, വേണ്ട, ദേവൂ, അമ്മാവൻ ഇന്നാള് വഴക്കു പറഞ്ഞതല്ലേ എന്ന്.

ശരിയാണ്, അന്നൊരു ദിവസം ദേവു കൊച്ചുമുത്തശ്ശിയെ മൂന്നു പ്രാവശ്യം തൊട്ടു, മൂന്നു പ്രാവശ്യവും അവർ ആറ്റിൽ പോയി മുങ്ങി. അതറിഞ്ഞ് അച്ഛൻ വഴക്കു പറഞ്ഞതാണ് അന്ന്. കൊച്ചുമുത്തശ്ശി ചിരിച്ചുകൊണ്ടാണ് ഓരോരിക്കലും മുങ്ങാൻ ഓടുക, അതുകൊണ്ട് ദേവൂന് അതൊരു കളിയായിട്ടേ തോന്നിയുള്ളു. കാലം മാറിയതറിയാതെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം പാലിച്ചിരുന്ന കൊച്ചുമുത്തശ്ശിക്ക് എന്നും ഏകാദശി, നോമ്പ് എന്നെല്ലാം പറഞ്ഞ് ഈ കുളിയും അമ്പലത്തിൽ പോക്കും തന്നെയാണ് ജോലി. ദേവൂനെ കൊച്ചുമുത്തശ്ശിക്ക് വല്യ കാര്യമാണ്. അവിടെ കളിക്കാൻ പോകുമ്പോൾ  'എന്‍റെ കുഞ്ഞേച്ചീടെ പൊന്നുമോളല്ലേ,' എന്നു പറഞ്ഞ്  ചെറുപയർ പുഴുങ്ങി തേങ്ങയും ശർക്കരയും ചേർത്ത് തരും. നല്ല രുചിയാണതിന്. കൊച്ചുമുത്തശ്ശിക്ക് ദേവൂന്‍റെമ്മയെ ജീവനാണ്, വേറെ ചേച്ചിയൊന്നുമില്ല താനും. എന്നാലും സ്നേഹം കൂടീട്ടാവും 'കുഞ്ഞേച്ചി' എന്നേ വിളിക്കൂ.

മാലതിയേം നന്ദിനിയേം അവരുടെ വീട്ടിലേക്കുള്ള പടി കേറ്റി വിട്ടു കഴിഞ്ഞ് മണിച്ചേച്ചി മറ്റൊരു ഭീകര രഹസ്യം കൂടി ദേവൂനു പറഞ്ഞുകൊടുത്തു. പണ്ട്, അച്ഛന്റെ കുട്ടിക്കാലത്ത് കൊച്ചുമുത്തശ്ശിയുടെ വീട്ടിൽ രൂപാനോട്ടുകൾ പൂത്തു പോകാതിരിക്കാൻ വലിയ പരമ്പിൽ വച്ച് ഉണക്കുമ്പോൾ അച്ഛനും കാവലിരുന്ന കഥ ദേവൂനറിയാം. അത് ശരിയാണെന്ന് അച്ഛൻ പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇത് അതൊന്നുമല്ല. കൊച്ചുമുത്തശ്ശിയുടെ ഭർത്താവു തമ്പുരാൻ-ആ മുത്തശ്ശനെ ദേവു കണ്ടിട്ടില്ല- മരിക്കും മുമ്പ് വെള്ളം ചോദിച്ചപ്പോൾ, വിരലിൽ കിടക്കുന്ന വജ്രമോതിരം ഊരിത്തരാൻ പറഞ്ഞുകളഞ്ഞു പോലും അവർ! അതു ശരിയാണോയെന്ന് അച്ഛനോടു ചോദിച്ചറിയാൻ ചെന്ന വകയിൽ  ദേവൂനു മാത്രമല്ല മണിച്ചേച്ചിക്കും കിട്ടിപൊടിപൂരം വഴക്ക്, നമുക്കറിയാൻ പാടില്ലാത്തതാണ്, ആരോടും ഇതൊന്നും പറയാനും പാടില്ല എന്ന് അച്ഛൻ വിലക്കുകയും ചെയ്തു. ദേവൂനെ കൊച്ചുമുത്തശ്ശിക്ക് വലിയ കാര്യമാണ്.
ദേവൂന്റെ മുത്തശ്ശി പക്ഷേ കൊച്ചുമുത്തശ്ശിയെ പോലെ ആയിരുന്നില്ല. താൻ പരിഷ്‌ക്കാരി ആയ കഥ മുത്തശ്ശി അവൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അച്ഛൻ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് പല ജാതീലും മതത്തിലും പെട്ട കൂട്ടുകാരേം വീട്ടിൽ വിളിച്ചുകൊണ്ടുവന്ന് മുത്തശ്ശിയെക്കൊണ്ട് ചോറു വിളമ്പിക്കൊടുപ്പിക്കുമായിരുന്നു. ആദ്യം അത് ഭയങ്കര വെറുപ്പായിരുന്നു, പിന്നെപ്പിന്നെ അതങ്ങു മാറി, അല്ല അച്ഛൻ മാറ്റിയെടുത്തു. അച്ഛൻ എന്തു പറഞ്ഞാലും മുത്തശ്ശി അനുസരിക്കും. അച്ഛനെ അത്രയ്ക്കിഷ്ടമായിരുന്നു മുത്തശ്ശിക്ക്.മുത്തശ്ശീടെ മനസ്സിന്‍റെ അത്താണിയാണ് അച്ഛന്‍ എന്നാണ് അമ്മ പറഞ്ഞത്. മുത്തശ്ശൻ ഇതിലൊന്നും ഇടപെട്ടുമില്ല.

'അന്നത്തോടെ തീർന്നു എന്റെ ജാതീം മതോം' എന്നാണ് മുത്തശ്ശി പറയാറ്. എല്ലാ ശനിയാഴ്ച്ചയും  മുത്തശ്ശിയുടെ വക കഞ്ഞി കൊടുക്കലുണ്ടായിരുന്നു പണ്ട്. മുറ്റത്തരികിൽ കൊച്ചു കുഴി കുത്തി ഓരോരുത്തരും ചേമ്പില വയ്ക്കും. പക്ഷേ അതും അച്ഛൻ മാറ്റിച്ചു. ചേമ്പിലക്കുഴി പിഞ്ഞാണിപാത്രങ്ങൾക്കു വഴിമാറി.

തിങ്കളാഴ്ച്ച കണ്ണുതുറന്നതുതന്നെ കടുവാസാറിന്റെ വീട്ടിലെ കറങ്ങുന്ന വിളക്കിനെ കുറിച്ചു ചിന്തിച്ചുകൊണ്ടാണ്. ഉച്ചയ്ക്ക് ഊണു വേഗം കഴിച്ച് ദേവുവും കൂട്ടരും പടിക്കെട്ടിനടുത്തെത്തി. ദേവു ആദ്യം, പിന്നാലെ മറ്റുള്ളവർ, പതിയെ പടി കയറിത്തുടങ്ങി. ജനാലയിലൂടെ നോക്കിക്കാണാം എന്നായിരുന്നു പദ്ധതി. ദേവു മുകളിൽ എത്തിയതും സാർ ഓർക്കാപ്പുറത്തു കതകു തുറന്നതും ഒന്നിച്ച്! ദേവൂന്റെ പദ്ധതി പൊളിഞ്ഞു പാളീസായി!  പേടിച്ച് പടിയിറങ്ങാൻ തുടങ്ങിയതും, 'ആരാത്, കേറിവാ ഇവിടെ ' എന്നു സാറിന്റെ മുഴങ്ങുന്ന ശബ്ദം. മറുപടിയില്ലാത്തപ്പോൾ സാർ പുറത്തിറങ്ങി വന്നു, 'കേറിവരാനല്ലേ പറഞ്ഞത് ', എന്ന് ഒരു അലറൽ! പേടിച്ച് മുകളിലേക്ക് തിരികെ വന്നു എല്ലാവരും.

'എന്തു വേണം?' തീരെ മയമില്ലായിരുന്നു ശബ്ദത്തിന്.

'അത്...കറങ്ങുന്ന ലൈറ്റ്.. ' വിക്കിവിക്കി ദേവു പറഞ്ഞൊപ്പിച്ചു. സാറിന്റെ മുഖം അയഞ്ഞു, മുഖത്തു ചിരി പടർന്നു, വാ, എന്ന് അകത്തേക്കു വിളിക്കയും ചെയ്തു. പേടി മാറി, അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ എല്ലായിടവും നോക്കി. വലിയ ഹാൾ, പുസ്തകങ്ങൾ നിറച്ചുവെച്ച പലേ അലമാരകൾ. ഇടത്തേ ഭിത്തിയൽ കണ്ടു, ആ ദിവ്യലൈറ്റ്! വിവിധനിറങ്ങൾ ചേർത്തു ചാലിച്ച വെട്ടം വിതറിക്കൊണ്ടേയിരുന്നു അത്. സാറിന്റെ ഭാര്യയുടെ വലിയ ഫോട്ടോയ്ക്കു മുകളിലാണ് അത് കറങ്ങുന്നത്. ബൾബല്ല, അതു മൂടിയിരുന്ന ചെത്തുള്ള ടംബ്ലർ പോലൊരു ഷെയ്ഡ് ആണ് കറങ്ങുന്നതെന്നു ദേവു മനസ്സിലാക്കി. ഫോട്ടോയുടെ നെറ്റിയിലും എതിരെ ഭിത്തിയിലും വെട്ടം പലപലനിറങ്ങളിൽ പതിച്ചുകൊണ്ടേ ഇരിക്കുന്നു. ദേവുവും കൂട്ടരും അതു കുറേനേരം കണ്ടുനിന്നു. ഒരു ജീവിതാഭിലാഷം സാധിച്ചു! പക്ഷേ ഒരു ഭിത്തിയിൽ വച്ചിരുന്ന വലിയ കടമാൻതല ദേവൂന് പിടിച്ചില്ല. അത് ശരിക്കുള്ളതു തന്നെയാണെന്നു സാർ പറഞ്ഞു.

പിന്നെ സാർ എല്ലാവർക്കും മിട്ടായി തന്നു, പേരും വീട്ടുപേരും ചോദിച്ചു, ഓ, വക്കീലിന്റെ മകളാണല്ലേ എന്ന് ദേവൂനോടു ചോദിക്കുകയും ചെയ്തു. മടങ്ങുമ്പോൾ  'ഈ സാറു പാവമാണല്ലോ, ' എന്നു പറഞ്ഞ് ദേവു മാലൂന്റെ മുഖത്തു നോക്കി, മാലു മുഖം കുനിച്ചു. ഊം.. കുറച്ചു മാലൂന്റെ പുളുവായിരുന്നു അപ്പോൾ.

ശാരിയും നിലീനയും എല്ലാം നമ്പീശൻ സാറിന്റെ വീട്ടിൽ ട്യൂഷനു ചേർന്നുവെന്ന് അന്നാണ് ദേവു അറിഞ്ഞത്. ദേവൂനും പോകണമെന്നായി ആഗ്രഹം. നിനക്കു കണക്ക് നന്നായി അറിയാമല്ലോ, പിന്നെന്തിനാണ് മോളേ ട്യൂഷൻ എന്ന് അമ്മ നിരുത്സാഹപ്പെടുത്തിയതാണ്. പക്ഷേ ദേവു സമ്മതിച്ചില്ല. മാലുവും വന്നു. സാർ കണക്കിട്ടു കൊടുത്തിട്ടു പുറത്തോട്ടൊന്നു പോയതും സാറിന്റെ ഭാര്യ വന്നു വിളിച്ചു, പുറകിലെ മുറ്റത്തേക്ക്. വേഗം ചെയ്തു തീർത്തിട്ട് ചെന്നു. അവരും കുട്ടികളും കൂടി സ്‌കിപ്പിംഗ റോപ്പു കളിയാണവിടെ! നല്ല ഭംഗിയുണ്ടായിരുന്നു സാറിന്റെ ഭാര്യയെ കാണാൻ. ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോൾ ഉമയും രമയും അവരുടെ വീട്ടിലേക്ക് വിളിച്ചു. പോകാം എന്ന് ദേവു വിചാരിച്ചതേയുള്ളു, 'പിന്നെ വരാം,'  മാലു ചാടിക്കയറി പറഞ്ഞു. അവർ പോയി.

'വേണ്ട വേണ്ട, പട്ടമ്മാരാണ് അവർ, അവരുടെ അമ്മ നിലത്തിരുത്തി കാപ്പി തരും, പിന്നെ പാത്രം കഴുകി കമഴ്ത്താനും, അവിടം തളിച്ചു ശുദ്ധമാക്കാനും പറയും. ' വരുന്നവർ മാത്രമല്ല, ഉമയക്കും രമയ്ക്കും അങ്ങനെയെല്ലാം ചെയ്യണം. നമ്പീശൻ സാറിന്റെ ഭാര്യയുടെ കളിയെപ്പറ്റി പറഞ്ഞപ്പോൾ മണിച്ചേച്ചി പൊട്ടിച്ചിരിച്ചു. അവർക്കു മക്കളില്ലാത്തതുകൊണ്ടാണ് മുടി നരച്ചിട്ടും ഈ കുട്ടിക്കളി എന്നും പറഞ്ഞു.

സ്‌പോർട്ട്‌സ് മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സ്‌കൂൾ കഴിഞ്ഞ് വലിയ മൈതാനത്തിൽ വരണമെന്നു സാറു പറഞ്ഞു. വട്ടത്തിലുള്ള വളരെ വലിയ മൈതാനമാണ്. ഓട്ടപരിശീലനത്തിനു ദേവുവും മാലുവും ചേർന്നു, ഓട്ടവും തുടങ്ങി. ഒരു ചുറ്റ് ഓടിത്തീരാറായത് ദേവൂന് ഓർമ്മയുണ്ട്. എന്തോ തളർച്ച തോന്നി, വീഴുന്നതും ആരോ കോരിയെടുക്കുന്നതും ആണ് അവസാന ഓർമ്മ. കണ്ണു തുറക്കുമ്പോൾ ദേവു ആശുപത്രിയിലാണ്, അച്ഛനും അമ്മയും സ്‌പോർട്ട്‌സ് സാറും ഹെഡ്മാസ്റ്ററും ദേവൂന്റെ ക്ലാസ് ടീച്ചറും എല്ലാവരും ഉണ്ട്. അവൾ കണ്ണു തുറന്നതു കണ്ടപ്പോൾ മോളേ എന്ന് കരഞ്ഞുകൊണ്ട് അമ്മ നെറ്റിയിൽ ഉമ്മ വച്ചു. എന്താമ്മേ എനിക്കു പറ്റിയത് എന്നു ദേവു ചോദിച്ചു. ഓടിയപ്പോൾ തളർന്നു വീണു, സ്‌പോർട്ട്‌സ് സാർ താങ്ങിയെടുത്ത് സാറിന്റെ ജീപ്പിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുവന്നു, എന്ന് അമ്മ പറഞ്ഞു. അവൾ നന്ദിപൂർവ്വം സാറിനെ നോക്കി. പക്ഷേ സാറിന്റെ കണ്ണും നിറയുന്നല്ലോ, ഇതെന്താണാവോ, ഇനിയിപ്പോൾ ഞാൻ മരിക്കുവാരിക്കുമോ, ദേവു ചിന്തിച്ചു. ദേവു കണ്ണുതുറന്നതറിഞ്ഞ് ഡോക്ടറും നഴ്‌സുമാരും വന്നു.

'മോൾ മിടുക്കിക്കുട്ടിയായി കിടക്കുന്നതു കണ്ടില്ലേ, ഇങ്ങിനെ കരയണ്ടാന്നു മോൾ തന്നെ പറഞ്ഞോളൂ അമ്മയോട്, ' ഡോക്ടർ പറഞ്ഞു.

'ഞാന്‍ മരിക്കാന്‍ പോവാണോ ഡോക്ടര്‍? ' ആ ചോദ്യം ഡോക്ടർ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു, ഒന്നു പതറി, പെട്ടെന്നു പറഞ്ഞു,

'അയ്യയ്യേ!  ദേവിക നല്ല മിടുക്കി കുട്ടിയാണെന്നാണല്ലോ ടീച്ചര്‍മാര്‍ പറഞ്ഞത്. ഒരു തല   കറക്കം, അത്രേയുള്ളു.  കുറച്ചു നാളത്തേക്ക് ഓട്ടവും ചാട്ടവും ഒന്നു നിർത്തണം. രണ്ടാഴ്ച്ച വീട്ടിൽ കിടക്കണം, എന്താ? '

'അയ്യോ, ക്ലാസ്സ് '....സ്‌കൂളും ക്ലാസ്സുമൊക്കെ വളരെ ഗൗരവത്തിൽ എടുത്തിട്ടുള്ള കുട്ടിയാണ് ദേവു.

'അതൊന്നും സാരമില്ല, നോട്ടെല്ലാം ഞാൻ വീട്ടിലെത്തിക്കാം, അമ്മ പഠിപ്പിച്ചു തന്നോളും, കേട്ടോ ദേവൂ, ' ക്ലാസ് ടീച്ചർ സമാധാനിപ്പിച്ചു. പെട്ടന്നാണ് മുറിക്കു പുറത്ത് ബഹളം കേട്ടത്. തടഞ്ഞ നഴ്‌സുമാരെ തള്ളിമാറ്റി നിലവിളിച്ചുകൊണ്ട് ജാനകിച്ചേച്ചി ഓടിക്കയറി വന്നു,

'ന്റെ ദേവൂട്ടിക്ക് ഹാർട്ടിനസുഖോ, ന്റെ ദേവിയേ, ചതിക്കല്ലേ'..... ജാനകിച്ചേച്ചിയെ ആരോ തള്ളി പുറത്തുകൊണ്ടുപോയി. പക്ഷേ അവർ പറഞ്ഞത് ദേവു വ്യക്തമായി കേട്ടു.

പെട്ടെന്ന് എല്ലാവരും ദേവുവിന്റെ കണ്ണിൽ നിന്ന് മറഞ്ഞു, അമ്മയുടെ കരച്ചിൽ ശബ്ദം കാതിൽ കേൾക്കുന്നുണ്ട്, കരയണ്ടമ്മേ എന്നു പറയണമെന്നുണ്ട്, അച്ഛന്‍ മോളേ മോളേന്നു വിളിക്കുന്നുണ്ട്, എന്തോ എന്നു വിളി കേള്‍ക്കണമെന്നുണ്ട്,  പക്ഷേ ചുണ്ടനക്കാൻ കഴിയുന്നില്ലല്ലോ. അച്ഛനേം അമ്മേം കെട്ടിപ്പിടിക്കണമെന്നു തോന്നുന്നു, പക്ഷേ കൈനീട്ടാൻ പറ്റുന്നില്ലല്ലോ. ദാ അക്കുകളി, നമ്പീശൻ സാറിന്റെ ഭാര്യേടെ സ്‌കിപ്പിംഗ് റോപ്പുകളി, ദേവൂന്റെ വയലറ്റു ബീൻസ് പൂക്കൾ, എല്ലാം ദേവു കാണാൻ തുടങ്ങി. സൈക്കിൾ റാലി പോലൊരു ലോറി റാലി...റോലി ലാറി...അയ്യേ മണിച്ചേച്ചി തെറ്റിച്ചേ....അയ്യോ,  പച്ചിലക്കാട്ടില്‍ മറഞ്ഞതെന്തേ എന്നു കരഞ്ഞു ചോദിച്ച് ചേച്ചിക്കിളി  അനിയത്തിക്കിളിയെ തേടി നടക്കുന്നു.  അതാ സാറിന്റെ വീട്ടിലെ കറങ്ങുന്ന വെട്ടം. ഇപ്പോ  അതാ, സ്വന്തം വീട്ടിലെ ഭിത്തിയിൽ ദേവൂന്റെ ഫോട്ടോയും അതിന്റെ നെറ്റിയിൽ പതിക്കുന്ന കറങ്ങുന്ന ലൈറ്റും.

'സാരമില്ല, കുറച്ചു കഴിഞ്ഞ് ഉണരും,' ഡോക്ടർ പറയുന്നതു ദേവു കേട്ടു. പിന്നെ, മെല്ലെ മെല്ലെ ദേവു ഉറക്കത്തിലാഴ്ന്നു.

No comments:

Post a Comment