Saturday, June 03, 2017

പണ്ടുപണ്ടൊരു ദേവു-02

ഭാഗം -1 ഇവിടെ വായിക്കാം.

ഭാഗം-2
'ദേവൂ, ഒന്നെണീറ്റേ,' പാതിരാത്രിക്ക് മണിച്ചേച്ചി കുലുക്കി വിളിച്ചപ്പോൾ അവള്‍ ഞെട്ടിയെണീറ്റു. അച്ഛന്റെ വല്യേച്ചിയുടെ മകളാണ് മണിച്ചേച്ചി. സ്‌കൂളിലെ ടീച്ചറാകാൻ പഠിക്കയാണ്. വീട്ടിലും മുറ്റത്തും മുഴവൻ ലൈറ്റിട്ടിരിക്കുന്നു. 'ദേവൂ, അമ്മാവനെ എന്തോ കുത്തി, വേഗം മുയൽച്ചെവിയൻ കാണിച്ചു തന്നേ,' എന്ന് ചേച്ചി പറഞ്ഞതു കേട്ടു അവൾ അയ്യോ എന്നു വിളിച്ചു. 'സാരമില്ല, ജാനകിച്ചേച്ചി പച്ചമഞ്ഞളരയ്ക്കുകാ. ഇതുകൂടി കൊടുക്കണം, വേഗം വാ' എന്നു പറഞ്ഞ് ചേച്ചി അവളുടെ കൈയ്യിൽ പിടിച്ചു. എല്ലാവരും മുൻവശത്തുണ്ട്. വീടിനോടു ചേർന്നുള്ള പറമ്പിലെ മുഴുവൻ പച്ചമരുന്നുകളും എന്തെല്ലാമെന്നും എവിടെ നിൽക്കുന്നവെന്നും ദേവൂന് കാണാപ്പാഠമാണ്, അല്ലെങ്കിൽ ദേവൂനു മാത്രേ അറിയൂ. അതെല്ലാം മുത്തശ്ശൻ പഠിപ്പിച്ചുകൊടുത്തതാണ്. കർക്കിടകത്തിൽ ദേവൂനെ എല്ലാവർക്കും വേണം, കാരണം, തലയിൽ ചൂടാൻ ദശപുഷ്പങ്ങൾ പറമ്പിൽ എവിടെയെല്ലാമുണ്ടെന്ന് ദേവൂന് കൃത്യമായി അറിയാം, തപ്പി നടക്കേണ്ടതില്ല. അവയിൽ അവൾക്ക് ഏറ്റവും ഇഷ്ടം മുക്കുറ്റിയും നിലപ്പനയുമാണ്. കൊട്ടാരത്തിലെ പെൺകുട്ടികൾ ദശപുഷ്പം തലയിൽ ചൂടുകയല്ല, ഓരോ ദിവസവും ഓരോ ചെടിയും വേരോടെ അരച്ചു നെറ്റിയിൽ പുരട്ടുകയാണു ചെയ്യുക എന്നാണ് ഇന്ദിരേച്ചി പറഞ്ഞിട്ടുള്ളത്. അതെല്ലാം മരുന്നാണു പോലും. ദേവു മുറ്റത്തിന്റെ തെക്കരികിലേക്കു പോയി കൊച്ചു മതിലിന്നപ്പുറത്ത് മുയൽച്ചെവിയൻ കാണിച്ചുകൊടുത്തു, ചേച്ചി പിഴുതെടുത്തു. മണിച്ചേച്ചി ദേവൂന്റച്ഛനു മരുന്നു പുരട്ടിക്കൊടുത്തു, 'ഇനി എല്ലാരും പോയിക്കിടന്നോളൂ,' എന്ന് മുത്തശ്ശൻ സഭ പിരിച്ചുവിട്ടു.

കാലത്ത് ഉറക്കമെണീറ്റതും ദേവു സ്വന്തം ബീൻസ് കൃഷി നോക്കാനോടി. മുത്തശ്ശനാണ് അവൾക്ക് കൃഷിയിലെ പ്രോത്സാഹനം. സ്‌കൂളിലെ കൂട്ടുകാരി തന്ന വിത്ത് കുഴിച്ചിട്ട് മുളപ്പിച്ചത് ദേവു തന്നത്താനാണ്. ആദ്യം വെള്ളത്തിലിട്ടു വച്ചു, പിന്നെ കോരിയെടുത്തു വച്ചു. മുള വന്നപ്പോൾ നട്ടു വച്ചു. നാലു ചെടികളുണ്ടായിരുന്നു. വള്ളിയിട്ടപ്പോഴേയ്ക്കും മുത്തശ്ശൻ നല്ല ഒന്നാന്തരം പന്തൽ ഇടുവിച്ചു കൊടുത്തു. 'മുത്തശ്ശാ, ദാ പൂവു വന്നു,' എന്ന് വയലറ്റു പൂക്കൾ കണ്ട് ദേവു കൂവിവിളിച്ചു. അച്ഛനും അമ്മയും മുത്തശ്ശനും മറ്റെല്ലാവരും ഓടി വന്നു, 'മിടുക്കി,' എന്നു മുത്തശ്ശൻ ദേവൂനെ ചേർത്തുനിർത്തി.

ദേവൂന്റെ മുത്തച്ഛന് സംസ്‌കൃതവും വൈദ്യവും എല്ലാം അറിയാം, വൈദ്യനൊന്നുമല്ലെങ്കിലും. ഇന്നാൾ ജാനകിച്ചേച്ചിക്ക് കാലിൽ കുരു വന്നു. മുത്തശ്ശൻ പറഞ്ഞു നീലശംഖുപുഷ്പം വേരോടെ അരച്ച് വെണ്ണ ചേർത്തരച്ചു പുരട്ടാൻ. ചേച്ചീടെ കുരു പെട്ടെന്ന് പഴുത്തു പൊട്ടി, കരിഞ്ഞു. ദേവൂന് ജലദോഷം വരുമ്പോള്‍ പൂവാംകുറുന്നിലച്ചെടിയും ചുമക്കൂര്‍ക്കയിലയും തുളസിയിലയും ഇട്ട് വെള്ളം തിളപ്പിച്ചു കുളിക്കാനും മുത്തശ്ശന്‍ പറയും. കുളി കഴിഞ്ഞ് നെറുകംതലയില്‍ രാസ്നാദിപ്പൊടിയും ഇട്ടുകൊടുക്കും.

എന്നും സന്ധ്യയ്ക്ക് വിളക്കുവച്ച് നാമം ചൊല്ലണമെന്ന് നിർബന്ധമാണ് മുത്തശ്ശന്. വരാന്തയില്‍ കസേരയിട്ട് ഇരിക്കും. അർത്ഥമില്ലാത്ത വാക്കുകൾ ഇടയിൽ വരുന്നത് മാറ്റി വേറേ പറഞ്ഞു തരും. അഞ്ജന ശ്രീധരാ ചൊല്ലുമ്പോൾ,  'ഐഹികമായ സുഖത്തിലഹോ കൃഷ്ണ അയ്യോ എനിക്കൊട്ടും മോഹമില്ലേ' എന്നത്  'ഐഹികമായ സുഖത്തിങ്കലാഗ്രഹം, തെല്ലുമേ തോന്നല്ലേ വാസുദേവാ' എന്നു തിരുത്തിത്തന്നു. 'ഐ' യ്ക്ക് പകരം 'അയ്യോ' ഒട്ടും ശരിയല്ല എന്നും മോഹമില്ല എന്നു പറയുന്നത് പരമകള്ളമാണ് എന്നുമാണ് മുത്തശ്ശൻ പറഞ്ഞത്. അമ്മയ്ക്ക് വന്നിരിക്കാൻ അത്ര ഇഷ്ടമൊന്നുമില്ല, പക്ഷേ മുത്തശ്ശന്റെ ഇഷ്ടക്കേടു വേണ്ടായെന്ന് ഇരിക്കും, നാമമൊന്നും ചൊല്ലില്ല. അഞ്ജന ശ്രീധരാ, പാഹി മുകുന്ദാ തുടങ്ങിയതൊന്നും ചൊല്ലണമെന്ന് മുത്തശ്ശന് അത്ര നിർബന്ധമൊന്നുമില്ല, പക്ഷേ പതിന്നാലുവൃത്തം, ഇരുപത്തിനാലു വൃത്തം, കൃഷ്ണഗാഥ, നിറന്ന പീലികൾ...ഇതെല്ലാം മാറി മാറി ചൊല്ലണം. ഇപ്പോൾ ദേവൂന് എല്ലാം കാണാപ്പാഠമറിയാം. നല്ല സ്ഫുടമായി ചൊല്ലുകയും ചെയ്യും. പക്ഷേ ഓരോ ശ്ലോകത്തിന്റെ അവസാനവും ദേവനാരായണ, ശ്രീരാമരാമ എന്നും മറ്റും ആവർത്തിക്കുന്നത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അത് എഴുതിയ കവിയുടെ ദേവസ്തുതിയാണെന്ന് അമ്മ പറഞ്ഞെങ്കിലും കഥയുടെ കൂടെ അതു കൂട്ടിക്കുഴച്ചത് തീരെ ശരിയായില്ലാന്നാണ് ആ കൊച്ചു പണ്ഡിതയുടെ വിദഗ്ദ്ധാഭിപ്രായം.

ഇതൊക്കെയാണേലും അച്ഛനു മുത്തശ്ശനോട് അത്ര പഥ്യമില്ല എന്നും ദേവൂനറിയാം. മുത്തശ്ശൻ അച്ഛനോട് സംസ്‌കൃതം പഠിച്ചാൽ മതീന്നു പറഞ്ഞു, ഒടുവിൽ അച്ഛന് കോളേജിൽ ചേരാൻ സ്വന്തം ഭാഗത്തിൽ നിന്നു കുറച്ചു ഭൂമി വിൽക്കേണ്ടി വന്നുവത്രേ. ഭാഗം വയ്ക്കുക എന്നു വച്ചാൽ എന്താണെന്നൊക്കെ ദേവൂന് അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്. മുത്തശ്ശിക്ക് ധാരാളം ഭൂമി ഉണ്ടായിരുന്നു, വീടിനു ചുറ്റമുള്ള സ്ഥലം ഒഴികെ മുഴുവനും മുത്തശ്ശൻ വിറ്റു തീർത്തുവെന്നും വലിയ വീടുവരെ പൊളിച്ചുവിറ്റ് ഈ ചെറിയ വീടു വച്ചുവെന്നും മണിച്ചേച്ചി പറഞ്ഞു. ഇളയവരുടെയെല്ലാം കാര്യങ്ങൾ നോക്കി നടത്തിയത് അച്ഛനായിരുന്നു പോലും.

മണിച്ചേച്ചിക്കും തരിമ്പും ഇഷ്ടമല്ല മുത്തശ്ശനെ, അതിനു കാരണവുമുണ്ട്. ഈ മുത്തശ്ശൻ മണിച്ചേച്ചീടെ മുത്തശ്ശനല്ല! ഒരുപാടു മുടിയും നല്ല നിറവും ഒക്കെയായി മുത്തശ്ശിയമ്മ ഭയങ്കര സുന്ദരിയായിരുന്നു -ഇപ്പഴും സുന്ദരി തന്നെ-, മണിച്ചേച്ചിയുടെ മുത്തശ്ശനായിരുന്നു ആദ്യഭർത്താവ്. അവർ രണ്ടുപേരും മകളുമായി സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് ഈ മുത്തശ്ശന്റെ രംഗപ്രവേശം. വല്യേ ഉദ്യോഗസ്ഥനായിരുന്നു, മുത്തശ്ശിയെ കണ്ടപ്പോൾ ഭാര്യയാക്കണം പോലും! മുത്തശ്ശീടെ അമ്മാവന്മാരു സമ്മതിച്ചു-അന്നൊക്കെ അച്ഛന്മാരല്ല അമ്മാവന്മാരാണ് വീടു ഭരിച്ചിരുന്നതത്രേ-, മണിച്ചേച്ചീടെ മുത്തശ്ശന്റെ പായും തലയിണയും ഒരു നാൾ ചുരുട്ടി മുറിക്കു പുറത്തു വച്ചു, പാവം മുത്തശ്ശൻ കണ്ണീരോടെ എങ്ങോ പുറപ്പെട്ടു പോയി. പിന്നെ ആരും ആ മുത്തശ്ശനെ കണ്ടിട്ടേയില്ല. മുത്തശ്ശിയുടെ കരച്ചിലൊന്നും അമ്മാവന്മാർ ചെവിക്കൊണ്ടില്ല, ഈ മുത്തശ്ശനെക്കൊണ്ട് മുണ്ടുകൊടുപ്പിച്ചു. അന്നൊക്കെ അങ്ങനെയായിരുന്നു കല്യാണോം കല്യാണം ഒഴിയലും! ദുഷ്ടനാ, പെരുംദുഷ്ടൻ എന്നാണ് മണിച്ചേച്ചി പറഞ്ഞത്. മണിച്ചേച്ചീടെ അമ്മയെ മുത്തശ്ശന് കൊച്ചിലേ കണ്ടുകൂടായിരുന്നു. പക്ഷേ മണിച്ചേച്ചീടമ്മയും ദേവൂന്റച്ഛനും തമ്മിൽ വലിയ ഇഷ്ടമായിരുന്നു.

ദേവു രണ്ടിൽ പഠിക്കുമ്പോഴായിരുന്നു അച്ഛനും മുത്തശ്ശനും തമ്മിൽ ഒരു ഭയങ്കര വാക്കേറ്റം നടന്നത്. പാലു കറക്കാൻ വരുന്ന ശങ്കരൻ ചേട്ടനും പുല്ലു പറിച്ചുകൊടുക്കാനും പശുക്കൂടു വൃത്തിയാക്കാനും വരുന്ന രാജമ്മച്ചേച്ചീം താമസിക്കുന്ന വീടും സ്ഥലവും അവർക്കു പതിച്ചുകൊടുക്കണമെന്നും അവരെ ഇറക്കിവടാൻ പറ്റില്ലെന്നും അച്ഛനും അത് സാധിക്കില്ല എന്ന് മുത്തശ്ശനും തമ്മിൽ പൊരിഞ്ഞ വഴക്കായിരുന്നു. ദേവു പേടിച്ചരണ്ട് അമ്മയെ കെട്ടിപ്പിടിച്ചു നിന്നു. മുത്തശ്ശിയും അമ്മയും ദേവൂനെപ്പോലെ തന്നെ പേടിച്ചുവിറച്ചായിരുന്നു നിന്നത്. അവസാനം അച്ഛൻ പറഞ്ഞതു നടന്നു. അതുകഴിഞ്ഞ് ശങ്കരൻ ചേട്ടൻ വന്ന് അച്ഛന്റെ കാൽക്കലങ്ങു വീണു. എണീപ്പിക്കുമ്പോൾ അച്ഛന്റെ കണ്ണും നിറഞ്ഞിരുന്നു, അവർ ഒന്നിച്ചു പഠിച്ചവരാണു പോലും! പക്ഷേ ഒരാഴ്ച്ച കഴിയും മുമ്പ് രാജമ്മച്ചേച്ചി പണിക്കു വരവു നിർത്തിക്കളഞ്ഞു!

'ഇപ്പോ അവസ്ഥയൊക്ക ആയീന്നു തോന്നിയപ്പോ അവക്കു പണിക്കു വരാൻ കുറച്ചിലായി പോയി കുഞ്ഞേ. ഞാനപ്പഴേ പറഞ്ഞതാ കുഞ്ഞിനോട് ഈ പേട്ടുജാതിയെയൊന്നും സഹായിക്കല്ലേന്ന്.' ജാനകിച്ചേച്ചി അമ്മയോടു പരിഭവം പറഞ്ഞു.

'ഉം..ഇതൊക്കെ സംഭവിച്ചേക്കുമെന്നറിയാമായിരുന്നു, ചേച്ചി, പക്ഷേ ഇത്ര വേഗം ആകുമെന്നു തീരെ കരുതിയില്ല,' അമ്മ പറഞ്ഞു. അത് അമ്മയെ ലേശം വിഷമിപ്പിച്ചിരുന്നുവെന്ന് ദേവൂനും പിടികിട്ടി. പക്ഷേ ശങ്കരൻ ചേട്ടൻ ഇപ്പഴും പഴയതുപോലെ തന്നെ കൃത്യമായി വരുന്നുണ്ട്. നന്ദികേടു കാണിക്കാനൊന്നും എന്നെ കിട്ടൂല്ലെന്ന് പറയുന്നതും ദേവു കേട്ടു. ചേട്ടൻ തന്നെ ഇപ്പോൾ കൂടു വൃത്തിയാക്കും, പുല്ലും പറിക്കും. അവധിദിവസങ്ങളിൽ ദേവുവും കൂടും പുല്ലു പറിക്കാൻ. ദേവൂന്‍റെ പുല്ലുകെട്ടിന് അമ്മ ഒരു രൂപയും കൊടുക്കും. അതു കുടുക്കയിലിട്ടു വയ്ക്കും, ഉത്സവത്തിനേ കുടുക്ക പൊട്ടിക്കൂ.

ദേവൂന്റച്ഛനെ മാത്രമല്ല, പല ബുദ്ധിയുള്ള ചെറുപ്പക്കാരേം വഴിതെറ്റിക്കുന്നത് ആ നമ്പൂരാരാണ് എന്നാണ് ജാനകിച്ചേച്ചിയുടെ പക്ഷം. നമ്പൂരാർ എന്നു വച്ചാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ആണെന്ന് ദേവൂന് അറിയാം. നാലാം ക്ലാസ്സിൽ വച്ച് എല്ലാ ദിവസവും രാവിലെ സ്‌കൂൾ അസംബ്ലിയിൽ അന്നന്നത്തെ പ്രധാന വാർത്ത വായിച്ചിരുന്നത് ദേവുവാണല്ലോ. വാർത്ത എഴുതി വയ്ക്കുന്ന നോട്ടു ബുക്കിന്റെ പൊതിയിൽ അമ്മ 'ന്യൂസ് ബുക്ക്' എന്നെഴുതി കൊടുത്തിരുന്നു ദേവൂന്. അമ്മയുടെ കൈയ്യക്ഷരം മുത്തു പോലെ ഭംഗിയുള്ളതാണ്.

ദേവു ബുദ്ധിയുള്ള കുട്ടിയാണെന്ന് അഭിമാനമുണ്ട് അച്ഛനും അമ്മയക്കും. അവൾ സംശയം ചോദിച്ചു വന്നാൽ ഉഴപ്പി വിടില്ല, കഴിയുന്നതും വിസ്തരിച്ച് പറഞ്ഞും കൊടുക്കും. സ്വന്തം കാർന്നോമ്മാരുടെ ധൂർത്തും അനാചാരങ്ങളും എങ്ങനെയായിരുന്നു എന്ന് അച്ഛൻ ദേവൂനോടു വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. 28 കല്യാണം, കാതുകുത്തു കല്യാണം, ചോറൂണു കല്യാണം, തിരണ്ടു കല്യാണം എന്നിങ്ങനെ ഓരോ പേരും പറഞ്ഞ് കുറെ സദ്യ വയ്ക്കുമത്രേ. ആരെങ്കിലും മരിച്ചാലോ, 16 വരെ നാട്ടാരെ മുഴുവൻ വിളിച്ചുകൂട്ടി അതിനും സദ്യ, സദ്യയോടു സദ്യ! തീറ്റയും ഉത്സവവും കഥകളിയുമെല്ലാമായി കൃഷിയൊന്നും നോക്കാതെ സുഖിച്ചു ജീവിച്ച്, സദ്യ ഉണ്ണാൻ വേണ്ടി ഭൂമി വിറ്റു തീർത്ത്  അ വർ കുടുംബം കുളം തോണ്ടി പോലും. പിന്നെ തീണ്ടലും തൊടീലും കുന്നോളം അനാചാരങ്ങളും അതു വേറെ. കണ്ടും സഹിച്ചും അച്ഛനു പൊറുതിമുട്ടിപ്പോയത്രേ. ദേവൂന്റെ കാര്യത്തിൽ അച്ഛൻ ഇങ്ങനത്തെ ഒരു ചടങ്ങും നടത്തിയിട്ടില്ല. മാസത്തിൽ നാലു ദിവസം പുറത്തെ ചായിപ്പിൽ തണുത്തു വിറച്ച് തറയിൽ പായിട്ടു  കിടക്കേണ്ടതില്ല എന്ന് അച്ഛൻ അമ്മയോടു പറഞ്ഞിരുന്നു. അത് അമ്മയ്ക്ക് വലിയൊരു ആശ്വാസം ആയിരുന്നുവെന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം ദുരാചാരങ്ങളൊക്കെ അപ്പൂപ്പൻ അമ്മയുടെ വീട്ടിൽ പണ്ടേ നിർത്തിയതാണ്. പക്ഷേ ഇവിടെ വന്നപ്പോൾ അമ്മ വിഷമിച്ചു പോയത്രേ. അച്ഛൻ അതു നിർത്തിച്ചില്ലായിരുന്നുവെങ്കിൽ കുറച്ചു കഴിഞ്ഞ് ദേവൂനും അതുപോലെ കിടക്കേണ്ടി വരുമായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. അതു കേട്ടപ്പോഴാണ് ദേവൂന് അച്ഛനോട് ഇഷ്ടം കൂടിയത്.

ദേവൂന് എന്തായാലും മുത്തശ്ശനെ ഇഷ്ടമാണ്. മുത്തശ്ശൻ എപ്പോഴും ദേവൂന്റെ ഭാഗത്താണ്. അമ്മ പഠിക്ക് എന്നു പറഞ്ഞു നിർബന്ധിക്കുമ്പോൾ 'അവൾക്ക് എല്ലാം അറിയാല്ലോ, പിന്നെന്തിനാ ഇങ്ങിനെ നിർബന്ധിക്കുന്നത്,' എന്നു മുത്തശ്ശൻ രംഗപ്രവേശം ചെയ്യും, ദേവു കളിക്കാനും പോകും. പക്ഷേ, രണ്ടുകൊല്ലം മുമ്പാണ്, മുത്തശ്ശൻ ദേഷ്യപ്പെട്ടു. അമ്മ ദേവൂനോട് കണക്കിന്റെ പെരുക്കപ്പട്ടിക ഉറക്കെ ചൊല്ലാൻ പറഞ്ഞിട്ട് അടുക്കളയിൽ പോയി, ദേവു, കൃത്യമായി ചൊല്ലിക്കൊണ്ടേയിരുന്നു, പക്ഷേ വരാന്തയിലെ ജനാലയഴികളിൽ പിടിച്ചുകയറി തല കുത്തിക്കിടന്നാണ് ചൊല്ലിയതെന്നു മാത്രം. അമ്മയറിഞ്ഞില്ലെങ്കിലും മുത്തശ്ശൻ കണ്ടുപിടിച്ചു, 'പെൺകുട്ടികൾ ഇങ്ങനെ മരംകേറികളാകരുത്, ഇറങ്ങ്,' എന്ന് ദേഷ്യപ്പെട്ടു. ശിക്ഷിച്ച് നിലത്തിരുന്ന് ചൊല്ലാനും പറഞ്ഞു.

'ന്റെ രാധികേ, ഇതെന്തിനാ നിങ്ങളീ കൊച്ചിനെ ഇങ്ങിനെ ഒറ്റപ്പൂരാടാക്കീത്? ' ദേവകിയമ്മായിയാണ്, സുഭദ്രാമ്മായിയുടെ ചേച്ചി. അമ്മ ദേവു കേൾക്കുന്നുണ്ടോയെന്ന് ഒളിഞ്ഞുനോക്കി, അമ്മായിയെ അകത്തേക്കു കൊണ്ടുപോയി. അവൾ ചിരിച്ചു, അമ്മ ഒളിച്ചിട്ടു കാര്യമൊന്നുമില്ല, അവൾക്കതറിയാം, ദേവു മാത്രം പോരാ, ഒരു കുട്ടി കൂടി വേണമെന്നാണ് ദേവകിയമ്മായീടെ പക്ഷം. ബന്ധുസഹോദരരും കൂട്ടുകാരും ഇഷ്ടം പോലെയുള്ളതുകൊണ്ടാവും, ദേവൂന് അതത്ര നിർബന്ധമൊന്നുമില്ല. ചിലപ്പോൾ ലേശം അസൂയയും കാണുമായിരിക്കും.

ദേവു, കൊച്ചുതിണ്ണയിലിരുന്ന് ഏഴുകല്ലു കളിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞ് സുഭദ്രാമ്മായീടെ മക്കൾ മാലതീം നന്ദിനീം കളിക്കാൻ വരും. അവരുടെയത്ര കളിക്കാൻ അറിയില്ല ദേവൂന്. മുത്തശ്ശി തിരിച്ചെത്തും വരെ കൊച്ചുതിണ്ണയിൽ ഇരുന്ന് കളിച്ചു പഠിക്കാം. അല്ലെങ്കിൽ കല്ലു കളിച്ചാൽ വീടിനു കടം കേറുമെന്നും പറഞ്ഞ് മുത്തശ്ശി ഓടിച്ചു വിടും. പിന്നെ പറമ്പിൽ പോയിരുന്നു കളിക്കണം, അല്ലെങ്കിൽ തെങ്ങു മടൽ ചെത്തി തായം കളിക്കേണ്ടി വരും. അതിനു കളം വരച്ചുതരാനും തായം വെട്ടിത്തരാനും മണിച്ചേച്ചി വേണം. അതുമല്ലെങ്കിൽ കുട്ടീം കോലും. മണലിൽ ഈർക്കിലി പൂഴ്ത്തിയും കളിക്കും. എല്ലാ കളിയും ദേവൂന് ഇഷ്ടമാണ്. മണിച്ചേച്ചിയും വലിയ ചേച്ചിമാരും രണ്ടു തരം തെന്നിപ്പാണ്ടി കളിക്കും, ആ കളിക്ക്, തലയിൽ കുഞ്ഞ് ഓട്ടുകഷണം കമഴ്ത്തിവച്ച് നിലത്തു നോക്കാതെ വരകളിൽ ചവിട്ടാതെ കളങ്ങൾ എട്ടും ചാടി മടങ്ങി വരണം. അത് ദേവൂനും കൊച്ചുകുട്ടികൾക്കും പറ്റില്ല, അതിനു പകരം അവർ അക്കു കളിക്കും. അതിലാവുമ്പോൾ നിലത്തു നോക്കി ചാടാം, കളത്തിലിട്ട കമ്യൂണിസ്റ്റു പള്ളപ്പൂവ് ഒരു കാലുകൊണ്ട് തള്ളി വരയിൽ വീഴാതെ പുറത്തു കൊണ്ടുവരണമെന്നേ ഉള്ളു. ഓണക്കാലത്ത് അച്ഛൻവീട്ടിലെ എല്ലാവരും എത്തും, അപ്പോൾ വട്ടത്തിലിരുന്ന് 'ആരാരു കയ്യിലുണ്ടേ മാണിക്കച്ചെമ്പഴുക്കാ' കളിക്കും. അതിന്റെ ഈണവും ഇരുവശത്തോട്ടും താളത്തിലുള്ള തലയാട്ടലും ദേവൂന് വളരെ ഇഷ്ടമാണ്.

മഴയാണെങ്കിൽ ഊൺതളത്തിലിരുന്ന് വേറെ തരം കളിയുണ്ട്. 'തണ്ടുരുളും തടിയുരുളും, തടിമേലൊരുമണികുരുമുളകുരുളും,'  'സൈക്കിൾ റാലി പോലൊരു ലോറി റാലി,'  'പനന്തൊട്ടി കുറുപ്പച്ചൻ പനന്തണ്ടേലെഴുന്നള്ളി, ചുള വലുത്, കുരു ചെറുത്, ചുള വലുത്, കുരു ചെറുത്,' ഇങ്ങനെ ഓരോരുത്തരായി വേഗത്തിൽ പറയണം. മിയ്ക്കവർക്കും തെറ്റും, റാലി ലാറിയാകും, തിരിച്ചും. പിന്നെ ചിരിയോടു ചിരിയാണ്. അക്ഷകശ്ലോകമത്സരവും കാണും. അതിൽ മണിച്ചേച്ചി മാത്രേ പക്ഷേ ജയിക്കൂ. വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധൻ കാണാപ്പാഠമറിയാവുന്നതുകൊണ്ടാണ് അങ്ങിനെ. കർമ്മഭൂമിയുടെ പിഞ്ചുകാൽ ഒക്കെയേ ദേവൂനറിയൂ. അത് ശ്ലോകത്തിനു കൂട്ടുകയുമില്ല.

കളി മതിയാക്കി അകത്തുകയറി വായിക്കാനിരുന്നു ദേവു. അച്ഛൻ ഇഷ്ടം പോലെ പുസ്തകങ്ങൾ വാങ്ങിച്ചു തന്നിട്ടുണ്ട്. ഗാന്ധിജിയുടെ കഥ മടിയലിരുത്തി വായിച്ചു പറഞ്ഞുകൊടുക്കാറുമുണ്ട്, ദേവൂന് അതു വായിക്കാനും വേണ്ടിയുള്ള ഇംഗ്ലീഷ് അറിയില്ലല്ലോ. സ്വാതന്ത്ര്യസമരകഥകളെല്ലാം അവൾക്ക് വിരൽത്തുമ്പത്താണ്. നെഹ്രുവും സുഭാഷ് ചന്ദ്രബോസും മറ്റും ഉറ്റ ബന്ധുക്കളും. ബോസിനെ തൂക്കിക്കൊന്നതിനെ കുറിച്ചുള്ള  'വിങ്ങിവിങ്ങി കരഞ്ഞു പോയമ്മ നമ്മൾ തന്നമ്മ ഭാരതം... ' പാടാൻ ഇപ്പോൾ ദേവു അമ്മയെ സമ്മതിക്കില്ല. അതു പാടുമ്പോഴെല്ലാം അമ്മയും ദേവുവും കരയും. രണ്ടിൽ പഠിക്കുമ്പോൾ ചേച്ചിക്കിളി  അനിയത്തിക്കിളിയെ തെറ്റിദ്ധരിച്ച ' കൊച്ചുകുട്ടത്തീ, കൊച്ചനിയത്തി പച്ചിലക്കാട്ടിൽ മറഞ്ഞതെന്തേ....  എന്ന കവിത ചൊല്ലാനും, ഇപ്പോൾ അർത്ഥം നന്നായി മനസ്സിലായപ്പോൾ, ദേവു സമ്മതിക്കില്ല. അതു കേട്ടാലും അവൾക്കു കരച്ചിലു വരും.

ഇപ്പോൾ വായിക്കാൻ കുട്ടികളുടെ മഹാഭാരതം വീണ്ടും എടുത്തു. കഴിഞ്ഞ വല്യവധിക്ക് അതു മുഴുവൻ വായിച്ചതാണ്. എന്നാലും പിന്നെയും പിന്നെയും വായിക്കും. അതിന്റെ പുറംചട്ടയിലെ ദ്രൗപദീടെ പടം കാണാൻ എന്തു ശേലാണ്! നോക്കിയിരിക്കാൻ തോന്നും. ദേവു അതുപൊലൊന്ന് വരയ്ക്കാൻ നോക്കിയിട്ട് വികൃതമായിപ്പോയി, അതുകണ്ട് സഹിക്കാൻ വയ്യാതെ കീറിയും കളഞ്ഞു. കുട്ടികളുടെ രാമായണവും ഉണ്ട്, പക്ഷേ അവൾക്കു ഭാരതമാണ് കൂടുതലിഷ്ടം. കുഞ്ഞുവാവകൾ വയറ്റിലുള്ളപ്പോൾ രാമൻ സീതയെ ഉപേക്ഷിച്ചത് ദേവൂനു ദഹിച്ചില്ല, കരച്ചിലും വരും. വലുതാകുമ്പോൾ അതേ കുറിച്ചു കൂടുതൽ മനസ്സിലാകുമെന്നാണ് അമ്മ പറയാറുള്ളത്. പല കാര്യങ്ങളെ കുറിച്ചും അമ്മ അങ്ങിനെ പറയാറുണ്ട്. ദേവൂന് ഗാന്ധിജിയെക്കാൾ ഇഷ്ടം നെഹ്രുവിനെയാണ്. അതും വലുതാവുമ്പോൾ തിരിയും എന്നാണ് അമ്മയുടെ പ്രവചനം.

ഭാഗം-03 ഇവിടെ വായിക്കാം.


No comments:

Post a Comment