Friday, June 02, 2017

പണ്ടുപണ്ടൊരു ദേവു-01

ഭാഗം ഒന്ന്.

'ദേ, ഒരാളെ കണ്ടോ....'  മാലു കൈചൂണ്ടിയിടത്തേക്ക് ദേവു നോക്കി. ഭയങ്കര പൊക്കവും വണ്ണവുമുള്ളൊരു കപ്പടാമീശക്കാരൻ! കണ്ടാലേ പേടിയാകും!

'അതു സ്‌പോർട്ടസ് സാറാ. കടുവാസാറെന്നാ വട്ടപ്പേര്.' മാലു വിജ്ഞാനം വിളമ്പി. പക്ഷേ കൂടുതലൊന്നും ചോദിക്കാൻ കഴിയും മുമ്പ് ഇന്റർവെൽ തീർന്നെന്നു ബെല്ലടിച്ചു. പല പല നിരകളിലായി പരന്നു കിടക്കുന്ന ഭീമൻ കെട്ടിടങ്ങളും മൈതാനങ്ങളും എല്ലാം ഉള്ള വലിയ സ്‌കൂളിൽ ദേവു അഞ്ചാം ക്ലാസ്സിൽ ചേർന്നിട്ട് അധികമായില്ല. മാലൂന്റെ ചേച്ചി ഇപ്പോ പത്തു കഴിഞ്ഞു പോയതേയുള്ളു, അതോണ്ട് മാലൂന് സ്‌കൂളിനെപ്പറ്റി ഒരു പാടു കാര്യങ്ങളറിയാം. വൈകീട്ട്  ബാക്കി കൂട്ടുകാരെല്ലാം വഴിപിരിഞ്ഞതും ദേവു ചോദിച്ചു, ആ സാറാണോ നമ്മളേയും പഠിപ്പിക്കുക എന്ന്.

'ഉം...ആരിക്കും. വല്യേ ദേഷ്യക്കാരനാത്രേ. ഭാര്യ മരിച്ചേപ്പിന്നെ ദേഷ്യായതാന്ന്.'

'അതെന്തിനാ ഭാര്യ മരിച്ചാ ദേഷ്യക്കാരനാവുന്നേ?' ദേവു അമ്പരന്നു.

'ആ...മരിക്കുമ്പോ കുഞ്ഞ് വയറ്റിലുണ്ടാരുന്നൂന്ന്. കുഞ്ഞും മരിച്ചത്രേ. അതോണ്ട് കുട്ടികളേം തീരെ ഇഷ്ടമില്ലാന്ന്. എന്തു പറഞ്ഞാലും ശ്രദ്ധിച്ച് കേട്ട് ഉടനെ അനുസരിച്ചോണമെന്നാ ചേച്ചി പറഞ്ഞേക്കുന്നെ.'

'അപ്പോ തെറ്റിച്ചു കളിച്ചാ അടിക്കുവാരിക്കുമോ? '

'അടിക്കുവാരിക്കും.'

സ്‌പോർട്ട്‌സ് പീരീഡ് ഇതുവരെ തുടങ്ങിയിട്ടില്ല. ഭാര്യേം കുഞ്ഞും മരിച്ചതിന് മറ്റുള്ളവരോട് ദേഷ്യപ്പെടുന്നതിന്റെ യുക്തി ദേവൂന് ഒട്ടു പിടികിട്ടിയുമില്ല. അടിയെപ്പറ്റി ആലോചിച്ചപ്പോ അവൾക്ക് പേടി വന്നു. കഴിഞ്ഞകൊല്ലം അടികിട്ടിയത് അവൾക്ക് എന്നും സങ്കടമാണ്. ദേവൂന്റെ ഒരു ബന്ധുഅമ്മായിയായിരുന്നു ടീച്ചർ. ക്ലാസ്സിൽ വച്ച് സ്‌പെല്ലിംഗ് ചോദിച്ചു, അറിയാം എന്ന് കൈനീട്ടിക്കാണിച്ചു, പക്ഷേ പറഞ്ഞപ്പോൾ നാക്കു പിഴച്ചു, സിഒസിഒഎൻയുറ്റി എന്നത് സിയുസിയുഎൻയുറ്റി ആയിപ്പോയി! കിട്ടി കൈവെള്ളയിൽ പൂശ്. ഹാവൂ, എന്തൊരു വേദനയായിരുന്നു, നാണക്കേട് അതിലേറെ. ദേവൂന് അടികിട്ടിയത് കണ്ട് ആ നാരായണൻ വാപൊത്തിച്ചിരിച്ചത് ഇപ്പോഴും മറന്നിട്ടില്ല. അല്ലെങ്കിലും എപ്പോഴും ദേവിക എന്നതിനു പകരം ദേകവി എന്നേ ആ ചെക്കൻ വിളിക്കൂ. അത് അവൾക്ക് പണ്ടേ ദേഷ്യമായിരുന്നു. ചിരിച്ചപ്പോൾ അവനോട് പോടാ മരത്തലയാ എന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷേ ഇനിയും അടികിട്ടിയാലോന്നു പേടിച്ചിട്ടും നല്ല കുട്ടി എന്ന പേരു കളയാൻ ഇഷ്ടമില്ലാഞ്ഞും മനസ്സിൽ അങ്ങനെ വിളിച്ച് അവൾ ദേഷ്യം തീർത്തു. ഭാഗ്യത്തിന് അഞ്ചിൽ അത് വേറെ ഏതോ സ്‌കൂളിൽ ചേർന്നു. അടിച്ചപ്പോൾ, നിന്നെ അടിച്ചാൽ ആരും ചോദിക്കാൻ വരില്ലാന്ന് പറഞ്ഞ് ദേവൂന്റെ അടുത്തിരുന്ന നിലീനാ മാത്യുവിനെ അമ്മായിടീച്ചർ നോക്കുകയും ചെയ്തു. നിലീനയെ തല്ലിയപ്പോൾ അവളുടെ ഡാഡി ചോദിക്കാൻ വന്നിരുന്നു സ്‌കൂളിൽ. ഡോക്ടറുടെ മകളാണെങ്കിലും നിലീനേടെ തലയിൽ ആളുതാമസമില്ല എന്നാണ് അമ്മായി പറയാറ്.

'നമ്മുടെ മോളിലത്തെ മൈതാനത്തിന്റെ മതിലില്ലേ, അതിന്റെടേക്കൂടെ ഒരു പടിക്കെട്ടുണ്ട്, അതു കേറിച്ചെല്ലുന്നതാ സാറിന്റെ വീട്.'

'ഇത്ര ദേഷ്യക്കാരനെ എന്തിനാ സാറാക്കീത്?' ദേവൂന് അക്കാര്യം അത്ര പിടിച്ചില്ല.

'തമ്പിരാമ്മാരല്ലേ അവര്. സ്‌കൂള് അവരടെയല്ലേ. അവരടെ കൊട്ടാരത്തീന്ന് ആളുണ്ടെങ്കീ അവർക്കേ ആദ്യം ജോലി കൊടുക്കൂ.' മാലു വിശദീകരിച്ചു.

ഓ, അതു ശരി. കൊട്ടാരത്തിലെ കാര്യങ്ങൾ കുറച്ചെല്ലാം ദേവൂനും അറിയാം. കഴിഞ്ഞ കൊല്ലം പുറം പണിക്കു നിന്നിരുന്ന ഇന്ദിരേച്ചിക്ക് -'ഐങ്കണ്ട ജാതിക്കാരെയൊക്കെ കേറി ചേച്ചീന്നു വിളിക്കണ്ടാന്ന്' അടുക്കളയിലെ ജാനകിച്ചേച്ചി ദേവൂനെ ദേഷ്യപ്പെടുമായിരുന്നു-മംഗളം പാലസ് എന്നു വിളിച്ചിരുന്ന കൊട്ടാരത്തിലായിരുന്നു അതിനു മുമ്പ് ജോലി. അവിടുത്തെ പെൺകുട്ടികളെ ആരേയും വീട്ടുജോലിക്കാർ പേരു വിളിക്കാൻ പാടില്ലാത്രെ, പത്മജ ഓമന, ലഷ്മി ഓമന അങ്ങനെയേ വിളിക്കാമ്പാടൂള്ളു! ദേവൂന് അതു വിചിത്രമായി തോന്നിയിരുന്നു. ശരിപേര് പത്മജാ വർമ്മ, ലഷ്മി വർമ്മ എന്നും മറ്റുമാണു താനും! കൊച്ചുമുത്തശ്ശീടെ ഭർത്താവ് തമ്പുരാനായിരുന്നിട്ടും സുഭദ്രാമ്മായിക്കും ദേവകിയമ്മായിക്കുമൊന്നും പക്ഷേ പേരിനൊപ്പം വർമ്മ എന്നുണ്ടായിരുന്നുമില്ല! തമ്പുരാട്ടിയുടെ മക്കൾ മാത്രമേ വർമ്മ ആകൂ എന്നും കൊച്ചുമുത്തശ്ശി നായരായതുകൊണ്ട് മക്കളും നായരായിരിക്കുമെന്നും നായന്മാർക്ക് തായ്‌വഴിയാണെന്നും മറ്റുമുള്ള ഭീകര കുഴാമറിച്ചിൽ ദേവൂന് വിശദീകരിച്ചു കൊടുക്കാൻ അമ്മ നന്നേ പാടുപെട്ടിരുന്നു അന്ന്. ദേവൂന്റെ ആദ്യത്തെ ജാതിതിരിച്ചറിവ് ആയിരുന്നു താനും അത്.

അന്നു ദേവൂന് അടുക്കളയിൽ വച്ചു ചൂടുദോശ ചുടുചുടാ ചുട്ടുകൊടുത്തുകൊണ്ടിരിക്കുമ്പോഴാണ്, ജാനകിച്ചേച്ചി അക്കാര്യം കൂടുതൽ വിശദീകരിച്ചു കൊടുത്തത്. തമ്പുരാൻ സ്വജാതിയിൽ നിന്നു കല്യാണം കഴിച്ചാലേ കല്യാണമാകൂ, കൊച്ചുമുത്തശ്ശിയെ തമ്പുരാൻ സംബന്ധം ചെയ്തതായിരുന്നു! അതു കേട്ടുകൊണ്ടാണ് അമ്മ അടുക്കളയിലെത്തിയത്.

'അമ്മേ, അച്ഛൻ അമ്മയെ കല്യാണം കഴിച്ചതാണോ, സംബന്ധം ചെയ്തതാണോ, ' കയ്യോടെ ദേവു സംശയം ചോദിച്ചു.

'എന്റെ ജാനകിച്ചേച്ചിയേ, നിങ്ങക്കെന്തിന്റെ കേടാണ്, ' അമ്മ ചോദിച്ചു.

'ദേവൂട്ടി എല്ലാം മനസ്സിലാക്കട്ടെ കുഞ്ഞേ, ' എന്നായി ചേച്ചി. ജാനകിച്ചേച്ചിക്ക് വീട്ടിൽ വല്യ സ്ഥാനമാണ്. ആരും ദേഷ്യപ്പെടില്ല. വർഷം കുറേയായി അവിടെയായിട്ട്.

'ഞാൻ പഴയ അഞ്ചാം ക്ലാസ്സാ, ദേവൂട്ടിക്കറിയോ,' ചേച്ചി പറഞ്ഞു. അക്കാര്യം ദേവു അതിനു മുമ്പ് ആയിരംവട്ടമെങ്കിലും കേട്ടിട്ടുണ്ട്.

കൊട്ടാരത്തിലെ പല കുടുംബങ്ങളിലും പട്ടിണിയും ഉണ്ടായിരുന്നത്രേ, ഇന്ദിരേച്ചിക്ക് പൈസേം പലപ്പോഴും നേരേചൊവ്വേ കിട്ടാറില്ലായിരുന്നു പോലും! ശരിയായിരിക്കും, ക്ലാസ്സിലെ രവിവർമ്മ അവധിദിവസം റേഷൻ ഗോതമ്പ് തുണിസഞ്ചിയിൽ ചുമന്ന് മില്ലിൽ പൊടിക്കാൻ കൊണ്ടുപോവുന്നത് അവൾ കണ്ടിട്ടുണ്ട്! വളരെ പിഞ്ഞിയ ഷർട്ടും നിക്കറുമാണ് അത് ഇടാറുള്ളതും. കൂട്ടുകാർ കണ്ടെന്നറിയുമ്പോൾ നാണക്കേടു മൂലം അതിന്റെ മുഖം വാടും. പാലമറ്റം പാലസ് എന്നാണ് അതിന്റെ വീട്ടുപേര്. പാവം! കൊട്ടാരത്തിൽ പട്ടിണിയെന്താ എന്ന് ദേവു അന്ന് അമ്മയോടു സംശയം ചോദിച്ചിരുന്നു. രാജഭരണം പോയപ്പോൾ കേരളത്തിൽ മിയ്ക്ക രാജകുടുംബങ്ങളും പട്ടിണി ആയിപ്പോയത്രേ. അംഗസംഖ്യ കുറവും സ്വത്തുക്കൾ കൂടുതലുമുള്ളതിനാൽ തിരുവിതാംകൂർ രാജകുടുംബം പിടിച്ചുനിന്നുവത്രേ. ദേവൂന്റെ സങ്കടം കണ്ടപ്പോൾ അമ്മ സമാധാനിപ്പിച്ചു, സാരമില്ല, അവരെല്ലാം പഠിച്ച് ജോലിയാവുമ്പോൾ പട്ടിണി മാറുമെന്ന്. എന്നാലും വലിയ കൊട്ടാരത്തിൽ പട്ടിണി കിടക്കുക, ദേവൂന് അതു മനസ്സിലാക്കാനായില്ല.

ഇന്ദിരേച്ചിയെ ഓർക്കാപ്പുറത്ത് ജോലീന്നു പറഞ്ഞുവിട്ടത് അന്നു ദേവൂന് സങ്കടമായിരുന്നു.  'പക്ഷിജാതിക്കു പല്ലുണ്ടോ, ചൊല്ലുവിൻ മൃഗമാണു ഞാൻ,' എന്നാണ് വവ്വാൽ പറയുക, 'നത്തേ മൂങ്ങാ ചേടത്തീ, നമ്മളിലഴകിയ പെണ്ണുണ്ടോ' എന്നാണ് മൂങ്ങ പറയുന്നത് എന്നു തുടങ്ങി കഥകൾ ശ്ശി പറയുമായിരുന്നു അവർ. കുസൃതി മൂലം വാലുമുറിഞ്ഞു പോയ അണ്ണാന്‍ കുഞ്ഞ് വീട്ടില്‍ വരുമ്പോള്‍  'അച്ചിങ്ങാവലോ, അരിമുറിയന്‍ പല്ലോ, ആരാന്‍റേം തോട്ടത്തില്‍ പോയോ, ആരാനും പിടിച്ചുകെട്ടിത്തല്ലിയോ 'എന്ന് അണ്ണാനമ്മ ചോദിക്കുന്നത്  സങ്കടം തോന്നിപ്പിക്കുന്ന ഈണത്തിലായിരുന്നു അവര്‍  പറയുക. പക്ഷേ എന്തു ചെയ്യാൻ, അതിനിടെ ഡ്രൈവർ പ്രഭച്ചേട്ടനോട് അവർക്കു പ്രേമം വന്നുപോയില്ലേ? കാർ വന്നു നിന്ന് അച്ഛൻ കയറിപ്പോയ ഉടനെ ചേച്ചി പല്ലു പൊന്തിയ മുഖം നിറയെ വല്ലാത്തൊരു ചിരിയുമായി പണിക്കിടെ ഓടിയെത്തുന്നത് ദേവൂം കണ്ടിട്ടുണ്ട്. പക്ഷേ പ്രഭച്ചേട്ടനെ അച്ഛൻ പറഞ്ഞുവിട്ടില്ല. അതെന്താണെന്നു അമ്മയോടു ചോദിച്ചില്ല. ചോദിച്ചാൽ വഴക്കു കിട്ടുമെന്നു അവൾക്കു തോന്നിയിരുന്നു. അടുക്കളയുടെ പുറംതിണ്ണയിലിരുന്ന് ഇന്ദിരേച്ചി എന്തൊരു കരച്ചിലായിരുന്നു അന്ന്. പ്രേമിക്കാൻ നടന്നപ്പോ ഓർക്കണായിരുന്നു എന്ന് ജാനകിച്ചേച്ചി വഴക്കു പറയുന്നുണ്ടായിരുന്നു.

'ആ സാറേയ്, പണ്ടൊരു റൗഡിയാരുന്നുന്ന്. അതിന്റെ ഭാര്യേ സ്‌നേഹിച്ചേപ്പിന്നാ നന്നായേന്നാ ചേച്ചി പറഞ്ഞെ.' മാലു പറഞ്ഞു.

'സ്‌നേഹിച്ചാ നന്നാവോ,'

'ആകുവാരിക്കും. നാളെ കാണാം, ടാറ്റാ ബൈ ബൈ...',  മാലു യാത്ര പറഞ്ഞ് വീട്ടിലേക്കോടി പോയി.

'ങാ, ദേവൂ വന്നോ, കയ്യും മുഖോം കഴുകി വന്നോളൂ. ഇലയട കഴിക്കാം,' അമ്മ വിളിച്ചു. ദേവു ഓടിപ്പോയി അമ്മയുടെ മേൽ ചാരിനിന്നു. 'അമ്മേ സ്‌കൂളിലെ സ്‌പോർട്ട്‌സ് സാറ് റൗഡിയാരുന്നു, ഭാര്യേ സ്‌നേഹിച്ചേപ്പിന്നാ നന്നായേന്നു മാലു പറഞ്ഞു. ശരിയാരിക്കുമോ? '

അമ്മ പൊട്ടിച്ചിരിച്ചു. 'നിന്റെ സാറു റൗഡിയൊന്നുമല്ല മോളേ. പിന്നെ സ്‌നേഹിച്ച കാര്യമൊന്നും എനിക്കറിയില്ല. '

പിറ്റേന്ന് വെള്ളിയായിരുന്നു. ഉച്ചയ്ക്ക് ഇന്റർവെൽ കൂടുതലുള്ള സമയം. വേഗം ഊണു കഴിച്ചു രണ്ടാളും മുകളിലെ ഗ്രൗണ്ടിലെത്തി. നടുക്കായി മുകളിലേക്കു പടിക്കെട്ടു കണ്ടു. അത് ചെന്നവസാനിക്കുന്നത് കടുവാ സാറിന്റെ വീട്ടിലാണ്. പെട്ടെന്നു തന്നെ തിരികെ പോരുകയും ചെയ്തു.

'സാറിന്റെ വീട്ടിലെ ഭിത്തീൽ ഭാര്യേന്റെ വല്യ ഫോട്ടോയുണ്ട്. അതിന്റെ മോളിൽ ലൈറ്റ് എപ്പഴും കറങ്ങും. നിറങ്ങൾ മാറി മാറി വരൂത്രെ. കാണാൻ നല്ല ശേലാന്നാ പറഞ്ഞെ.' അപ്പോൾ മുതൽ ദേവു അതു മനസ്സിൽ കാണാൻ തുടങ്ങി. അതു നേരിട്ടു കണ്ടേ പറ്റൂ എന്ന് മോഹവുമായി.

'വാ, എനിക്കു പെൻസിലും ബുക്കും വാങ്ങണം. കടേൽ പോകാം,' മാലു ദേവൂന്റെ കയ്യിൽ പിടിച്ചു.

'സയൻസ് ലാബ്, ' പോകുമ്പോൾ വലതുവശത്തെ വലിയ കെട്ടിടത്തിന്റെ മുമ്പിൽ എഴുതി വച്ചിരിക്കുന്നത് ദേവു വായിച്ചു. മാലു ചേച്ചിയുടെ കൂടെ കഴിഞ്ഞകൊല്ലം അതു കണ്ടിട്ടുണ്ട്. വലിയൊരു അസ്ഥികൂടം ഉണ്ടത്രേ അവിടെ. കണ്ടാൽ പേടിച്ചു പോകും. അതുപോലെ ഒരു പാട് സാധനങ്ങൾ അവിടെ ഉണ്ട്. ആ പ്രദേശത്തെ ഒരു സ്‌കൂളിലും അങ്ങനൊന്നില്ല എന്നും മാലു പറഞ്ഞു. അതു കണ്ടയന്ന് മാലു രാത്രിക്കു പേടിസ്വപ്‌നവും കണ്ടത്രേ.

സ്‌കൂളിനു തൊട്ടുവെളിയിൽ ഒരു കടയുണ്ട്, അവിടെ ഇല്ലാത്ത സാധനങ്ങളില്ല. ബുക്കും പെൻസിലും മാത്രമല്ല, കുട്ടികളെ മോഹിപ്പിക്കുന്ന കളിപ്പാട്ടങ്ങളുമുണ്ട്. ഒറ്റപ്പെട്ടു നിൽക്കുന്ന കടയുടെ രണ്ടു വശത്തും അരപ്പൊക്കമുള്ള കണ്ണാടി അലമാരകളാണ്. അതിന്റെ മുകളിലാണ് സാധനങ്ങൾ നോക്കാൻ എടുത്തു വയ്ക്കുക. ഒരു വശത്തു നിന്നുകൊണ്ട് ദേവു നിറവും ഭംഗിയും വിലയുമൊക്കെ നോക്കി മാലൂനുള്ളത് തെരഞ്ഞെടുത്തു. ആവശ്യം മാലൂവിന്റെയാണെങ്കിലും തെരയുന്നതും എടുക്കുന്നതും എല്ലാം ദേവുവാണ്. മാലു മറുവശത്ത് സാധനങ്ങളുടെ ഭംഗി നോക്കി നിൽപ്പായിരുന്നു. പൈസ കൊടുത്തു, അവർ പോന്നു. ഗേറ്റിനകത്തു കയറി മാവിന്റെ ചുവട്ടിലെ കെട്ടിയ തിട്ടയിലിരുന്ന് സാധനങ്ങൾ നോക്കുമ്പോഴാണ് ദേവു അതു കണ്ടത്. കടയിലിരുന്ന ഒരു കുഞ്ഞിതത്തമ്മപ്പാവയുണ്ട് മാലൂന്റെ കയ്യിൽ! ഹായ് എന്നു പറഞ്ഞ് ദേവു അതിന്റെ ഭംഗി ആസ്വദിച്ചു. പെട്ടന്നാണ് ദേവൂന് സംശയം വന്നത്. അതിന്റെ പൈസ കടക്കാരൻ പറഞ്ഞില്ലല്ലോ.

'അയാളറിയാതെ ഞാനെടുത്തതാ.' മാലു പറഞ്ഞപ്പോൾ ദേവൂ നടുങ്ങി. അതു തെറ്റാണെന്നും അതിന്റെ ഭവിഷ്യത്തുകളും അവൾ മാലൂനെ പറഞ്ഞു മനസ്സിലാക്കി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മാലു വിറയ്ക്കാൻ തുടങ്ങി. കടക്കാരൻ സ്‌കൂളിൽ വന്നു പരാതി പറയുമോ, കണ്ടുപിടിക്കുമോ, വീട്ടീന്നും സ്‌കൂളീന്നും ശിക്ഷ കിട്ടുമോ, കള്ളീ കള്ളീന്നു കൂട്ടുകാർ വിളിയ്ക്കുമോ....ആ കുഞ്ഞുമനസ്സു വെന്തുരുകി. കൗതുകം തോന്നി, പയ്യെ കൈക്കലാക്കി, കൂടുതലൊന്നും ചിന്തിച്ചില്ലായിരുന്നു അപ്പോൾ. ദേവുവും അങ്കലാപ്പിലായി. കൂട്ടുകാരി ശിക്ഷിക്കപ്പെടുന്നത് ഓർക്കാനേ വയ്യ. മോഷണം ശരിയുമല്ല. മാലു കരഞ്ഞുതുടങ്ങിയിരുന്നു. മറ്റു കുട്ടികൾ കാരണം തിരക്കുമല്ലോന്ന് ആലോചിച്ചപ്പോൾ പക്ഷേ, തനിയെ കരച്ചിൽ നിന്നു. ദേവൂ എന്തെങ്കിലും പോംവഴി കണ്ടുപിടിക്കാതിരിക്കില്ല, ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരിയായ മിടുക്കിയല്ലേ ദേവു, ഉടുപ്പിന്റെ താഴെ തത്തപ്പാവയെ ഒളിപ്പിച്ചു വച്ച് മാലു ദേവൂനെ നോക്കിയിരിപ്പായി. ദേവുവാകട്ടെ, ചിന്തയിലായിരുന്നു. നേരിട്ടു കൊണ്ടു പോയി കൊടുത്തു ക്ഷമ പറഞ്ഞാലോ....അതല്ലെ വേണ്ടത്? അയ്യോ വേണ്ട, അയാൾ ടീച്ചറിനോടു പറയാതിരിക്കില്ല, എന്നായി മാലു. അവസാനം രണ്ടും കൽപ്പിച്ച് ദേവു പദ്ധതി തയ്യാറാക്കി. പെൻസിൽ മാറ്റി വേറെ കളർ എടുക്കണമെന്നു പറഞ്ഞു ചെല്ലാം, ഒരു റബറും കൂടി വാങ്ങുകയും ചെയ്യാം, അപ്പോഴേയ്ക്കും തത്തയെ എടുത്തിടത്തു തിരിച്ചുവച്ചോണം, വച്ചു കഴിഞ്ഞാൽ ഉടനെ ഇപ്പുറത്തു വന്ന് പെൻസിൽ തിരഞ്ഞെടുക്കണം. രണ്ടാളും കൂടി വിറച്ചു വിറച്ചു ചെന്നു, സംഗതി പാളിപ്പോയില്ല, എന്തായാലും. തിരികെ വന്ന് തിട്ടയിലിരിക്കുമ്പോൾ രണ്ടുപേരും ദീർഘശ്വാസം വിട്ടു.

'ഇന്നി.....ഇന്നി ഒരിക്കലും ഇങ്ങനെ ചെയ്യില്ലാന്നു സത്യം ചെയ്യ്,' ദേവു കൈ നീട്ടി.

'ഇല്ല, ഇല്ല, ഇന്നിയൊരിക്കലും, ഒരിക്കലും ചെയ്യൂല്ല, ചെയ്യൂല്ല, തീർച്ച,' മാലു ആത്മാർത്ഥമായി ദേവൂന്റെ കയ്യിലടിച്ച് സത്യം ചെയ്തു. ഊം....മതി, കയ്യിലടിച്ച് സത്യം ചെയ്തിട്ടു പിന്നെയും അതു ചെയ്താൽ തല പിളർന്നു പോവുമെന്ന് മാലൂനും അറിയാല്ലോ. ദേവൂനു സമാധാനമായി. മാലുവിന് സമാധാനവും സന്തോഷവും കൂട്ടുകാരിയോടു നന്ദിയും. എന്നാലും....എന്നാലും കടക്കാരനോടു തെറ്റ് ഏറ്റു പറഞ്ഞില്ലല്ലോ, ദേവൂന് സങ്കടം വന്നു.

'എന്തു പറ്റി മോളേ?' മകളുടെ മുഖം വാടിയിരിക്കുന്നതു വായിച്ചറിഞ്ഞു അമ്മ. ദേവു അമ്മയെ കെട്ടിപ്പിടിച്ചു, കരഞ്ഞു, നടന്നതു പറഞ്ഞു. അമ്മ തലയിൽ തലോടി, സമാധാനിപ്പിച്ചു. കടക്കാരന്റെ സാധനം തിരികെ കൊടുത്തതുകൊണ്ട് ഇനി അതോർത്തു വിഷമിക്കണ്ടാന്നു പറഞ്ഞപ്പോൾ ദേവൂന് സമാധാനമായി. വെളിയലറിഞ്ഞാൽ എല്ലാവരും കൂടെ മാലൂനെ കള്ളിയാക്കും, അവൾ ചെയ്തതാണ് ശരി എന്നും അമ്മ പറഞ്ഞു. തന്റെ മകൾക്ക് കല്ലും നെല്ലും തിരിഞ്ഞുവരുന്നുണ്ടല്ലോ എന്നു അമ്മയുടെ മുഖത്തു അഭിമാനം വിരിഞ്ഞു. ശനിയും ഞായറും സ്‌കൂളില്ലല്ലോ, അവൾ തുള്ളിച്ചാടി കളിക്കാൻ പോയി.

ഭാഗം-02
ഭാഗം-03

No comments:

Post a Comment